എന്തിനും ഏതിനും കേരളം ലോകത്തിനു മുഴുവന്‍ മാതൃകയാണെന്നത് മലയാളിയുടെ പൊങ്ങച്ച സംസ്കാരത്തില്‍ നിന്നും രൂപംകൊണ്ട ഒരവകാശവാദമാണ്. ജാതിവാദവും വര്‍ണ്ണവെറിയുമൊക്കെ ലോകത്തുനിന്ന് ആട്ടിപ്പായിക്കാന്‍ ശ്രമിച്ച മഹാത്മാക്കളുടെ സ്വപ്നങ്ങള്‍ക്കുമേല്‍ അശനിപാതം പോലെയാണ് ഇക്കഴിഞ്ഞ നാളില്‍ വയനാട്ടില്‍ നിന്നും ഒരു വാര്‍ത്ത വന്നത്. വയനാട്ടില്‍ പയ്യമ്പള്ളി കൂടല്‍ കടവില്‍ മാതനെന്ന വനവാസി യുവാവിനെ ഏതാനും യുവാക്കള്‍ ചേര്‍ന്ന് കാറിന്റെ വാതിലില്‍ കുരുക്കിയിട്ട് ഒരു കിലോമീറ്ററോളം പൊതുനിരത്തിലൂടെ വലിച്ചിഴച്ചു. തടയണയില്‍ കുളിക്കുന്നതിനിടയില്‍ മദ്യലഹരിയില്‍ പരസ്പര സംഘര്‍ഷത്തിലേര്‍പ്പെട്ട യുവാക്കളെ അതില്‍ നിന്നും പിന്തിരിപ്പിക്കാന് ശ്രമിച്ചവരുടെ കൂട്ടത്തില്‍ ഉണ്ടായിപ്പോയി എന്നതാണ് മാതന് ചെയ്ത കുറ്റം. ഉപ്പൂറ്റി മുതല്‍ പുറം വരെയുള്ള ശരീരഭാഗങ്ങള്‍ ടാര്‍ ചെയ്ത നിരത്തില്‍ ഉരഞ്ഞ് മാംസ ഭാഗങ്ങള്‍ ചിതറി തെറിക്കുമ്പോഴും വാഹനം നിര്‍ത്താനോ ആ സാധുവിനെ രക്ഷിക്കാനോ യുവാക്കള്‍ തയ്യാറായില്ല. കണ്ടുനിന്ന ചില നാട്ടുകാര്‍ ബഹളംകൂട്ടി വാഹനം തടഞ്ഞാണ് മാതനെ രക്ഷിച്ചത്. പരിക്കേറ്റു കിടന്ന ആ സാധുവിനെ ആശുപത്രിയിലെത്തിക്കാന്‍ കൂട്ടാക്കാത്ത യുവാക്കള്‍ വാഹനവുമായി കടന്നുകളയുകയും ചെയ്തു. മദ്യത്തിനും മയക്കുമരുന്നിനും അടിമകളായി മാറിക്കഴിഞ്ഞ പ്രബുദ്ധ കേരള യുവത്വത്തിന്റെ പരിച്ഛേദമാണ് നാമിവിടെ കാണുന്നത്. സര്വ്വഭൂതഹിതേരതരാകേണ്ട യുവജനത പരപീഡാ രതിയില്‍ അഭിരമിക്കുന്നവരായി മാറിയതെങ്ങിനെ എന്ന് നാം ആത്മപരിശോധന നടത്തേണ്ടതുണ്ട്.
ജന്മംകൊണ്ടും ജീവിത സാഹചര്യങ്ങള്‍ കൊണ്ടും പരാധീനതകള്‍ അനുഭവിക്കുന്ന വനവാസി സഹോദരന്മാരെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരുവാന്‍ ശ്രമിക്കുന്നതിനു പകരം അവരെ നിരന്തരം വേട്ടയാടുന്നവരായി കേരള സമൂഹം മാറുന്നുവോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. ഭരണകൂടങ്ങളും രാഷ്ട്രീയ പാര്‍ട്ടികളുമൊന്നും വനവാസി സമൂഹത്തോട് നീതി പുലര്‍ത്തുന്നില്ല എന്നതാണ് സത്യം. വനവാസി സമൂഹത്തെ പരിരക്ഷിക്കാന്‍ പ്രത്യേക വകുപ്പും പണവും പദ്ധതികളുമൊക്കെ ഉണ്ടായിട്ടും വനവാസികളുടെ കാര്യം പരമ ദയനീയമായിത്തന്നെ തുടരുകയാണ്. മാനന്തവാടിയില്‍ മരിച്ച വനവാസി വൃദ്ധയുടെ മൃതദേഹം നാലു കിലോമീറ്റര്‍ ദൂരെയുള്ള ശ്മശാനത്തിലേക്കെത്തിക്കാന് ആംബുലന്‍സ് ലഭിക്കാത്തതു കാരണം പായയില്‍ പൊതിഞ്ഞ് ഓട്ടോറിക്ഷയില്‍ കൊണ്ടുപോകേണ്ടി വന്നതും അടുത്ത കാലത്താണ്. വയനാട്ടിലെ ജനസംഖ്യയില്‍ ഏതാണ്ട് പതിനെട്ട് ശതമാനം വരുന്ന വനവാസി സമൂഹം അവന്റെ ഭൂമിയും പാര്‍പ്പിടവും സംസ്കാരവും സംരക്ഷിക്കാനുള്ള തത്രപ്പാടിലാണ്. കേരളത്തില്‍ മാറി മാറി വരുന്ന ഇടതു-വലതു മുന്നണികളൊന്നും വനവാസി-ഗോത്ര സമൂഹങ്ങളോട് നാളിതുവരെ നീതി ചെയ്തിട്ടില്ല. സംഘടിത ശക്തികള്‍ വനവാസികളുടെ ഭൂമി കയ്യേറുമ്പോള്‍ ആ ഭൂമിയ്ക്ക് പട്ടയം ചാര്‍ത്തിക്കൊടുക്കാനുള്ള തിരക്കിലാണ് ഭരണകൂടം. കയ്യേറ്റക്കാരെ കുടിയേറ്റക്കാരായി ചിത്രീകരിക്കുന്നതില്‍ മലയാള മാധ്യമങ്ങളും ചെറുതല്ലാത്ത പങ്ക് വഹിച്ചിട്ടുണ്ട്. മരിച്ചടക്കാന്‍ പോലും ഭൂമിയില്ലാത്ത വനവാസിയ്ക്ക് ഉറ്റവരുടെ മൃതദേഹം പലപ്പോഴും അടുക്കളയിലും ചായ്പ്പിലുമൊക്കെ കുഴിച്ചിടേണ്ട ഗതികേടും ഉണ്ടാവാറുണ്ട്. സത്യത്തില്‍ ഭൂപരിഷ്ക്കരണ നിയമത്തിന്റെ മറവില്‍ 1957ലെ ഇ.എം.എസ്. സര്‍ക്കാര്‍ വനവാസികളെ കോളനിവല്‍ക്കരിക്കുകയാണ് ചെയ്തത്. ഭരണഘടനയുടെ എഴുപത്തിയഞ്ചാം വര്‍ഷത്തില്‍ അംബേദ്കറുടെ പാരമ്പര്യം അവകാശപ്പെട്ട് മത്സരിക്കുന്ന പല രാഷ്ട്രീയ പാര്‍ട്ടികളും വനവാസികളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതില്‍ മത്സരിച്ചവരാണെന്ന് കാണാം. ഭൂപരിഷ്ക്കരണത്തിന്റെ ഭാഗമായി പിടിച്ചെടുത്ത മിച്ചഭൂമിയില്‍ അമ്പത് ശതമാനമെങ്കിലും പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് നല്‍കണമെന്ന വ്യവസ്ഥ ഉണ്ടായിട്ടും ഇന്നും വനവാസി സമൂഹത്തിന് ഭൂമി നല്കാന് വനവാസിയുടെ പേരില്‍ മുതലക്കണ്ണീരൊഴുക്കുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയും മുന്നിട്ടിറങ്ങിയിട്ടില്ലെന്ന് കാണാം. വനവാസിയെ ശാക്തീകരിക്കാനുള്ള ഒന്നാമത്തെ പടി അവന് ജീവിക്കാന്‍ സ്വന്തമായ ഭൂമി നല്‍കുക എന്നതാണ്. ഒരുകാലത്ത് കാടിന്റെ ആവാസവ്യവസ്ഥയുടെ ഭാഗമായി ജീവിച്ചിരുന്ന വനവാസി ആ ഭൂമിയില്‍ നിന്ന് പിഴുതുമാറ്റപ്പെട്ടു കഴിഞ്ഞു.
മാതനു നേരെ നടന്നത് ഒറ്റപ്പെട്ട ഒരു വധശ്രമം മാത്രമായി കണക്കാക്കാതെ അതൊരു വംശഹത്യാ പ്രവണതയുടെ ഒടുവിലത്തെ സംഭവമായി വിലയിരുത്തപ്പെടേണ്ടതുണ്ട്. അട്ടപ്പാടിയില്‍ മനോദൗര്‍ബല്യം ബാധിച്ച മധുവെന്ന വനവാസി യുവാവിനെ ആള്‍ക്കൂട്ട വിചാരണ നടത്തി ചിത്രവധം ചെയ്തതിന്റെ ഓര്‍മ്മകള്‍ മായും മുന്നെയാണ് സമാനമായ സംഭവം വയനാട്ടില്‍ അരങ്ങേറുന്നത്. വനവാസിയുടെ വിശപ്പിനെ നമ്മള് ഭ്രാന്തെന്ന് വിളിച്ചത് മധുവിനെ വധിച്ചതിന്റെ കാരണങ്ങള്‍ തേടിയപ്പോഴാണ്. മധ്യകാലഘട്ടങ്ങളിലെ ഗോത്രകലാപങ്ങളുടെ ജീനുകള്‍ കാത്തുസൂക്ഷിക്കുന്ന ചിലരാണ് മാതനു നേരെ വധശ്രമം നടത്തിയിരിക്കുന്നത്. അവര്‍ക്ക് രക്ഷപ്പെടാന്‍ പഴുതുകളുള്ള നിയമ വ്യവസ്ഥകളാണ് പലപ്പോഴും നമ്മുടെ നാട്ടിലുള്ളത് എന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ സംരക്ഷണ ക്ഷേമകാര്യങ്ങള്‍ക്ക് നിയോഗിക്കപ്പെട്ട ഒരു മന്ത്രി ജീവിക്കുന്ന നാട്ടിലാണ് വനവാസി പീഡനം തുടര്‍ക്കഥയാകുന്നത്. പോഷകാഹാരക്കുറവു മൂലമുള്ള വനവാസി ശിശുമരണനിരക്ക് ദേശീയ ശരാശരിയേക്കാളും സോമാലിയയേക്കാളും അധികമാണെന്ന് പറഞ്ഞതിന്റെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട മാധ്യമ വിചാരണ നമുക്ക് മറക്കാറായിട്ടില്ല. വനവാസിയുടെ ദൈന്യം വാര്‍ത്ത പോലുമാകരുതെന്ന് ശഠിക്കുന്നവര്‍ തന്നെയാണ് വനവാസിക്കു നേരെ നടക്കുന്ന നിരന്തര മനുഷ്യാവകാശ ലംഘനങ്ങളുടെ പ്രധാന പ്രായോജകര്‍. വനവാസിയെ മനുഷ്യനായിപ്പോലും അംഗീകരിക്കാന്‍ വൈമുഖ്യമുള്ള വര്‍ണ്ണവെറിയുടെ കുഷ്ഠം ബാധിച്ച ‘പരിഷ്കൃതര്‍’ തിങ്ങിപ്പാര്‍ക്കുന്ന നാടാണ് കേരളമെന്ന് ഒരിക്കല്‍ക്കൂടി സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ്.