ഇക്കഴിഞ്ഞ ദിവസങ്ങളിലായി മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ് നിയമസഭകളിലേക്കു നടന്ന തിരഞ്ഞെടുപ്പുകളില്‍ അതാത് സംസ്ഥാനം ഭരിച്ചുപോന്ന മുന്നണികള്‍ക്ക് ഭരണത്തുടര്‍ച്ച ലഭിച്ചു എന്ന നിലയിലായിരിക്കില്ല രാഷ്ട്രീയ വിശാരദന്മാര്‍ തിരഞ്ഞെടുപ്പ് ഫലങ്ങളെ അവലോകനം ചെയ്യാന്‍ പോകുന്നത്. പ്രത്യേകിച്ച് മഹാരാഷ്ട്രയിലെ ഫലം ഭാരത രാഷ്ട്രീയത്തില്‍ ദേശീയവാദത്തിന്റെ ദീര്‍ഘകാലീന സ്വാധീനം അരക്കിട്ടുറപ്പിക്കാന്‍ പോന്നതാണ്. ഭാരതീയ ജനതാപാര്‍ട്ടി പ്രതിനിധാനം ചെയ്യുന്ന സാംസ്‌ക്കാരിക ദേശീയ വാദം കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പോടെ മങ്ങിത്തുടങ്ങിയെന്ന് ആഖ്യാനം ചമച്ചവര്‍ക്കുള്ള കൃത്യമായ മറുപടിയാണ് തിരഞ്ഞെടുപ്പു ഫലങ്ങള്‍. ബി ജെപിയുടെ നേതൃത്വത്തില്‍ ശിവസേന, എന്‍സിപി തുടങ്ങിയ കക്ഷികള്‍ ‘മഹാ യുതി’ എന്ന സഖ്യമായി നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുകയും ഉജ്ജ്വല വിജയം കൈവരിക്കുകയും ചെയ്തിരിക്കുകയാണ്.
ഭാരതത്തിന്റെ സാമ്പത്തിക തലസ്ഥാനമെന്നറിയപ്പെടുന്ന മുംബൈ അടങ്ങുന്ന മഹാരാഷ്ട്രയിലെ വിജയം നരേന്ദ്ര മോദി നയിക്കുന്ന കേന്ദ്ര സര്‍ക്കാരിന് നല്‍കുന്ന കരുത്ത് ചെറുതല്ല. പ്രാദേശീയ വിഘടനവാദവും ജാതി-മത-വര്‍ഗ്ഗീയ വാദവുമുയര്‍ത്തി, കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കളിച്ച വൃത്തികെട്ട രാഷ്ട്രീയത്തിന് മഹാരാഷ്ട്രയിലെ ജനങ്ങള്‍ പ്രായശ്ചിത്തം ചെയ്തിരിക്കുകയാണ്. മുഗളാധിനിവേശത്തെ ചെറുത്തുതോല്‍പ്പിച്ച ഛത്രപതി ശിവജിയുടെ മണ്ണ് പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ അതിന്റെ സ്വത്വം വീണ്ടെടുത്തിരിക്കുന്നു. ചതിപ്രയോഗത്തിലൂടെ ശിവജിയെ വകവരുത്താന്‍ ശ്രമിച്ച അഫ്‌സല്‍ഖാന്റെ നികൃഷ്ടതയെ അനുസ്മരിപ്പിക്കുന്ന രാഷ്ട്രീയ കുതന്ത്രങ്ങളായിരുന്നു കുറച്ചുകാലമായി മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് പയറ്റിക്കൊണ്ടിരുന്നത്. 2019ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സഖ്യത്തിന്റെ ഭാഗമായി നിന്ന ശിവസേനയെ ഉപയോഗിച്ച് എന്‍സിപിയും കോണ്‍ഗ്രസും ചേര്‍ന്ന് ഉദ്ധവിനെ പാവ മുഖ്യമന്ത്രിയാക്കി മഹാരാഷ്ട്ര ഭരിച്ച സൃഗാല തന്ത്രത്തിനുള്ള കൃത്യമായ മറുപടി കൊടുത്തത് ഈ തിരഞ്ഞെടുപ്പിലാണ്.
ഒരു കാലത്ത് ഹിന്ദുത്വ ദേശീയ വാദത്തിന്റെ ആള്‍രൂപവും ഛത്രപതി ശിവജി മഹാരാജിന്റെ പരാക്രമശീലത്തിന്റെ നേരവകാശിയും എന്നറിയപ്പെട്ട ബാല്‍ താക്കറെയുടെ ശിവസേന അദ്ദേഹത്തിന്റെ കാലശേഷം വഴി തെറ്റി അധികാരമോഹത്തിന്റെ ചെളിക്കുഴിയില്‍ ആഴ്ന്നു പോകുന്നതിന് മറാഠയിലെ ജനങ്ങള്‍ സാക്ഷ്യംവഹിച്ചു. ദീര്‍ഘകാലം ബിജെപി മുന്നണിക്കൊപ്പം നിന്ന ശിവസേന ബിജെപിയെ പിന്നില്‍നിന്നു കുത്തി കോണ്‍ഗ്രസ് പാളയത്തില്‍ എത്തിപ്പെടുകയും ബാല്‍ താക്കറെയുടെ മൂല്യങ്ങള്‍ ബലികഴിക്കുകയും ചെയ്യുന്നത് യഥാര്‍ത്ഥ ശിവസൈനികര്‍ ഹൃദയവേദനയോടെ നോക്കി നില്‍ക്കേണ്ടിവന്നു. ‘കോണ്‍ഗ്രസ്സുമായി ഐക്യപ്പെടുന്ന സാഹചര്യമുണ്ടായാല്‍ താന്‍ ശിവസേനയെ പിരിച്ചുവിടുമെന്നു’പറഞ്ഞ ബാല്‍ താക്കറെയുടെ മകന്‍ ഉദ്ധവ് താക്കറെ തന്നെ അധികാരത്തിനു വേണ്ടി ശിവസേനയെ തൂക്കി വില്‍ക്കുന്ന സ്ഥിതി സംജാതമായി. ഈ തിരഞ്ഞെടുപ്പോടെ ഉദ്ധവ് താക്കറെ മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ അപ്രസക്തനാവുകയും ഏക് നാഥ് ഷിന്‍ഡെയുടെ ശിവസേന ബാല്‍ താക്കറെയുടെ പാരമ്പര്യത്തിന്റെ നേരവകാശിയാണെന്ന് ജനങ്ങള്‍ വിധി എഴുതുകയും ചെയ്തിരിക്കുകയാണ്. നാല് തവണ മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയായിരുന്ന ശരത് പവാറിന്റെ എന്‍സിപിയും കഴിഞ്ഞ കുറച്ചു കാലമായി ആശയപരമായ പ്രതിസന്ധിയിലായിരുന്നു. ഈ തിരഞ്ഞെടുപ്പോടെ അജിത് പവാറിന്റെ എന്‍സിപിയെ യഥാര്‍ത്ഥ എന്‍സിപിയായി ജനങ്ങള്‍ തിരഞ്ഞെടുത്തിരിക്കുകയാണ്.
2019ലെ തിരഞ്ഞെടുപ്പില്‍ 54 സീറ്റോടെ കോണ്‍ഗ്രസ്സിനേക്കാള്‍ മുന്നില്‍ നിന്ന ശരത് പവാറിന്റെ എന്‍സിപിക്ക് ഇത്തവണ ലഭിച്ചത് കേവലം പത്തു സീറ്റ് മാത്രമാണ്. അതേസമയം ബിജെപിയോടൊപ്പം നിന്നഅജിത് പവാറിന് 41 സീറ്റുകള്‍ ലഭിച്ചു. ശിവസേന ഉദ്ധവ് വിഭാഗത്തിന് 20 സീറ്റ് ലഭിച്ചപ്പോള്‍ ബിജെപിയോടൊപ്പം നിന്ന ശിവസേന ഷിന്‍ഡെ വിഭാഗത്തിന് 56 സീറ്റുകളാണ് ലഭിച്ചത്. ബിജെപിയെ സംബന്ധിച്ച് ഈ തിരഞ്ഞെടുപ്പു ഫലം മധുരമായ ഒരു പ്രതികാരം കൂടിയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 44 സീറ്റുണ്ടായിരുന്ന കോണ്‍ഗ്രസ് ഈ തിരഞ്ഞെടുപ്പില്‍ വെറും 16 സീറ്റില്‍ ഒതുങ്ങി. ഭാരത രാഷ്ട്രീയത്തില്‍ പ്രതിദിനം ശോഷിച്ചു വരുന്ന കോണ്‍ഗ്രസ്സിന്റെ അന്ത്യദിനങ്ങളിലേക്ക് ആ പ്രസ്ഥാനം നീങ്ങിക്കൊണ്ടിരിക്കുന്നു എന്നതിന്റെ സൂചനയാണ് മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത്. ‘ഇന്‍ഡി’സഖ്യത്തിലെ മുഖ്യ കക്ഷി എന്ന നിലയില്‍ നിന്ന് വെറും പ്രാദേശിക ഘടകകക്ഷി എന്ന നിലയിലേക്ക് കോണ്‍ഗ്രസ്എത്തിക്കഴിഞ്ഞിരിക്കുകയാണ്.
അമ്പത് ശതമാനം വോട്ടു വിഹിതവും മൂന്നില്‍ രണ്ട് ഭൂരിപക്ഷവും ഉറപ്പിച്ചാണ് മഹായുതി സഖ്യം അധികാരത്തിലേറുന്നത്. ‘ഇന്‍ഡി’ സഖ്യത്തിന് കേവലം 35 ശതമാനം വോട്ടു വിഹിതം മാത്രമാണുള്ളത്. കോണ്‍ഗ്രസ് വാഴ്ചക്കാലത്ത് ബോംബു സ്‌ഫോടനങ്ങളും വര്‍ഗ്ഗീയ കലാപങ്ങളും കൊണ്ട് കലുഷിതമായിരുന്ന മഹാരാഷ്ട്രയിലെ മുംബൈ അടക്കമുള്ള നഗരങ്ങള്‍ ബിജെപി മുന്നണി ഭരിച്ചു തുടങ്ങിയതിനു ശേഷമാണ് ശാന്തിയും വികസനവും എന്തെന്നറിഞ്ഞത്. അമ്പത് വര്‍ഷത്തിനിടയില്‍ ബിജെപിക്കു മഹാരാഷ്ട്രയില്‍ ഉണ്ടായ ഏറ്റവും ഉജ്ജ്വലമായ വിജയമാണ് ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉണ്ടായിരിക്കുന്നത്. എന്നു മാത്രമല്ല തുടര്‍ച്ചയായി മൂന്നാം തവണയും എന്‍ഡിഎക്ക് അധികാരം നല്‍കുന്ന ആറാമത്തെ സംസ്ഥാനമാണ് ഛത്രപതി ശിവജിയുടെ ഹൃദയഭൂമിയായ മഹാരാഷ്ട്ര. തിരഞ്ഞെടുപ്പില്‍ ജയിക്കുവാന്‍ വേണ്ടി ഏത് രാഷ്ട്രവിരുദ്ധ നയവും സ്വീകരിക്കാന്‍ മടിക്കാത്ത കോണ്‍ഗ്രസ്, ബിജെപി അധികാരത്തില്‍ വന്നാല്‍ സംവരണം റദ്ദുചെയ്യുമെന്നു പോലും പ്രചരിപ്പിക്കുക ഉണ്ടായി. സൗജന്യങ്ങളുടെ നീണ്ട നിര വാഗ്ദാനമായി നല്‍കിയ കോണ്‍ഗ്രസ് ജാതി സെന്‍സസ് എന്ന തുറുപ്പ് ചീട്ട് വരെ ഇറക്കി കളിച്ചെങ്കിലും ഛത്രപതിയുടെ മണ്ണിനെ കബളിപ്പിക്കാനായില്ല. അതുകൊണ്ട് മഹാരാഷ്ട്രയിലെ ബിജെപി മുന്നണിയുടെ വിജയം അഭിമാനമുണര്‍ത്തുന്ന ദേശീയവാദത്തിന്റെ ഛത്രാധിപത്യം തന്നെയാണ്. ഭാരത രാഷ്ട്രീയത്തിന്റെ ഭാവി സൂചനയും.