Sunday, December 15, 2019
  • Kesari e-Weekly
  • About Us
  • Contact Us
  • Editors
  • Advertise
  • Subscribe
  • Gallery
കേസരി വാരിക
Subscribe Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • കൂടുതൽ…
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • പദാനുപദം
    • കഥ
    • കവിത
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ
No Result
View All Result
കേസരി വാരിക
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • കൂടുതൽ…
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • പദാനുപദം
    • കഥ
    • കവിത
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ
No Result
View All Result
കേസരി വാരിക
No Result
View All Result
Home പദാനുപദം

ഉപേക്ഷിക്കപ്പെട്ട ചുമരുകള്‍

എം.കെ. ഹരികുമാര്‍

Nov 15, 2019, 12:54 am IST
in പദാനുപദം

തികച്ചും അചുംബിതമായ പ്രമേയങ്ങള്‍ വേണമെന്ന് ശഠിച്ച് എഴുതാന്‍ കഴിയാതെ പോയവരുണ്ട്. ആരും പറയാത്ത പ്രമേയങ്ങള്‍ തേടി നടക്കുന്നവര്‍ക്ക് അതൊരിക്കലും ലഭിക്കുകയില്ല എന്നറിയിക്കട്ടെ. കാളിദാസന്‍ പ്രമേയമാക്കിയത് ഭാരതത്തിന്റെ പുരാണങ്ങളാണ്. ലോക നാടകകൃത്തും കവിയുമായ വില്യം ഷേക്‌സ്പിയര്‍ തന്റെ മിക്ക കൃതികള്‍ക്കും വിഷയം കണ്ടെത്തിയത് ഇംഗ്ലീഷ് ചരിത്രകാരനായ റാഫേല്‍ ഹോളിന്‍ഷെഡില്‍ നിന്നാണ്. മാക്ബത്ത്, കിംഗ് ലിയര്‍, സിംബെലിന്‍ തുടങ്ങിയ നാടകങ്ങള്‍ ഉദാഹരണം. ഹൊളിന്‍ഷെഡിന്റെ ചരിത്രരേഖകള്‍ വിവിധ വാല്യങ്ങളിലായി പ്രസിദ്ധീകരിച്ചിട്ടുണ്ട്, Holinshed Chronicles എന്ന പേരില്‍ 1577ലാണ് ഇതിന്റെ ആദ്യപതിപ്പ് പുറത്തുവന്നത്.

ഇതിന്റെയര്‍ത്ഥം ഒരു മൗലിക പ്രമേയമല്ല വലിയ ഒരു കവിയെ സൃഷ്ടിക്കുന്നതെന്നാണ്. ചരിത്രസന്ദര്‍ഭങ്ങളോ മുന്‍കാലങ്ങളില്‍ എഴുതപ്പെട്ട കൃതികളോ നമുക്ക് ഒരു സാഹിത്യരചനയ്ക്ക് അവലംബിക്കാം. അത് എങ്ങനെ ആവിഷ്‌കരിക്കുന്നു എന്നത് പ്രധാനമാണ്. ആഖ്യാനം ചെയ്യുമ്പോള്‍ എഴുത്തുകാരന്റെ വീക്ഷണം, ചിന്ത, ഭാഷ, ഔചിത്യം, അവബോധം, ശൈലി എന്നിവ പുറത്തുവരും. ഇതാണ് മികച്ച സാഹിത്യാനുഭവത്തിലേക്ക് വായനക്കാരനെ നയിക്കുന്നത്.

പ്രമുഖ ഇംഗ്ലീഷ് നോവലിസ്റ്റ് ജൂലിയന്‍ ബാണ്‍സ് ഇങ്ങനെ പറഞ്ഞു: ”സുന്ദരവും കൃത്യതയുള്ളതും സുഘടിതവുമായ നുണകള്‍ പറയാനാണ് ഞാന്‍ എഴുതുന്നത്. ഇതിലൂടെയാണ് കഠിനവും തിളങ്ങുന്നതുമായ സത്യങ്ങള്‍ പുറത്തുവരുന്നത്.” 2011ല്‍ പ്രസിദ്ധീകരിച്ച ‘The sense of an end-ing’ എന്ന നോവല്‍ ബാണ്‍സിനു മാന്‍ ബുക്കര്‍ പ്രൈസ് നേടിക്കൊടുത്തു. അദ്ദേഹത്തിന്റെ പതിമൂന്നാമത്തെ നോവല്‍ The only story- 2018ലാണ് പ്രസിദ്ധീകരിച്ചത്.

ദൈവത്തെപ്പോലെ എല്ലാമറിയുന്നവന്‍ എന്ന പ്രതിച്ഛായ എഴുത്തുകാരനില്ല എന്ന് വിശ്വസിക്കുന്നവരെയാണ് ഇരുപതാം നൂറ്റാണ്ടിന്റെ പകുതി മുതലെങ്കിലും നാം കാണുന്നത്. താന്‍ എഴുതുന്ന പ്രമേയത്തിന്റെ അന്തസ്സത്ത എന്താണെന്ന് വ്യക്തമാവാതിരിക്കുന്നത് ഒരു പുതിയ സാഹചര്യമാണ്. ഇത് ജീവിതത്തിന്റെ തന്നെ സ്വഭാവമാണ്. ജീവിതത്തെ ദുര്‍ഗ്രഹത ചൂഴ്ന്ന് നില്‍ക്കുന്നുണ്ട്. അതുകൊണ്ട് ജൂലിയന്‍ ബാണ്‍സും അതുപോലെയുള്ളവരും എഴുതുന്നത് ഒരു സമസ്യ പൂരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്. എന്നാല്‍ പൂരിപ്പിക്കല്‍ എന്ന പ്രക്രിയ നീണ്ടുപോകുന്നു. സത്യങ്ങള്‍ പലതായി പിരിഞ്ഞ് നമ്മെ ശ്വാസം മുട്ടിക്കുമ്പോള്‍ വേറെ മാര്‍ഗമില്ല. ഒരു അന്വേഷകനായിരിക്കുക എന്ന വിധിയാണ് ബാക്കിയാവുന്നത്.
ബാണ്‍സ് വ്യക്തിയുടെ ഓര്‍മ്മകളില്‍ വിശ്വാസം രേഖപ്പെടുത്തുന്നില്ല.

ചരിത്രവസ്തുതകളെയും അദ്ദേഹം സംശയത്തോടെയാണ് കാണുന്നത്. അനുഭവങ്ങളുടെ നേര്‍കാഴ്ചകള്‍ക്കായി ബാണ്‍സ് പല ചിമിഴുകള്‍ ചമയ്ക്കുന്നു. ആത്യന്തികസത്യമല്ല, താത്കാലികവും വ്യക്തിഗതവുമായ സത്യങ്ങള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടിവരുന്നു. ഒരാളുടെ ആത്മകഥപോലും കല്പിതകഥ തന്നെയാണ് എന്ന് ബാണ്‍സ് വാദിക്കുന്നു. കാരണം ഓര്‍മ്മകളെ ആസ്പദമാക്കിയാണല്ലോ ആത്മകഥയുണ്ടാവുന്നത്. അതാകട്ടെ വ്യക്തിയെ ചതിക്കുകയും ചെയ്യുന്നു.

ചരിത്രത്തിനും ഓര്‍മ്മയുടെ സ്വഭാവമുണ്ട്. കാരണം അതിനോടുള്ള സമീപനം മാറ്റാന്‍ മനുഷ്യന്‍ വിധിക്കപ്പെടുന്നു. ചരിത്രവസ്തുത എന്ന് നാം വിളിക്കുന്നത് മാറിക്കൊണ്ടിരിക്കുകയാണ്. ഇതിനുസമാനമായ നിലപാടാണ് അമേരിക്കന്‍, ബ്രിട്ടീഷ് കവി ടി.എസ്. എലിയട്ട് സ്വീകരിക്കുന്നത്. മുന്‍കാല കവികളെ എങ്ങനെ ഉള്‍ക്കൊള്ളുന്നു എന്നതിനെ ആശ്രയിച്ചാണ് നാം സ്വയം ആവിഷ്‌കരിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ വാദം. സ്വന്തമായി മാത്രം ഒരു കവി ഒന്നും സൃഷ്ടിക്കുന്നില്ല. അയാള്‍ക്ക് എപ്പോഴും പൂര്‍വ്വകാലകവികളെ നോക്കിയേ പറ്റൂ.

ഒരു കവി എഴുതുന്ന കവിതയ്ക്ക് കവിയുമായി യാതൊരു ബന്ധവുമില്ലെന്ന് ടി.എസ്. എലിയട്ട് പറയുമ്പോള്‍ അതൊരു പുതിയ വീക്ഷണമാണെന്ന് കണ്ടാല്‍ മതി. ഒരു കവിയുടെ മനസ്സിലുള്ള വികാരമോ ദര്‍ശനമോ അല്ല കവിതയില്‍ നിന്ന് നമുക്ക് ലഭിക്കുന്നത്. കവിയും കവിതയും രണ്ടാണെന്ന് അദ്ദേഹം ഉറപ്പിച്ചു പറയുന്നത് ഇതുകൊണ്ടാണ്. കവിക്ക് താന്‍ സൃഷ്ടിക്കുന്ന കവിതയുടെ വികാരവുമായി അത്രയ്ക്ക് ബന്ധമുണ്ടാവണമെന്നില്ലത്രേ.
കവിയുടെ മനസ്സ് ഒരു രാസത്വരകമായി പ്രവര്‍ത്തിക്കുകയാണ്. അതുകൊണ്ടുതന്നെ ആ മനസ്സിനു ഒരു മാറ്റവും സംഭവിക്കുന്നില്ല. ഓക്‌സിജനും സള്‍ഫര്‍ ഡയോക്‌സൈഡും ചേരുമ്പോള്‍ സള്‍ഫറസ് ആസിഡ് ഉണ്ടാകുന്നു. എന്നാല്‍ ഇത് സാധ്യമാകണമെങ്കില്‍ ഒരു പ്ലാറ്റിനം ഫിലമെന്റ് ആവശ്യമാണ്. പ്ലാറ്റിനം ഫിലമെന്റ് രാസത്വരകമാണ്. അതാണ് ആസിഡ് ഉണ്ടാക്കാന്‍ സഹായിക്കുന്നത്. കവിമനസ്സ് ഇതുപോലെ കവിത സൃഷ്ടിക്കപ്പെടാന്‍ സഹായിക്കുന്ന ഘടകമായാണ് പ്രവര്‍ത്തിക്കുന്നത്.

ചിന്മയാനന്ദ

പാലക്കാട്ട് ആലത്തൂര്‍ താലൂക്കില്‍ തോലത്തൂരില്‍ ജനിച്ച (1882) എന്‍.കുഞ്ഞിരാമപ്പതിയാര്‍ 1900ലാണ് ശ്രീരാമകൃഷ്ണാനന്ദ സ്വാമികളെ കാണുന്നത്. വിദ്യാഭ്യാസത്തിനുശേഷം ഫസ്റ്റ് ഗ്രേഡ് പ്ലീഡറായി ആലത്തൂരില്‍ പ്രാക്ടീസ് തുടങ്ങി. പിന്നീട് അദ്ധ്യാപകനായും പത്രപ്രവര്‍ത്തകനായും കുറച്ചുകാലം ജീവിച്ചു. 1950ല്‍ സന്യാസം സ്വീകരിച്ചു. 1975 ആഗസ്റ്റ് 21ന് സമാധി പ്രാപിച്ചു. ഈ ചിന്മയാനന്ദയാണ് ‘രാമായണദര്‍ശനം’ എന്ന കൃതി രചിച്ചത്. (ചിന്മയാമിഷന്‍ സ്ഥാപിച്ച പ്രസിദ്ധനായ സ്വാമി ചിന്മയാനന്ദ സരസ്വതിയല്ല ഇത്).
രാമായണദര്‍ശനം ഏറ്റവും ലളിതമായി രാമകഥ വിവരിക്കുന്ന മികച്ച പുസ്തകമാണ്. ഈ ചിന്മയാനന്ദയെ മലയാളം ഇപ്പോള്‍ മറന്നിരിക്കയാണ്. ‘രാമായണ ദര്‍ശനം’ ഇപ്പോള്‍ കിട്ടാനില്ല! കിഷ്‌കിന്ധാകാണ്ഡത്തില്‍ രാമന്റെ ഒരു പ്രസ്താവത്തെ ചിന്മയാനന്ദ ഇങ്ങനെ വിവരിക്കുന്നു.

”ദുഃഖിച്ചു പരിതപിച്ചതുകൊണ്ട് ആര്‍ക്കും ശ്രേയസ്സുണ്ടാക്കാവുന്നതല്ല. ഇപ്പോള്‍ ചെയ്യേണ്ട കാര്യം ഏതോ അതനുഷ്ഠിക്കുകയാണ് വേണ്ടത്. ഒരാളും ഒന്നിനും കര്‍ത്താവല്ല; ഒന്നും പ്രേരിപ്പിപ്പാനും ആളല്ല. സ്വഭാവത്തില്‍ (പ്രകൃതിയില്‍) ആകുന്നു ലോകം നിലനില്‍ക്കുന്നത്. അതിനു കാലം ആശ്രയവുമാണ്. കാലം കാലത്തെ അതിക്രമിക്കയില്ല. കാലത്തിന് ഒരു കോട്ടവും പറ്റുകയില്ല.”

അമിതാവ് ഘോഷ്

അമിതാവ് ഘോഷ്‌

ഇംഗ്ലീഷിലെഴുതുന്ന ഇന്ത്യക്കാരില്‍ പ്രമുഖനാണ് അമിതാവ് ഘോഷ്. 1986ലാണ് അദ്ദേഹത്തിന്റെ The Shadow Lines പ്രസിദ്ധീകരിച്ചത്. ഇത് ഇന്തോ-ബ്രിട്ടീഷ് ജീവിതത്തെക്കുറിച്ചുള്ള അന്വേഷണമായിരുന്നെങ്കില്‍ The Glass palace (2000) ഇന്തോ-ബര്‍മ്മ ജീവിതത്തെയാണ് അപഗ്രഥിക്കുന്നത്. ഇന്ത്യയിലെ പരമോന്നത സാഹിത്യപുരസ്‌കാരമായ ജ്ഞാനപീഠവും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. 2008ല്‍ ഘോഷിന്റെ Sea of poppiesഎന്ന നോവല്‍ മാന്‍ ബുക്കര്‍ പ്രൈസിന് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നു.

പ്രമുഖ പത്രപ്രവര്‍ത്തകനായ സുനില്‍ സേഥിയുടെ ബിഗ് ബുക് ഷെല്‍ഫ് എന്ന കൃതിയില്‍ അമിതാവ് ഘോഷുമായി ഒരു അഭിമുഖമുണ്ട്. ആ സംഭാഷണത്തിലെ ചില ചിന്തകള്‍ ഇവിടെ ചേര്‍ക്കുകയാണ്.

  • എന്റെ ആദ്യകൃതി മുതല്‍ ഞാന്‍ ശ്രദ്ധിച്ചത് ജീവിതയാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച് എഴുതണമെന്നാണ്. അതില്‍ എന്റെ ജീവിതവുമുണ്ട്. എന്റെ പൂര്‍വ്വപിതാക്കന്മാര്‍ ബംഗാളില്‍ നിന്ന് ബീഹാറിലേക്ക് കുടിയേറിയവരാണ്.

  •  എന്റെ ആന്തരികജീവിതം നിറയെ ഭാരതമാണ്. എന്നാല്‍ അത് പ്രാദേശികമായ ഇന്ത്യയല്ല. ആഗോളാടിസ്ഥാനത്തിലുള്ള ഇന്ത്യന്‍ അനുഭവമാണത്. യുഎസ്സില്‍ താമസിക്കുന്ന എനിക്ക് ഇന്ത്യന്‍ അനുഭവത്തെ വിശാലമായി കാണാനാവുന്നുണ്ട്.

  •  ഞാന്‍ ഇപ്പോഴും അഹിംസയില്‍ വിശ്വസിക്കുന്നു.

  •  ഇനി ലോകത്തിന്റെ നായകത്വത്തിലേക്ക് വരാന്‍ പോകുന്നത് ഇന്ത്യയും ചൈനയുമായിരിക്കും. പതിനെട്ടാം നൂറ്റാണ്ടിനു മുന്‍പുതന്നെ, ലോകത്തിലെ അമ്പതുശതമാനം കച്ചവടവും നടന്നത് ഇന്ത്യയിലും ചൈനയിലുമായാണ്.

  •  ഇന്ത്യ വിട്ടുപോകുന്ന ഇന്ത്യാക്കാര്‍ എന്റെ ഒരു വിഷയമായിരുന്നു.

വായന
വാളയാറില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടികളെക്കുറിച്ചോര്‍ത്ത് നിരാഹാരം അനുഷ്ഠിച്ച കുമ്മനം രാജശേഖരനൊപ്പം വേദി പങ്കിട്ട ജോര്‍ജ് ഓണക്കൂറിനെ ചില എഴുത്തുകാര്‍ ആക്ഷേപിച്ചത് ശരിയായില്ല. ഒന്നും മിണ്ടാതിരിക്കുന്നതിലും നല്ലത് എന്തെങ്കിലും ചെയ്യുന്നതാണ്. കണ്‍മുന്നിലുള്ള യാഥാര്‍ത്ഥ്യത്തെ മുഖവിലയ്ക്ക് എടുക്കാന്‍ ഓണക്കൂറിനു കഴിഞ്ഞു.
സ്‌കൂളുകളില്‍ ഏറ്റവും കൂടുതല്‍ അവഗണിക്കപ്പെടുന്ന സ്ഥലം ലൈബ്രറിയാണെന്നും ഇന്നത്തെ വിദ്യാഭ്യാസ സംസ്‌കാരത്തില്‍ പുസ്തകങ്ങള്‍ അവഗണിക്കപ്പെടുകയാണെന്നും ഇളവൂര്‍ ശ്രീകുമാര്‍ (നവനീതം) എഴുതിയത് അസ്സലായി. മിലന്‍ കുന്ദേരയുടെ പുസ്തകം കണ്ട് ‘മൈലന്‍ കുണ്ടറ’ എന്ന് വായിച്ചിട്ട് കുണ്ടറയില്‍ ഇങ്ങനെ ഒരു ഇംഗ്ലീഷ് എഴുത്തുകാരനുണ്ടോ എന്ന് ഒരദ്ധ്യാപകന്‍ ചോദിച്ചതായി ലേഖകന്‍ എഴുതുന്നുണ്ട്.

ബിജു കാഞ്ഞങ്ങാടിന്റെ കവിതച്ചുണ്ടന്‍ (ഗ്രന്ഥാലോകം) കാവ്യാനുഭവത്തിന്റെ പ്രഭവകാലങ്ങളെ ഓര്‍മ്മിപ്പിക്കുന്നു. പുളിപ്പച്ചയും തേക്കിന്‍കൂട്ടവും കടന്നുപോകുന്ന കവിതയുടെ പരതലുകള്‍.

ശ്രീധരനുണ്ണിയുടെ ഒസ്യത്ത് (കേസരി ഓണപ്പതിപ്പ്) ഗഹനതയുള്ള കവിതയാണ്. തീക്ഷ്ണമാണത്. വാഴ്‌വിന്റെ താക്കോല്‍ പ്രകൃതിയെ ഏല്‍പ്പിച്ച്, വേവും വിലാപവുമായി വേവുന്ന ചട്ടിയിലേക്ക് മടങ്ങുന്ന മനസ്സിനെ കാണിച്ചു തരുകയാണ് കവി.

കവി ഡി.വിനയചന്ദ്രന് നന്ദിയോടെ ഒരു കവിത സമര്‍പ്പിക്കുകയാണ് ദിവാകരന്‍ വിഷ്ണു മംഗലം (കലാപൂര്‍ണ, വിനയകാനനം). ആത്മാവില്‍ കവിതയുടെ പരിവ്രാജകത്വം സ്വാംശീകരിച്ച കവിയായിരുന്നു വിനയചന്ദ്രനെന്ന് പറയട്ടെ. തൂണിലും തുരുമ്പിലും നാരായണനെ തിരഞ്ഞവനാണ് വിനയചന്ദ്രനെന്ന് കവി എഴുതുന്നു.

ഇന്ത്യന്‍ റിലീഫ് നൈഫ് പെയിന്റിംഗിലൂടെ ശ്രദ്ധേയനാവുന്ന ഷാബി കരുവാറ്റയെക്കുറിച്ച് ശ്രീകുമാര്‍ ആമ്പല്ലൂര്‍ എഴുതിയ കുറിപ്പ് (കേസരി ഉചിതമായി. കട്ടികൂടിയ പെയിന്റ് ഉണ്ടാക്കി ത്രിമാനസ്വഭാവമുള്ള നൂറിലധികം രചനകളാണ് ഷാബി സംഭാവന ചെയ്തിരിക്കുന്നത്.
ക്ഷീണം ഉള്ളപ്പോള്‍ ഭക്ഷണം കഴിക്കരുതെന്നും ക്ഷീണത്തിനു മരുന്ന് വിശ്രമമാണെന്നും ഇതാണ് പ്രകൃതിജീവനസിദ്ധാന്തമെന്നും വെങ്കിട്ട കൃഷ്ണന്‍ പോറ്റി (സുജീവിതം) എഴുതുന്നു. ഇതൊക്കെ തര്‍ക്കവിഷയമാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ്, പ്രകൃതിചികിത്സകനായിരുന്ന സി.ആര്‍.ആര്‍. വര്‍മ്മയെ കണ്ടപ്പോള്‍ അദ്ദേഹം അവശനായിരുന്നു. തനിക്ക് വിശപ്പില്ല എന്ന് അദ്ദേഹം കൂടെക്കൂടെ പറഞ്ഞതോര്‍ക്കുന്നു.

അടുത്തിടെ ‘ചെമ്മീന്‍’ സിനിമ ഒരിക്കല്‍കൂടി കണ്ടു. മധു പരീക്കുട്ടിയായി തിളങ്ങിയെങ്കിലും ആ വേഷം നസീര്‍ ചെയ്യുന്നതായി സങ്കല്പിച്ചപ്പോള്‍ വിസ്മയമായി തോന്നി. നസീറും ഷീലയും തമ്മിലുള്ള പ്രത്യേക രസാനുപാതം ചിത്രത്തെ കൂടുതല്‍ പ്രണയാതുരമാക്കുമായിരുന്നു.
പി.കുഞ്ഞിരാമന്‍ നായരുടെ കവിതയിലാണ് മലയാളം അനുഭവിക്കാനാകുന്നത്. ഒരു മലയാളി ജീവിച്ചതിന്റെ തെളിവായി ആ കവിതകളെ കാണാം. എന്നാല്‍ ഇന്നത്തെ ചില പ്രൊഫസര്‍ കവികള്‍ക്ക് മലയാളിയുടെ ജീവിതമില്ല; അവരുടെ രചനകളില്‍ നമ്മുടെ ഭാഷയോ അനുഭൂതിയോ കാണാനില്ല.

നുറുങ്ങുകള്‍

  •  ടി.പത്മനാഭന് ഒഎന്‍വി പുരസ്‌കാരവും ആനന്ദിന് എഴുത്തച്ഛന്‍ പുരസ്‌കാരവും ലഭിച്ചു. പുരസ്‌കാരങ്ങള്‍ കിട്ടുന്നത്, എഴുത്തിന്റെ രംഗത്ത് ആവേശം നഷ്‌പ്പെട്ട കാലത്തിലാണെന്നത് ഒരു വൈരുദ്ധ്യമാകാം. പലപ്പോഴും മുതിര്‍ന്നവര്‍ക്ക് അവാര്‍ഡ് കൊടുക്കുന്നത് അവരെ അഭിപ്രായമില്ലാത്തവരും മൗനികളുമാക്കാനാണ്.

  •  ആധുനികരുടെ തലമുറയില്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള ഒരു കലാകാരന്റെ അകൃത്രിമ, സുന്ദര മനസ്സുമായി വേറിട്ട് നില്‍ക്കുകയാണ്. അദ്ദേഹം ഒരു അധികാരത്തിനും പദവിക്കും പിന്നാലെ പോയില്ല.

  •  ആനന്ദ് ചിന്താപരമായി കൂടുതല്‍ സമകാലീനനാവുമെന്ന് പ്രതീക്ഷിച്ചു. അദ്ദേഹം ഇപ്പോള്‍ സാമ്പ്രദായിക മട്ടിലുള്ള മതവിമര്‍ശകനായി ഒതുങ്ങിപ്പോയിരിക്കയാണ്. ഫാസിസം, ഹിന്ദു, മുസ്ലീം എന്നല്ലാതെ ആനന്ദിനു യാതൊന്നും പറയാനില്ലാത്ത അവസ്ഥയുണ്ട്.

  •  പൂര്‍വ്വകാല മനുഷ്യരെയും അവരുടെ പെരുമാറ്റരീതിയെയും ഇന്നത്തെ മനുഷ്യര്‍ ഹാസ്യാനുകരണം ചെയ്യുകയാണെന്നും ഇത് മനുഷ്യന്റെ അടിസ്ഥാനസ്വഭാവമാണെന്നും Mimesis എന്ന പുസ്തകത്തില്‍ ഇംഗ്ലീഷ് സാഹിത്യചിന്തകനായ മാത്യു പോട്ടോള്‍സ്‌കി പറയുന്നു.

Tags: പദാനുപദം
Share23TweetSend
Previous Post

പൂച്ച ജന്മം

Next Post

''മാര്‍ക്‌സിസ്റ്റ് ഭരണത്തില്‍ സ്ത്രീക്ക് വീട്ടിലും രക്ഷയില്ല''- കെ.സുരേന്ദ്രന്‍

Related Posts

പദാനുപദം

വേഗതയുടെ ഛന്ദസ്സ്

പദാനുപദം

സൃഷ്ടിപ്രക്രിയയുടെ അനന്യത

പദാനുപദം

ആഗ്രഹങ്ങള്‍ പൂര്‍ത്തിയാക്കുന്ന വിധം

പദാനുപദം

അസ്തിത്വത്തന് ഒരടി മുകളില്‍

പദാനുപദം

കവി അറിയാവുന്നതില്‍ കൂടുതല്‍ എഴുതണം

പദാനുപദം

ഗുരുവിനെയും വാഗ്ഭടാനന്ദനെയും അപമാനിച്ച് ഓണക്കഥ

Next Post

''മാര്‍ക്‌സിസ്റ്റ് ഭരണത്തില്‍ സ്ത്രീക്ക് വീട്ടിലും രക്ഷയില്ല''- കെ.സുരേന്ദ്രന്‍

Discussion about this post

Latest

കമ്പപ്പുരയിലെ കളിതമാശകള്‍

മാപ്പ് പറയുമോ…മാര്‍ക്‌സിസ്റ്റ് ചരിത്രകാരന്മാര്‍…?

ജിഹാദിന്റെ പിടിയിലമരുന്ന യുറോപ്പ്‌

പ്രപഞ്ചനിര്‍മ്മിതിയുടെ മാന്ത്രിക ചൂള

ചില അയോദ്ധ്യാനന്തര ചിന്തകള്‍

മനഃസാക്ഷി മരവിച്ച മനുഷ്യജന്മങ്ങള്‍

ധന്യത വറ്റിയ മലയാളനോവല്‍

ചാണക്യന്‍ അഥവാ കൗടില്യന്‍

കേരളത്തിലെ ചില ‘വാവകള്‍’

ഭാരതത്തിലെ ഏറ്റവും വലിയതുരങ്കം ശ്യാമപ്രസാദ് മുഖര്‍ജിയുടെ പേരില്‍

Facebook Twitter Youtube

മേൽവിലാസം

പി.ബി. നമ്പര്‍ : 616
'സ്വസ്തിദിശ'
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 230444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

© Kesari Weekly - The National Weekly of Kerala

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • ഇ-വീക്കിലി
  • മുഖലേഖനം
  • ലേഖനം
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • പദാനുപദം
  • കഥ
  • കവിത
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • About Us
  • Contact Us
  • Editors
  • Advertise
  • Subscribe

© Kesari Weekly - The National Weekly of Kerala