ചെമ്പകശ്ശേരി ചരിത്രം
പി. പ്രേമകുമാര്‍
അമ്പലപ്പുഴ കുടുംബ വേദി
പേജ്: 496 വില: 600 രൂപ
ഫോണ്‍: 9388463613, 9400963613
ജനാധിപത്യം, മതേതരത്വം എന്നീ വാക്കുകള്‍ ഒരേപോലെ ഭാഗ്യമുള്ളവയും ഭാഗ്യം കെട്ടതുമാണ്. രണ്ടിനും ലഭിക്കുന്ന സ്വീകാര്യതയാണ് ഭാഗ്യം. എന്നാല്‍ ഏത് അശ്ലീലത്തിന്റെയും ഒപ്പം ആ വാക്കുകള്‍ ചേര്‍ത്തുവയ്ക്കുന്നുവെന്നതാണ് അവയുടെ നിര്‍ഭാഗ്യം. അര്‍ത്ഥം മാറ്റി അനര്‍ത്ഥമുണ്ടാക്കുന്നത് ദുരുപയോഗിക്കുന്നവര്‍ തന്നെ; അറിഞ്ഞും അറിയാതെയും ആശയവും അടിസ്ഥാന അര്‍ത്ഥവും നോക്കുമ്പോള്‍ അനിവാര്യവും സര്‍വ സ്വീകാര്യവുമാണെങ്കിലും പ്രയോഗത്തില്‍ ചിലപ്പോള്‍ അതാണ് ഗതി.
ജനാധിപത്യത്തിനു മുമ്പുള്ള രാജാധിപത്യത്തില്‍ ഉണ്ടായിരുന്ന എല്ലാ അനാശാസ്യപ്രവര്‍ത്തങ്ങളും ജനാധിപത്യത്തിലുമുണ്ട്. പക്ഷേ, ജനാധിപത്യം ആഘോഷിക്കപ്പെടുകയും രാജാധിപത്യം ആക്ഷേപിക്കപ്പെടുകയും ചെയ്യുന്നത് എന്തുകൊണ്ടാവും. രാജഭരണത്തെ പ്രശംസിക്കാനും വാഴ്ത്താനുമല്ല ശ്രമം. മറിച്ച് രാജഭരണകാലത്തെ അത്ര വെറുപ്പോടെയും വാശിയോടെയും തമസ്‌ക്കരിക്കേണ്ടതാണോ എന്ന് ചിന്തിക്കുകയാണ്. പി.പ്രേമകുമാര്‍ എഴുതിയ ഏറ്റവും പുതിയ പുസ്തകമായ ‘ചെമ്പകശ്ശേരി ചരിത്രം’ എന്ന പുസ്തകം മുന്‍നിര്‍ത്തിയാണ് ഇങ്ങനെ എഴുതിയത്. പേരുപോലെ ചരിത്രമാണ് ഉള്ളടക്കം. രാജഭരണകാലത്തെ ചരിത്രം. അമ്പലപ്പുഴ കേന്ദ്രമാക്കി ഇന്നത്തെ തിരുവിതാംകൂറിന്റെ ഒരു പ്രദേശം ഭരിച്ചിരുന്ന രാജാവിന്റെ കാലത്തെക്കുറിച്ചാണ് വിവരണം. അതില്‍ രാഷ്ട്രീയം, സാമൂഹ്യം, സാംസ്‌കാരികം, സാമ്പത്തികം അടിസ്ഥാനമായുള്ള ഒട്ടേറെ വിവരങ്ങളുടെ കലവറ തുറക്കുന്നു. തികച്ചും വ്യത്യസ്തമായ പുസ്തകം.
സാമൂതിരിരാജാവ്, കൊച്ചിരാജാവ്, തിരുവിതാംകൂര്‍ രാജാവ് പഴശ്ശിരാജാവ് എന്നിങ്ങനെ ചിലരില്‍ ഒതുങ്ങിപ്പോകുന്നുണ്ട് സാമാന്യമായ രാജവംശചരിത്രം. പക്ഷേ രാജപ്രമുഖനായ തിരുവിതാംകൂര്‍ രാജാവും ഉപരാജപ്രമുഖനായ കൊച്ചിരാജാവും മാമാങ്ക പ്രസിദ്ധിയാല്‍ സാമൂതിരി രാജാവും നേടിയ ചരിത്ര പ്രാധാന്യം കേരളത്തിലെ നാട്ടുരാജാക്കന്മാരുടെ കാര്യത്തിലും ഉണ്ട്. പക്ഷേ ചരിത്രം തിരുത്തിയെഴുതുകയും വളച്ചു പറയുകയും തമസ്‌ക്കരിക്കുകയും ചെയ്തവരുടെ കൈക്രിയകളില്‍ ഒളിഞ്ഞുപോയ രാജഭരണ അദ്ധ്യായമാണ് ചെമ്പകശ്ശേരിയുടേത്. അതിന്റെ സൂക്ഷ്മാംശങ്ങള്‍ അന്വേഷിച്ച് സൂചനകളിലും വിവരണങ്ങളിലും കൂടി പുതിയ പുതിയ അന്വേഷണത്തിന് ചരിത്രകുതുകികളെ നയിക്കുന്നതാണ് ‘ചെമ്പകശ്ശേരി ചരി്ര്രതം.’
‘തൃപ്പടിദാനം’ വിഷയമാക്കി കുറിപ്പെഴുതാന്‍ പറഞ്ഞാല്‍ ചരിത്ര വിദ്യാര്‍ത്ഥിയും മാര്‍ത്താണ്ഡവര്‍മ്മയില്‍ തുടങ്ങും അവിടെ അവസാനിപ്പിക്കും. എന്നാല്‍ ചെമ്പകശ്ശേരി രാജാവിന്റെ തൃപ്പടിദാനം അതിനുമുമ്പുളള ചരിത്രമാണ്. കൊല്ലവര്‍ഷം 791 മുതല്‍ 798 വരെ അമ്പലപ്പുഴ ആസ്ഥാനമായി ഭരിച്ചിരുന്ന ചെമ്പകശ്ശേരി രാജവംശത്തിലെ (1615-1625) പൂരാടം തിരുനാള്‍ ദേവനാരായണന്‍, ഈശ്വര ഭക്തിയുടെ പരമാവധിയില്‍ രാജ്യവും സ്വത്തും സമസ്തം അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രം നടയ്ക്കല്‍ ദാനം സമര്‍പ്പിച്ചു. മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് 1750 ലാണ് തൃപ്പടിദാനം ചെയ്തത്. ചെമ്പകശ്ശേരി രാജാവിന്റെ തൃപ്പടിദാനം, മഹാക്ഷേത്രങ്ങളെക്കുറിച്ച് വിവരിച്ച നാലാങ്കന്‍ കൃഷ്ണപ്പിള്ള അമ്പലപ്പുഴ ക്ഷേത്ര മാഹാത്മ്യം പറയുമ്പോള്‍ പരാമര്‍ശിക്കുന്നുണ്ട്. പക്ഷേ, കേരളത്തിന്റെ ചരിത്രത്തില്‍ ഈ തൃപ്പടിദാനം ഒളിഞ്ഞുപോയത് എന്തുകൊണ്ടാവും? കലാ-സാംസ്‌കാരിക മേഖലയില്‍ ചെമ്പകശ്ശേരിയുടെ പോഷണ പ്രവര്‍ത്തനങ്ങളാണ് കുട്ടനാട്, അമ്പലപ്പുഴ താലൂക്കുകളും തിരുവല്ല, ചങ്ങനാശ്ശേരി താലൂക്കുകളിലെ ചില പ്രദേശങ്ങളും ഇന്നും കലാ-സംസ്‌കാരിക പാരമ്പര്യത്തില്‍ തഴച്ചുനില്‍ക്കുന്നത്.
വില്വമംഗലം സ്വാമിയാര്‍ തുഞ്ചത്തെഴുത്തച്ഛന്‍, മേല്‍പ്പുത്തൂര്‍, കണ്ണശകവികള്‍, കുഞ്ചന്‍ നമ്പ്യാര്‍, ഇരട്ടക്കുളങ്ങര രാമവാര്യര്‍, മണ്ഡപപ്പള്ളി ഇട്ടിരാരിശ്ശ മേനോന്‍, മഥൂര്‍ പണിക്കര്‍ തുടങ്ങി പേരു നിരത്തിയാല്‍ തീരാത്തത്ര കലാ-സാംസ്‌കാരിക നായകര്‍ക്ക് ചെമ്പകശ്ശേരി എന്ന അമ്പലപ്പുഴരാജ്യമെന്ന, പുറക്കാട്ട് രാജ്യമെന്ന പ്രദേശം പ്രവര്‍ത്തനക്ഷേത്രമായി. പക്ഷേ നാട്ടുചരിത്രത്തിന്റെ ഇരുട്ടുകയറിപ്പോയ പ്രദേശങ്ങളിലേക്ക് നെയ്ത്തിരിയും കൈത്തിരിയുമായി സഞ്ചരിച്ചാലേ വിശാല സാമ്രാജ്യം കാണാനാകൂ. പി. പ്രേമകുമാര്‍ ചെയ്തിരിക്കുന്നതും അതാണ്.
ചെമ്പകശ്ശേരി രാജാവിന്റെ പടനായകന്‍ പുറക്കാട്ട് അരയന്‍ ചെമ്പകശ്ശേരിയുടെ ജലയുദ്ധവൈഭവം പ്രസിദ്ധമാണ്. കടലില്‍ കുഞ്ഞാലിമരയ്ക്കാര്‍ക്കെന്നപോലെ കായലുകളില്‍ ചെമ്പകശ്ശേരിയുടെ ചുണ്ടന്‍ വള്ളങ്ങളിലെ നാവികപ്പട സംവിധാനവും പ്രത്യേകം പഠിക്കേണ്ട വിഷയമാണ്. സാമൂതിരിക്കുവേണ്ടി യുദ്ധം ചെയ്തിട്ടുണ്ട്. പോര്‍ച്ചുഗീസുകാര്‍ക്കുവേണ്ടിയും അവര്‍ക്കെതിരെയും യുദ്ധം വെട്ടി. സാമൂതിരി കുഞ്ഞാലിമരയ്ക്കാര്‍ യുദ്ധത്തില്‍ ചെമ്പകശ്ശേരിക്കാര്‍ സാമൂതിരിപക്ഷത്ത് നില്‍ക്കുന്നു. പക്ഷേ ഈ ചരിത്രമൊന്നും വേണ്ടത്ര ചര്‍ച്ചയായില്ല. പ്രേമകുമാറിന്റെ പുസ്തകം അതിനുള്ള വഴി തുറക്കുന്നു.
ഈ പുസ്തകം ചരിത്രത്തിന്റെ സാംസ്‌കാരിക വഴിയിലാണ് അധികം ശ്രദ്ധവച്ചത്. അതിനുകാരണമായത് അമ്പലപ്പുഴ മഹാക്ഷേത്രത്തിന്റെ വൈഭവവും സമീപപ്രദേശങ്ങളിലെ മറ്റു ക്ഷേത്രങ്ങളുടെ സാമൂഹ്യ-സാംസ്‌കാരിക പൈതൃകവും കൂടിയാണ്. ഐതിഹ്യവും ചരിത്രവും കണ്ടെത്തി അവയുടെ യുക്തിപൂര്‍വമായ വിശകലനം പുസ്തകത്തിലുണ്ട്. അതേ സമയം ആനുകാലികമായ സ്ഥിതിവിശേഷങ്ങളെക്കുറിച്ചും വിവരിക്കുന്നു. ചരിത്രം പഠിക്കാന്‍, അന്വേഷിക്കാന്‍ മാത്രമല്ല, പ്രാദേശിക ചരിത്രത്തിന്റെ രേഖപ്പെടുത്തലിന് മാതൃകയാക്കാവുന്ന രചനാ സമ്പ്രദായം കൂടി ഈ പുസ്തകം അവതരിപ്പിക്കുന്നുണ്ട്. പ്രസിദ്ധ ചരിത്രകാരന്‍ ഡോ.എം.ജി. ശശിഭൂഷണ്‍ എഴുതിയ അവതാരിക മറ്റൊരു ചരിത്രപഠനമാണ് സമ്മാനിക്കുന്നത്.
അക്ഷരവും അറിവും വ്യാപാരലാഭത്തിലേക്ക് കണ്ണുവച്ചകാലത്ത് ഇത്തരമൊരു പുസ്തകത്തിന്റെ പ്രസാധനത്തിന് തയ്യാറായ അമ്പലപ്പുഴ കുടുംബവേദി മറ്റൊരു മാതൃകയാകുന്നു.