കാവുപൂക്കുന്ന കാലം മദം കൊണ്ട
പാലതന്‍ ഗന്ധമൂറുംനിശീഥിനി
നാഗദന്തങ്ങളില്‍ നിന്നഗ്‌നിയൂറുന്ന
പുറ്റു മൂടിക്കിടന്ന കാലങ്ങളെ
തൊട്ടുണര്‍ത്തി തലോടുവാനെന്നുമെ-
ന്നോര്‍മ്മയില്‍ വന്നു നില്‍ക്കുന്നു മുത്തശ്ശി!
കാലമേറെ കടന്നുവെന്നാകിലും
കാഴ്ചയേറെ കൊഴിഞ്ഞുവെന്നാകിലും
ഓര്‍മ്മയില്‍ പൂത്തു നില്‍ക്കുന്നു പുഞ്ചിരി-
പാലുമായെന്റെ മുത്തശ്ശിക്കാലവും!
പേടി മുടിപുതച്ച് പേമാരിയില്‍
ബോധമാകെ വിറച്ചിരിയ്ക്കുമ്പൊളെന്‍-
ചേതനയിലേയ്ക്കിറ്റുന്നുവാ സ്‌നേഹ-
സേതു ബന്ധിച്ച നൂറായിരം കഥ!
വാശിയേറി വിളക്കൂതുമെന്നുടെ
ബാല്യകാല കുസൃതി കുരുക്കിനെ-
ശാന്തമാക്കുവാനെത്തുന്നു ഭീതിതന്‍
ചാന്തു ചാലിച്ച നാഗയക്ഷീ കഥ!
നാഗ കേളിതന്‍ ചിത്രകൂടങ്ങളില്‍
ഭീതി നീര്‍ത്തും ഫണം കണ്ടു പൗര്‍ണമി
പായ നീര്‍ത്തി വിരിച്ച നിലാവിലെന്‍
കാലിലാരോയിഴഞ്ഞു കേറുമ്പോലെ
പ്രാണനില്‍ പുള്ളുവന്‍ തേങ്ങിടുന്ന പോല്‍
പാതി കേട്ടതിന്‍ ബാക്കി കേള്‍ക്കാനുള്ള
ആധിയില്‍ ഭീതി പോലും മറന്നു ഞാന്‍
‘പിന്നെ എന്തായി മുത്തശ്ശീ പേടിയാ-
ണൊന്നു വേഗം പറഞ്ഞു തീര്‍ക്കൂ കഥ’
എന്നു ചെല്ലവേ ‘രാമനാമം ജപി-
ച്ചിന്നു നീയുറങ്ങികൊള്‍ക ബാക്കി ഞാന്‍-
നാളെ രാത്രി പറഞ്ഞിടാമെ’ന്നൊരു-
പാതി കൂര്‍ക്കംവലിയിലൂടെത്ര രാ-
വോടിയോടി കടന്നുപോയെങ്കിലും
ഇന്നു മോര്‍ക്കുന്നു മുത്തശ്ശിക്കാലമാ-
ണെന്നിലെ സ്‌നേഹ സാന്ത്വനം പേടിയും!
എത്ര കാലക്കഥകള്‍, കിനാവിന്റെ
എത്ര വാസന്ത മുന്തിരിത്തോപ്പുകള്‍,
എത്ര കണ്ണുനീര്‍ ത്യാഗം ഭയമിവ
ചേര്‍ത്തു കോര്‍ത്ത പുരാതന സന്ധ്യകള്‍
നേരുപൂക്കുന്ന മുത്തശ്ശിക്കാലത്തി-
നോര്‍മ്മയുള്ളവര്‍ക്കോണമാണെപ്പൊഴും!
സ്‌നേഹസുസ്മൃതി പൂക്കളമുളളിലേ
കാഴ്ചയാണെന്ന തോന്നലാണപ്പൊഴും!