സാന്ത്വനമായി ശ്രീമുത്തപ്പന്‍
എം. രാജശേഖര പണിക്കര്‍
കുന്നത്തൂര്‍ പാടി ശ്രീ മുത്തപ്പന്‍ ദേവസ്ഥാനം
പേജ്: 120 വില: രൂപ 150
ഫോണ്‍: 9400106119
ഒരു സാധാരണക്കാരന് മുത്തപ്പനെക്കുറിച്ചറിയാന്‍ ആശ്രയിക്കാവുന്ന ഒരു പുസ്തകം എന്ന നിലയിലാണ് ‘സാന്ത്വനമായി ശ്രീമൂത്തപ്പന്‍’ എന്ന പുസ്തകം ശ്രദ്ധേയമാകുന്നത്. ശ്രീ മുത്തപ്പനെക്കുറിച്ച് വസ്തുനിഷ്ഠവും സത്യസന്ധവുമായ കൃതിയാണ് ഈ പുസ്തകം. യശ:ശരീരനായ ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറും കന്യാകുമാരി വിവേകാനന്ദ കേന്ദ്രം പ്രസിഡന്റുമായിരുന്ന പി. പരമേശ്വരന്റെ അവതാരികയും ശ്രീ മാതാ അമൃതാനന്ദമയീ ദേവിയുടേതുള്‍പ്പെടെ അനേകം വിശിഷ്ട വ്യക്തികളുടെ ആശീര്‍വാദവുമായി പുറത്തിറങ്ങിയ ഒന്നാം പതിപ്പിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു.
ജാതിമതവൈരുദ്ധ്യങ്ങള്‍ ഭീകരരൂപം പൂണ്ട് ഫണം വിടര്‍ത്തിയാടുന്ന വര്‍ത്തമാനകാലത്ത് മുത്തപ്പന്‍ ആരാധന ഒരു മൃതസഞ്ജീവനിയാണ്. ശാന്തിയും സമാധാനവും സാന്ത്വനവും ആത്മീയോത്കര്‍ഷവുമരുളുന്ന ശ്രീമുത്തപ്പനെക്കുറിച്ചറിയേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. അതിന് ഈ കൃതി സഹായകമാണ്. മുത്തപ്പ ആരാധനാകേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ഒരു തീര്‍ത്ഥാടനശൃംഖല രൂപപ്പെടുത്തിയാല്‍ മലബാറിലാകെ ഒരു സാംസ്‌കാരിക, ആദ്ധ്യാത്മിക മുന്നേറ്റത്തിന് സാദ്ധ്യതയുണ്ടെന്നും ചതുര്‍ധാമ യാത്രപോലെ കേന്ദ്ര സര്‍ക്കാരിന്റെ പില്‍ഗ്രിം സര്‍ക്യൂട്ടില്‍ മുത്തപ്പ ആരാധനാകേന്ദ്രങ്ങളെ ഉള്‍പ്പെടുത്തി തെയ്യം അനുഷ്ഠാനങ്ങളുടെ ഹൃദയഭൂമിയിലേക്കുള്ള തീര്‍ത്ഥയാത്ര അവാച്യവും ദിവ്യവുമായ അനുഭൂതിയായിരിക്കുമെന്നും ഗ്രന്ഥകര്‍ത്താവ് അഭിപ്രായപ്പെടുന്നു. മലയാളം പരിചിതമല്ലാത്ത അനേകം മുത്തപ്പഭക്തര്‍ക്കായി മുത്തപ്പന്റെ ഹ്രസ്വവിവരണവും ചേര്‍ത്തിട്ടുണ്ട്. മനോഹരമായ അനേകം ചിത്രങ്ങളും പുസ്തകത്തെ സമ്പന്നമാക്കുന്നു.
മുത്തപ്പന്‍ ആരാധനയോടുബന്ധിച്ചുള്ള കള്ള് സമര്‍പ്പണം, മുത്തപ്പന്‍ വിഷ്ണുവോ ശിവനോ എന്ന സംശയം, മുത്തപ്പനും അയ്യപ്പനുമായിട്ടുള്ള അന്യാദൃശമായ സമാനതകള്‍ എല്ലാം ഗ്രന്ഥകര്‍ത്താവ് പഠനവിഷയമാക്കിയിട്ടുണ്ട്. ”പന മനുഷ്യ ശരീരവും വേരുകള്‍ മൂലാധാരവും വളയങ്ങളോടുകൂടിയ തണ്ട് നട്ടെല്ലും ചോറ് സുഷുമ്‌നയും ഇലകളോടു കൂടിയ മുകള്‍ഭാഗം ശീര്‍ഷവും വിരിഞ്ഞു നില്‍ക്കുന്ന പൂക്കുല സഹസ്രദള പത്മവുമാകുന്നു. ഒരു യഥാര്‍ത്ഥ സാധകന്‍ യോഗസാധനകളിലൂടെ മൂലാധാരത്തില്‍ ഉറങ്ങിക്കിടക്കുന്ന കുണ്ഡലിനി ശക്തി ശിരസ്സിലേക്കുയര്‍ത്തുമ്പോള്‍ ഊറിവരുന്ന അനന്താനന്ദത്തിന്റെ ബ്രഹ്‌മരസം – അമൃത് – തന്നെയാണ് പനയില്‍ നിന്ന് ഊറിവരുന്ന കള്ള്” എന്ന വിവരണത്തിലൂടെ മുത്തപ്പന് കള്ള് സമര്‍പ്പിക്കുന്നതിന് അധികമാരും ചിന്തിക്കാത്ത ഒരു മാനമാണ് ഗ്രന്ഥകാരന്‍ നല്‍കുന്നത്.
മുത്തപ്പന്‍ ഗിരിജനങ്ങളെ ശരിയായ ജീവിതരീതി പഠിപ്പിച്ചു. അനീതിക്കെതിരെ പോരാടാന്‍ സംഘടിപ്പിച്ചു. എല്ലാത്തിനുമുപരി അവരുടെ വിശ്വാസം വീണ്ടെടുത്തു. അവരില്‍ ഒരാളായി, അവരുടെ നായകനായി, ദൈവമായി. ദൈവം അരൂപിയായ ഒരു സങ്കല്പമല്ല. കണ്‍മുമ്പില്‍ കാണാവുന്ന യാഥാര്‍ത്ഥ്യമാണെന്ന് അവരെ ബോധ്യപ്പെടുത്തി. ഈശ്വരനും ഭക്തനും തമ്മിലുള്ള മുഖാമുഖമാണ് മുത്തപ്പന്‍ ആരാധനയുടെ അന്തഃസത്ത. ഈശ്വരനെ സ്പര്‍ശിക്കാം, സംസാരിക്കാം, മറുപടി കേള്‍ക്കാം. ഭൗതികവും ആദ്ധ്യാത്മികവുമായ പ്രശ്‌നങ്ങള്‍ക്കു പരിഹാരം ലഭിക്കുന്ന സാന്ത്വനം ലഭ്യമാവുകയും ചെയ്യും.
തിരുവന്‍കടവിന്റെ സമീപം വടക്കുപടിഞ്ഞാറ് ഭാഗത്തായി നെല്ലോട്ടു പറമ്പിലായിരുന്നു മുത്തപ്പന്റെ പോറ്റമ്മയായ പാടിക്കുറ്റി അന്തര്‍ജ്ജനത്തിന്റെയും അയ്യങ്കര വാഴുന്നവരുടേയും ഇല്ലവും സമീപത്തായി കുലേദേവതയായ ശ്രീ മഹാവിഷ്ണുവിന്റെ ക്ഷേത്രവും. ചരിത്രവും ഐതിഹ്യങ്ങളും വിശ്വാസങ്ങളും അനുഷ്ഠാനങ്ങളും ഇഴപിരിച്ചെടുക്കാനാവാത്തവിധം കെട്ടുപിണഞ്ഞു കിടക്കുന്ന ഈ സ്ഥലം അന്യാധീനപ്പെട്ടതും വിവരിക്കുന്നുണ്ട്. ആഡംബരങ്ങളില്‍ നിന്നും മുത്തപ്പന്റെ ആരൂഢത്തെ കഴിയുന്നത്ര കാത്തു സൂക്ഷിച്ചുവരുന്നു. മുത്തപ്പന്റെ തിരുനൃത്തവും പ്രവചനങ്ങളും നടക്കുന്ന വനമദ്ധ്യത്തില്‍ ഇന്നും ഓലക്കെട്ടുകളും മണ്‍പീഠവും ഈറ കൊണ്ടുളള ചൂട്ടുകറ്റകളും കാണാം.
ആര്‍ഭാടങ്ങള്‍ക്ക് ആഗ്രഹമില്ലാത്ത ശ്രീമുത്തപ്പന്റെ ആരൂഢസ്ഥാനം വനത്തിനുള്ളിലെ ഗുഹാക്ഷേത്രവും തറയുമാണ്. അവിടെ ധനു 2 മുതല്‍ മകരം 2 വരെയുള്ള ഒരു മാസം മഹോത്സവക്കാലമാണ്. കണ്ണിയത്ത് മടപ്പുര, ഹരിശ്ചന്ദ്ര കോട്ട, മുരിങ്ങോടി മാടം, അരിച്ചല്‍ മടപ്പുര, നൂഞ്ഞിങ്ങര മുറ്റം, വെള്ളര്‍ വള്ളി, മുത്തപ്പന്റെ മേല്‍ പുഷ്പവൃഷ്ടി ചെയ്ത പുന്തലോട്ടു മടപ്പുര, കൊളവങ്ങോടു മടപ്പുര, തളിക്കണ്ടി മടപ്പുര, കണ്ണപുരം മടപ്പുര, മുത്തപ്പന്‍ മല, ചരപ്പുറം ശ്രീമുത്തപ്പന്‍ ക്ഷേത്രം തുടങ്ങിയ അനേകം സുപ്രധാന മുത്തപ്പന്‍ ആരാധനാകേന്ദ്രങ്ങളെക്കുറിച്ചും പുസ്തകം പറയുന്നു.
നൂറ്റാണ്ടുകളായി കേരളീയ ജനതയുടെ ജീവിതത്തെ അന്യാദൃശമായ കരുത്തോടെ തട്ടിയുണര്‍ത്തിയിട്ടുള്ള രണ്ടു ദൈവങ്ങളാണ് മുത്തപ്പനും അയ്യപ്പനും. ദക്ഷിണകേരളത്തിലാണ് അയ്യപ്പ ആരൂഢം, മുത്തപ്പ ആരൂഢം ഉത്തരകേരളത്തിലും. അവരുടെ സ്വാധീനം കേരളവ്യാപകമായി വരികയും സംസ്ഥാനത്തിന്റെ അതിരുകള്‍ കടന്നു വ്യാപരിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. മുത്തപ്പന്‍ ഹരി-ഹരനും അയ്യപ്പന്‍ ഹരിഹരനന്ദനനുമായി അന്യാദൃശമായ ശൈവ-വൈഷ്ണവ സമന്വയത്തിന്റെ ശക്തമായ പ്രതീകങ്ങളായി വിരാജിക്കുന്നു. റെയില്‍വേ സ്റ്റേഷനുകളോടു ചേര്‍ന്ന് മംഗലാപുരം മുതല്‍ ഷൊര്‍ണൂര്‍ വരെ അനേകം റെയില്‍വെ മുത്തപ്പന്‍ മടപ്പുരകള്‍ രൂപം കൊണ്ടതിന്റെ ചരിത്രപശ്ചാത്തലം ഈ പുസ്തകത്തില്‍ രേഖപ്പെടുത്തുന്നുണ്ട്.
നാമസങ്കീര്‍ത്തനത്തിന് സഹായകമാംവിധം യശ:ശരീരനായ ശ്രീ ആനന്ദ കേശവമാരാര്‍ രചിച്ച ശ്രീമുത്തപ്പ സുപ്രഭാതവും അഷ്ടോത്തരശതനാമവും കീര്‍ത്തനങ്ങളും ഈ പുസ്തകത്തോടൊപ്പം ചേര്‍ത്തിട്ടുണ്ട്.