കേരളം പ്രകൃതിദുരന്തങ്ങളുടെ മാത്രമല്ല ഭരണദുരന്തത്തിന്റേയും കൂടി നാടാണെന്ന് തെളിയിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. കേരളത്തില്‍ അടിക്കടി ഉണ്ടാകുന്ന ദുരന്തങ്ങള്‍ ഭരിക്കുന്ന പാര്‍ട്ടിക്കും നേതാക്കന്മാര്‍ക്കും പണംപിടുങ്ങാനും ജനങ്ങളെ വിഡ്ഢികളാക്കിക്കൊണ്ട് തറ രാഷ്ട്രീയം കളിക്കാനുമുള്ള അവസരങ്ങളായി മാറിയിരിക്കുന്നു. വയനാട് ചൂരല്‍മലയിലും മറ്റുമുണ്ടായ അതിദാരുണമായ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഇരയാവര്‍ക്ക് മതിയായ സഹായം കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്നില്ല എന്നു പറഞ്ഞുകൊണ്ട് ഇടത് വലത് മുന്നണികള്‍ സംയുക്തമായി ഒരു ഹര്‍ത്താല്‍ നടത്തിയിരുന്നു. ജനങ്ങളെ ബന്ദികളാക്കുന്ന ഹര്‍ത്താല്‍ പോലുള്ള സമരാഭാസങ്ങളെ കോടതി തന്നെ വിലക്കിയിട്ടുള്ളതാണെങ്കിലും കമ്മ്യൂണിസ്റ്റ് കോണ്‍ഗ്രസ് പ്രഭൃതികള്‍ക്കെന്ത് കോടതി എന്ന് ചോദിക്കുന്നവരും ഉണ്ട്. അടിസ്ഥാനമില്ലാത്ത കാര്യത്തിന് ഹര്‍ത്താല്‍ നടത്തിയവര്‍ക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനമുണ്ടായെങ്കിലും മലയാളി തട്ടിപ്പ് രാഷ്ട്രീയവുമായി പൊരുത്തപ്പെട്ട് ജീവിക്കുന്ന ഒരു സമൂഹമായതുകൊണ്ട് കോടതി വിമര്‍ശനമൊന്നും വലിയ ചലനമുണ്ടാക്കാന്‍ പോകുന്നില്ല. രാഹുലിന്റെ പിന്‍ഗാമിയായി പ്രിയങ്ക വാദ്രയെ വന്‍ ഭൂരിപക്ഷത്തില്‍ തിരഞ്ഞെടുത്തയക്കുന്ന ഒരു സമൂഹത്തിന് പൊയ്യും പേയും ഒരു പോലെയാണ്. എന്തായാലും പ്രിയങ്ക വാദ്രയുടെ നേതൃത്വത്തില്‍ കേരളത്തിലെ 23 എം.പിമാരും സംയുക്തമായി രാജ്യത്തിന്റെ ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ട് വയനാട് ദുരിതബാധിതരെ സഹായിക്കാത്ത കേന്ദ്ര സര്‍ക്കാരിന്റെ വിവേചന നിലപാടിനെതിരെ പ്രതിഷേധിച്ച് മെമ്മോറാണ്ടം കൊടുത്തു പോലും. വയനാടിന് മതിയായ സഹായധനം കിട്ടാത്തതിന്റെ കാര്യകാരണങ്ങളും കേരള സര്‍ക്കാരിന്റെ തരികിട നിലപാടുകളുമെല്ലാം അക്കമിട്ട് നിരത്തി കൊണ്ട് പാര്‍ലമെന്റില്‍ അമിത് ഷാ വെളിപ്പെടുത്തിയ കാര്യങ്ങള്‍ കമ്മ്യൂണിസ്റ്റ് കോണ്‍ഗ്രസ് രാഷ്ട്രീയ ജീവികളുടെ കണ്ണു തുറപ്പിക്കുമെന്ന് കരുതാന്‍ വയ്യ. കാരണം അവര്‍ കണ്ണടച്ച് ഇരുട്ടാക്കാന്‍ ശ്രമിക്കുന്നവരാണ്. അമിത് ഷാ നല്‍കുന്ന വിവരങ്ങള്‍ പരിശോധിച്ചാല്‍ ദുരന്തങ്ങളെ ധനസമ്പാദന മാര്‍ഗ്ഗമായി കരുതുന്ന കേരളത്തിലെ ഇടതുപക്ഷ ഭരണകൂടവും അവര്‍ക്ക് ഒത്താശ ചെയ്യുന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെയും ജനവഞ്ചനയുടെ ചരിത്രം വെളിപ്പെടും.
ജൂലായ് 30ന് ചൂരല്‍മലയിലും പരിസരത്തും ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായി മണിക്കൂറുകള്‍ക്കകം കേന്ദ്രം സഹായമെത്തിച്ചിരുന്നു. മുഖ്യമന്ത്രിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രി നിരന്തര സമ്പര്‍ക്കത്തിലൂടെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയും എന്‍.ഡി.ആര്‍.എഫ്, കോസ്റ്റ് ഗാര്‍ഡ്, സൈന്യം എന്നിവയെ സംഭവസ്ഥലത്ത് വിന്യസിക്കുകയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ചെയ്തു. കരസേനയുടെ 14 കോളവും ആറു ഹെലികോപ്റ്ററുകളും ദുരന്തമുഖത്ത് പ്രവര്‍ത്തിക്കുകയും നിരവധി പേരുടെ ജീവന്‍ രക്ഷിക്കുകയും 520 പേരെ സുരക്ഷിത കേന്ദ്രത്തിലേയ്ക്ക് മാറ്റി പാര്‍പ്പിക്കുകയും ചെയ്തു. ദുരന്തമുണ്ടായതിന്റെ പിറ്റെ ദിവസം തന്നെ 145.60 കോടി രൂപ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കേന്ദ്രവിഹിതമായി നല്‍കി. ഒക്ടോബര്‍ ഒന്നിന് രണ്ടാം ഘട്ട വിഹിതമായി 145.60 കോടി കൂടി വീണ്ടും നല്‍കുക ഉണ്ടായി. നവംബര്‍ 16ന് ചേര്‍ന്ന ഉന്നതതല സമിതി 153.47കോടി രൂപ കൂടി അനുവദിച്ചു. ദുരന്തസ്ഥലത്തെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാനായി കേന്ദ്രം അനുവദിച്ച 36 കോടി രൂപ സംസ്ഥാനം ഇതുവരെ ചിലവഴിച്ചിട്ടില്ല. കേരളം കേന്ദ്രത്തിനോട് ആവശ്യപ്പെട്ട അടിയന്തിര ധനസഹായമായ 214 കോടിയില്‍ 150 കോടി അനുവദിച്ചതും എസ്.ഡി.ആര്‍.എഫ് ഫണ്ടില്‍ നിന്നും പകുതി തുക വയനാടിനു വേണ്ടി നീക്കിവെക്കാന്‍ അനുവദിച്ചതും കേരള ഭരണകൂടം മറച്ചുവച്ചു എന്നതാണ് സത്യം.
പ്രധാനമന്ത്രി ദുരന്തസ്ഥലം സന്ദര്‍ശിക്കുകയും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തു. വയനാടിന്റെ ജീവിതം തിരിച്ചുപിടിക്കാന്‍ വീടുകള്‍, വിദ്യാലയങ്ങള്‍, റോഡുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ പണം അനുവദിക്കാമെന്ന് ഉറപ്പു നല്‍കിയിരുന്നതാണ്. എന്നാല്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടതനുസരിച്ച് പുനര്‍നിര്‍മ്മാണത്തിനാവശ്യമായ തുകയുടെ കണക്കുകള്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ മൂന്നു മാസം കഴിഞ്ഞാണ് തയ്യാറായത്. ദുരന്തമുണ്ടായി മൂന്നര മാസത്തിനു ശേഷം മാത്രം നല്‍കിയ എസ്റ്റിമേറ്റിനനുസരിച്ച് കേന്ദ്ര സര്‍ക്കാര്‍ വിവിധ മന്ത്രാലയങ്ങളുടെ സംയുക്ത ഉദ്യോഗസ്ഥ സംഘത്തിന് രൂപം നല്‍കി കഴിഞ്ഞു. കേരളം ചെയ്യേണ്ട പ്രാഥമിക കാര്യങ്ങള്‍ ചെയ്യാതെ കേന്ദ്രത്തെ പഴിച്ച് ഹര്‍ത്താല്‍ നാടകം നടത്തിയവര്‍ സത്യത്തില്‍ ജനങ്ങളോട് മാപ്പു പറയുകയാണ് ചെയ്യേണ്ടത്. കേന്ദ്ര സര്‍ക്കാര്‍ പ്രകൃതിദുരന്തങ്ങളെ അഴിമതിക്കുള്ള അവസരമായല്ല കാണുന്നത്. എന്നാല്‍ കേരള സര്‍ക്കാര്‍ സുനാമി, പ്രളയം, ഓഖി, പുതുമല, കവളപ്പാറ ഉരുള്‍പൊട്ടലുകള്‍ അടക്കമുള്ള ദുരന്തങ്ങളില്‍ പെട്ടവരുടെ പേരില്‍ പണപ്പിരിവ് നടത്തുകയും പിന്നീട് പണം വകമാറ്റി ചിലവഴിക്കുകയും ചെയ്ത ചരിത്രമാണുള്ളത്. അതുകൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമായ രൂപരേഖയുടെ അടിസ്ഥാനത്തിലല്ലാതെ പണമനുവദിക്കില്ല എന്ന നിലപാട് എടുത്തിരിക്കുന്നത്. കേരള സര്‍ക്കാരിന്റെ പ്രകൃതിദുരന്ത ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ കുറ്റമറ്റതായിരുന്നില്ല. സുനാമി ബാധിതര്‍ക്കുണ്ടാക്കി നല്‍കിയ ഫ്‌ളാറ്റുകള്‍ ഒക്കെ ഇപ്പോള്‍ ചോര്‍ന്നൊലിക്കുകയാണ്. മുമ്പ് മുഖ്യമന്ത്രി പ്രകൃതിദുരന്തബാധിതരെ സഹായിക്കാനായി ജനങ്ങളില്‍ നിന്ന് സമാഹരിച്ച പണം പരേതനായ ഒരു എംഎല്‍എയുടെ മകന്റെ വാഹനവായ്പ അടച്ചു തീര്‍ക്കാനും സ്വര്‍ണ്ണ പണയ വായ്പ തിരിച്ചടയ്ക്കാനും മറ്റൊരു മരണപ്പെട്ട രാഷ്ട്രീയ നേതാവിന്റെ കുടുംബത്തെ സഹായിക്കാനുമൊക്കെയായി തിരിച്ചുവിട്ട ചരിത്രമുണ്ട്. വയനാട് പ്രകൃതിദുരന്തവും തങ്ങള്‍ക്ക് വിളവെടുപ്പിനുള്ള അവസരമാണെന്നും അനുവദിക്കുന്ന കേന്ദ്രഫണ്ട് ദീവാളി കുളിക്കാമെന്നുമൊക്കെ മോഹിച്ചിരുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് കുറച്ച് അലോസരമുണ്ടാക്കിയിട്ടുണ്ടാവാം. എന്തായാലും പ്രകൃതിദുരന്തത്തിന്ഇരയായ വയനാടിന്റെ മക്കളെ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ കൈവിടില്ല. ദുരന്തം വിറ്റ് സുഖിക്കാമെന്നും ഭരിക്കാമെന്നും കരുതുന്നവര്‍ക്ക് വലിയ പ്രതീക്ഷയ്ക്കവകാശമില്ല.