ഇക്കഴിഞ്ഞ നവംബര്‍ 3ന് തലശ്ശേരി പാനൂരിലെ തറവാട്ട് വീട്ടില്‍ വച്ച് അന്തരിച്ച പി.വി.പത്മനാഭന്‍ (72) എന്ന പപ്പേട്ടനെ ഞാന്‍ പരിചയപ്പെടുന്നത് 2001 ല്‍ തിരുവനന്തപുരം മഹാനഗരത്തില്‍ ജില്ലാ പ്രചാരകാനായി എത്തുമ്പോഴാണ്. ജീവിതത്തിന്റെ ഏറിയ പങ്കും അദ്ദേഹം ജീവിച്ചത് തിരുവനന്തപുരത്തായിരുന്നതുകൊണ്ട് അദ്ദേഹം തിരുവനന്തപുരത്ത് ജനിച്ചു വളര്‍ന്ന ആളാണ് എന്നു കരുതിയവരാണ് ഏറെയും. പോസ്റ്റല്‍ അക്കൗണ്ടിലെ സൂപ്രണ്ടായി വിരമിച്ച പപ്പേട്ടന്‍ ഉദ്യോഗസംബന്ധമായി തിരുവനന്തപുരത്തേയ്ക്ക് കുടിയേറിയ വ്യക്തിയായിരുന്നു. ആദ്യകാലം മുതല്‍ തന്നെ രാഷ്ട്രീയ സ്വയംസേവക സംഘവുമായി ചേര്‍ന്നു പ്രവര്‍ത്തിച്ച അദ്ദേഹം മഹാനഗരത്തില്‍ പഴശ്ശി നഗരത്തിന്റെ മാന്യ. സംഘചാലക് എന്ന നിലയില്‍ ഏറെക്കാലം ചുമതല നോക്കി. ഏത് പ്രവര്‍ത്തനത്തിലും മുന്നിട്ടിറങ്ങുകയും മുന്നില്‍ നില്‍ക്കുകയും ചെയ്യുക എന്നത് അദ്ദേഹത്തിന്റെ ശീലമായിരുന്നു. സര്‍ക്കാര്‍ ജീവനക്കാരനായിരുന്നിട്ടുപോലും പല സങ്കീര്‍ണ്ണമായ സാമൂഹ്യപ്രശ്‌നങ്ങളുടെയും പരിഹാരത്തിനായി മുന്നില്‍ നില്‍ക്കാന്‍ അദ്ദേഹത്തിന് യാതൊരു മടിയുമുണ്ടായിരുന്നില്ല. സാമൂഹ്യ പരിവര്‍ത്തനത്തിന് സംഘമാണ് വഴിയെന്ന് ഉറച്ചു വിശ്വസിച്ചിരുന്ന അദ്ദേഹം സംഘ പ്രസ്ഥാനങ്ങളുടേതായി നിരവധി സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്താന്‍ നേതൃത്വം നല്‍കി. ക്ഷേത്രങ്ങള്‍, ബാല-ബാലികാ സദനങ്ങള്‍, മൂകാംബിക ശ്രവണ സംസാര വിദ്യാലയം തുടങ്ങി നിരവധി സ്ഥാപനങ്ങളുടെ വളര്‍ച്ചയില്‍ അദ്ദേഹത്തിന്റെ സമര്‍പ്പണം വളരെ വലുതായിരുന്നു. നന്ദന്‍കോട് പണ്ഡിറ്റ് കോളനി ശിവക്ഷേത്രത്തിന്റെ നിര്‍മ്മാണ ഘട്ടത്തില്‍ സര്‍ക്കാര്‍ അധികൃതരുമായി പോരാടേണ്ടി വന്നിട്ടും വഴങ്ങിക്കൊടുക്കാതെ പിടിച്ചു നിന്നതു കൊണ്ടുമാത്രമാണ് നഗരമധ്യത്തില്‍ ക്ഷേത്ര സംരക്ഷണ സമിതിയുടെ പേരില്‍ മനോഹരമായ ക്ഷേത്രം ഉയര്‍ന്നു വന്നത്. ഇടപ്പഴനി മുരുക ക്ഷേത്രത്തിന്റെ വളര്‍ച്ചയില്‍ പപ്പേട്ടന്റെ സംഭാവന വളരെ വലുതായിരുന്നു. തിരുവല്ലം പരശുരാമ ക്ഷേത്രത്തിനു സമീപം നരസിംഹപുരത്ത് സേവാഭാരതിക്കു വേണ്ടി രണ്ടര ഏക്കറിനു മേലെ സ്ഥലം സമ്പാദിക്കുവാന്‍ അദ്ദേഹം നടത്തിയ ഇടപെടലുകള്‍ അവിസ്മരണീയമായിരുന്നു. ചതുപ്പുനിറഞ്ഞ ആ സ്ഥലത്ത് ഇന്നു കാണുന്ന ക്ഷേത്രവും ബാലികാസദനത്തിന്റെ കെട്ടിടവുമൊക്കെ നിര്‍മ്മിക്കുവാന്‍ അദ്ദേഹം നേരിട്ട് നേതൃത്വം കൊടുക്കുക മാത്രമല്ല സ്വന്തം കൈയില്‍ നിന്ന് പണം വരെ മുടക്കുകയുമുണ്ടായി. വര്‍ഷങ്ങള്‍ക്കു ശേഷമാണ് ആ പണം അദ്ദേഹത്തിന് തിരികെ ലഭിച്ചത്. ആദ്യകാലത്ത് വാഹനസൗകര്യമില്ലാതിരുന്ന നരസിംഹപുരത്തേയ്ക്ക് കരമന ആറ്റിലൂടെ വള്ളത്തില്‍ കല്ലും മണലും സിമന്റും എത്തിച്ചായിരുന്നു നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്.
കേഴ്‌വിശക്തിയും സംസാരശേഷിയുമില്ലാത്ത കുട്ടികള്‍ക്കായി സേവാഭാരതി നടത്തിയ മൂകാംബിക ശ്രവണസംസാ വിദ്യാലയം ഇന്നു പ്രവര്‍ത്തിക്കുന്ന ഭൂമിയും കെട്ടിടവും സമ്പാദിക്കുന്നതിലും പപ്പേട്ടന്‍ വഹിച്ച സാഹസികമായ പങ്ക് അവിസ്മരണീയമാണ്. മൂകാംബിക വിദ്യാലയത്തിലെ അധ്യാപികമാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പോലും പണമില്ലാതിരുന്ന ആദ്യകാലത്ത് സ്വന്തം പണം നല്‍കി സ്ഥാപനത്തെ നിലനിര്‍ത്തിയ നിശ്ശബ്ദ പ്രവര്‍ത്തകനായിരുന്ന പപ്പേട്ടന്‍ പിന്നീട് സക്ഷമയുടെ പ്രവര്‍ത്തനത്തിലും സജീവമായി മാറി.
ചാക്കയില്‍ എയര്‍പോര്‍ട്ട് വികസനത്തിന്റെ പേരില്‍ ചാമുണ്ഡി ക്ഷേത്രം അധികൃതര്‍ നീക്കം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ അതിനെതിരെയുള്ള ജനശക്തി സ്വരൂപിക്കുന്നതിലും ക്ഷേത്രം പൂര്‍വ്വാധികം ഭംഗിയായി പുനഃസ്ഥാപിക്കുന്നതിലും മുന്നിട്ടിറങ്ങിയത് പപ്പേട്ടനായിരുന്നു. പാനൂരില്‍ തറവാട് വീടിനു മുന്നിലായി നാമാവശേഷമായി കിടന്ന ക്ഷേത്രഭൂമി വില കൊടുത്ത് വാങ്ങി ക്ഷേത്രം പുനഃസ്ഥാപിക്കുക മാത്രമല്ല അത് കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ പേരില്‍ എഴുതി നല്‍കുകയും ചെയ്തിട്ടാണ് ആ പുണ്യാത്മാവ് ജീവിതത്തില്‍ നിന്നും കടന്നു പോയത്. നിരവധി കാര്യങ്ങള്‍ നിശ്ശബ്ദമായി ചെയ്തു കൊണ്ട് അവകാശവാദങ്ങള്‍ ഒന്നുമില്ലാതെ നിസ്സംഗനായി ജീവിച്ച പപ്പേട്ടന്‍ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞിരിക്കുകയാണ്. ആ മരണം ഒരു കര്‍മ്മയോഗിയുടെ സമാധി ആയിരുന്നു. ഓര്‍മ്മകളുടെ പുഷ്പങ്ങളാല്‍ ഒരു ശ്രദ്ധാഞ്ജലി മാത്രമാണ് ആ പുണ്യാത്മാവിന് ഇനി സമര്‍പ്പിക്കാനുള്ളത്.