ഒ വി വിജയനും
മുട്ടത്തുവര്‍ക്കിയും
പായിപ്ര രാധാകൃഷ്ണന്‍
എച്ച് & സി ബുക്‌സ്,
തൃശ്ശൂര്‍
പേജ്: 108 വില: 160 രൂപ
ഫോണ്‍: 9072733335
പായിപ്ര രാധാകൃഷ്ണന്‍ രചിച്ച ലേഖനങ്ങളുടെ സമാഹാരമാണ് ‘ഒ.വി. വിജയനും മുട്ടത്തുവര്‍ക്കിയും.’ ഇതിലെ ലേഖനങ്ങള്‍ യാത്രാപഥം, ഓര്‍മ്മത്തേരില്‍, ദേശസ്മൃതി എന്നിങ്ങനെ മൂന്നു ഭാഗമായി തിരിച്ചിരിക്കുന്നു.
പേരു സൂചിപ്പിക്കുന്നത് പോലെ ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ സഞ്ചാരങ്ങളുടെ വിവരണമാണ് യാത്രാപഥത്തിലെ ലേഖനങ്ങള്‍. അസമിലൂടെയുള്ള യാത്രയാണ്’ ‘ബ്രഹ്‌മപുത്ര സ്‌കെച്ചുകള്‍ എന്ന ലേഖനം. ബ്രഹ്‌മപുത്രയിലെ രണ്ടു വിശാല സേതുക്കള്‍, തേയിലപട്ടണമായ ദിബ്രുഗഡ്, നഗരഹൃദയത്തിലെ ശിവ സാഗര്‍ തടാകം എല്ലാം ഈ ലേഖനത്തില്‍ വിവരിക്കുന്നു. ‘മലയിടുക്കിലെ വിസ്മയം’ എന്ന ലേഖനം ത്രിപുരയിലൂടെ നടത്തിയ യാത്രയുടെ വിവരണമാണ്. ഊനാകോടി എന്ന ശില്പങ്ങളുടെ ഗ്രാമം ഒരു മലയിടുക്കിലാണത്രേ! കരയിലെ തെങ്ങിനെയും കടലിലെ മത്സ്യത്തെയും മാത്രം ആശ്രയിച്ചു ജീവിക്കുന്ന ജനസമൂഹമാണ് ലക്ഷദ്വീപുകാര്‍. ആ ദ്വീപ് സന്ദര്‍ശിച്ച കഥപറയുന്ന ‘ലക്ഷദ്വീപിന്റെ നന്മമരം’, ‘കുടജാദ്രി വിളിക്കുന്നു’ തുടങ്ങിയ ഹൃദ്യമായ ലേഖനങ്ങള്‍ ഈ ഭാഗത്തിലുണ്ട്.
‘ഓര്‍മ്മത്തേരില്‍’ എന്ന രണ്ടാം ഭാഗത്തിലെ ലേഖനങ്ങളിലെ പ്രതിപാദ്യം മലയാളത്തിലെ സാഹിത്യകാരന്മാരുമായുള്ള ഗ്രന്ഥകാരന്റെ അനുഭവങ്ങളാണ്. ഒരു കഥ ആവശ്യപ്പെട്ടപ്പോള്‍ മനോഹരമായ ഒരു ചെറിയ കഥ കത്തായി അയച്ചുകൊടുത്ത ഒ.വി. വിജയന്‍, സാഹിത്യ അക്കാദമി അംഗമായിരിക്കെ നിസ്സാരമായ കാര്യങ്ങള്‍ക്ക് രാജിക്കത്ത് കൊടുക്കുകയും പിന്നീട് അത് മറന്ന് യോഗങ്ങള്‍ക്ക് എത്തുകയും ചെയ്യുന്ന മാധവിക്കുട്ടി, സദാ കാവ്യതീര്‍ത്ഥം കിനിയുന്ന ഒരു വെണ്‍ ശംഖ് എന്ന് വിശേഷിപ്പിക്കാവുന്ന വിഷ്ണുനാരായണന്‍ നമ്പൂതിരി, ക്യാമറയ്ക്ക് വഴങ്ങാത്ത എം.പി നാരായണപിള്ള, ചെറിയൊരു വിമര്‍ശനം പോലും സഹിക്കാനാവാത്ത ഒ.എന്‍.വി. കുറുപ്പ് തുടങ്ങി നിരവധി സാഹിത്യകാരന്മാരെ നാം ഇവിടെ പരിചയപ്പെടുന്നു. മലയാള കവിതയുടെ പാരമ്പര്യ വിശുദ്ധികളുടെ അമൃതവര്‍ഷിണിയായ സ്വാതിമേഘമായിരുന്നു എസ്.രമേശന്‍ നായര്‍ എന്ന പായിപ്രയുടെ നിരീക്ഷണം എടുത്തുപറയേണ്ടതാണ്. മലയാള നോവല്‍ സാഹിത്യത്തിലെ ഒറ്റയാനായ മാടമ്പ് കുഞ്ഞുകുട്ടനെക്കുറിച്ചെഴുതുമ്പോള്‍ ‘മലയാളം നെഞ്ചേറ്റിയ തിടമ്പ്’ എന്നാണദ്ദേഹം വിശേഷിപ്പിക്കുന്നത്.
സുഗതകുമാരിയെ കുറിച്ചുള്ള ‘കവിത പെയ്യുന്ന പൂമരം’, മഹാകവികളായ ജിയേയും വൈലോപ്പിള്ളിയെയും അനുസ്മരിക്കുന്ന ‘ഒരുനാരായണീയ സമ്മേളനസ്മൃതി’ മഹാകവി അക്കിത്തത്തെ അനുസ്മരിക്കുന്ന ‘വജ്രം തുളയ്ക്കുന്ന താമരനൂല്‍’ ബഷീറിന്റെ ‘പുസ്തകക്കട’, ‘കക്കട്ടില്‍ -സൗമ്യസൗഹൃദം’ തുടങ്ങിയ ലേഖനങ്ങളും ശ്രദ്ധേയങ്ങളാണ്. മലയാളത്തിലെ സാഹിത്യകാരന്മാരുമായി സ്‌നേഹോഷ്മളമായ ബന്ധം എന്നും സൂക്ഷിച്ച ഗ്രന്ഥകാരനെ ഈ ലേഖനങ്ങളില്‍ കാണാം.
മൂന്നാം ഭാഗമായ ദേശ സ്മൃതിയില്‍ പായിപ്ര എന്ന തന്റെ ഗ്രാമത്തെ കുറിച്ചുള്ള മധുരമായ ഓര്‍മ്മകളാണ് ഗ്രന്ഥകാരന്‍ പങ്കുവയ്ക്കുന്നത്. ഗ്രാമവൈദ്യനും ജ്യോത്സ്യനുമെല്ലാമുണ്ടായിരുന്ന നാട്, തലങ്ങും വിലങ്ങും ടാറിട്ട റോഡുകളുമായി വല്ലാതെ മാറിയ കഥ ‘ദേശപ്പത്തായം’ എന്ന ലേഖനത്തില്‍ പറയുന്നു. ‘പാഴിപ്പാറ’ പായിപ്രയായി എന്നാണ് തന്റെ ഗ്രാമത്തെ കുറിച്ച് ‘പായിപ്രയുടെ ദേശ വഴികള്‍’ ലേഖനത്തില്‍ ഗ്രന്ഥകാരന്‍ വിവരിക്കുന്നത്
ചാരുവായ ഭാഷയില്‍ പായിപ്ര രാധാകൃഷ്ണന്‍ രചിച്ചിട്ടുള്ള ഈ ലേഖനങ്ങള്‍ പലതും വീണ്ടും വായിക്കാന്‍ തോന്നും.
നല്ലതേ നല്ലൂ
(സുഭാഷിതം)
ടി. ബാലകൃഷ്ണന്‍
ത്രൈലോക്യാനന്ദ
സ്മാരക സമിതി
പേജ്: 112 വില:100
മനുഷ്യജീവിതത്തിന് വളരെ പ്രയോജനപ്രദങ്ങളായ ഉപദേശങ്ങളാണ് സുഭാഷിതങ്ങള്‍. സുഭാഷിതങ്ങള്‍ നമ്മളെ നേര്‍വഴിക്കു നയിക്കുന്നതോടൊപ്പം നമ്മളില്‍ സദ്ഗുണങ്ങളും നല്ല ശീലങ്ങളും വളര്‍ത്താന്‍ സഹായിക്കുന്നു. മഹാന്മാരായ ആളുകള്‍ പറഞ്ഞുതന്നിട്ടുള്ള അമൂല്യ ഉപദേശങ്ങളായ സുഭാഷിതങ്ങള്‍ പല ഗ്രന്ഥങ്ങളില്‍ നിന്നായി ശേഖരിച്ചിട്ടുള്ളവയാണ്.
തന്റെ വായനയ്ക്കിടയില്‍ മനസ്സില്‍ പതിഞ്ഞ ഏതാനും സുഭാഷിതങ്ങള്‍ ലഘു വിവരണത്തോടെ അവതരിപ്പിക്കുകയാണ് ‘നല്ലതേ നല്ലൂ’ എന്ന പുസ്തകത്തിലൂടെ ടി. ബാലകൃഷ്ണന്‍.
ഭഗവദ്ഗീതയുള്‍പ്പെടെ പുരാണങ്ങളില്‍ നിന്നുള്ള വചനങ്ങളും ശങ്കരാചാര്യര്‍ തൊട്ട് ശ്രീനാരായണ ഗുരുവരെയുള്ള ആചാര്യന്മാരുടെ വാക്കുകളും സുപരിചിത വിഷയങ്ങളും ഈ കൃതിയില്‍ ഉദ്ധരിക്കുന്നുണ്ട്. അത്തരത്തില്‍ 41 ലഘു ലേഖനങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. കുട്ടികള്‍ക്ക് വേണ്ടിയാണ് ഇത്തരം ഗ്രന്ഥങ്ങള്‍ ഉണ്ടാകുന്നതെങ്കിലും എല്ലാ പ്രായക്കാര്‍ക്കും ഇവ പ്രയോജനകരമാണ്.
ചുട്ടയിലെ ശീലം ചുടലവരെ എന്നാണല്ലോ. നല്ല മൂല്യങ്ങള്‍ അറിഞ്ഞ് വേണം ബാല്യം തുടങ്ങാന്‍. സല്‍ക്കഥകളും സുഭാഷിതങ്ങളും സജ്ജീവിതങ്ങളുമാണ് ബാലമനസ്സിനെ സ്വാധീനിക്കേണ്ടത്. എന്നാല്‍ സദുക്തി സാഹിത്യം മലയാളത്തില്‍ കുറവാണ് എന്ന് വേണം പറയാന്‍. ഈ സാഹിത്യ ശാഖയെ സമ്പന്നമാക്കാന്‍ ഈ കൃതിക്ക് കഴിയും എന്ന് വിശ്വസിക്കുന്നു.