‘വിദ്യകൊണ്ട് പ്രബുദ്ധരാവുക, സംഘടന കൊണ്ട് ശക്തരാവുക’ എന്ന് പറഞ്ഞ ശ്രീനാരായണ ഗുരുദേവന് അറിയപ്പെടുന്ന ഹിന്ദു മത പരിഷ്ക്കര്‍ത്താവായിരുന്നു. അദ്ദേഹം ചിട്ടപ്പെടുത്തിയ ശിവഗിരി തീര്‍ത്ഥാടനം നവ്യമായ അനേകം ചിന്തകളും പദ്ധതികളും കൊണ്ട് ശ്രദ്ധേയമായ ഒന്നാണ്. കേവലം ആത്മീയ ചിന്തകള്‍ മാത്രമല്ല ഗുരുദേവന് ശിവഗിരി തീര്‍ത്ഥാടനത്തില്‍ ഉള്‍പ്പെടുത്തിയത്. ഹിന്ദു സമൂഹത്തെ സാമ്പത്തികമായി ശാക്തീകരിക്കാന്‍ ഉതകുന്ന കൃഷി, വാണിജ്യം, വ്യവസായം എന്നിവയെക്കുറിച്ചുള്ള വിചിന്തനങ്ങളും ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഭാഗമായി നടത്തപ്പെടുന്നു. ശ്രീനാരായണ ഗുരുദേവന്റെ കാലശേഷം നാളിതുവരെ ശിവഗിരി തീര്‍ത്ഥാടനം അതിന്റെ അന്തഃസത്ത ചോര്‍ന്നുപോകാതെ നടത്തിക്കൊണ്ടു പോകുവാന്‍ സംഘാടകര്‍ ശ്രമിച്ചു പോരുന്നു. ഭാരതത്തിലെ എണ്ണം പറഞ്ഞ ഒട്ടുമിക്ക മത, രാഷ്ട്രീയ നേതാക്കളും പണ്ഡിതരും ശിവഗിരി തീര്‍ത്ഥാടനത്തിന്റെ വേദിയില്‍ എത്തിയിട്ടുണ്ട്. ഇതില്‍ കോണ്‍ഗ്രസ്, ബിജെപി, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളും മറ്റ് മണ്ഡലങ്ങളിലെ പ്രഗല്ഭരും ഉള്‍പ്പെടുന്നു. ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഭാഗമാകുക എന്നത് ഒരംഗീകാരമായാണ് എല്ലാവരും കണ്ടുവരുന്നത്. ആ വേദിയുടെ പവിത്രതയും മഹത്വവും ഉള്‍ക്കൊണ്ടല്ലാതെ നാളിതുവരെ ആരും സംസാരിച്ചിട്ടില്ല. തങ്ങളുടെ രാഷ്ട്രീയ -മത അജണ്ടകള്‍ മാറ്റിവച്ച് ശ്രീനാരായണ ഗുരുദേവന് ഉയര്‍ത്തിപ്പിടിച്ച സനാതനധര്‍മ്മ മൂല്യങ്ങളെയും മാനവികതയേയും കുറിച്ചല്ലാതെ ആരും സംസാരിക്കാറില്ല. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായി ഈ വര്‍ഷത്തെ ശിവഗിരി സമ്മേളനത്തില്‍ മുഖ്യമന്ത്രി വിജയന്റെ പ്രസംഗം മംഗളവേദിയെ മലിനമാക്കുംവിധമായിപ്പോയി. അത് അദ്ദേഹത്തിന്റെ നാക്കു പിഴയോ അബദ്ധമോ അറിവില്ലായ്മയോ ഒന്നുമല്ല എന്ന് തുടര്‍ന്ന് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയിലെ മറ്റ് നേതാക്കളുടെ പ്രസ്താവനയില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയും.
മുഖ്യമന്ത്രി വിജയന് തന്റെ പ്രസംഗത്തില്‍ ശ്രീനാരായണ ഗുരുദേവന് സനാതനധര്‍മ്മത്തിന്റെ ആചാര്യനല്ല എന്നും സനാതനധര്‍മ്മം എന്നാല്‍ സവര്‍ണ്ണ സര്‍വ്വാധിപത്യമാണ് എന്നുമാണ് പറഞ്ഞുവച്ചത്. ഇതിലൂടെ ശ്രീനാരായണ ഭക്തരും വിശിഷ്യ ഈഴവ സമുദായവും ഹിന്ദുക്കളല്ല എന്നാണ് വിജയന് സഖാവ് ഭംഗ്യന്തരേണ സൂചിപ്പിച്ചത്. ഈ ആശയം ഇതിനു മുമ്പ് പറഞ്ഞത് ബ്രിട്ടീഷുകാരായിരുന്നു. അവര്‍ക്ക് ഈ നാടിനെ അടക്കി ഭരിക്കാന്‍ ഹിന്ദു സമൂഹം അസംഘടിതമായി നില്‍ക്കണമായിരുന്നു. അതിന് അവര്‍ ഹിന്ദുക്കളിലെ ജാതി വ്യത്യാസങ്ങളെ പരമാവധി പ്രോത്സാഹിപ്പിക്കാനും ഹിന്ദു നവീകരണ മുന്നേറ്റങ്ങളായി വന്ന ബുദ്ധ ജൈന സിഖ് സമ്പ്രദായങ്ങളെ അന്യവല്ക്കരിക്കാനും ശ്രമിച്ചു പോന്നു. ഹിന്ദുക്കള്‍ ജാതീയമായി ഭിന്നിച്ചു നിന്നാലെ മതപരിവര്‍ത്തന ശക്തികള്‍ക്ക് സുഗമമായി പ്രവര്‍ത്തിക്കാന്‍ കഴിയൂ എന്ന് ബ്രിട്ടീഷുകാര്‍ക്ക് നന്നായറിയാമായിരുന്നു. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ബ്രിട്ടീഷ് വിഭജനതന്ത്രങ്ങളുടെ പിന്തുടര്ച്ചാവകാശം കൈവശം വച്ചത് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നു. ഹിന്ദു സമൂഹത്തെ ശിഥിലമാക്കി ആ വിടവിലൂടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ വളര്‍ത്തുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. എന്നാല്‍ ദേശീയ തലത്തില്‍ അവര്‍ ഈ ദൗത്യത്തില്‍ പരാജയപ്പെട്ടുവെങ്കിലും കേരളത്തില്‍ ജിഹാദികളുമായി ചേര്‍ന്നു കൊണ്ട് ഹിന്ദു വിഭജനതന്ത്രങ്ങള്‍ തുടരുകയാണ്. മുസ്ലീം തീവ്രവാദികളുമായി ചേര്‍ന്ന് ഒരിക്കല്‍ ശിവഗിരിയെ പിടിച്ചടക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് ഗ്രീനാരായണ ഗുരുദേവന്റെ ആശയങ്ങളോട് തീര്‍ത്താല്‍ തീരാത്ത പകയാണ് ഉള്ളതെന്ന് വിജയന് സഖാവിന്റെ പ്രസംഗത്തില്‍ നിന്ന് മനസ്സിലാക്കാം. കോട്ടയില്‍ കടന്ന് വാതില്‍ തുറന്നു കൊടുത്ത് ശത്രുസൈന്യത്തെ ക്ഷണിക്കുന്ന ചതിയന്റെ പണിയാണ് മുഖ്യമന്ത്രി വിജയന് ചെയ്തത്. ഹിന്ദു മുഖ്യധാരയില്‍ നിന്ന് ഈഴവ സമൂഹത്തെ അടര്‍ത്തിമാറ്റി ജിഹാദി മതപരിവര്‍ത്തന ശക്തികള്‍ക്കു മുന്നിലേക്ക് പ്രതിരോധരഹിതമായി വലിച്ചെറിയുക എന്ന കര്‍മ്മമാണ് വിജയന് സഖാവ് തന്റെ സനാതന ധര്‍മ്മഹത്യാ പ്രസംഗത്തിലൂടെ ശിവഗിരിയില്‍ വച്ച് ചെയ്തത്. അധികാരം നിലനിര്‍ത്താനായി അതിക്രമിച്ചു കടന്നു വന്ന മുഗള്‍ രാജാക്കന്മാര്ക്ക് സ്വന്തം മകളെ പോലും വിവാഹം ചെയ്തു കൊടുത്ത ചില രജപുത്ര രാജാക്കന്മാരുടെ വഞ്ചനാപൂര്‍ണ്ണമായ നിലപാടാണ് മുഖ്യമന്ത്രി വിജയന്റെ പ്രസംഗത്തിലൂടെ പ്രതിധ്വനിച്ചത്.
ശ്രീനാരായണ ഗുരുവിനോടും അദ്ദേഹം മുന്നോട്ടുവച്ച് ചിന്തകളോടും എല്ലാക്കാലത്തും സിപിഎമ്മിന് പരമപുച്ഛമായിരുന്നു. അരുവിപ്പുറം പ്രതിഷ്ഠയുടെ ശതാബ്ദി ആഘോഷങ്ങളിലേയ്ക്ക് 1988ല്‍ ഇഎംഎസ് നമ്പൂതിരിപ്പാടിനെ ക്ഷണിച്ചെങ്കിലും അദ്ദേഹം പോയില്ല. അതിനെക്കുറിച്ച് അദ്ദേഹം പിന്നീട് പറഞ്ഞത് – ‘താന്‍ പോയാല്‍ ഗുരുദേവന്റെ ആശയങ്ങള്‍ക്ക് ഇന്നും പ്രസക്തി ഉണ്ട് എന്ന് സമ്മതിക്കേണ്ടി വരും’ എന്നാണ്. നമ്പൂതിരിപ്പാടിന്റെ രക്തം മുഖ്യമന്ത്രി വിജയനില്‍ ഇപ്പോഴും ശേഷിക്കുന്നു എന്നതിന്റെ തെളിവാണ് ശിവഗിരിയിലെ അദ്ദേഹത്തിന്റെ പ്രസംഗം. തലശ്ശേരിയിലും ചങ്ങനാശ്ശേരിയിലും ഒക്കെ ഗുരുമണ്ഡപങ്ങള്‍ ആക്രമിച്ച പാരമ്പര്യമുള്ള മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് ശ്രീനാരായണ ഗുരു എന്നും ബൂര്‍ഷ്വാ ഗുരുവായിരുന്നു. തളിപ്പറമ്പില്‍ ഗുരുദേവനെ കുരിശില്‍ തറച്ച് ഘോഷയാത്രയില്‍ പ്രദര്‍ശിപ്പിച്ച സിപിഎം ഇന്നും അതില്‍ ഖേദം രേഖപ്പെടുത്തിയിട്ടില്ല. ഉമേഷ് ചള്ളിയില്‍ നിയമസഭയില്‍ ഗുരുദേവ നാമത്തില്‍ പ്രതിജ്ഞ ചെയ്തതിനെ – ‘ശ്രീനാരായണ ഗുരുവിന്റെ പേരില്‍ പ്രതിജ്ഞ ചെയ്യുന്നത് കുട്ടിച്ചാത്തനില്‍ വിശ്വസിച്ച് സത്യപ്രതിജ്ഞ ചെയ്യലാണെന്ന്’ പരിഹസിച്ച വിജയന് സഖാവിന് ശ്രീനാരായണ ഗുരുവിനോട് എത്ര ഭക്തിയുണ്ടാകുമെന്ന് ഊഹിക്കാവുന്നതെ ഉള്ളു.
നാരായണ ഗുരു ഹിന്ദു സന്ന്യാസിയല്ല എന്നും ശിവഗിരി മഠം ഹിന്ദു മഠമല്ല എന്നതും മാര്‍ക്സിസ്റ്റുകളുടെ വളരെ പഴയ നയമാണ്. ശിവനെയും സുബ്രഹ്മണ്യനെയും ശാരദാദേവിയേയും പ്രതിഷ്ഠിച്ച, ആ ദേവതകള്‍ക്കൊക്കെ കീര്‍ത്തനങ്ങള്‍ ചമച്ച ഗുരുവിനെ അപഹസിക്കാന്‍ ഇതിലും പറ്റിയ വാദം വേറെയില്ല. ദിവാന് പി.രാജഗോപാലാചാരിയ്ക്ക് ശിവഗിരി മഠത്തില്‍ നിന്നും സമര്‍പ്പിച്ച മംഗളപത്രത്തില്‍ – ‘ഈ സ്ഥാപനം നമ്മുടെ പുരാതനവും ശ്രേഷ്ഠവുമായ ഹിന്ദു മതത്തെ പുലര്‍ത്തുന്നതിനും പശ്ചിമ തീരത്തില്‍ ഹിന്ദുക്കളില്‍ പിന്നാക്കം നില്ക്കുന്ന വര്‍ഗ്ഗക്കാരുടെ മതാന്തരത്തിലേക്കുള്ള പ്രവാഹത്തെ നിരോധിക്കുന്നതിനുമായി ഉദ്ദേശിച്ച് ഏര്‍പ്പെടുത്തിയിട്ടുള്ളതും…’ എന്നാണ് പറഞ്ഞിരിക്കുന്നതെന്ന് വിജയന് സഖാവിനെ ഓര്‍മ്മിപ്പിച്ചു കൊള്ളട്ടെ. നെയ്യാറ്റിന്‍കരയില്‍ മതം മാറി പോയ ഈഴവരെ തിരിച്ചു കൊണ്ടുവരാന്‍ നേരിട്ടെഴുന്നള്ളിയ ഗുരുദേവന് മതം മാറ്റത്തിനെതിരെ പ്രസംഗിക്കാന്‍ കരുവാകൃഷ്ണനാശാനെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്നു പറയാന്‍ ഒരു സനാതന ധര്‍മ്മാചാര്യനല്ലാതെ മറ്റൊരു മതാചാര്യനും കഴിയില്ല എന്ന് സഖാവ് വിജയന് മനസ്സിലാക്കിയാല്‍ നന്ന്. മംഗള വേദിയെ മലിനമാക്കുന്ന വകതിരിവില്ലാത്തവര്‍ എത്ര ഉയര്‍ന്ന പദവിയിലിരിക്കുന്നവരാണെങ്കിലും ശിവഗിരി തീര്‍ത്ഥാടന വേദിയിലേക്ക് വിളിക്കാതിരിക്കാനുള്ള ഔചിത്യം ഭാരവാഹികളും കാണിക്കണമെന്ന് ഓര്‍മ്മിപ്പിക്കട്ടെ.