രാഷ്ട്ര നേത്രം
നരേന്ദ്ര മോദി
പരിഭാഷ കെ.പി. സായിപ്രഭ
പേജ്: 72 വില: 100
ഇന്ത്യ ബുക്‌സ്, കോഴിക്കോട്
ഫോണ്‍: 944739 4322
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അക്ഷര സന്ദേശമാണ് ‘ആംഖ് എ ധന്യ ചെ’ എന്ന പേരില്‍ ഗുജറാത്തി ഭാഷയില്‍ അദ്ദേഹം രചിച്ച കവിതാ സമാഹാരം. ആംഗലേയ ഭാഷയിലേക്ക് അത് തര്‍ജ്ജമ ചെയ്ത രവി മന്ത നല്‍കിയ നാമധേയം ആകട്ടെ യാത്ര (Journey ) എന്നായിരുന്നു. ഇതില്‍ നിന്ന് 31 കവിതകള്‍ തിരഞ്ഞെടുത്ത് യാത്ര എന്ന ആദ്യ കവിതയോടെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ കെ.പി. സായിപ്രഭ ഈ സമാഹാരത്തിന് രാഷ്ട്ര നേത്രം എന്ന പേര് നല്‍കി.
ശരീരത്തില്‍ ഏറ്റവും ഉന്നതസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ഇന്ദ്രിയം കണ്ണാണ്. ആകര്‍ഷകമായ മിഴിയിണയുടെ ലാവണ്യവും മനോഹാരിതയും മറ്റും കവി വചനങ്ങളില്‍ പ്രതിഫലിക്കുന്നു. ഋഷിമാരുടെ കണ്ണുകള്‍ ആഴത്തിലേക്ക് ഇറങ്ങുന്നത് പോലെ നോക്കുന്നവര്‍ക്ക് അനുഭവപ്പെടുന്നു. രാഷ്ട്രവും സ്വയം നോക്കാനും മറ്റു രാജ്യങ്ങളെ നോക്കാനും ഒക്കെ അതിന്റെ കണ്ണുകളെ ഉപയോഗപ്പെടുത്തുന്നു എന്ന് ആലങ്കാരികമായി കവികള്‍ക്ക് ഭാവന ചെയ്യാവുന്നതാണ്. രാഷ്ട്രനേത്രം എന്ന ഗ്രന്ഥനാമത്തെ ഇങ്ങനെയൊക്കെ നോക്കിക്കാണാവുന്നതാണ്. ഗുജറാത്തിയില്‍ മോദിജി രചിച്ച മൗലിക കൃതിയുടെ നാമം ‘ആംഖ്’ (കണ്ണ് അഥവാ നേത്രം) എന്ന പദത്തിലാണ് ആരംഭം കുറിക്കുന്നത് എന്നത് ഇത്തരത്തില്‍ ശ്രദ്ധേയമാണ്.
ബഹുമുഖ പ്രതിഭയായ മോദിജി വെളിച്ചം വിതറുന്ന നിരവധി മുഖമുള്ള ഒരു മുത്ത് പോലെയാണ് എന്ന് ആ ജീവിതവും വൈവിധ്യപൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങളും കാണുമ്പോള്‍ തോന്നിപ്പോകും. ക്രാന്തദര്‍ശിയും അനുഭവസമ്പന്നനുമായ അദ്ദേഹത്തിന്റെ കാഴ്ചകളും ഉള്‍ക്കാഴ്ചകളും ഉള്‍പ്പെടുന്ന കാവ്യ ചിന്തകള്‍ ഇവിടെ തുറന്നുവെക്കുന്നു.
രാഷ്ട്രനേത്രമെന്ന ഈ കൃതിയിലെ ആദ്യ കവിതയായ യാത്ര ഭൂതകാലത്തെ അയവിറക്കുന്നു. കൂട്ടാളികള്‍ സ്മൃതികളിലേക്ക് ആവാഹിക്കപ്പെടുന്നു. ഋജുവും സത്യസന്ധവുമാണ് ഈ കാവ്യഭാവന. ‘ആശീര്‍വാദ ദര്‍ശനം’ എന്ന അടുത്ത കവിതയില്‍ ഈ സ്വര്‍ണ ഭൂമിയിലേക്ക് നോക്കുമ്പോള്‍ എന്റെ കണ്ണുകള്‍ അനുഗ്രഹിക്കപ്പെട്ടതാണ്. മറ്റുള്ളവരുടെ കണ്ണിലൂടെയാണ് ഞാന്‍ എന്നെ കാണുന്നത് എന്നു പറയുന്നു. മറ്റുള്ളവരുടെ കണ്ണിലൂടെ അവനവനെ വിലയിരുത്താനുള്ള ആര്‍ജ്ജവും വിശാലതയും എത്രപേര്‍ക്ക് കാണും എന്ന സംശയം സ്വാഭാവികം മാത്രം. അതാണ് മോദിജിയെ വേറിട്ട് നിര്‍ത്തുന്നതും, ആ ചിന്തകള്‍ ദീപങ്ങളും ചിന്തോദ്ദീപകങ്ങളുമായി മാറുന്നതും.
‘സ്‌നേഹ സങ്കീര്‍ത്തനം’ എന്ന കവിതയിലെ അവസാനഭാഗം ഏറെ ശ്രദ്ധേയം. ‘നിന്റെ ആര്‍ദ്രമായ സാന്നിധ്യം ഇല്ലാതെ എന്റെ ജീവിതം എന്ന കപ്പലില്‍ ഒരു കപ്പിത്താനുമില്ല……’. ഞങ്ങള്‍ ഒരുമിച്ച് എന്ന കവിതയാകട്ടെ മാനവികതയെ വിളിച്ചോതുന്നു. ധീരനേ ഉണരുക എന്ന കവിത ഭാരതീയനെ തൊട്ടുണര്‍ത്താന്‍ ഉതകുന്ന ഒരു ഉണര്‍ത്തുപാട്ട് പോലെ ഹൃദ്യമാകുന്നു. രുഗ്മിണിയും, യുദ്ധസന്ദര്‍ഭവും ദ്വാരകയും കൃഷ്ണ ചക്രവും ഓടക്കുഴലും അനശ്വരമായ സാംസ്‌കാരിക സവിശേഷതകളുടെ മഹിമയെ ഓര്‍മ്മപ്പെടുത്തി ഉയിര്‍ത്തെഴുന്നേല്‍ക്കുമ്പോള്‍ കൃഷ്ണകൃപാസാഗരവും ഹരിമുരളീരവവും ഹൃദയാന്തരാളങ്ങളില്‍ അലയടിക്കുന്നു. ശ്രീമദ് ഭാഗവതവും മഹാഭാരത കഥാസന്ദര്‍ഭങ്ങളും മനുഷ്യമനസ്സുകളില്‍ പുനര്‍ജനിക്കുന്നു.
ഒന്നോ രണ്ടോ കണ്ണുനീര്‍ എന്ന കവിതയിലെ വരികള്‍ ശ്രദ്ധേയമാണ്.
പൂക്കള്‍ നിറഞ്ഞ പാത മുള്ളുകളുടെ കിടക്കയായി മാറുന്നു
ഈ വിജനമായ കാട്ടില്‍ പാടും പക്ഷികള്‍ മൂകമാകുന്നു
കണ്ണില്‍നിന്ന് ഒന്നോ രണ്ടോ കണ്ണുനീരൊഴുകുന്നത് പോലെ.
മഹാകവി അക്കിത്തത്തിന്റെ വരികള്‍ നമ്മള്‍ ഓര്‍ത്തു പോകുന്നു.
‘ഒരു കണ്ണീര്‍ക്കണം മറ്റുള്ളവര്‍ക്കായ് ഞാന്‍ പൊഴിക്കവേ
ഉദിക്കയാണെന്നാത്മാവിലായിരം സൗരമണ്ഡലം’
സമാനമായ ആശയമുള്ള ‘വേദനയുടെ ഒഴുക്ക് തടയരുത്’ എന്നൊരു കവിത കൂടി രാഷ്ട്രനേത്രത്തില്‍ ഉണ്ടെന്ന് കാണാം. ‘ഒരുമിച്ച് ധ്യാനിക്കുക’ എന്ന കവിത സമൂഹ പ്രാര്‍ത്ഥനയുടെ മഹിമ വിളിച്ചോതുന്നു. അത്ഭുതങ്ങളുടെ പ്രഭാതം എന്ന കവിതയില്‍ ‘സ്വപ്‌നങ്ങളുടെ ഗന്ധം കൊണ്ട് രാമന്‍ എന്ന വിശ്വാസത്തെ നാം ഹൃദയത്തില്‍ സൂക്ഷിക്കുന്നു എന്ന ആശയം ഹൃദയസ്പര്‍ശിയാകുന്നു, ഇത് രാമായണ തത്ത്വചിന്തയിലേക്ക് കൈപിടിച്ചു കൂട്ടിക്കൊണ്ടുപോകുന്നു.
ഓര്‍മ്മകള്‍ക്ക് കാല്‍പ്പാടുകളില്ല, ആവരണമില്ല. അരുവിയാണ് ജീവിതം. ഒഴുകുന്ന അരുവി. ഉദയാസ്തമയങ്ങള്‍ ഉണ്ടോ? ഓര്‍മ്മപ്പെടുത്തല്‍ എന്ന കവിത ഒരു ഓര്‍മ്മപ്പെടുത്തല്‍ തന്നെ. പതിനൊന്നാം ദിശ എന്ന അവസാനത്തേതും 31-ാമത്തേതുമായ കവിതയില്‍ സ്‌നേഹം, സുഗന്ധം, ദൈവം എന്നീ ആശയങ്ങള്‍ അവതരിപ്പിക്കപ്പെടുന്നു. അതിനുശേഷം പതിനൊന്നാം ദിശയില്‍ സംഗീതത്തെ അടയാളപ്പെടുത്തുന്നു. ‘വിചാരവീഥിയിലെ സനാതന ദര്‍ശനം’ എന്ന സമുചിതവും അര്‍ത്ഥഗര്‍ഭവുമായ ഒരു അവതാരിക എഴുതിയത് വത്സന്‍ നെല്ലിക്കോടും പുസ്തകം പ്രസിദ്ധീകരിച്ചത് ഇന്ത്യ ബുക്‌സുമാണ്.
മോദിജിയുടെ കവിതാരചനയും ഒരു ദേശീയ പ്രവര്‍ത്തനമാണ് എന്ന് ഓരോ കവിതയും സാക്ഷ്യപ്പെടുത്തുന്നു. കേരള മണ്ണില്‍ വിടര്‍ന്ന സമഗ്രവും സുന്ദരവുമായ കാവ്യകുസുമങ്ങളുടെ സൗരഭ്യം കൂടുതല്‍ മലയാളികളിലേക്ക് എത്തിച്ചേരട്ടെ.