പ്രപഞ്ചശില്‍പ്പിയുടെ സര്‍ഗ്ഗ വൈഭവത്തിന്റെ ഒരു കണമെങ്കിലും ആത്മാവില്‍ കുടുങ്ങി ഭൂമിയില്‍ വന്നു പിറക്കുന്നവരാണ് എഴുത്തുകാരും കലാകാരന്മാരും. അവര്‍ ചുറ്റുമുള്ള ജീവിതങ്ങളുടെ പശിമയുള്ള മണ്ണില്‍ പണിഞ്ഞെടുക്കുന്ന കഥനത്തിന്റെ ശില്‍പ്പജാലങ്ങള്‍ കാലത്തോട് നിരന്തരം സംവദിച്ചുകൊണ്ടിരിക്കും. അവയില്‍ ചിലതെങ്കിലും തലമുറകളെ പ്രചോദിപ്പിച്ചും പ്രകോപിപ്പിച്ചും പുനര്‍നിര്‍ണ്ണയിച്ചും കാലത്തിന്റെ അടയാളക്കല്ലുകളായി തുടരും.. സാഹിത്യവും കലയും അനാദിയായ കാലത്തിന്റെ അടയാളക്കല്ലുകളാകുമ്പോള്‍ അവയുടെ ശില്‍പ്പികള്‍ സൃഷ്ടികളിലൂടെ ചിരഞ്ജീവികളായി മാറും. മലയാള ഭാഷയും സാഹിത്യവും ഉള്ള കാലത്തോളം മാടത്ത് തെക്കേപ്പാട്ട് വാസുദേവന്‍ നായര്‍ എന്ന എം.ടി. മൃതി തീണ്ടാത്ത സ്മൃതിയായി കൈരളിയുടെ നാലുകെട്ടിന്റെ പൂമുഖത്ത് കാരണവര്‍ സ്ഥാനമലങ്കരിക്കുന്നുണ്ടാവും. മരണം തീണ്ടാത്ത എഴുത്തിന്റെ പെരുന്തച്ചന് സര്‍ഗ്ഗ സരണിയില്‍ സഞ്ചരിച്ചെത്തുന്ന പിന്‍തലമുറയ്ക്ക് വഴിവെളിച്ചമായി മിഴി പൂട്ടാതിരിക്കുന്നുണ്ടാവും..
എം.ടി. എന്ന രണ്ടക്ഷരത്തിലൂടെ മലയാളമെന്ന കൊച്ചു ഭാഷ ലോക സാഹിത്യത്തിലേയ്ക്ക് കടന്നിരുന്നിട്ട് ദശകങ്ങള്‍ പിന്നിടുന്നു. വള്ളുവനാടിന്റെ ഗൃഹാതുരത നിറഞ്ഞ അക്ഷരലോകം മലയാളിയെ അടിമുടി ഉഴുതുമറിയ്ക്കാന്‍ തുടങ്ങിയത് എം.ടി.യുടെ കഥകളിലൂടെയാണ്. ഏത് കലാകാരനും സാഹിത്യകാരനും താന്‍ ജീവിച്ച കാലത്തിന്റെ സാക്ഷിമൊഴിയാണ് രേഖപ്പെടുത്തുന്നത്. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലെ വള്ളുവനാടിന്റെ സങ്കീര്‍ണ്ണ ജീവിത സാഹചര്യങ്ങളില്‍ നിന്ന് സര്‍ഗ്ഗ ജീവിതത്തിന്റെ ഇന്ധനം കണ്ടെത്തിയ എം.ടി. പില്ക്കാലത്ത് മാറുന്ന ഭാവുകത്വങ്ങളെ തിരിച്ചറിഞ്ഞ് സൃഷ്ടികള്‍ നടത്തിയ സര്‍ഗ്ഗധനനായ എഴുത്തുകാരനായിരുന്നു. ഫ്യൂഡലിസത്തിന്റെ തകര്‍ച്ചയില്‍ നിന്നും അണുകുടുംബത്തിന്റെ വ്യാപനത്തിലേക്കുള്ള ദൂരമാണ് എം.ടി.യുടെ കഥകളില്‍ അങ്ങോളമിങ്ങോളമായി ചിതറിക്കിടക്കുന്ന ഇതിവൃത്ത ലോകം. അവിടെ വിഷാദവും ഭഗ്ന പ്രണയവും ഏകാന്തതയും ഒറ്റപ്പെടലും വാശിയും പ്രതികാരവും എല്ലാം മാറിമാറി മിന്നിമറയുന്നു. എം.ടിയുടെ ബഹുമുഖമായ സര്‍ഗ്ഗ ലോകത്തിലങ്ങോളമിങ്ങോളം അദ്ദേഹത്തിന്റെ ആത്മാംശം കണ്ടെത്താനാവുമെന്നത് എഴുത്തില്‍ അദ്ദേഹം പുലര്‍ത്തിയ സത്യസന്ധതയ്ക്കുദാഹരണമാണ്. താന്‍ ജനിച്ചു വളര്‍ന്ന കൂടല്ലൂര്‍ ഗ്രാമത്തിന്റെ അതിര്‍ത്തികള്‍ താണ്ടി നിത്യവിസ്മയമായ ഭാരതപ്പുഴയും കടന്ന് എം.ടി. നടത്തുന്ന ജീവിത സഞ്ചാരത്തിനൊപ്പമാണ് അദ്ദേഹത്തിന്റെ പല കഥാപാത്രങ്ങളും വളര്‍ന്ന് വികസിക്കുന്നത്. കാലവും, നാലുകെട്ടും, അസുരവിത്തും, വാരാണസിയും, രണ്ടാമൂഴവും, മഞ്ഞും എല്ലാം വായിക്കുന്ന ആസ്വാദകന് എം.ടിയുടെ സര്‍ഗ്ഗ ചക്രവാളം കാലാനുസൃതമായി എങ്ങിനെ വളരുന്നു എന്ന് സാക്ഷ്യപ്പെടുത്താനാവും. കവിതയില്‍ ആരംഭിച്ച എഴുത്ത് കാലക്രമേണ ചെറുകഥയിലൂടെ നോവലിലേയ്ക്കും തിരക്കഥയിലേക്കും വളരുന്നത് ബഹുമുഖപ്രതിഭയുടെ പകര്ന്നാട്ടമായി വിലയിരുത്താനാവും. ദൃശ്യ ബോധമേറെയുള്ള എം.ടിയുടെ ഏത് കഥയിലും നോവലിലും ഒരു തിരനാടകം കണ്ടെത്താന്‍ ആസ്വാദകന് എളുപ്പം കഴിയും. 1964-65 കാലത്ത് സ്വന്തം കഥയായ മുറപ്പെണ്ണിന് തിരക്കഥയെഴുതി മലയാള സിനിമയിലേക്ക് എം.ടി കടന്നുവന്നതോടെ മലയാള സിനിമയുടെ അതുവരെയുണ്ടായിരുന്ന ഭാവുകത്വ പരിസരങ്ങളില്‍ അടിമുടി മാറ്റമുണ്ടാകുന്നതായി മനസ്സിലാക്കാന്‍ കഴിയും. ഇരുട്ടിന്റെ ആത്മാവ്, അസുരവിത്ത്, ഓളവും തീരവും, കുട്ട്യേടത്തി, ഓപ്പോള്, വാരിക്കുഴി, മഞ്ഞ്, നഖക്ഷതങ്ങള്‍, പഞ്ചാഗ്നി, അമൃതംഗമയ, വൈശാലി, ഒരു വടക്കന്‍ വീരഗാഥ, താഴ്വാരം, പെരുന്തച്ചന്, കടവ്, പരിണയം, സുകൃതം, പഴശ്ശിരാജ തുടങ്ങി അന്‍പതിലേറെ ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതിയ എം.ടിയ്ക്ക് നാലു തവണ മികച്ച തിരക്കഥയ്ക്കുള്ള ദേശീയ പുരസ്ക്കാരം ലഭിക്കുകയുണ്ടായി. സിനിമയിലാണെങ്കിലും ചെറുകഥയിലാണെങ്കിലും നോവലിലാണെങ്കിലും എം.ടി സൃഷ്ടിക്കുന്ന കഥാപാത്രങ്ങള്‍ നിരവധി അടരുകളുള്ള മനോഘടനയ്ക്ക് ഉടമകളായിരിക്കും. ഐതിഹ്യവും പുരാവൃത്തവും പുരാണവും ഇതിഹാസവുമെല്ലാം എംടിയുടെ കഥന ശൈലിയില്‍ പുതിയ മാനങ്ങള്‍ കൈവരിക്കുന്നതായി കാണാം. ഇത് പാരമ്പര്യവാദികളെ ക്ഷുഭിതരാക്കാറുണ്ടെങ്കിലും കഥയുടെയും കഥാപാത്രങ്ങളുടെയും സങ്കീര്‍ണ്ണ ജീവിത സാഹചര്യങ്ങളെ നിരീക്ഷിച്ച് മനോ ഘടനകളെ വിശ്ലേഷിച്ച് എം.ടി കണ്ടെത്തുന്ന കഥാ വ്യതിയാനങ്ങള്‍ യുക്തിഭദ്രമായിരിക്കുമെന്നു മാത്രമല്ല കഥാപാത്രങ്ങള്‍ക്ക് പുതിയ മാനവും തലവും പ്രദാനം ചെയ്യുകയും ചെയ്യാറുണ്ട്. വ്യാസമൗനത്തിന്റെ സാന്ദ്ര സ്ഥലികളെ തന്റെ പ്രതിഭയുടെ മൂശയിലിട്ട് ഉരുക്കി വാര്‍ത്തപ്പോഴാണ് മഹാഭാരത ഇതിഹാസത്തിന്റെ കാന്താരനിഗൂഢതയില്‍ നിന്നും മറ്റൊരു ഭീമന് സൗഗന്ധികം തേടി യാത്രയാകുന്നത്. സെമിറ്റിക്ക് കാര്‍ക്കശ്യത്തോടെ മഹാഭാരത ഇതിഹാസത്തെ സമീപിക്കുന്നവര്‍ക്ക് ഇതൊക്കെ അക്ഷന്തവ്യ അപരാധങ്ങളായേക്കാം. എന്നാല്‍ വ്യാസമൗനത്തിന്റെ താഴ്വരകളില്‍ സഞ്ചരിക്കാനും ആ മൗനത്തിന്റെ മുഴക്കങ്ങളെ യുക്തിഭദ്രമായി പൂരിപ്പിക്കാനും മറ്റൊരു പ്രതിഭ കൂടിയേ തീരൂ എന്ന സത്യം അംഗീകരിച്ചേ മതിയാകൂ. വടക്കന്‍ വീരഗാഥയിലെ ചന്തുവിലും പെരുന്തച്ചനിലും മറ്റൊരു മഹാഭാരത ഇതിവൃത്തമായ വൈശാലിയിലുമെല്ലാം എം.ടിയുടെ പ്രതിഭയില്‍ രൂപാന്തരം പ്രാപിച്ച നായികാനായകന്മാരെ കാണാം. ഭാരതീയ ഇതിഹാസങ്ങളും പുരാണങ്ങളും പുരാവൃത്തങ്ങളും ഗഹനഗംഭീര തലങ്ങള്‍ ഒരുക്കുന്നതു കൊണ്ടു കൂടിയാണ് അവയെ ഉപജീവിച്ചെഴുതുന്നവരുടെ വീക്ഷണ കോണുകളില്‍ പുതിയ കഥാപരിസരവും പുതിയ കാഴ്ചപ്പാടുകളും ജനിക്കുന്നത്. 1973ല്‍ എം.ടി സംവിധാനം നിര്‍വ്വഹിച്ച നിര്‍മ്മാല്യത്തിലൂടെ രാഷ്ട്രപതിയുടെ അംഗീകാരം മലയാള സിനിമയെ തേടിയെത്തിയെങ്കിലും അതിലെ പാത്രസൃഷ്ടിയെയും വിമര്ശിക്കുന്നവരുണ്ടാവാം. ഭഗവതിയെ ശരണമായി ജീവിച്ച വെളിച്ചപ്പാട് ഒടുക്കം സര്‍വ്വതും നഷ്ടപ്പെട്ടവനായി ഒടുക്കത്തെ ഉറയലിനിടയില്‍ തിരുനടയില്‍ എത്തി ഭഗവതീ വിഗ്രഹത്തിനു നേരെ തുപ്പിയതില്‍ കുറ്റം കാണുന്നവര്‍ ഇന്നുമുണ്ട്. അശ്വതി കാവുതീണ്ടലിനായി കൊടുങ്ങല്ലൂരെത്തുന്ന പരശതം കോമരങ്ങളുടെ അംഗചേഷ്ടകള്‍ കണ്ടിട്ടുള്ളവര്‍ക്ക് എം.ടിയുടെ വെളിച്ചപ്പാടില്‍ അപരാധം കാണാന്‍ കഴിയില്ല. പട്ടിണികൊണ്ട് അന്യമതസ്ഥന്റെ മുന്നില്‍ ഉടുമുണ്ടഴിക്കേണ്ടി വരുന്ന ഭാര്യയെ കാണുന്ന വെളിച്ചപ്പാട് കേരളത്തിന്റെ മാറുന്ന മത രാഷ്ട്രീയ സാമ്പത്തിക വ്യവസ്ഥിതിയുടെ പ്രവചന സ്വഭാവമുള്ള പാത്രസൃഷ്ടിയായി കണ്ടാല്‍ മതി.
കാലത്തിന് സാക്ഷ്യം പറഞ്ഞ ഒരു മഹാപ്രതിഭ കൂടി പടിയിറങ്ങുമ്പോള്‍ കൈരളിയുടെ അക്ഷരവിളക്കില്‍ ഒരു തിരി അണഞ്ഞതായി തോന്നുന്നു. പകരം വെക്കാനില്ലാത്ത വെളിച്ചത്തിന്റെ തുരുത്തായിരുന്നു എം.ടി. മലയാള സാഹിത്യത്തെ നവ ഭാവുകത്വത്തിന്റെ നാലുകെട്ടില്‍ ആരൂഢമുറപ്പിച്ച പെരുന്തച്ചന് കേസരി കുടുംബത്തിന്റെ ആദരാഞ്ജലികള്‍…!