Right to Learn Vedas: A Critique
തര്‍ജ്ജമ-ജഗത്‌സിംഹന്‍ നായര്‍,
വിദ്യാധിരാജ ഇന്റര്‍നാഷണല്‍,
വള്ളികുന്നം
പേജ് 152 – വില 250
ഫോണ്‍: 9847143707
ചട്ടമ്പിസ്വാമികള്‍ രചിച്ച വേദാധികാര നിരൂപണം എന്ന ഗ്രന്ഥത്തിന്റെ ഇംഗ്ലീഷ് പരിഭാഷയാണ്Right to Learn Vedas: A Critique” എന്ന കൃതി. തമിഴ്‌നാട്ടിലെ ടെലികോം മുന്‍ ഡിവിഷണല്‍ എന്‍ജിനീയര്‍ ആയിരുന്ന ജഗത്‌സിംഹന്‍ നായരാണ് സ്വാമികളുടെ കൃതിയെ ഇംഗ്ലീഷ് ഭാഷയിലേക്ക് തര്‍ജ്ജമ ചെയ്തത്. സ്വാമികളുടെ കൃതികള്‍ വായിക്കുവാനും പഠിക്കുവാനും താത്പര്യം കാട്ടുന്ന മലയാളഭാഷാവിദഗ്ദ്ധരല്ലാത്ത ആളുകള്‍ക്ക് ഈ ഇംഗ്ലീഷ് പരിഭാഷ വളരെയധികം പ്രയോജനം ചെയ്യും. സ്വാമികളുടെ ഭാഷ താരതമ്യേന സങ്കീര്‍ണ്ണമായി പലപ്പോഴും വായനക്കാര്‍ക്ക് അനുഭവപ്പെടും. എന്നാല്‍ ജഗത്‌സിംഹന്‍ നായരുടെ തര്‍ജ്ജമ താരതമ്യേന ലളിതമാണ്. വായനാകുതുകികളായവര്‍ക്ക് ഈ ഗ്രന്ഥം വളരെയധികം പ്രയോജനപ്പെടും.
ഒരു പരിധിവരെ ചട്ടമ്പിസ്വാമികളുടെ കാലാധീനമായ കൃതിയാണ് വേദാധികാര നിരൂപണം. പ്രാഥമിക വിദ്യാഭ്യാസം സാര്‍വ്വത്രികവും സൗജന്യവുമായ ഇക്കാലത്ത് വേദാധികാര നിരൂപണം എന്ന ഗ്രന്ഥം ഉയര്‍ത്തുന്ന സന്ദേശം അത്രകണ്ടു പ്രസക്തമല്ല. വിദ്യാഭ്യാസപരമായ വിവേചനം ഇന്നു നിലനില്‍ക്കുന്നില്ല എന്ന് ഇതിനര്‍ത്ഥമില്ല. സംവരണത്തിന്റെ അരിപ്പ ഉയര്‍ത്തുന്ന വിവേചനം ഇന്നും നിലനില്‍ക്കുന്നുണ്ട്. ഉന്നതവിദ്യാഭ്യാസ മേഖലയിലും പ്രൊഫഷണല്‍ വിദ്യാഭ്യാസ മേഖലയിലും അനര്‍ഹര്‍ അര്‍ഹരെ പിന്തള്ളുന്ന ചിത്രം നമ്മുടെ മുന്നിലുണ്ട്.
ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികള്‍ വേദാധികാര നിരൂപണം എഴുതുന്ന കാലഘട്ടം വിശേഷപ്പെട്ടതായിരുന്നു. അന്നത്തെ ഔപചാരിക വിദ്യാഭ്യാസം വേദോപനിഷത്തുകളും ആരണ്യകങ്ങളും പുരാണങ്ങളും ഇതിഹാസങ്ങളും ഒക്കെ അടങ്ങിയതായിരുന്നുവല്ലോ. ഈ വിദ്യാഭ്യാസ അവസരം സമൂഹത്തിലെ ഭൂരിപക്ഷത്തിനു നിഷേധിച്ചതിലൂടെ എത്രയെത്ര പ്രതിഭകളെയാവാം സമൂഹത്തിനു നഷ്ടമായത്. തമിഴ്‌നാട്ടില്‍ പോയി വേദം പഠിക്കുവാന്‍ തയ്യാറായതുകൊണ്ടാണ്, തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍ എന്ന മലയാള ഭാഷയുടെ പിതാവ് രൂപപ്പെട്ടത്. രാമന്‍പിള്ള ആശാനു ശേഷം സ്വാമിനാഥ ദേശികര്‍, മനോന്‍മണിയം സുന്ദരംപിള്ള, സുബ്ബജടാപാഠികള്‍ തുടങ്ങിയ ശൈവവേദാന്ത പണ്ഡിതരെ ബന്ധപ്പെടുവാന്‍ അവസരമുണ്ടായതാണ് കുഞ്ഞന്‍ പിള്ള ചട്ടമ്പിയെ, വിദ്യാധിരാജ ചട്ടമ്പിസ്വാമികളാക്കിയത്.
പ്രത്യാഘാതത്തെപ്പറ്റി ചിന്തിക്കാതെ പൗരോഹിത്യത്തെ നേരിട്ടെതിര്‍ക്കുവാന്‍ ധൈര്യം കാട്ടിയത് ചട്ടമ്പിസ്വാമികളാണ്. അറിവിനെ തടവറയിലാക്കി അനുഭവിച്ചുവന്ന പൗരോഹിത്യം കാലാകാലം സമൂഹത്തെ അടിമപ്പെടുത്തുവാന്‍ തയ്യാറാക്കിയ ഗ്രന്ഥങ്ങളെത്തന്നെ ഉപയോഗിച്ചുകൊണ്ടാണ് പൗരോഹിത്യ ധാര്‍ഷ്ട്യത്തെ ചട്ടമ്പി സ്വാമികള്‍ എതിര്‍ത്തത്.
വേദം ദൈവസൃഷ്ടമല്ല, മറിച്ച് മനുഷ്യസൃഷ്ടമാണ് എന്ന് സ്വാമികള്‍ സ്ഥാപിച്ചു. ക്ഷത്രിയനു വേദം അഭ്യസിപ്പിക്കുവാന്‍ അധികാരമില്ല എന്നും ശൂദ്രനും സ്ത്രീയ്ക്കു വേദം പഠിക്കുവാന്‍ പോലും അധികാരമില്ല എന്നുമുള്ള പൗരോഹിത്യ വാദത്തെ അവരുടെ തന്നെ നാവുകൊണ്ട് അരിഞ്ഞുവീഴ്ത്തുവാന്‍ സ്വാമികള്‍ക്ക് കഴിഞ്ഞു. പുരോഹിത രചിതമായ വിവിധ ഗ്രന്ഥങ്ങളിലെ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി വിദ്യാധിരാജന്‍ പുരോഹിതരുടെ നാവടപ്പിച്ചു.
ഖണ്ഡിക്കാനാവാത്ത ഉദാഹരണങ്ങള്‍ ഉപനിഷത്തുകളില്‍ നിന്നു തന്നെ ഉദ്ധരിച്ചുകൊണ്ട് ആര്‍ക്കും വേദം പഠിക്കാമെന്നു സ്വാമികള്‍ സ്ഥാപിക്കുകയാണ് വേദാധികാര നിരൂപണം എന്ന ഈ ഗ്രന്ഥത്തിലൂടെ. പൗരോഹിത്യനിഷേധത്തെ നിഷേധിക്കാനും പുരോഗമനചിന്ത വളര്‍ത്തുവാനും കേരളനവോത്ഥാനത്തിനു തുടക്കം കുറിക്കുവാനും ഈ ഗ്രന്ഥരചനയിലൂടെ സ്വാമികള്‍ നേതൃത്വം നല്‍കി. അതുവഴി കേരളനവോത്ഥാന നായകരില്‍ പ്രഥമഗണനീയനായി സ്വാമികള്‍ മാറി. ഈ ഗ്രന്ഥത്തിന്റെ താളുകള്‍ക്ക് അഗ്നിപിടിക്കാത്തത് എന്നെ അത്ഭുതപ്പെടുത്തുന്നു എന്ന നടരാജ ഗുരുവിന്റെ വാക്കുകള്‍ തന്നെയാണ് വേദാധികാര നിരൂപണം എന്ന ഗ്രന്ഥത്തിനു ലഭിക്കുന്ന ഉചിതമായ അംഗീകാരം. കേരളത്തിന്റെ ചരിത്രത്തെ തിരുത്തിയെഴുതിയ ഈ ഗ്രന്ഥം ഏറെ വായിക്കപ്പെടേണ്ടതു തന്നെയാണ്. ഇതിന്റെ ആശയത്തിന് വിപുലമായ വായനാസമൂഹത്തെ സൃഷ്ടിക്കുവാന്‍ ജഗത്‌സിംഹന്‍ നായരുടെ ഇംഗ്ലീഷ് പരിഭാഷയ്ക്ക് സാധിക്കുകതന്നെ ചെയ്യും.