ഹിന്ദുത്വം ഉറപ്പിച്ച കുമാരനാശാന്‍
രാമചന്ദ്രന്‍
ഇന്‍ഡസ് സ്‌ക്രോള്‍സ്, ന്യൂഡല്‍ഹി
പേജ്: 91 വില: 180 രൂപ
ഇന്‍ഡസ് ബുക്‌സ് പന്തളം
ഫോണ്‍: 8893075166
മലയാളികള്‍ വേണ്ടവണ്ണം മനസ്സിലാക്കാന്‍ വിട്ടുപോയ മഹാകവി കുമാരനാശാന്റെ അദ്വൈത മുഖം അനാവരണം ചെയ്യുന്ന പുസ്തകമാണ്, പ്രമുഖ എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ രാമചന്ദ്രന്‍ എഴുതിയ ‘ഹിന്ദുത്വം ഉറപ്പിച്ച കുമാരനാശാന്‍’. മാപ്പിളലഹളയുടെ പശ്ചാത്തലത്തില്‍ കുമാരനാശാന്‍ 1921 ല്‍ നടത്തിയ മലബാര്‍ യാത്ര ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പുറത്തുകൊണ്ടുവന്ന രാമചന്ദ്രന്‍, ആശാന്റെ അധികം പഠിക്കാത്ത സ്‌തോത്ര കൃതികളിലേക്ക് കൂടി കടന്നു ചെന്ന്, ഹിന്ദുമതത്തിനാകെ കവി ചെയ്ത സംഭാവനകള്‍ അപഗ്രഥിക്കുകയാണ്, ഇവിടെ. ഇത്, സ്‌ഫോടനാത്മകമായ ഒരു വായനാനുഭവമാണ്.
വേദാന്തം നന്നായറിഞ്ഞ ആശാന്‍, ശങ്കരാചാര്യരെ വിശേഷിപ്പിച്ചത്, ലോകഗുരുവായി തന്നെയാണ്. ആശാന്‍ ആദ്യമായി പരിഭാഷ ചെയ്തത്, ശങ്കരാചാര്യരുടെ ‘സൗന്ദര്യ ലഹരി’ ആയിരുന്നു. ജാതിവിവേചനത്തിനെതിരെ പേരാടാനുള്ള ഊര്‍ജ്ജം കുമാരനാശാന് കിട്ടിയതു തന്നെ, ശങ്കരനില്‍ നിന്നാകണം.
അദ്വൈതം പോലെ രമണീയമായ ഒരു സിദ്ധാന്തം ലോകത്ത് വേറെയില്ലെന്ന് ആശാന്‍ സമര്‍ത്ഥിച്ചു. 1907ല്‍ ‘വീണപൂവ്’ എഴുതുന്നതുവരെ അദ്ദേഹം സ്‌തോത്ര കൃതികളാണ് രചിച്ചിരുന്നത്. അവയാകട്ടെ, അദ്വൈതസത്ത നിറഞ്ഞു നില്‍ക്കുന്നവയുമാണ്. പില്‍ക്കാലത്ത് ആശാനില്‍ കണ്ട ബുദ്ധമതധാരയും ഭാരതീയം തന്നെ.
ഈഴവര്‍ ബുദ്ധമതത്തില്‍ ചേരണമെന്ന വാദങ്ങള്‍ക്ക് മറുപടിയായാണ് ആശാന്‍, ‘മതപരിവര്‍ത്തന രസവാദം’ എഴുതിയത്. ഈഴവര്‍ ഹിന്ദുമതത്തില്‍ ഉറച്ചു നില്‍ക്കണം എന്ന വിശ്വാസത്തില്‍ ആശാന്‍ എത്തിയത്, അഗാധമായ ആര്‍ഷജ്ഞാനം നിമിത്തമാണ്. അതിനാല്‍, ഭാരതീയതയ്ക്ക് മേല്‍ കത്തിവയ്ക്കുന്ന ഏത് മതവിശ്വാസത്തിനും അദ്ദേഹം എതിരായിരുന്നു.
അദ്വൈതം ആത്മാവിലുള്ള ആശാന്‍, ഹിംസയില്‍ ഊന്നിയ പ്രത്യയശാസ്ത്രങ്ങളെ വര്‍ജ്ജിച്ചു. അതിനാല്‍, ഹിന്ദുവംശഹത്യ വരുത്തിവച്ച മാപ്പിളലഹളയെ ധീരമായി അദ്ദേഹം കാവ്യരൂപേണ ചെറുത്തു. മാര്‍ക്‌സിസം തിന്മയുടെ തത്വശാസ്ത്രമായതിനാല്‍, സമകാലികരായ കാള്‍ മാര്‍ക്‌സ്, ലെനിന്‍ എന്നിവരെപ്പറ്റി ഒരക്ഷരം പോലും ആശാന്‍ എഴുതിയില്ല.
പതിനൊന്ന് അധ്യായങ്ങളുള്ള പുസ്തകത്തില്‍, ‘ദുരവസ്ഥ’യുടെ രാഷ്ട്രീയം പ്രത്യേകം കൈകാര്യം ചെയ്തിട്ടുണ്ട്. ‘ദുരവസ്ഥ’യില്‍ മാപ്പിളലഹളയെ വിമര്‍ശിച്ചതുമാറ്റിവച്ച് പുരോഗമനം മാത്രം കണ്ട ഇ.എം.എസ്സിന്റെ ഇരട്ടത്താപ്പിനെ പുറത്തുകൊണ്ടു വന്നിട്ടുണ്ട്. ശ്രീനാരായണഗുരുവും ആശാനും ആര്യസമാജവുമായി ബന്ധപ്പെട്ട സാഹചര്യവും വിശദീകരിച്ചിരിക്കുന്നു.
ഹിന്ദുമതത്തെ ഉറപ്പിച്ചു നിര്‍ത്തി കുമാരനാശാന്‍ നടത്തിയ കാവ്യ, സാമൂഹിക പോരാട്ടങ്ങളെക്കുറിച്ചുള്ള വ്യത്യസ്തമായ ഒരു പഠനമാണ് ഈ പുസ്തകം. നമ്മുടെ പൈതൃകത്തില്‍ അഭിമാനിക്കുന്നവരും അതിനെ എതിര്‍ക്കുന്നവരും അവശ്യം വായിക്കേണ്ട അമൂല്യഗ്രന്ഥമാണിത്.
Off with the outgrown customs
ആര്‍.ഹരി
പേജ്: 96 വില: 150 രൂപ
ഇന്ത്യ ബുക്‌സ്, കോഴിക്കോട്-2
9447394322
ക്ഷേത്രങ്ങളിലെ വെടിക്കെട്ടും, ആനയെഴുന്നെളളിപ്പും പോലെ സ്ഥായിയായ ആചാരാനുഷ്ഠാനങ്ങളല്ലാത്തവ പലപ്പോഴും ഭക്തരുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് വിധേയമാകാറുണ്ട്. കോടികളാല്‍ കേന്ദ്രീകൃതമായ വ്യവസായങ്ങളുടെ നിലനില്പിനെ പോലും വെടിക്കെട്ട് ബാധിക്കും. പരിഷ്‌കാരത്തിന്റെ ബലത്തിലാണ് ആചാരങ്ങളുടെ നിലനില്പ് ഉറച്ചത്. കാലാകാലമായി സാമൂഹ്യ നവോത്ഥാനം ഇതിനെ ഊട്ടിയുറപ്പിച്ചു. ‘മാറ്റുവില്‍ ചട്ടങ്ങളെ’ എന്ന മലയാള പുസ്തകം ദിവംഗതനായ ആര്‍.ഹരി എഴുതിയത് ഈയൊരു മുന്‍വിധിയോടെ തന്നെയാണ്. പരിശുദ്ധി നിലനിര്‍ത്തുകയും പരിഷ്‌കാരങ്ങള്‍ അനുവര്‍ത്തിക്കുകയുമെന്ന ദ്വന്ദ്വഭൂമികയാണ് അതിലൂടെ മുന്നോട്ട് വെച്ച ആശയം. കാലത്തിന്റെ ഉള്‍വിളിയോടെയാണ് ആചാരങ്ങള്‍ അരക്കിട്ടുറപ്പിച്ചത്. ശബരിമലയുടെ പരിശുദ്ധി നിലനിര്‍ത്താനുള്ള പരിഷ്‌കാരങ്ങള്‍ക്കായി അദ്ദേഹം നിര്‍ദ്ദേശിക്കുന്ന പോംവഴികള്‍ പുരോഗമനാത്മകമാണ്. ക്ഷേത്രപ്രവേശനവിളംബരം പോലുള്ള നവോത്ഥാനപ്രക്രിയയ്ക്ക് ഉപോല്‍ബലകമായ ചിന്തകളാണ് കൃതി ചര്‍ച്ച ചെയ്യുന്നത്. സമത്വ സമരസതയുടെ ഒരോ ഇഴകളും കാലാനുസൃതമായ പരിഷ്‌കാരത്തിന് വിധേയമാക്കാന്‍ ശാസ്ത്രങ്ങളുടെ വ്യാഖ്യാനത്തോടെയാണ് ഗ്രന്ഥകര്‍ത്താവ് ന്യായീകരണത്തിന് മുതിരുന്നത്. ഇതിന്റെ ഇംഗ്ലീഷ് പതിപ്പാണ് Off with the outgrown customs. കേരളത്തിനപ്പുറത്ത് നിന്ന് വരുന്ന ദേശക്കാര്‍ക്ക് ശബരിമല ആചാരങ്ങളും പരിഷ്‌കാരങ്ങളും വായിച്ചറിയാന്‍ ഇത് ഉപകരിക്കും. കേരളത്തിലെ അറിയപ്പെടുന്ന പത്രപ്രവര്‍ത്തകനായ രാമചന്ദ്രനാണ് തര്‍ജജമ നിര്‍വഹിച്ചിരിക്കുന്നത്.