കറുപ്പും വെളുപ്പും ഇഴവാകുന്ന ചതുരംഗക്കളത്തിലെ സമകാലചക്രവര്‍ത്തിയായി ഭാരതത്തിന്റെ ദൊമ്മരാജു ഗുകേഷ് അവരോധിതനായപ്പോള്‍ ലോകചെസ്സ് ചരിത്രത്തില്‍ പുതിയൊരു ഏട്കൂടി ചേര്‍ക്കപ്പെട്ടു. പതിനെട്ടാം വയസ്സില്‍ പതിനെട്ടാമത്തെ ലോകജേതാവായപ്പോള്‍ മറ്റൊരു ചരിത്രവും പിറന്നു; ജേതാക്കളില്‍ പ്രായം കുറഞ്ഞയാള്‍ എന്ന ബഹുമതി. 1886ല്‍ പ്രഷ്യന്‍ സാമ്രാജ്യത്തെ പ്രതിനിധീകരിച്ച വില്‍ഹം സ്റ്റീനിറ്റ്‌സില്‍ നിന്നുമാരംഭിച്ച ലോകചാമ്പ്യന്മാരുടെ മഹിത പരമ്പരയിലേക്ക് ഗുകേഷും അണിചേര്‍ന്നു.
അന്തിമനീക്കം വരെ പിരിമുറുക്കത്തിന്റെ സംത്രാസങ്ങള്‍ നിറഞ്ഞ, അനുനിമിഷം ഉദ്വേഗം തുടിച്ചുനിന്ന നേര്‍ക്കുനേര്‍ പോരാട്ടത്തില്‍, നിലവിലുള്ള ചാമ്പ്യന്‍ ചൈനക്കാരന്‍ ഡിങ് ലിറനെ വീഴ്ത്തിയാണ് ലോക ചെസ്സിന്റെ പരമപദത്തിലേക്ക് ഗുകേഷ് കടന്നിരുന്നത്. ഇതോടെ ചൈനയുടെ ഹ്രസ്വകാല ലോകമേധാവിത്വത്തിന് വിരാമമായി. ചെസ്സ് ഒളിമ്പ്യാഡിലെ സമഗ്ര വിജയത്തോടെ ആഗോള ചെസ്സ് രംഗത്തെ പുത്തന്‍ ശക്തിയായുയര്‍ന്ന ഭാരതം, ഗുകേഷിന്റെ കിരീടനേട്ടത്തോടെ, നടപ്പുകാലത്ത് ലോകാധിപത്യം ഉറപ്പിച്ചു. ആധുനിക ചെസ്സ് കണ്ട അസാധാരണ പ്രതിഭകളായ ബോബി ഫിഷറും (അമേരിക്ക) ഗാരി കാസ്പറോവും (റഷ്യ) മാഗ്നസ് കാള്‍സനും (നോര്‍വ്വേ) വിരാജിച്ച അഭിജാതമേഖലയിലേക്കായിരുന്നു, കൗമാരം കടക്കാനായുന്ന ഭാരതത്തിന്റെ അത്ഭുതപ്രതിഭയുടെ രാജകീയ പ്രവേശം.
നവംബര്‍ ഇരുപത്തിയഞ്ച് മുതല്‍ ലോകശ്രദ്ധ സിംഗപ്പൂരിലെ ടൂറിസ്റ്റ് കേന്ദ്രമായ സന്റോസയിലെ വേള്‍ഡ് റിസോര്‍ട്ടിലെ ചില്ലുമേടയില്‍ രൂപപ്പെടുത്തിയ പോരാട്ടവേദിയിലേക്കായിരുന്നു. അവിടെയാണ് ലോകകിരീടം നിലിര്‍ത്താന്‍ ഡിങ് ലിറനും പിടിച്ചെടുക്കാന്‍ ദൊമ്മരാജൂ ഗുകേഷും കരുക്കളുന്തിയത്. ഇക്കഴിഞ്ഞ ചെസ്സ് ഒളിമ്പ്യാഡില്‍ ഒന്നാം ബോര്‍ഡില്‍ മോശം ഫോമിലായിരുന്ന ലിറന്റെ കിരീടസാദ്ധ്യതയില്‍, വിദഗ്ദ്ധന്മാര്‍ തുടക്കത്തില്‍ തന്നെ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ കറുപ്പ് കരുക്കള്‍ നീക്കി കളി തുടങ്ങിയ ചൈനീസ് താരം ആദ്യറൗണ്ടില്‍ തന്നെ വിജയം കണ്ടപ്പോള്‍ പ്രവചനസൂചനകള്‍ അസ്ഥാനത്താകുമോ എന്ന തോന്നലാണുണ്ടാക്കിയത്. തന്റെ നിലവാരനഷ്ടത്തെക്കുറിച്ച് നിരന്തരം നടന്ന ചര്‍ച്ചകള്‍ക്കുള്ള മറുപടിയായിരുന്നു ഒന്നാം റൗണ്ടിലെ ലിറന്റെ ജയം. സമയസമ്മര്‍ദ്ദത്തില്‍ ഗുകേഷിനെ കുരുക്കിയ ചാമ്പ്യന്‍ വിജയത്തിലൂടെ മാനസികാധിപത്യവും നേടി.
ആദ്യകളിയില്‍ പൂര്‍ണ്ണഫലം ഉണ്ടായതോടെ അടുത്ത റൗണ്ടില്‍ കരുനീക്കം കൂടുതല്‍ കരുതലോടെയായി. അതിസാഹസങ്ങള്‍ക്ക് ഇരുവരും ഒരുമ്പെട്ടില്ല. ഫലം സമാസമം ആയി. എന്നാല്‍ ഗെയിംമൂന്നില്‍ കാര്യങ്ങള്‍ കടകം മറിഞ്ഞു. ഇത്തവണ സമയസമ്മര്‍ദ്ദത്തില്‍ അകപ്പെട്ടത് ലിറനായിരുന്നു. വീണുകിട്ടിയ പഴുത് ഉപയോഗിച്ച ഗുകേഷ് ലോകചാമ്പ്യന്‍ഷിപ്പിലെ കന്നി വിജയംനേടി തിരിച്ചടിച്ചു. ഇതോടെ ചെസ്സ് ലോകമാകെ ഉത്സാഹഭരിതമായി. കളിച്ച മൂന്നില്‍ രണ്ടിലും തീര്‍പ്പുണ്ടായിരിക്കുന്നു. കറുപ്പിലും വെളുപ്പിലും വിജയമുണ്ടായിരിക്കുന്നു. സമനിലകളുടെ വിരസതകള്‍ അധികം കാണേണ്ടി വരില്ലെന്ന് കാണികളും നിരീക്ഷകരും നിരൂപിച്ചു.
എന്നാല്‍ തുടര്‍ന്ന് സമനിലകളുടെ ഘോഷയാത്രയായിരുന്നു കണ്ടത്. തുടരെത്തുടരെ ഏഴ് കളികള്‍ സമനിലയിലായി. കഴിഞ്ഞ ലോകചാമ്പ്യന്‍ഷിപ്പിലേതുപോലെ ഒടുവില്‍ ടൈബ്രേക്കറില്‍ വിധി നിര്‍ണ്ണയിക്കേണ്ടിവരും എന്ന തോന്നലും വളര്‍ന്നു. പക്ഷേ പതിനൊന്നും പന്ത്രണ്ടും ഗെയിമുകള്‍ മത്സരത്തിലെ ആവേശം തിരിച്ചുകൊണ്ടുവന്നു. ഇരുവരും സമയപ്രശ്‌നത്തില്‍ വലഞ്ഞ ഗെയിം പതിനൊന്നില്‍ ലിറന്റെ പിശക് മുതലാക്കി ഗുകേഷ് രണ്ടാം വിജയം നേടി. ഇതോടെ ഗുകേഷിന്റെ ആത്മവിശ്വാസമുയര്‍ന്നു; പ്രതീക്ഷ വളര്‍ന്നു. എന്നാല്‍ കഴിഞ്ഞ ലോകചാമ്പ്യന്‍ഷിപ്പില്‍ റഷ്യയുടെ ഇയാന്‍ നിവോനിയാംഷിക്കെതിരെ, സന്നിഗ്ദ്ധ ഘട്ടത്തില്‍ തിരിച്ചുവന്ന്, ഒടുവില്‍ ടൈബ്രേക്കിലൂടെ കളി ജയിച്ച് കിരീടം നേടിയ ലിറനെ എഴുതിത്തള്ളാനാകുമായിരുന്നില്ല.
അതേ, എഴുതിവച്ചതുപോലെ ഇത്തവണയും ഡിങ് അത്ഭുതകരമായ തിരിച്ചുവരവ് ആവര്‍ത്തിച്ചു. ഈ പരമ്പരയിലെ ഏറ്റവും മികച്ച വിജയത്തിലൂടെ ലിറന്‍ തന്റെ സ്ഥൈര്യം തെളിയിച്ചു വിജയത്തിലെത്തി. മത്സരത്തില്‍ രണ്ട് ഗെയിം ബാക്കി നില്‍ക്കെ തുല്യതയുടെ ബലാബലത്തില്‍ ഇരുവരും ഗെയിം പതിമൂന്നില്‍ അധികകരുതലോടെ കരുനീക്കി. അറുപത്തിയൊന്‍പത് നീക്കത്തിനൊടുവില്‍ തുല്യത സമ്മതിച്ച് നിര്‍ണായക റൗണ്ടിനായി തയ്യാറെടുത്തു.
അന്തിമവട്ടത്തില്‍ കളി സമനിലയിലെത്തിച്ച്, തനിക്കനുകൂലമായേക്കാവുന്ന ടൈബ്രേക്കറിലേക്ക് കൊണ്ടുപോകാനുള്ള ചാമ്പ്യന്റെ ശ്രമം വിജയം കാണാന്‍ തുടങ്ങുമ്പോഴാണ്, ഗുകേഷ്, ഉള്ളുണര്‍ത്തി മറുകളത്തില്‍ വിളയാടിയത്. വേണ്ടിടത്ത്, വേണ്ട സമയത്ത് ആഞ്ഞടിക്കുന്ന ലിറന്റെ പെരുമയെ മറികടന്ന്, അജയ്യമെന്ന് കരുതിയ ചൈനീസ് വന്മതില്‍ മറിച്ചു. അന്തിമ റൗണ്ടില്‍ അന്‍പത്തി അഞ്ചാം നീക്കത്തില്‍ ഡിങ്ങ് വരുത്തിയ പിഴവിന് ശിക്ഷ നല്‍കി, ഗുകേഷ് വിജയവും കിരീടവും തന്റേതാക്കി. ദാ കിടക്കുന്നു, ഡിങ്ങ്.
സവിശേഷതകള്‍ പലതുണ്ട്, ഗുകേഷിന്റെ വിജയത്തിന്. പ്രായം പതിനെട്ടില്‍ സ്വപ്‌നം കാണാന്‍ പോലുമാകുന്നതല്ല, ലോകകിരീടം; അത് സാദ്ധ്യമാക്കി ഗുകേഷ്. ഇതുവരെ ഇഹലോകത്ത് മറ്റാര്‍ക്കും കഴിയാത്ത നേട്ടം. പ്രതിഭാധനനായിരുന്ന ഗാരികാസ്പറോവിന് ഇരുപത്തിരണ്ടാം വയസ്സുവരെ കാക്കേണ്ടിവന്നു കിരീടം തൊടാന്‍. അതായിരുന്നു നിലവിലുള്ള റിക്കാര്‍ഡും. ചെസ് ഒളിമ്പ്യാഡ് കിരീടം, സ്വര്‍ണനേട്ടം, ഇപ്പോള്‍ ലോകചാമ്പ്യന്‍ഷിപ്പും. അനുപമമാണ് ഈ ഭാരതീയന്റെ നേട്ടങ്ങള്‍. ആദ്യം പങ്കെടുത്ത കാന്‍ഡിഡേറ്റ് ചാമ്പ്യന്‍ഷിപ്പില്‍ കിരീടം. പ്രതിഭ അളക്കുന്ന എലോ (ELO) റേറ്റിങ്ങില്‍ 2750 പോയിന്റ് കടന്ന ഏറ്റവും പ്രായം കുറഞ്ഞ ഗ്രാന്‍ഡ് മാസ്റ്റര്‍, പന്ത്രണ്ടാം വയസ്സില്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി. ബഹുമതികളിങ്ങനെ അനവധി. ഓര്‍ക്കുക! ദൊമ്മരാജു ഗുകേഷ് തുടങ്ങിയിട്ടേയുള്ളൂ.
ഒരുകാലത്ത്, ലോകചെസ്സ് രംഗം അടക്കി വാണത് സോവിയറ്റ് യൂണിയനായിരുന്നു. ആദ്യകാലത്ത് മിഖായേല്‍ താലും ബോട്‌നവിക്കും ടൈഗ്രാന്‍ പെട്രോഷ്യനും ബോറിസ് സ്വാസ്‌കിയുമുണ്ടായിരുന്നു. അവരുടെ മേധാവിത്വത്തിന് ഒരിടവേളയുണ്ടായത് 1972ല്‍ ബോബി ഫിഷറിന്റെ (അമേരിക്ക) വരവോടെയാണ്. 1975ല്‍ ഫിഷര്‍ സ്വയം പിന്‍മാറിയതിനെത്തുടര്‍ന്ന് വീണ്ടും സോവിയറ്റ് യൂണിയനും പിന്നെ റഷ്യയും ആധിപത്യം തുടര്‍ന്നു. കാര്‍പോവും കാസ്പറോവും ക്രാംനിക്കുമെല്ലാം ലോകചാമ്പ്യന്മാരായി. അവിടേക്കാണ് 2000ല്‍ ലോകചാമ്പ്യന്‍ഷിപ്പ് നേടി ഭാരതത്തിന്റെ വിശ്വനാഥന്‍ ആനന്ദ് കടന്നുവന്നത്. 2013ല്‍ നോര്‍വ്വേയുടെ മാഗ്നസ് കാള്‍സനും 2023ല്‍ ഡിങ് ലിറനുമെത്തി. ഒറ്റ വര്‍ഷത്തെ വാഴ്ചയ്ക്ക് ശേഷം ചൈനീസ് ആധിപത്യം അവസാനിച്ചു.
ഇനി ലോകചെസ്സില്‍ ഭാരതത്തിന്റെ മുന്നേറ്റ കാലമാണ്. 2000ത്തിനും 2013നുമിടയില്‍ അഞ്ചുവര്‍ഷം ലോകചാമ്പ്യനായി ആനന്ദ്. എന്നാല്‍ ആനന്ദിനൊപ്പം നില്‍ക്കാന്‍ ലോകനിലവാരമുള്ള ഭാരതീയരുണ്ടായില്ല. ഇപ്പോള്‍ സ്ഥിതി മാറിയിരിക്കുന്നു. ദൊമ്മരാജു ഗുകേഷ്, അര്‍ജുന്‍ എരിഗസി, രമേഷ് പ്രഗ്‌നാനന്ദ, വിദിത് ഗുജറാത്തി. നാലുപേരും ലോകറാങ്കിങ്ങില്‍ ആദ്യ പതിനഞ്ചിനുള്ളിലുണ്ട്. ഗുകേഷിന് പ്രായം പതിനെട്ടും പ്രഗ്നാനന്ദക്ക് പത്തൊന്‍പതും എരിഗസിക്ക് ഇരുപത്തിയൊന്നും. ഗുജറാത്തി മുപ്പത് കടന്നിട്ടില്ല. ഇവരെല്ലാം ചേര്‍ന്നാണ് ഒളിമ്പ്യാഡ് ചാമ്പ്യന്‍ഷിപ്പ് വിജയം സാദ്ധ്യമാക്കിയത്. മാത്രമല്ല, എരിഗസി എലോ (ELO) റേറ്റിങ്ങില്‍ 2800 പോയിന്റ് കടന്ന് അഭിജാതനിരയിലാണ്. കൗമാരം കടന്ന ഗ്രാന്‍ഡ്മാസ്റ്റര്‍മാര്‍ നിഹാല്‍ സരിനും, റുണക് സാധ്‌വാനിയും ഒപ്പമുണ്ട്. ഹംപിയും ഹരികയും വിജയലക്ഷ്മിയുമെല്ലാമടങ്ങിയ വനിതകള്‍ വേറെ. ഇത്ര പ്രതിഭാസമ്പന്നമായ താരനിര മറ്റൊരു രാജ്യത്തിനും നിലവില്‍ അവകാശപ്പെടാനില്ല.
പ്രശസ്തമായ വെസ്റ്റ് ബ്രിഡ്ജ് ക്യാപ്പിറ്റല്‍ ഗ്രൂപ്പുമായി ചേര്‍ന്ന് വിശ്വനാഥന്‍ ആനന്ദ് രൂപപ്പെടുത്തിയ വെസ്റ്റ് ബ്രിഡ്ജ്-ആനന്ദ് ചെസ്സ് അക്കാദമി ഭാരതത്തിന്റെ ചെസ്സ് മേഖലയുടെ വളര്‍ച്ചയില്‍ സുപ്രധാന പങ്കാണ് നിര്‍വ്വഹിക്കുന്നത്. ലോക പ്രശസ്ത ചെസ്സ് താരങ്ങളായ ബോറിസ് ഗല്‍ഫന്റ്, ആര്‍തര്‍ യുസുപ്പോവ് എന്നിവരടക്കമുള്ളവരാണ് ഈ സംരംഭവുമായി ബന്ധപ്പെട്ട് പരിശീലനം നല്‍കിവരുന്നത്. ഗുകേഷിനും പല മുന്‍നിരതാരങ്ങള്‍ക്കും ഈ അക്കാദമിയുടെ സേവനം ലഭിച്ചുവരുന്നുണ്ട്.
കായികഭാരതം പലവിധ മുന്നേറ്റങ്ങള്‍ നടത്തുന്ന കാലമാണിത്. ക്രിക്കറ്റിനപ്പുറം ഭാരതത്തില്‍ വിപുലമായ കായികസമ്പത്തുണ്ടെന്ന് ഇക്കാലത്തിനിടയില്‍ ലോകത്തിന് ബോധ്യമായിട്ടുണ്ട്. അത്‌ലറ്റിക്‌സിലും ഹോക്കിയിലും ബാഡ്മിന്റണിലും ഷൂട്ടിങ്ങ് അടക്കമുള്ള ഇതരമേഖലകളിലും ലോകനിലവാരമുള്ള കായികപ്രതിഭകള്‍ ഉയര്‍ന്നുവരുന്നത് ആഹ്ലാദവും അഭിമാനവും പകരുന്നുണ്ട്. 2036ലെ ഒളിമ്പിക്‌സ വേദിക്കായുള്ള ഭാരതത്തിന്റെ അഭ്യര്‍ത്ഥന അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റി പരിഗണിക്കുന്നതിന്റെ മുഖ്യകാരണം ഭാവിയില്‍ ഭാരതം കൈവരിക്കാന്‍ പോകുന്ന കായിക വളര്‍ച്ച തന്നെയാണ്. ഈ സന്ദര്‍ഭത്തിലാണ് ഇരുനൂറിലധികം രാജ്യങ്ങളില്‍ പ്രചാരത്തിലുള്ള ചെസ്സിലെ ലോകചാമ്പ്യന്‍ ഭാരതത്തില്‍ നിന്നുമുണ്ടാകുന്നത്. അഭിനവ് ബിന്ദ്രയുടേയും നീരജ് ചോപ്രയുടേയും ഒളിമ്പിക് സ്വര്‍ണ്ണനേട്ടങ്ങള്‍ ഷൂട്ടിങ്ങിലും അത്‌ലറ്റിക്‌സിലുമുണ്ടാക്കിയ സദ്ഫലങ്ങള്‍ പോലെ രാജ്യത്തെ ചെസ്സ് രംഗത്തിന്, ഗുകേഷിന്റെ ലോക കിരീടം നല്‍കുന്ന ഊര്‍ജം ഗുണകരമായി ഭവിക്കുമെന്ന കാര്യത്തില്‍ സന്ദേഹത്തിനവകാശമില്ല.