- ദൈവക്കല്ല് (ഒരു കല്ലിന്റെ കഥ 1)
- കുഞ്ഞുണ്ണി (ഒരു കല്ലിന്റെ കഥ 2)
- കുഞ്ചാറുമുത്തന്‍ (ഒരു കല്ലിന്റെ കഥ 3)
ഉണ്ണീ… ഉണ്ണീ….
ആരോ അവനെ വിളിക്കുകയാണ്. അവന്‍ പതുക്കെ കണ്ണു തുറന്നു. മുത്തശ്ശിയാണോ?
അല്ല, മുറിയില്‍ ആരുമില്ല. അവന്റെ കണ്ണുകള്‍ മേശപ്പുറത്തേയ്ക്കു ചെന്നു.
ത്രികോണക്കല്ലിനുചുറ്റും ഒരു പ്രകാശം. ആ കാഴ്ച അവനെ വല്ലാതെ അതിശയിപ്പിച്ചു.
”ഉണ്ണീ, ഇതു ഞാനാണ്.”
ആ ശബ്ദം അവനെ വീണ്ടും അതിശയിപ്പിച്ചു.
അവന്‍ പതുക്കെ മേശയ്ക്കരികിലേയ്ക്കുചെന്നു.
ത്രികോണക്കല്ലില്‍ തിളങ്ങുന്ന രണ്ടു കുഞ്ഞിക്കണ്ണുകള്‍!
”ആരാ?” – അവന്‍ ആശ്ചര്യത്തോടെ ചോദിച്ചു.
”ആരാണെന്നുചോദിച്ചാല്‍… തല്‍ക്കാലം കുഞ്ഞുണ്ണിയെന്നു വിളിച്ചോളൂ.”
”കുഞ്ഞുണ്ണി! കുഞ്ഞുണ്ണി ദൈവമാണോ?” അവന്‍ കൗതുകത്തോടെ ചോദിച്ചു.
കല്ലില്‍ നിന്നും അതിനു മറുപടിയുണ്ടായില്ല.
”അതിരിക്കട്ടെ, നീയെങ്ങനെയാണ് പുഴയിലെത്തിയത്?”
”അതൊരു നീണ്ട കഥയാണ്. ഉണ്ണിക്ക് കേള്‍ക്കാന്‍ താല്‍പ്പര്യമുണ്ടോ?”
”പിന്നെന്താ, കുഞ്ഞുണ്ണി പറഞ്ഞോളൂ.” അവന്‍ കാതുകൂര്‍പ്പിച്ചു.
വളരെ വര്‍ഷങ്ങള്‍ക്കു മുമ്പാണ്. ഒരു ഗ്രാമത്തില്‍ നിന്നെപ്പോലൊരു കുട്ടിയുണ്ടായിരുന്നു. വീടുവെയ്ക്കാന്‍ കൊണ്ടുവന്ന കരിങ്കല്ലുകള്‍ക്കിടയില്‍ നിന്നാണ് അവന്‍ എന്നെ കണ്ടെത്തിയത്. കൗതുകം തോന്നിയ അവന്‍ എന്നെ എടുത്തുകൊണ്ടുപോയി. ഉരച്ചുരച്ച് എന്റെ വശങ്ങള്‍ മിനുസമുള്ളതാക്കി. ദിവസവും കുളിപ്പിച്ചു. ചന്ദനവും കുങ്കുമവും കൊണ്ട് കുറിയിട്ടു. കുഞ്ഞുണ്ണിയെന്ന് പേരുമിട്ടു.
”അസ്സലായി! എന്നിട്ട്?”
ദിവസവും സ്‌കൂളില്‍ പോകുമ്പോള്‍ അവന്‍ എന്റെ മുന്നില്‍ വന്ന് മിഠായി നല്‍കി പ്രാര്‍ത്ഥിക്കുമായിരുന്നു. പരീക്ഷയില്‍ നല്ല മാര്‍ക്കുകിട്ടണം. ടീച്ചര്‍ അവനെ വിളിച്ച് ബോര്‍ഡില്‍ കണക്കു ചെയ്യാന്‍ ആവശ്യപ്പെടരുത്. അങ്ങനെ പലതും.
”എന്നിട്ടോ?”
അവന്റെ ചില ആഗ്രഹങ്ങളൊക്കെ നടന്നു. ചിലതൊന്നും നടന്നില്ല. അതിലൊന്ന് അവന്‍ കണക്കുപരീക്ഷയില്‍ തോറ്റുപോയതാണ്.
”കുഞ്ഞുണ്ണിക്ക് അവനെ സഹായിക്കാമായിരുന്നില്ലേ?”
”അതിന് എനിക്ക് കണക്കറിയില്ലല്ലോ.”
”അതുശരി. എന്നിട്ട്?”
”എന്നിട്ടെന്താ, അവന്‍ എന്നോടു പിണങ്ങി. രണ്ടുമൂന്നു ദിവസം എന്റെ മുന്നില്‍ വന്നില്ല. മിഠായിയും തന്നില്ല.”
”അതുപിന്നെ, ആരായാലും പിണങ്ങും. പിന്നീടെന്തുണ്ടായി?” അവന്‍ തിരക്കി.
ഞങ്ങള്‍ പിന്നെയും ചങ്ങാതിമാരായി. പക്ഷേ, അവന്റെ അമ്മയ്ക്ക് അസുഖം വന്നപ്പോള്‍ സങ്കടവുമായി എന്റെ മുന്നിലെത്തി. അതുകേട്ടപ്പോള്‍ എനിക്കും സങ്കടമായി. അമ്മയുടെ വേര്‍പാട് അവന് എന്നിലുള്ള വിശ്വാസം പാടെ ചോര്‍ത്തിക്കളഞ്ഞു. പിറ്റേന്ന് അവനെന്നെ പുഴയിലെറിഞ്ഞു.
”അപ്പോള്‍ അതാണു കാര്യം.”
”ഉണ്ണി ആരോടാണ് സംസാരിക്കുന്നത്?”
മുത്തശ്ശി അവന്റെ ചുമലില്‍ തട്ടിക്കൊണ്ടു ചോദിച്ചു.
അവന്‍ കണ്ണുതുറന്നു. പിന്നെ, ചുറ്റും നോക്കി.
”കുഞ്ഞുണ്ണി,” – അവന്‍ പറഞ്ഞു.
”കുഞ്ഞുണ്ണിയോ? അതാര്?” – മുത്തശ്ശി ആശ്ചര്യത്തോടെ അവനെ നോക്കി.
അവന്‍ മേശപ്പുറത്തേയ്ക്കു വിരല്‍ചൂണ്ടി.
”അതു ശരി. നീയിത് ഇവിടെക്കൊണ്ടുവച്ചിരിക്കുകയാണോ. വെറുതെല്ല വേണ്ടാത്ത സ്വപ്നങ്ങളൊക്കെ കണ്ടത്.”
”മുത്തശ്ശീ, കുഞ്ഞുണ്ണി ഒരു പാവമാണ്.”
അവന്‍ കണ്ണുതിരുമ്മിക്കൊണ്ടു പറഞ്ഞു.
മുത്തശ്ശി അവനെ ആഴത്തില്‍ ഒന്നു നോക്കി.
”നീ എണീറ്റ് പല്ലുതേക്കാന്‍ നോക്ക്. വൈകുന്നേരം കുഞ്ചാറുമുത്തനെക്കൊണ്ട് ഒരു ചരടു ജപിച്ചു കെട്ടണം. കഥയറിയാതെ കിട്ടിയതൊക്കെ എടുത്തുകൊണ്ടുവരും.”
മുത്തശ്ശി പിറുപിറുത്തു.
(തുടരും)