കെ.കെ. നായര്‍
വാഴ്ത്തപ്പെടാത്ത വീരപുത്രന്‍
സമ്പാ: ടി.കെ. സുധാകരന്‍
പേജ്: 80 വില:100 രൂപ
ഇന്ത്യ ബുക്‌സ്, കോഴിക്കോട് – 2
9447394322
ഭാരതത്തിന്റെ തെക്കെ അറ്റത്തുള്ള കേരളവുമായി അയോധ്യ പുനരുത്ഥാനത്തിന് എന്താണ് ബന്ധമെന്ന് ആരായുന്നവര്‍ക്കുള്ള ഉത്തരമാണ് ആലപ്പുഴ കരുവാറ്റയിലെ കെ.കെ.നായര്‍. സാധാരണ കര്‍ഷക കുടുംബത്തില്‍ പിറന്ന നായര്‍ 1940 കളില്‍ ലണ്ടനില്‍ നിന്ന് ഉന്നത വിദ്യാഭ്യാസം നേടി ഉത്തര്‍പ്രദേശില്‍ വിവിധ അധികാര സ്ഥാനങ്ങളില്‍ മികവ് തെളിയിച്ച വ്യക്തിത്വമാണ്. അക്കാലത്ത് മുഖ്യമന്ത്രി നേരിട്ട് അദ്ദേഹത്തെ ഫൈസാബാദ് ജില്ല മജിസ്‌ട്രേറ്റായി നിയമിച്ചു. എന്നാല്‍ പ്രധാനമന്ത്രി നെഹ്‌റു സ്വപ്‌നത്തില്‍ പോലും വിചാരിക്കാത്തതായിരുന്നു ജില്ലയിലെ അയോധ്യ സംഭവം. നൂറുകണക്കിന് സംഘര്‍ഷങ്ങളിലൂടെ പോരാട്ടം നടന്നിട്ടും അയോധ്യ ചങ്ങലയിലിട്ടു തന്നെയായി തുടര്‍ന്നത് പുതിയ മജിസ്‌ട്രേറ്റിനെ വ്യാകുലപ്പെടുത്തിയിരുന്നു. ഉത്തരേന്ത്യയിലെ ശ്രീരാമ സങ്കല്പവും ഒരോ വ്യക്തിയുടെയും ജീവിതത്തില്‍ രാമനുള്ള സ്വാധീനവും ‘റാം റാം’ എന്ന അഭിസംബോധനയിലൂടെ അദ്ദേഹത്തിന് ദര്‍ശിക്കാനായി. ദക്ഷിണഭാരതത്തിലെ രാമേശ്വരം നല്‍കിയ പ്രചോദനം കാരണം നായര്‍ എന്ന മജിസ്‌ട്രേറ്റ് അയോധ്യാവാസികളുടെ ഹൃദയത്തുടിപ്പ് അതിവേഗം മനസ്സിലാക്കുകയും ക്ഷേത്രം ആരാധനയ്ക്ക് തുറന്ന് കൊടുക്കുകയും ചെയ്തു. മുഗളന്മാര്‍ മുതല്‍ വെള്ളക്കാര്‍ വരെ അടിച്ചമര്‍ത്തിയ അയോധ്യ ശ്രീരാമക്ഷേത്രത്തെ പ്രധാനമന്ത്രി നെഹ്‌റുവും പൂട്ടിയിട്ടിരുന്നു. ഇതില്‍ കുണ്ഠിതരായ ജനങ്ങളോടൊപ്പം മജിസ്‌ട്രേറ്റ് നായര്‍ നിലയുറപ്പിച്ചത് നെഹ്‌റുവിനെ ചൊടിപ്പിച്ചു. അദ്ദേഹത്തെ പിരിച്ച് വിട്ടു. എന്നാല്‍ മജിസ്‌ട്രേറ്റിനെ ജനങ്ങള്‍ നായര്‍സാബ് എന്ന് വിളിക്കാന്‍ തുടങ്ങി. ബാലകരാമന്റെ പ്രതിഷ്ഠാകര്‍മ്മം നടത്തി. അവര്‍ പൂജയാരംഭിച്ചു. ഭജന തുടങ്ങി. പിന്നീടൊരിക്കലും അയോധ്യ അടഞ്ഞ് കിടന്നിട്ടില്ല. മലയാളിക്ക് ഇന്നേവരെ അറിയപ്പെടാത്ത ആ മഹാപുരുഷന്‍ ശ്രീരാമചന്ദ്രനൊടൊപ്പം അയോധ്യാവാസികളുടെ ചുമരുകളില്‍ സ്ഥാനം പിടിച്ചു. നായര്‍ അലഹബാദില്‍ പോയി നിയമം പഠിച്ച് വക്കീലായി. മലയാളിയായ തിരുവനന്തപുരത്തെ ആദ്യ ഭാര്യയും കുഞ്ഞും മരിച്ചതിനാല്‍ ഉത്തര്‍പ്രദേശിലെ ഒരു രാജകുടുംബത്തില്‍ നിന്നും വിവാഹം ചെയ്തു. രണ്ടുപേരും ഭാരതീയ ജനസംഘം നേതാക്കളായി. എം.എല്‍.എ, എം.പിമാരായി. 1967-ല്‍ കോഴിക്കോട് നടന്ന ജനസംഘം ദേശീയ സമ്മേളനത്തില്‍ രണ്ടുപേരും പങ്കെടുത്തു. കേരളവുമായി കൂടുതല്‍ ബന്ധം ഉണ്ടായിരുന്നില്ലെങ്കിലും ഉത്തര്‍പ്രദേശായിരുന്നു അദ്ദേഹത്തിന്റെ തട്ടകം. ഇപ്പോള്‍ അയോധ്യ ജില്ലയെന്നറിയപ്പെടുന്ന ഫൈസാബാദ് ജില്ലയുടെ കച്ചേരിക്ക് പിന്നില്‍ പാവങ്ങള്‍ക്കുള്ള നായര്‍ കോളനി സ്ഥാപിച്ചും സൗജന്യ നിയമ സഹായം നല്‍കിയും അദ്ദേഹം ജനങ്ങളുടെ കണ്ണിലുണ്ണിയായി. ചരിത്ര നിര്‍മ്മിതിയില്‍ ഏറെ പ്രാധാന്യമുള്ള അയോധ്യയിലെ ചരിത്രം കെ.കെ.നായര്‍ ഇല്ലാതെ പൂര്‍ത്തിയാവില്ല. കേരളത്തിന് അഭിമാനകരമായ സംഭവമാണിത്. എന്നാല്‍ കേരള ഹൈന്ദവ നവോത്ഥാന പ്രക്രിയയുടെ ഭാഗമായ ഗംഗാജല യാത്ര, കര്‍സേവ, ശിലാപൂജ എന്നിവ നടന്നപ്പോഴൊന്നും ദിവംഗതനായ ഈ പുണ്യാത്മാവിനെ കൂടുതല്‍ മനസ്സിലാക്കിയിരുന്നില്ല. ഇന്ന് അയോധ്യ പ്രാണപ്രതിഷ്ഠയോടെ നായര്‍ ചരിത്രത്തിന്റെ താളുകളില്‍ ഇടം പിടിച്ചിരിക്കുന്നു. ആലപ്പുഴയില്‍ അദ്ദേഹത്തിന് സ്മാരകമുയരാന്‍ ട്രസ്റ്റ് രൂപീകരിച്ചിരിക്കുകയാണ്. ഈ പുസ്തകത്തിലൂടെ കേരളത്തിന് അന്യമായിരുന്ന അയോധ്യ സംഭവവും നായരും മലയാളിയുടെ ഹൃദയത്തില്‍ വേണ്ടുവോളം വേരൂന്നിയിരിക്കുകയാണ്.
സര്‍പ്പത്തിന്റെ പ്രതികാരം
സുധാ മൂര്‍ത്തി
വിവ: എം. കെ. ഗൗരി
കറന്റ് ബുക്‌സ്, തൃശ്ശൂര്‍
പേജ്:193 വില:250 രൂപ
ഇന്‍ഫോസിസ് ഫൗണ്ടേഷന്റെ അദ്ധ്യക്ഷയും പ്രശസ്ത എഴുത്തുകാരിയുമായ സുധാ മൂര്‍ത്തിയുടെ ‘ദി സര്‍പെന്റ്‌സ് റിവഞ്ച്’ എന്ന ഇംഗ്ലീഷ് കൃതിയുടെ മലയാള പരിഭാഷയാണ് ‘സര്‍പ്പത്തിന്റെ പ്രതികാരം’. ബാലസാഹിത്യത്തില്‍ ഉള്‍പ്പെടുന്ന രചനയാണ് ഇത്.
പുരാണേതിഹാസങ്ങള്‍ ചരിത്രത്തില്‍ അധിഷ്ഠിതമാണെങ്കിലും അവയ്ക്ക് കൃത്യത കുറവാണ്. ലോകത്തില്‍ എവിടെ, എപ്പോള്‍ നടന്ന, നടക്കുന്ന, നടക്കാനിരിക്കുന്ന ഏത് സംഭവമായാലും അത് മഹാഭാരതത്തില്‍ വിവരിക്കപ്പെട്ടു കഴിഞ്ഞു എന്നാണ് പറയപ്പെടുന്നത്. എന്നാല്‍ മഹാഭാരതത്തിലും രാമായണത്തിലും അധികം പ്രചാരം നേടാത്ത അനേകം ഭാവസുന്ദരങ്ങളായ കഥകളുണ്ട്. അത്തരത്തില്‍ മഹാഭാരതത്തില്‍ നിന്നുള്ള കഥകള്‍ അടങ്ങുന്ന പുസ്തകമാണിത്.
പുരാണേതിഹാസ കഥകള്‍ കേട്ട് വളര്‍ന്നു വരുന്ന കുട്ടിക്കാലം നഷ്ടപെട്ട ഈ കാലത്ത്, അത്തരം കഥകള്‍ കുട്ടികളിലേക്ക് എത്തിക്കാന്‍ ഉതകുന്ന ഒരു പുസ്തകമാണിത്. സ്‌നേഹം, താപം, കോപം, അസൂയ, ദുരാശ, നിശ്ചയദാര്‍ഢ്യം തുടങ്ങി ശക്തമായ മാനുഷിക വികാരങ്ങള്‍ ആവിഷ്‌കരിക്കുന്ന 32 മഹാഭാരതകഥകള്‍ ഈ പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന രീതിയില്‍ ലളിതമായ ഭാഷയിലാണ് ഈ കൃതി രചിച്ചിട്ടുള്ളത്. കെ. ആര്‍. ഗൗരിയാണ് ഇതിന്റെ ഇംഗ്ലീഷ് മൂലകൃതിയില്‍ നിന്നും ഇത് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത്. മൂലകൃതിയോട് നൂറു ശതമാനം നീതി പുലര്‍ത്താന്‍ വിവര്‍ത്തകയ്ക്ക് സാധിച്ചു.