- ദൈവക്കല്ല് (ഒരു കല്ലിന്റെ കഥ 1)
- കുഞ്ഞുണ്ണി (ഒരു കല്ലിന്റെ കഥ 2)
- കുഞ്ചാറുമുത്തന്‍ (ഒരു കല്ലിന്റെ കഥ 3)
”അച്ഛാ, കുഞ്ഞുണ്ണി ദൈവമാണോ?”
പത്രം വായിച്ചുകൊണ്ടിരിക്കുന്ന അച്ഛന്റെ അടുത്തുചെന്നിരുന്ന് കണ്ണനുണ്ണി ചോദിച്ചു.
”കവി കുഞ്ഞുണ്ണി മാഷെയാണോ ഉദ്ദേശിച്ചത്?” അച്ഛന്‍ പത്രത്തില്‍ നിന്നും കണ്ണെടുക്കാതെ ചോദിച്ചു.
”കുഞ്ഞുണ്ണിമാഷല്ല. കല്ലിലെ കുഞ്ഞുണ്ണി.”
അച്ഛന്‍ അവനെ ആശ്ചര്യത്തോടെ ഒന്നു നോക്കി.
”ഇന്നലെ പുഴയില്‍ നിന്നും കൊണ്ടുവന്ന കല്ലിനെക്കുറിച്ചാണോ ഉണ്ണി പറഞ്ഞുവരുന്നത്?”
അവന്‍ തലകുലുക്കി. പിന്നെ, തലേന്നുകണ്ട സ്വപ്നത്തെക്കുറിച്ച് വിശദീകരിച്ചു.
എല്ലാം കേട്ടുകഴിഞ്ഞപ്പോള്‍ അച്ഛനൊന്നു പുഞ്ചിരിച്ചു.
”ഉണ്ണി ഓരോന്ന് ആലോചിച്ചു കിടന്നിട്ടാണ് ഇങ്ങനെയുള്ള സ്വപ്നങ്ങളൊക്കെ കാണുന്നത്. ഇതൊന്നും അത്ര കാര്യമാക്കേണ്ട.”
അച്ഛന്‍ വീണ്ടും പത്രത്തിലേയ്ക്കുതിരിഞ്ഞു.
കണ്ണനുണ്ണി എണീറ്റ് മുറിയിലേയ്ക്കുചെന്നു. ത്രികോണക്കല്ലെടുത്ത് സൂക്ഷിച്ചുനോക്കി. സ്വപ്നത്തില്‍ കണ്ട ആ കുഞ്ഞിക്കണ്ണുകള്‍ അവന്റെ മനസ്സില്‍ മായാതെ നില്‍ക്കുകയാണ്.
എന്തായാലും കുഞ്ഞുണ്ണിയെ ഒന്നു കുളിപ്പിച്ചേക്കാം. അവന്‍ പൈപ്പിനടുത്തേയ്ക്കു ചെന്നു. ബക്കറ്റില്‍ വെള്ളമെടുത്ത് ത്രികോണക്കല്ലിനെ മൂന്നാലുതവണ മുക്കിയെടുത്തു. തുടച്ചുവൃത്തിയാക്കിയശേഷം പൂജാമുറിയില്‍ നിന്നും ചന്ദനവും കുങ്കുമവും എടുത്ത് കുറിവരച്ചു.
”ഉണ്ണി എന്തൊക്കെയാ ഈ ചെയ്യണത്?” മുത്തശ്ശി തലയില്‍ കൈവച്ചുകൊണ്ട് ചോദിച്ചു.
”കുഞ്ഞുണ്ണിക്ക് കുറിയിട്ടുകൊടുത്തതാ മുത്തശ്ശീ.”
”ഇങ്ങനെയൊന്നും ചെയ്യാന്‍ പാടില്ല കുട്ടീ. ഈ കല്ലിലെ മൂര്‍ത്തിയെ ഉണര്‍ത്തിയാല്‍ പ്രശ്‌നമാണ്. നീ ഇതിനെ പുഴയില്‍ത്തന്നെകൊണ്ടു ചെന്നിട്.”
മുത്തശ്ശി അവനെ ഉപദേശിച്ചു.
”എന്താ ഇവിടെ ഒരു തര്‍ക്കം.”
അമ്മ ഇടപെട്ടു.
”കണ്ടില്ലേ.” – മുത്തശ്ശി, ഉണ്ണിയുടെ കൈയില്‍ നിന്നും ത്രികോണക്കല്ല് പിടിച്ചുവാങ്ങി അമ്മയെ കാണിച്ചു.
”എന്താ ഉണ്ണീ, നിനക്ക് പഠിക്കാനൊന്നുമില്ലേ? കല്ലിന് കുറിയിട്ടു കളിക്കുകയാണോ?”
അമ്മ ദേഷ്യപ്പെട്ടു.
”കളി കാര്യമായെന്നാ തോന്നണത്. വൈകീട്ട് കുഞ്ചാറുമുത്തനെ വിളിച്ച് ചരടുജപിച്ചു കെട്ടിക്കണം.”
മുത്തശ്ശി അഭിപ്രായപ്പെട്ടു. അതിനു മറുപടി പറയാതെ അമ്മ അടുക്കളയിലേയ്ക്കു ചെന്നു.
അന്നു വൈകുന്നേരം ചാമപ്പറമ്പിലെ കുഞ്ചാറുമുത്തന്‍ കണ്ണനുണ്ണിയുടെ വീട്ടിലെത്തി. ഉയരം കുറഞ്ഞ്, വയറുചാടിയ ഒരു വൃദ്ധന്‍. താടിയും മുടിയുമൊക്കെ പഞ്ഞികണക്കിനു വെളുത്തിരിക്കുന്നു. നിറംമങ്ങിയ ഒരു കാവിമുണ്ടാണ് വേഷം കഴുത്തില്‍ കെട്ടുകളിട്ട മൂന്നാല് കറുത്ത ചരട്. നെറ്റിയില്‍ ഭസ്മക്കുറി.
മുത്തശ്ശി അയാളുമായി അല്പനേരം സംസാരിച്ചു. എല്ലാം കേട്ടുകഴിഞ്ഞപ്പോള്‍ അയാള്‍ വലതു കൈ നെഞ്ചോടു ചേര്‍ത്തുവച്ച് ധ്യാനത്തിലെന്നോണം അല്പനേരം മിഴിപൂട്ടിനിന്നു.
”സംശയിക്കേണ്ട, ചാത്തന്‍തന്നെ.”
മിഴിതുറന്നുകൊണ്ട് കുഞ്ചാറുമുത്തന്‍ പറഞ്ഞു.
”ഉണ്ണിയെ വിളിക്കൂ.”
ചുമലില്‍ തൂക്കിയിട്ടിരുന്ന കറുത്ത ഭാണ്ഡം വരാന്തയില്‍ വച്ചുകൊണ്ട് അയാള്‍ ആവശ്യപ്പെട്ടു.
മുത്തശ്ശി ഉണ്ണിയെ വിളിച്ചു.
കുഞ്ചാറുമുത്തന്‍ വേലിച്ചോട്ടില്‍ ചെന്ന് വേപ്പിന്‍ തൈയില്‍ നിന്നും ഇരുപത്തൊന്ന് കൊത്ത് വേപ്പിലയൊടിച്ചു കെട്ടാക്കി. പിന്നെ, ഭാണ്ഡത്തില്‍ നിന്നും താലമെടുത്ത് ഭസ്മം നിറച്ചു. വേപ്പിലക്കെട്ട് ഭസ്മത്താലത്തില്‍ വച്ചു.
”ഉണ്ണിയിരുന്നോളൂ.” അയാള്‍ നിര്‍ദ്ദേശിച്ചു. അവന്‍ വരാന്തയില്‍ അയാള്‍ക്ക് അഭിമുഖമായി ചമ്രം പടിഞ്ഞിരുന്നു.
കുഞ്ചാറുമുത്തന്‍ വേപ്പിലക്കെട്ടെടുത്ത് മന്ത്രം ചൊല്ലി ഉണ്ണിയുടെ ശിരസ്സില്‍ മുട്ടിച്ചു. ഇരുപത്തൊന്നുതവണ അതാവര്‍ത്തിച്ചു. തുടര്‍ന്ന് താലത്തില്‍ നിന്നും ഭസ്മമെടുത്ത് മൂന്നുതവണ ഉണ്ണിയുടെ മുഖത്തേയ്ക്ക് ഊതിപ്പറപ്പിച്ചു. അവന്റെ മുടിയിലും മുഖത്തുമെല്ലാം ഭസ്മം ചെന്നുവീണു. കൂട്ടത്തില്‍ കുഞ്ചാറുവിന്റെ വായിലെ ഉമിനീരും.
”ശരി, എണീറ്റോളൂ.”
കുഞ്ചാറുമുത്തന്‍ പറഞ്ഞു.
”ചരടു ജപിച്ചുതരാം. സാമ്പ്രാണിപ്പുക കൊള്ളിച്ച് അരയില്‍ കെട്ടണം.”
മുത്തശ്ശി സമ്മതഭാവത്തില്‍ തലയാട്ടി.
അയാള്‍ ഭാണ്ഡത്തില്‍ നിന്നും ഒന്നരമുഴം കറുത്ത ചരടെടുത്ത് മന്ത്രോച്ചരണത്തോടെ ഇരുപത്തൊന്നു കെട്ടുകളിട്ടു. പിന്നെ, ഭസ്മത്താലത്തില്‍ വച്ച് പ്രാര്‍ത്ഥിച്ചു.
”ഇന്നുതന്നെ കെട്ടണം.”
മുത്തശ്ശിയുടെ നേര്‍ക്കു നീട്ടിക്കൊണ്ട് അയാള്‍ പറഞ്ഞു. മുത്തശ്ശി രണ്ടും കൈയും നീട്ടി അതേറ്റുവാങ്ങി. പിന്നെ, വെറ്റിലച്ചെല്ലത്തില്‍ നിന്നും നൂറുരൂപയെടുത്ത് ദക്ഷിണയായി നല്‍കി.
”നാളെയും മറ്റന്നാളും കൂടി ഊതേണ്ടിവരും. എന്താ?” ദക്ഷിണ സ്വീകരിച്ചുകൊണ്ട് അയാള്‍ പറഞ്ഞു.
”ആയിക്കോട്ടേ.” – മുത്തശ്ശി മറിച്ചൊന്നും പറഞ്ഞില്ല.
ഉണ്ണിയെനോക്കി പുഞ്ചിരിച്ചുകൊണ്ട് കുഞ്ചാറുമുത്തന്‍ പടിയിറങ്ങി.
കുഞ്ഞാറുമുത്തന്‍ ജപിച്ചുനല്‍കിയ കറുത്ത ചരട് സാമ്പ്രാണിപ്പുക കൊള്ളിച്ച് മുത്തശ്ശി കണ്ണനുണ്ണിയുടെ അരയില്‍ കെട്ടി.
”ഇനി ഒന്നും പേടിക്കാനില്ല.”
മുത്തശ്ശി അഭിപ്രായപ്പെട്ടു.
(തുടരും)