അന്വേഷണ ഉദ്യോഗസ്ഥരുടെ തീരുമാനപ്രകാരം ആ പഞ്ചായത്തു കിണര്‍ വറ്റിച്ചു. പക്ഷേ, അവര്‍ ഉദ്ദേശിച്ച വിഗ്രഹം കിണറ്റിലുണ്ടായിരുന്നില്ല. വെള്ളം വറ്റിച്ച സ്ഥിതിക്ക് ചെളിനീക്കി കിണര്‍ വൃത്തിയാക്കാന്‍ നാട്ടുകാര്‍ തീരുമാനിച്ചു. അങ്ങനെ ചെളിയോടൊപ്പം ഞാനും പുറത്തെത്തി. ആ ജോലിയില്‍ ഏര്‍പ്പെട്ട ഒരാള്‍ എന്നെ കണ്ടെത്തുകയുണ്ടായി. ചെല്ലന്‍ എന്നായിരുന്നു അയാളുടെ പേര്. അയാള്‍ എന്നെ കഴുകിവൃത്തിയാക്കി വീട്ടിലേയ്ക്കു കൊണ്ടുപോയി.
”ആവൂ. അങ്ങനെ കിണറ്റില്‍ നിന്നും രക്ഷപ്പെട്ടു.”
കണ്ണനുണ്ണി ഒന്നു നെടുവീര്‍പ്പിട്ടു.
അയാളുടെ കുടുംബക്ഷേത്രം പുതുക്കിപ്പണിയുകയായിരുന്നു. ചെല്ലച്ഛന്‍ എന്നെ കുടുംബക്ഷേത്രത്തിലെ കാവല്‍മൂര്‍ത്തിയാക്കി.
”കാവല്‍ മൂര്‍ത്തി?”
കണ്ണനുണ്ണി കൗതുകത്തോടെ ചോദിച്ചു.
അതെ, ആ ക്ഷേത്രത്തിലെ കാവല്‍ക്കാരന്‍. കറുപ്പസ്വാമിയെന്നു കേട്ടിട്ടില്ലേ. ആ സങ്കല്പത്തിലായിരുന്നു എന്നെ സ്ഥാപിച്ചത്. ക്ഷേത്രത്തിനുമുന്നില്‍ മുറ്റത്ത് ഉയര്‍ത്തിക്കെട്ടിയ ഒരു തറയിലായിരുന്നു എന്റെ സ്ഥാനം. പത്തുവര്‍ഷക്കാലം ഞാനവിടെ കാവല്‍മൂര്‍ത്തിയായ കറുപ്പസ്വാമിയായി കഴിഞ്ഞു.
അങ്ങനെയിരിക്കെ ഒരു തീര്‍ത്ഥാടനത്തിനു പുറപ്പെട്ട ചെല്ലച്ഛന്‍ തിരിച്ചെത്തിയത് ഒരു കരിങ്കല്‍ വിഗ്രഹവുമായിട്ടായിരുന്നു. വലതുകൈയില്‍ കൊടുവാള്‍ ഉയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്ന കറുപ്പസ്വാമിയുടെ വിഗ്രഹം.
അതോടെ എന്റെ സ്ഥാനം പോയി. എന്നെ എടുത്തുമാറ്റി വളരെ ആഘോഷമായി ആ വിഗ്രഹം അവിടെ സ്ഥാപിച്ചു.
”അതു കഷ്ടമായി”
കണ്ണനുണ്ണി സങ്കടത്തോടെ പറഞ്ഞു.
”ഒക്കെ ഒരു നിയോഗമല്ലേ ഉണ്ണീ. അവര്‍ക്ക് അങ്ങനെ ചെയ്യാന്‍ തോന്നി. അത്രതന്നെ.”
”അതിരിക്കട്ടെ, പിന്നീട് നിനക്കെന്തു പറ്റീ?” കണ്ണനുണ്ണിക്ക് അതറിയാന്‍ തിടുക്കമായി.
”എന്നെ എന്തു ചെയ്യണമെന്ന് അവര്‍ക്കും നിശ്ചയമില്ലായിരുന്നു. ഞാന്‍ എന്തെങ്കിലും പ്രശ്‌നമുണ്ടാക്കുമോ എന്ന് അവര്‍ ഭയന്നു.”
”എന്നിട്ട്?”
അവര്‍ ജ്യോത്സ്യരെ കൊണ്ടുവന്ന് കവടി നിരത്തി. എത്രയും വേഗം എന്നെ ഏതെങ്കിലും ഒരു ജലാശയത്തില്‍ ഉപേക്ഷിക്കണമെന്നായിരുന്നു ജ്യോത്സ്യരുടെ ഉപദേശം.
അതുപ്രകാരം അവരെന്നെ ദൂരെയുള്ള ഒരു പുഴയിലൊഴുക്കാന്‍ കൊണ്ടുപോയി.
”അങ്ങനെ വീണ്ടും പുഴയില്‍, അല്ലേ?” കണ്ണനുണ്ണി ഇടയ്ക്കുകയറി പറഞ്ഞു.
”പക്ഷേ, അതുണ്ടായില്ല. ഞാനുമായി യാത്രതിരിച്ച ചങ്ങാതി ഇടയ്ക്കുവച്ച് ഒരു കള്ളുഷാപ്പില്‍ കയറി. മൂക്കറ്റം കുടിച്ച് ബോധം നഷ്ടപ്പെട്ട അയാള്‍ എന്നെ അവിടെ മറന്നു വച്ചു.
ഷാപ്പിലെ ജോലിക്കാര്‍ എന്നെ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങി. ഒടുവില്‍ ഷാപ്പിനു പിറകിലുള്ള ഒരു പേരാലിന്‍ ചുവട്ടില്‍ എന്നെ പ്രതിഷ്ഠിച്ചു.”
”പുതിയ പേരുവല്ലതും കിട്ടിയോ?” കണ്ണനുണ്ണി ചോദിച്ചു.
”കിട്ടിയല്ലോ, മൂക്കന്‍ ചാത്തന്‍!”
അതുകേട്ട് അവന്‍ മൂക്കത്ത് വിരല്‍ വച്ചു.
ഇങ്ങനെയും ഒരു പേരോ!
(തുടരും)