മനുഷ്യനു പങ്കാളിത്തമുള്ള ദൈവശാസ്ത്രമാണ് പരിണാമ ദൈവശാസ്ത്രം. ഇംഗ്ലീഷ് ഗണിതശാസ്ത്രജ്ഞനും ചിന്തകനുമായ ആല്‍ഫ്രഡ് നോര്‍ത്ത് വൈറ്റ്‌ഹെഡ് വികസിപ്പിച്ചെടുത്തതാണ് ഈ സവിശേഷമായ തത്ത്വചിന്ത. പരിണാമ തത്ത്വശാസ്ത്രവും പരിണാമ ദൈവശാസ്ത്രവുമുണ്ട്. വൈറ്റ് ഹെഡി (1861-1947) നൊപ്പം അമേരിക്കന്‍ ചിന്തകനായ ചാള്‍സ് ഹാര്‍ട്ട്‌സ്‌ഷോണും (1897-2000) ഇതില്‍ സംഭാവന ചെയ്തു. ദൈവം എല്ലായിടത്തും ഉണ്ടെന്ന പരമ്പരാഗതമായ വിശ്വാസത്തെ പരിണാമ ദൈവശാസ്ത്രം എതിര്‍ക്കുന്നില്ല. എന്നാല്‍ ദൈവം സ്ഥിരമല്ല, അത് നിശ്ചലമല്ല എന്ന വാദമാണ് അവര്‍ മുന്നോട്ട് വയ്ക്കുന്നത്.
ഓരോ പ്രവൃത്തിയും ദൈവം നിശ്ചയിക്കുന്നതല്ല. എന്നാല്‍ പ്രവൃത്തികളുടെ തുടര്‍ച്ചയില്‍ ദൈവഹിതം മാറുന്നു. മനുഷ്യന്‍ മാറുന്നതുപോലെ അവന്റെ ദൈവവും മാറുന്നു. മാറുന്ന ലോകത്തില്‍ ദൈവം ഇടപെടുന്നു. നമുക്ക് കൂടുതല്‍ നല്ലകാര്യങ്ങള്‍ ചെയ്യുവാനുണ്ടെങ്കില്‍ അതിനനുസരിച്ച് ദൈവഹിതവും മാറുകയാണ്. അതായത്, എല്ലാം നേരത്തെ നിശ്ചയിച്ചുറച്ചിരിക്കുന്ന ദൈവത്തെയല്ല ഈ ചിന്തയില്‍ കാണുന്നതെന്ന് അര്‍ത്ഥം.
ഒരു വസ്തുവിനും സ്വതന്ത്രമായതോ ഒറ്റപ്പെട്ടതോ ആയ അസ്തിത്വമില്ല എന്ന് വൈറ്റ് ഹെഡ് പറയുന്നു. എല്ലാം ഈ പ്രപഞ്ചത്തിലുള്ള മറ്റു പലതുമായും ഇഴചേര്‍ക്കപ്പെട്ടിരിക്കുന്നു. വസ്തുവിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ ഈ ഇഴകളായി രൂപാന്തരപ്പെടുന്നു. ഇത് എപ്പോഴും മാറിക്കൊണ്ടിരിക്കുകയാണ്.അതിനനുസരിച്ച് നമ്മുടെ ദൈവാനുഭവവും മാറുന്നു. പ്രപഞ്ചത്തിലെ ദൈവത്തെ സാക്ഷാത്കരിക്കുന്നതില്‍ ഒരു പരിണാമ പ്രക്രിയ അന്തര്‍ഭവിച്ചിട്ടുണ്ട്.
യാഥാര്‍ത്ഥ്യം ഒരു ഡിസൈന്‍
യാഥാര്‍ത്ഥ്യത്തിന്മേല്‍ ഒരാള്‍ ഉണ്ടാക്കുന്ന ഡിസൈന്‍ ആണ് സൗന്ദര്യാനുഭവം. അതാണ് മറ്റുള്ളവര്‍ക്കായി നാം സൃഷ്ടിക്കുന്നത്. കല ഇങ്ങനെയാണ് ഉണ്ടാകുന്നത്. ഈ ഡിസൈന്‍ മറ്റുള്ളവര്‍ക്ക് മനസ്സിലാകുമ്പോഴാണ് ആസ്വാദനം ഉണ്ടാകുന്നത്. മാറുന്ന ലോകത്തിനൊപ്പം മാറുന്ന ദൈവവും സംഭവിക്കുന്നു. പരമ്പരാഗത ക്രിസ്ത്യന്‍ വിശ്വാസമനുസരിച്ചുള്ള സര്‍വശക്തനായ, വ്യക്തികേന്ദ്രീകൃതമായ ദൈവം ഉണ്ടെന്നതിന് തെളിവില്ലെന്ന് വൈറ്റ്‌ഹെഡ് പറയുന്നു.
എല്ലാ ജീവികളെയും നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന, വിധി നിര്‍ണയിക്കുന്ന, ശിക്ഷിക്കുന്ന, ജീവികളുടെ സന്തോഷത്തിലും സങ്കടത്തിലും താല്പര്യമില്ലാത്തെ ഒരു ദൈവത്തെ നിരാകരിക്കുകയാണ് വൈറ്റ്‌ഹെഡ്. പകരം, ദൈവം ലോകത്തെ സമാധാനത്തിനും സ്‌നേഹത്തിനും വേണ്ടി പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുകയാണ്. ചെറിയ സന്തോഷങ്ങളിലും സങ്കടങ്ങളിലും ഇടപെടുന്ന, ഏത് തെറ്റു ചെയ്യുന്നവരോടും അനുകമ്പ കാണിക്കുന്ന ദൈവമാണത്.
സാഹിത്യകലയുടെ അടിസ്ഥാനം ഈ പരിണാമ ദൈവചിന്തയാണ്. എല്ലാത്തിനും ഉത്തരങ്ങള്‍ കിട്ടുമെങ്കില്‍ വലിയ എഴുത്തുകാര്‍ ജീവിതത്തിന്റെ അര്‍ത്ഥമെന്താണെന്ന് ചോദിക്കയില്ലായിരുന്നു.
മനുഷ്യന്‍ സ്വതന്ത്രനാണെന്നും എന്നാല്‍ ആ സ്വാതന്ത്ര്യത്തിന്റെ അര്‍ത്ഥമറിയാന്‍ അവന്‍ കഷ്ടപ്പെടേണ്ടിവരുമെന്നും ഇരുപതാം നൂറ്റാണ്ടില്‍ ചില എഴുത്തുകാരെങ്കിലും പറഞ്ഞു.
സ്വന്തം ഉത്തരവാദിത്തങ്ങള്‍ മനുഷ്യനെ കൂടുതല്‍ വിഷാദത്തിലേക്ക് തള്ളിവിടുകയാണ് ചെയ്യുന്നതെന്ന് കാണാം. സ്വയം നിര്‍മ്മിച്ച ജീവിതസാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തില്‍ ഇപ്പോള്‍ ആളുകള്‍ കൂടുതല്‍ സമ്മര്‍ദ്ദം അനുഭവിക്കുന്നു.
അദ്വൈതം, വാസ്തവത്തില്‍ പ്രപഞ്ചത്തിലെ ഏകാത്മകദര്‍ശനമാണെങ്കിലും, അത് മതേതരവും സംയോജനാത്മകവും സമതുലിതവുമായ ഒരാശയമാണ്. ഒന്നില്‍ നിന്നും നാം വേര്‍പെട്ട് നില്‍ക്കുന്നില്ലെങ്കില്‍, അത് അപാരമായ, അസഹനീയമായ ഒരു സമന്വയമായി, ഏകത്വമായി, മതേതരത്വമായി കാണാവുന്നതാണ്. അദ്വൈതത്തിന്റെ സാരം പ്രവൃത്തിയിലൂടെ മനസ്സിലാക്കിയാല്‍ അത് പരിണാമ ദൈവശാസ്ത്രമാകും. കാരണം ആത്യന്തിക സത്യത്തിലെത്തുന്നതിനു മുമ്പ് നശ്വരമായ ജീവിതത്തെ തരണം ചെയ്യേണ്ടിവരും.
രമണമഹര്‍ഷി (1879-1950)
രമണമഹര്‍ഷി ഇന്ത്യ കണ്ട മഹാ ഋഷിമാരില്‍ ഒരാളാണ്. വെങ്കട്ടരാമന്‍ അയ്യര്‍ എന്നാണ് പൂര്‍വ്വാശ്രമത്തിലെ പേര്. തിരുച്ചിയിലായിരുന്നു ജനനം. പോള്‍ ബ്രണ്ടന്‍ എന്ന ബ്രിട്ടീഷ് ഗ്രന്ഥകാരനാണ് മഹര്‍ഷിയുടെ ചിന്തകളെ ലോകത്തിനു പരിചയപ്പെടുത്തിയത്. മഹര്‍ഷിയുടെ മഹത്തായ ചില ആലോചനകള്‍ ചുവടെ:1. നിശ്ശബ്ദതയിലാണ് ഏറ്റവും വലിയ സംവേദനം നടക്കുന്നത്.
2. ബോധം മാത്രമാണ് ആകെയുള്ള യാഥാര്‍ത്ഥ്യം. ആത്മാവ്, മനസ്സ്, അഹം എന്നൊക്കെ പറയുന്നത് വാക്കുകള്‍ മാത്രമാണ്.
3. നിങ്ങളുടെ യഥാര്‍ത്ഥ പ്രകൃതിയെ മറക്കുന്നതാണ് ശരിയായ മരണം.
4. പഠിച്ചതെല്ലാം മറക്കേണ്ടിവരുന്ന ഒരു സമയമുണ്ടാകും.
5. ഒരാഗ്രഹം സാധിക്കുന്നതിനുവേണ്ടി പ്രയത്‌നിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ആ വാസന പെരുകുന്നത് നല്ലതല്ല.
6. മനുഷ്യന്‍ അസ്തിത്വത്തെ ഇഷ്ടപ്പെടുന്നു; കാരണം അതാണ് അനശ്വരമായ ബോധം.
7. മനസ്സ് നശിപ്പിച്ചേ മതിയാകൂ.
8. നാം തന്നെയാണ് ലക്ഷ്യവും സമാധാനവും.
9. ഏകാന്തത ഒരു മനോഭാവമാണ്.
10. നിങ്ങളുടെ ശേഷിക്കൊത്ത് മാത്രമേ ലോകത്തെ മനസ്സിലാക്കാനാവൂ.
ചിന്താസന്താനം
മനസ്സില്‍ നിന്ന് അന്ധമായ ലോകം നീങ്ങേണ്ടതുണ്ട്. തമസ്സുകളും മിഥ്യകളും വകഞ്ഞുമാറ്റിവേണം ദൈവത്തെ തേടാനെന്ന് അദ്വൈതം നോക്കിയാല്‍ മനസ്സിലാകും. അതുകൊണ്ടാണ് ശ്രീനാരായണഗുരു ‘സുബ്രഹ്മണ്യകീര്‍ത്തന’ ത്തില്‍ ‘അന്ധകാരനകറ്റി ചിന്താസന്താനമേ’ എന്ന് പറയുന്നത്. അതായത് ചിന്തയുടെ സന്താനമാണ് ദൈവാനുഭവം എന്ന്. തൃക്കണ്ണുകൊണ്ട് അന്ധതയെ മാറ്റുന്ന ഈശ്വരന്റെ അനുഭവം നമ്മുടെ മനസ്സിന്റെ സന്താനമാകണമെന്ന് പറയുന്നതില്‍ പരിണാമ ദൈവശാസ്ത്രമുണ്ട്. കാരണം നമ്മുടെ പങ്ക് ഇവിടെ പ്രധാനമാണ്.
ഇതിനു സമാനമാണ് ‘സങ്കീര്‍ത്തനം’ എന്ന കവിതയില്‍ കുമാരനാശാന്‍ ‘ചിന്തയാം മണിമന്ദിരത്തില്‍ വിളങ്ങുമീശനെ വാഴ്ത്തുവിന്‍’ എന്ന് പറയുന്നത്. അവിടെയും ഈശ്വരന്‍ ചിന്തയുടെ സന്താനമാണ്.
നാം ചിന്തിക്കണം, നമ്മുടെ ഈശ്വരനെ കാണാന്‍. അതില്‍ നമ്മുടെ ഒരു കര്‍മ്മമുണ്ട്. അതിലൂടെ നാം കുറേക്കൂടി മെച്ചപ്പട്ട ലോകത്തെ സൃഷ്ടിക്കുന്നു. ആ അറിവാണ് പരിണാമ ദൈവശാസ്ത്രത്തിലെ ദൈവം. മനുഷ്യബോധത്തിലൂടെയാണ് ദൈവികതയെ അറിയേണ്ടതെന്ന് ഇവിടെ തെളിയുന്നു.
മ്യൂസിയം
മലയാളത്തില്‍ ഇതുവരെ ഒരു സാഹിത്യകാരനുവേണ്ടിയും, കലാകാരനുവേണ്ടിയും ഒരു മ്യൂസിയം ഉണ്ടായട്ടില്ല. വെറും സ്മാരകകെട്ടിടങ്ങളേയുള്ളൂ. ഒരാളുടെ ജീവിതത്തിലെ വിശേഷപ്പെട്ട വസ്തുക്കളിലൂടെ ആ കാലഘട്ടത്തിന്റെ തിരനാടകം ലഭിക്കും. രാജാരവിവര്‍മ്മ, ദേവരാജന്‍, നിത്യചൈതന്യയതി, തകഴി, ബഷീര്‍, കുമാരനാശാന്‍, വള്ളത്തോള്‍ തുടങ്ങിയവരുടെ മ്യൂസിയം ഉണ്ടാകേണ്ടതായിരുന്നു.
വായന
ജീവിതത്തിന്റെ പരന്നതും ഭാരിച്ചതുമായ അനുഭവങ്ങള്‍ വല്ലാതെ ശ്രദ്ധിക്കപ്പെടുകയാണ് പതിവ്. അതിനിടയില്‍ വളരെ നേര്‍ത്തതും വിലോലവുമായ അനേകം സുന്ദരഭാവങ്ങളുണ്ട്. അതുകൂടി ശ്രദ്ധിച്ചാലേ നമുക്ക് പൂര്‍ണ്ണതയുള്ളൂ. വി.എം.ഗിരിജയുടെ ‘വിത്തിലെ വേര് (പ്രഭാതരശ്മി) അതുപോലൊരു വെളിപാടു സ്മൃതിയാണ്. കുയിലിനെ ഓടിച്ചത്, വാഴപ്പൂക്കളുടെ ഗന്ധം ആസ്വദിച്ചത്, നെല്ല് ചിക്കുന്നത്, കാമുകന്‍ കവിളില്‍ തലോടിയത്, പൂമ്പാറ്റ പാറിപ്പറക്കുന്നത് നോക്കിനിന്നത്. ഇതെല്ലാം ഇപ്പോള്‍ എവിടെയോ മറഞ്ഞുപോയതായി കവി നിരീക്ഷിക്കുന്നു, അവിശ്വസനീയമാംവിധം ജീവിതത്തിനു ആന്തരികമായ നാശം സംഭവിക്കുന്നതിനെ ഓര്‍മ്മപ്പെടുത്തുകയാണ് ഈ കവിത.
രാജീവ് ഇരിങ്ങാലക്കുട രചിച്ച ‘ശ്രീരാമകൃഷ്ണ സംഘസന്ന്യാസിമാര്‍ കേരളത്തില്‍’ എന്ന ഗ്രന്ഥം വളരെ കഷ്ടപ്പെട്ട്, ഗവേഷണം ചെയ്ത് എഴുതിയതാണ്. ശ്രീരാമകൃഷ്ണ സന്യാസിമാരുടെ ഒരു വലിയ വൃന്ദത്തെ പരിചയപ്പെടുത്തുകയാണ് ലേഖകന്‍. പലരെയും സമകാലിക ലോകം ഓര്‍ക്കുന്നുണ്ടോ എന്ന് സംശയമാണ്. നമ്മുടെ നാടിനെ ആത്മീയമായ ബോധോദയത്തോടെ നവീകരിക്കുന്നതിന് ഇറങ്ങിത്തിരിച്ചതാണ് ഈ നിസ്വാര്‍ത്ഥ സേവകര്‍.
കിളിമാനൂര്‍ മധു എന്ന കവി മരിച്ചിട്ട് ഒരു സാഹിത്യമാസികയും അത് കണ്ടതായി ഭാവിച്ചില്ല. ഇവിടെ രാഷ്ട്രീയമുള്ള എഴുത്തുകാരെ മാത്രമേ പത്രങ്ങള്‍ അറിയൂ എന്നുണ്ടോ? കിളിമാനൂര്‍ മധു നല്ല കവിതകള്‍ എഴുതിയിട്ടുണ്ട്. തുമ്പമണ്‍ തങ്കപ്പന്‍ എഴുതിയ ‘ആഘോഷിക്കപ്പെടാതെ പോയ കവിത്വം’ (നവനീതം) എന്ന ലേഖനത്തില്‍ സംഗീതവും ചിത്രകലയും ചരിത്രവും ഭൂമിശാസ്ത്രവും നാടോടിക്കഥകളും കോര്‍ത്തിണക്കിയ ബിംബാവലിയാണ് മധുവിന്റേതെന്ന് പറയുന്നുണ്ട്. മധുവിനു ക്ലിക്കില്ലായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിനു ശിഷ്യന്മാരെയും കിട്ടില്ല.

മലയാളം യൂണിവേഴ്‌സിറ്റി കേന്ദ്രീകരിച്ച് ‘ഖസാക്കിന്റെ ഇതിഹാസത്തി’നെതിരായി ഗൂഢനീക്കങ്ങള്‍ നടക്കുകയാണ്. അവിടുത്തെ ഒരു അസോസിയേറ്റ് പ്രൊഫസറായ കെ.എം. അനില്‍, ‘ഖസാക്കിന്റെ ഇതിഹാസം’ വായിച്ച് ചെറുപ്പക്കാര്‍ ആത്മഹത്യചെയ്യാന്‍ പോയി എന്ന വിഡ്ഢിത്തം തട്ടിവിട്ടിട്ട് അധിക നാളായിട്ടില്ല. ഒ.വി വിജയനുശേഷം അഷ്ടമൂര്‍ത്തിയാണെന്ന് വിളിച്ചു പറയാന്‍ അദ്ദേഹത്തിനു ചമ്മലുണ്ടായില്ല. ഇപ്പോള്‍ അനില്‍, വിജയന്റെ ‘ധര്‍മ്മപുരാണ’ത്തെ പ്രശംസിച്ച് സാഹിത്യ അക്കാദമിയുടെ ഇംഗ്ലീഷ് പ്രസിദ്ധീകരണമായ ‘മലയാളം ലിറ്റററി സര്‍വ്വേ’യില്‍ എഴുതിയിരിക്കുന്നു.
മഹാത്മാഗാന്ധിയുടെ പിന്നിലെ ശക്തികേന്ദ്രം കസ്തൂര്‍ബാ ഗാന്ധിയായിരുന്നുവെന്ന് ഡോ. രാജേശ്വരി കുഞ്ഞമ്മ (വിദ്യാപോഷിണി) എഴുതുന്നു. കസ്തൂര്‍ബയും ഗാന്ധിയുടെ ആദര്‍ശത്തില്‍ നിന്നു പ്രവര്‍ത്തിച്ചു.
വേണു ബാലകൃഷ്ണന്റെ ‘മല്‍പ്രാണനും പരനും’ (മലയാളം) ഒരു കഥ എന്ന നിലയില്‍ പരാജയമാണ്. വായനക്കാരന് ഇതുകൊണ്ട് ഒരു പ്രയോജനവുമില്ല. കഥ വായിക്കാനും തിരഞ്ഞെടുക്കാനും കഴിവുള്ള പത്രാധിപര്‍ ഇല്ലാത്തതാണ് ഇതിനു കാരണം.
നുറുങ്ങുകള്‍
- വൈക്കം മുരളി, എസ്. ജയചന്ദ്രന്‍ നായര്‍, എന്‍.ഇ.സുധീര്‍ തുടങ്ങിയവരുടെ ഗ്രന്ഥാവലോകനം കാലത്തിനു നിരക്കുന്നതല്ലെന്ന് പറയട്ടെ. വെറുതെ സംഗ്രഹം എഴുതുന്നത് ബോറാണ്. ഒരു കൃതി എന്ത് അനുഭവിപ്പിച്ചുവോ അതാണ് എഴുതേണ്ടത്. ദീര്‍ഘകാലം പത്രാധിപരായിരുന്ന ജയചന്ദ്രന്‍ നായര്‍ സമീപകാലത്താണ് എഴുതി തുടങ്ങിയത്. എന്നാല്‍ അദ്ദേഹം എഴുതാന്‍ പാടില്ലായിരുന്നു. സാഹിത്യത്തെക്കുറിച്ചെഴുതുമ്പോള്‍ അതിന്റേതായ ഭാഷാപരമായ സംസ്‌കാരമോ ഉള്‍ക്കാഴ്ചയോ ഇല്ലാതെ വരുന്നത് ദുരന്തമാണ്. എഴുതാതിരിക്കുകയായിരുന്നു അദ്ദേഹത്തിന് നല്ലത്.
- അക്കിത്തത്തിന് ജ്ഞാനപീഠം കിട്ടേണ്ടിയിരുന്നത് ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’, ‘ഇടിഞ്ഞുപൊളിഞ്ഞ ലോകം’ തുടങ്ങിയ കവിതകള്‍ എഴുതിയ കാലത്തായിരുന്നു. അദ്ദേഹം ജീവിതത്തോട് ദാര്‍ശനികമായി കലഹിച്ച സമയമായിരുന്നു അത്.
- മാതൃഭൂമിയില്‍ കമല്‍റാം സജീവ് പത്രാധിപരുടെ ചുമതലയില്‍ വന്നതുകൊണ്ടുമാത്രം കഥയെഴുതി തുടങ്ങിയവരുണ്ട്. അവരുടെയെല്ലാം ഫോട്ടോകള്‍ മുഖചിത്രമായി അച്ചടിച്ചു. പക്ഷേ, കഥകളില്‍ ഒന്നുമുണ്ടായിരുന്നില്ല.
- കേരളസാഹിത്യഅക്കാദമി ജനറല്‍ കൗണ്‍സിലില്‍ അംഗമായതുകൊണ്ട് ഒരാള്‍ സാഹിത്യകാരനാവുകയില്ല. ഇതൊന്നും ആഗ്രഹിക്കാത്തവരും നമ്മുടെ നാട്ടിലുണ്ട്. അക്കാദമി അവാര്‍ഡ് ഉണ്ടെന്ന് വിളിച്ചുപറഞ്ഞപ്പോള്‍ കെ.പി. അപ്പന്‍ അവരോട് പറഞ്ഞത് ഇതാണ്: ഞാന്‍ ഏതായാലും വാങ്ങില്ല. ഇക്കാര്യം ഇനി ആരോടും പറയരുത്.