ഇരമ്പിക്കുതിച്ചെത്തിയ ആംബുലന്‍സ്
മുറ്റത്ത് നിര്‍ത്തുമ്പം
മഴ ആര്‍ത്തു പെയ്യുന്നൊണ്ടാരുന്നു
വെള്ള പൊതച്ച അപ്പനെ എറയത്ത്
എറക്കിക്കെടത്തുമ്പം,
അമ്മച്ചീടെ തൊള്ളേന്ന്
തെറിച്ചുവന്നൊരു നെലോളി
ഒറക്കപ്പായേക്കെടന്ന എളേത്തുങ്ങള് ഒപ്പം
ചേര്‍ന്ന് കോറസ്സാക്കുമ്പഴും
സത്യം പറയാവല്ലോ സാറേ എനിക്ക്
കരച്ചിലൊന്നും വരുന്നൊണ്ടാരുന്നില്ല,
ജനിച്ചപ്പം തൊട്ട് കരച്ചിലാരുന്നല്ലോ…
വണ്ടി ഇടിച്ചാരുന്നു അപ്പന് ചത്തത്
പണ്ടാരം പോയി കിട്ടിയല്ലോന്ന്
ഞാന്‍ ഉള്ളില്‍ത്തട്ടിത്തന്നെ ചിരിച്ചു
കട്ടച്ചോരേടേം പുളിച്ച പട്ടേടേം
കെട്ട വാട മൂക്കിലടിച്ചപ്പം എനിക്ക്
ഓക്കാനിക്കാന് മുട്ടുന്നൊണ്ടാരുന്നു
മുഴുക്കുടിയന്റെ മോനായിട്ടും ഇന്നേവരെ
ഒരു തുള്ളിപോലും
എന്റെ നാക്ക്മ്മേ തട്ടീട്ടില്ലസാറേ
നെഞ്ചില്‍ തല്ലി അലയ്ക്കുന്ന അമ്മച്ചിയെ
നോക്കുന്തോറും
എനിക്ക് കലി വരുന്നൊണ്ടാരുന്നു
പാതിരയ്ക്ക് കുടിച്ചു കുന്തം മറിഞ്ഞ്
നാലുകാലേലെത്തുന്ന
അപ്പനേം കാത്ത്
വരാന്തേല് ഒറക്കെളച്ചിരുന്ന അമ്മച്ചിയെ
കാണുമ്പം തോന്നിയിരുന്ന അതേ കലിപ്പ്!
അപ്പനെ ചുടുകാട്ടിലേക്ക്
കെട്ടിയെടുക്കുമ്പം
എന്നെയിട്ടേച്ചു പോവല്ലേന്ന്
അമ്മച്ചി പിന്നേം മാറത്തടിച്ചു
നെലോളിക്കുന്നൊണ്ടാരുന്നു
അപ്പന്റെ ഉരുക്കുമുഷ്ടി
നടുമ്പൊറത്ത് വീഴുമ്പഴും
അമ്മച്ചി ഇങ്ങനാരുന്നല്ലോ
അലറിവിളിച്ചിരുന്നതെന്നോര്ത്ത്
എനിക്ക് വെറഞ്ഞു കേറുന്നൊണ്ടാരുന്നു
ഉള്ളംകാലീന്നൊരു തരിപ്പ് !
”അയ്യോ, എന്റെ പൊന്നിച്ചായാ എന്നേങ്കൂടി
കൊണ്ടോണേ”ന്ന്
അലച്ചു പെയ്യുന്ന മഴയെക്കാള്‍ ഒച്ചയില്‍
അമ്മച്ചീടെ അലര്‍ച്ച പിന്നേം പിന്നേം
ചെവിക്കല്ല് തൊളച്ചപ്പം
സഹിക്കാന്‍ മേലാഞ്ഞിട്ടാ സാറേ
ഞാന്‍ വാക്കത്തി എടുത്തത്!