ബ്രസീലിലെ ഏറ്റവും വലിയ സാഹിത്യപ്രതിഭ ക്ലാരിസ് ലിസ്‌പെക്ടര്‍ (1920-1977) ആണ്; പൗലോ കൊയ്‌ലോ, ഹൊര്‍ഹൊ അമാദോ തുടങ്ങിയവരൊന്നുമല്ല.The passion according to G.H, The hour of the star തുടങ്ങി ഒന്‍പത് നോവലുകള്‍ എഴുതിയിട്ടുണ്ട്. ഇതിനു പുറമേയാണ് The imitation of the rose, Not to forget തുടങ്ങി പത്ത് കഥാസമാഹാരങ്ങള്‍.
ക്ലാരിസ് ഒരു പ്രൊഫഷണല്‍ എഴുത്തുകാരിയാകണമെന്ന് ഒരിക്കലും ആഗ്രഹിച്ചില്ല. അവര്‍ താന്‍ എഴുതുന്നതില്‍ സ്വന്തം അസ്തിത്വത്തെ ബാധിച്ച പ്രശ്‌നങ്ങളുണ്ടാകണമെന്നാണ് തീരുമാനിച്ചിരുന്നത്. അവര്‍ സ്വന്തം ഭാഷയില്‍ തന്നെ താന്‍ എങ്ങനെ കൂടുതല്‍ സ്വതന്ത്രയാകാമെന്ന് ആലോചിച്ചിരുന്നു. ശരിയായ പ്രചോദനമുണ്ടെങ്കില്‍ മാത്രം എഴുതുക എന്ന നയത്തില്‍ വിശ്വസിച്ച ക്ലാരിസിന് ആദ്യകാലത്ത് വളരെ കുറച്ച് വായനക്കാരേ ഉണ്ടായിരുന്നുള്ളൂ. ഒരു ചെറിയ വൃത്തത്തില്‍ ഒതുങ്ങിയ അവരെ, പക്ഷേ, സാഹിത്യത്തെ പരമപ്രധാനമായി കാണുന്ന ഒരു ചെറിയ വിഭാഗം കൂടുതല്‍ ശ്രദ്ധയോടെ പിന്തുടര്‍ന്നു. അവരിലൂടെയാണ് ക്ലാരിസ് കൂടുതല്‍ വായനക്കാരിലേക്ക് എത്തിയത്.
Near to the wild heart എന്ന ആദ്യനോവലിലൂടെ അവര്‍ നവസാഹിത്യത്തിന്റെ സുവിശേഷം കുറച്ചുപേരിലെങ്കിലും എത്തിച്ചു. 1943ല്‍ പുറത്തുവന്ന ആ കൃതിയെക്കുറിച്ച് പ്രമുഖ ബ്രസീലിയന്‍ കവി ലീദോ ഇവോ ഇങ്ങനെ പറഞ്ഞു: പോര്‍ച്ചുഗീസ് ഭാഷയില്‍ ഒരു സ്ത്രീ എഴുതിയ ഏറ്റവും മഹത്തായ നോവലാണിത്. ഈ വിശേഷണത്തില്‍ നിന്ന് നല്ല വായനക്കാര്‍ അവരെ ബ്രസീല്‍ കണ്ട എക്കാലത്തെയും മഹാപ്രതിഭ എന്ന തലത്തിലെത്തിച്ചു. എന്നാല്‍ മരണാനന്തരം അവരുടെ കൃതികള്‍ കൂടുതല്‍ വായിക്കപ്പെടുകയും പഠിക്കപ്പെടുകയും ചെയ്തു. അവരെ കാഫ്ക, നീഷേ തുടങ്ങിയ എഴുത്തുകാരോടൊപ്പമാണ് ഇപ്പോള്‍ സാഹിത്യവിമര്‍ശകര്‍ പരിഗണിക്കുന്നത്.
അമേരിക്കന്‍ പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ ബെഞ്ചമിന്‍ മോസര്‍ പറയുന്നു, കാഫ്കയ്ക്ക് ശേഷം ലോകം കണ്ട ഏറ്റവും പ്രധാനപ്പെട്ട ജൂത എഴുത്തുകാരിയാണ് ക്ലാരിസ്. ക്ലാരിസിന്റെ The breath of life വസ്തുവിന്റെ, മനുഷ്യന്റെ, സൃഷ്ടി പ്രക്രിയയുടെ അനന്യത അല്ലെങ്കില്‍ തനിമ അന്വേഷിക്കുന്ന കൃതിയാണ്. ഒരെഴുത്തുകാരനും തന്റെ കഥാപാത്രവും തമ്മിലുള്ള സംഭാഷണമാണ് നോവലിന്റെ കാതല്‍. നോവലിന്റെ കലയില്‍ ഇതുപോലെ എന്തെങ്കിലുമാണ് സംഭവിക്കേണ്ടത്. അതിനുപകരം ഗ്രാമത്തിന് ഒരു ചരിത്രമുണ്ടായിരുന്നെന്നും അത് താന്‍ പറയുന്നപോലെയാണ് എഴുതേണ്ടതെന്നും വിളിച്ചു പറയുന്ന ഒരു ശരാശരി നോവലിസ്റ്റിനെക്കൊണ്ട് എന്താണ് പ്രയോജനം? നോവലിന്റെ കലയിലേക്ക് എന്തെങ്കിലും സംഭാവന ചെയ്യാനാകണം. ഒരു വ്യക്തിയുടെ അല്ലെങ്കില്‍ തന്റെ തന്നെ ജീവിതം രക്ഷിച്ചു പിടിക്കാന്‍ വേണ്ടിയാണ് താന്‍ എഴുതുന്നതെന്ന ക്ലാരിസ് പറഞ്ഞിട്ടുണ്ട്. അതില്‍ നിന്ന് മനസ്സിലാക്കേണ്ടത്, സാഹിത്യരചന അവര്‍ക്ക് പണമുണ്ടാക്കാനുള്ള മാര്‍ഗമല്ലായിരുന്നു എന്നാണ്. അവര്‍ തന്റെ വ്യക്തിപരമായ, ആന്തരികമായ പദപ്രശ്‌നമാണ് പൂരിപ്പിക്കാന്‍ ശ്രമിച്ചത്.
അനുഭവങ്ങളുടെ ആഴങ്ങള്‍ വന്നുവിളിച്ചപ്പോഴുള്ള ഉന്മാദാവസ്ഥയാണ് ക്ലാരിസിനെ രചനയിലേക്ക് നയിക്കുന്നത്. ഇത് ഒരു അധികമായ പ്രതിഭ (Excess Talent) യുടെ ലക്ഷണമാണ്. ശരാശരി സിനിമയെടുക്കാന്‍, നോവലെഴുതാന്‍ അധികമായ പ്രതിഭ വേണ്ട; എന്നാല്‍ ക്ലാരിസിനെ തുണയ്ക്കുന്നത് അവരുടെ ഈ പ്രത്യേകതരം പ്രതിഭയാണ്. അധികരിച്ച പ്രതിഭ നിലവിലുള്ള യാഥാര്‍ത്ഥ്യത്തിന്റെ അഗാധതകള്‍ തേടാന്‍ പ്രേരിപ്പിക്കുന്നു. ഇതാണ് വാക്കുകള്‍ക്ക് പിറകിലെ തീയായി കത്തുന്നത്.
”ഞാനാരാണ് എന്ന് ചോദിക്കുമ്പോള്‍ അതിനൊരു ഉത്തരം വേണ്ടിവരും. എന്നാല്‍ അത് ഒരാളെ എങ്ങനെ തൃപ്തിപ്പെടുത്തും? ഈ അന്വേഷണത്തില്‍ നമ്മള്‍ ഓര്‍ത്തിരിക്കേണ്ട ഒരു കാര്യം നാം വല്ലാത അപൂര്‍ണരാക്കപ്പെട്ടിരിക്കുന്നു എന്ന വസ്തുതയാണ്” – ക്ലാരിസ് ഒരിക്കല്‍ പറഞ്ഞു. ഇങ്ങനെ അവനവനെക്കുറിച്ചുള്ള കൂടുതല്‍ വ്യക്തതയ്ക്കുവേണ്ടി നമുക്ക് എന്ത് ചെയ്യാനാകും? കൂടുതല്‍ സങ്കീര്‍ണമായ ചോദ്യങ്ങളിലൂടെ പ്രശ്‌നത്തെ വലുതാക്കാന്‍ എങ്കിലും സഹായിക്കും. നചികേതസ്സിന്റെ ചോദ്യങ്ങള്‍ ഭാരതത്തിന്റെ ദാര്‍ശനിക രംഗത്ത് ഉണ്ടാക്കിയ പ്രകമ്പനങ്ങള്‍ ഇപ്പോഴും അസ്തമിച്ചിട്ടില്ല.
ഏകാന്തതയെക്കുറിച്ച്
അമേരിക്കയില്‍ മസാചുസറ്റ്‌സിനടുത്തുള്ള ഒരു തടാകമാണ് വാല്‍ഡന്‍. അറുപത്തിയൊന്ന് ഏക്കര്‍ വിസ്തൃതിയുള്ള ഈ തടാകം ഒരു വനാതിര്‍ത്തിയിലാണുള്ളത്. അമേരിക്കന്‍ പ്രകൃതിവാദിയായ ഹെന്റി ഡേവിഡ് തോറോ (1817-1862) ഈ തടാകതീരത്ത് ഒരൊറ്റമുറി വീട് പണിത് അതില്‍ രണ്ടുവര്‍ഷക്കാലം താമസിച്ചത് മഹത്തായ ഒരു കൃതിയുടെ പിറവിക്ക് കാരണമായി – ‘Waldon or life in the woods.’
എല്ലാദിവസവും വായിക്കാന്‍ കൊള്ളാവുന്ന പുസ്തകമാണിത്. ഇത് പ്രകൃതിയോടും മനുഷ്യനോടും നമ്മെ കൂടുതല്‍ അടുപ്പിക്കും. നമുക്ക് നഷ്ടപ്പെട്ടത് ജീവിതമല്ലാതെ മറ്റൊന്നല്ലെന്ന് ഈ കൃതി ബോധ്യപ്പെടുത്താതിരിക്കില്ല.
തന്റെ മനസ്സിനു ഏകാന്തത ഒരു ഭക്ഷണമായിരുന്നെന്ന തിരിച്ചറിവ് തോറോക്ക് ഉണ്ടായത് ഈ കാലത്താണ്. പട്ടണത്തിലെ ശബ്ദങ്ങളൊന്നുമില്ല. മറ്റാരും നമ്മെ നിരീക്ഷിക്കുന്നുമില്ല. ആരുമായും ദിവസേനയുള്ള ആശയവിനിമയങ്ങളില്ല. പരിപൂര്‍ണ്ണമായ ഏകാന്തത മാത്രം. അപ്പോള്‍ മനുഷ്യനു ചെയ്യാവുന്നത്, തന്നിലേക്ക് തന്നെ മുഖം തിരിക്കുകയാണ്. തന്റെ ലോകം ഇതുവരെ കണ്ടതൊന്നുമല്ല എന്ന് മനസ്സിലാവും. ആത്മഭാഷണം ഒരു വലിയ മനുഷ്യവ്യവഹാരമായി ഉയര്‍ന്നുവരും. ഇപ്പോള്‍ നമ്മള്‍ മറ്റുള്ളവരുടെ ദൃശ്യങ്ങളും സംഭാഷണങ്ങളും കേട്ട് കേട്ട് ഉള്ളില്‍ ഏറെക്കുറെ ഒരു മരുഭൂമി തന്നെ സൃഷ്ടിച്ചിരിക്കുകയാണ്. ആന്തരികമായ ജ്ഞാനത്തില്‍ നിന്ന് നാം പൂര്‍ണമായി വേര്‍പെടുത്തപ്പെട്ടിരിക്കുന്നു. അതിന്റെ ഫലമാണ് ഒരു വീട്ടിലെ എല്ലാവരെയും പല കാലങ്ങളിലൂടെ കൊന്നിട്ടായാലും കുറച്ചു സ്വത്ത് നേടാമെന്ന് വിചാരിക്കുന്നത്. സ്വത്ത് ജീവിതത്തിന്റെ എല്ലാ നല്ല വശങ്ങളേക്കാള്‍, മനോഹാരതിയേക്കാള്‍ മികച്ചതാണെന്ന് വിചാരിക്കുന്നവര്‍ ഏറുകയാണ്.
ഹാരി.ജെ.സ്റ്റീഡ് എന്ന ഒരു യുവ എഴുത്തുകാരന്‍ അടുത്തിടെ തോറോയെക്കുറിച്ച് ഒരു ലേഖനമെഴുതിയത് വായിക്കാനിടയായി. അദ്ദേഹം പറയുന്നത്, ഇത് ശബ്ദങ്ങളുടെ കാലഘട്ടമെന്നാണ്. എല്ലാവരും പരമാവധി ഉച്ചത്തില്‍ എന്തൊക്കെയോ വിളിച്ചു പറയുകയാണ്. ശബ്ദം കേള്‍പ്പിച്ചില്ലെങ്കില്‍ നാം പിന്നിലായിപ്പോകുമോ എന്ന ഭയം സാംസ്‌കാരിക പ്രവര്‍ത്തകരെപ്പോലും ബാധിച്ചിരിക്കുന്നു. നമ്മള്‍ ചെയ്യുന്ന ചെറിയ കാര്യങ്ങള്‍, സ്‌നേഹവും ദയയും ആരും ഓര്‍ക്കാനിടയില്ലാത്തത്, ഏറ്റവും മഹത്വമുള്ളതാണെന്ന ലോകകവി വേര്‍ഡ്‌സ് വര്‍ത്തിന്റെ വാക്യം ഈ ശബ്ദവോട്ടുകാര്‍ ഓര്‍ക്കാനിടയില്ല.
ഏകാന്തത എന്നാല്‍ തനിച്ചാവുക എന്നല്ല അര്‍ത്ഥം; ചുറ്റുപാടില്‍ നിന്ന് ഊര്‍ജ്ജം വലിച്ചെടുക്കാനാവശ്യമായ സ്വച്ഛത വേണമെന്നാണ്.
വായന
ശിവപ്രസാദ് പാലോട് എഴുതിയ ‘പഴയ മാര്‍ക്കറ്റ്’ (കേസരി, ഒക്‌ടോ.18) എന്ന കവിത ഓര്‍മ്മകളുടെ ശവമഞ്ചത്തെയാണ് വരയ്ക്കുന്നത്. ‘എല്ലാ സ്വപ്നങ്ങളും ചാക്കില്‍ കെട്ടിക്കൊണ്ടുവന്നിട്ടുണ്ട്’ എന്ന വാക്യം അര്‍ത്ഥസാന്ദ്രമായി.
മാ. ദക്ഷിണാമൂര്‍ത്തിയുടെ ‘ഞാന്‍ ജനിച്ചിട്ടില്ല’ എന്ന കൃതിയെക്കുറിച്ച് കെ.എല്‍.പോള്‍ എഴുതിയ ആസ്വാദനം (ആത്മജ്ഞാനത്തിന്റെ പാടല്‍കള്‍, കലാകൗമുദി) ചിന്തിക്കാന്‍ പ്രേരിപ്പിക്കും. തത്ത്വചിന്തയാണ് ഈ കൃതിയുടെ കാതല്‍. സ്വയം കണ്ടെത്തുന്നവന് അവസാനം ഒരു ശൂന്യതയെ നേരിടേണ്ടിവരും. തമിഴ് ശൈവസിദ്ധനായ ശിവവാക്യരുടെ ചിന്തകളുടെ വ്യാഖ്യാനമാണിത്. ശരീരം തന്നെ ഒരു എച്ചിലാണെന്ന പക്ഷമാണ് ശിവവാക്യര്‍ക്കുള്ളത്. എന്നാല്‍ പുണ്യകര്‍മ്മം ചെയ്യുന്നത് ശരീരം കൊണ്ടാണ്. തേന്‍ തേനീച്ചയുടെ എച്ചിലാണ്. വണ്ടിന്റെ എച്ചിലാണ് പൂവ്. പൂവാണ് പൂജയ്ക്ക് ഉപയോഗിക്കുന്നത്. ഈ എച്ചിലും പരബ്രഹ്മമാണത്രേ.
എസ്.ഭാസുരചന്ദ്രന്‍ എഴുതിയ ദയാപരന്‍ (പ്രഭാത രശ്മി) അദൃശ്യനായ മരണത്തെ ഒരു മാനുഷാകാരത്തില്‍ ദൃശ്യവത്ക്കരിച്ചു കാണിക്കുന്നു. മരണത്തിലേക്ക് മനുഷ്യ ജീവിതത്തെ കയറ്റിവിട്ടിരിക്കുകയാണ് ഈ കഥയില്‍. ജീവിതത്തിന്റെ നിഴലായി നടക്കുന്ന മരണത്തിന് ജീവന്‍ വച്ചാലോ? അതാണ് ഈ കഥ.
ഇടതുപക്ഷപ്രസംഗകനായിരുന്ന സുനില്‍ പി.ഇളയിടം ഇപ്പോള്‍ അതില്‍ നിന്ന് മാറി എന്ന് അനുമാനിക്കാന്‍ വക തരുന്നുണ്ട്, അദ്ദേഹത്തിന്റെ പുതിയ ലേഖനം (കൈരളിയുടെ കാക്ക). സുനിലിന് പുരോഗമന സാഹിത്യത്തോട് ഇപ്പോള്‍ ഒരു മമതയുമില്ല. നന്നായി. സുനിലിന് എല്ലാം അപരത്വവുമായുള്ള മുഖാമുഖമാണ്. പ്രകൃതിയെന്നും സംസ്‌കാരമെന്നുമുള്ള വേര്‍തിരിവ് കലയ്ക്ക് ആവശ്യമില്ലെന്ന അദ്ദേഹത്തിന്റെ പുതിയ നിലപാട് അമാര്‍ക്‌സിസ്റ്റ് (മാര്‍ക്‌സിസ്റ്റ് വിരുദ്ധം) കൂടാരത്തിന്റേതാണ്.
പ്രമുഖ ജര്‍മ്മന്‍ കവി പോള്‍ സെലാന്റെ രചനകളെക്കുറിച്ച് വൈക്കം മുരളി എഴുതിയ ലേഖനം (പോള്‍ സെലാന്‍: കവിതകളുടെ വസന്തകാലം, ഗ്രന്ഥലോകം) ഇരുപതാം നൂറ്റാണ്ടിലെ പ്രക്ഷുബ്ധമായ രാഷ്ട്രീയ കാലാവസ്ഥകളെ ഓര്‍മ്മിപ്പിച്ചത് ഉചിതമായി. ജീവിക്കുമ്പോള്‍ തന്നെ പിന്തുടരുന്നത് ഒരു പഴയ നിഴലാണെന്ന് കവിക്ക് തോന്നുന്നതായി മുരളി രേഖപ്പെടുത്തുന്നു.
കഥാകൃത്ത് വി.ബി. ജ്യോതിരാജ് ഒരു ചര്‍ച്ചയ്ക്ക് മരുന്നിടുകയാണ്. വൃത്തികെട്ട പെണ്ണുങ്ങള്‍ക്കാണ് വശീകരണശക്തി എന്ന് കെനിയന്‍ എഴുത്തുകാരന്‍ ബെന്‍ ഓക്രി പറഞ്ഞത് അദ്ദേഹം ഉദ്ധരിക്കുന്നു (ഇണജ്വാല, മുംബൈ). ഇത് സ്ത്രീവിരുദ്ധമായ പ്രയോഗമാണെന്ന് പറയാതെ വയ്യ. വശീകരണശക്തി സ്ത്രീ സൗന്ദര്യത്തിന്റെ ഭാഗമാണെന്ന് പറഞ്ഞാലെന്താണ് കുഴപ്പം?
സച്ചിദാനന്ദന്റെ ‘പശ്ചിമകാണ്ഡം’ (മാതൃഭൂമി) എന്ന കവിതയില്‍ ‘പ്രസവിക്കുന്ന നിമിഷം അമ്മ വേദന ആഘോഷിക്കുംപോലെയല്ല, ആയുസ്സു മുഴുവന്‍ മകന്‍ കവിതയിലൂടെ നിലവിളിക്കുന്നത്’ എന്ന് എഴുതിയിരിക്കുന്നു. ഭാഷ കണ്ടിട്ട് ഇത് പരിഭാഷപോലെ തോന്നിച്ചു. അമ്മ പ്രസവവേദന ആഘോഷിക്കുകയാണെന്ന് ഒരു മലയാളകവി ഒരിക്കലും പറയില്ല. മലയാള ഭാഷയിലല്ല മലയാളിയും മലയാളിത്തവുമുള്ളത്. അവന്റെ വൈകാരികാനുഭൂതികളിലാണ്. ഈ കവിത തരുന്ന വികാരം പാശ്ചാത്യമാണ്.
തരിശുഭൂമി
അമേരിക്കന്‍ – ബ്രിട്ടീഷ് കവി ടി.എസ്. എലിയറ്റിന്റെ ‘തരിശുഭൂമി’ എന്ന കവിത ഡോ. അയ്യപ്പപ്പണിക്കര്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് 1972ലാണ്. കേരള കവിതയുടെ പതിനൊന്നാം ലക്കത്തിലാണ് അത് പ്രസിദ്ധീകരിച്ചത്. എലിയറ്റിന്റെ The waste land (1922) ലോക കവിതയില്‍ തന്നെ പരിവര്‍ത്തനത്തിനു തുടക്കം കുറിച്ച രചനയാണ്. ഈ സവിശേഷ സന്ദര്‍ഭം ഓര്‍മ്മിച്ചുകൊണ്ട് പരിഭാഷയിലെ പ്രശ്‌നങ്ങളെക്കുറിച്ച് ദേശമംഗലം രാമകൃഷ്ണന്‍ എഴുതിയ ‘വിവര്‍ത്തനത്തിന്റെ നാനാര്‍ത്ഥങ്ങള്‍ (മലയാളം) എന്ന ലേഖനം പ്രൗഢമാണ്. ‘തരിശുഭൂമി’യെക്കുറിച്ച് ദേശമംഗലം നടത്തുന്ന ഒരു ചെറുനിരീക്ഷണം ശ്രദ്ധേയമാണ്. പടിഞ്ഞാറിന്റെ ഊഷരഭൂമികളിലൂടെ ഉഴറിയുഴറി സഞ്ചരിച്ച കവി മനസ്സ് ചെന്നെത്തുന്നത് ഉപനിഷത് പൊരുളിലാണ് എന്ന് ദേശമംഗലം അഭിപ്രായപ്പെടുന്നു. ലോകം അന്ധതമസ്സിലേക്ക് മുങ്ങിത്താഴുമ്പോള്‍ എലിയറ്റിന് ഉപനിഷത്ത് ഒരു പിടിവള്ളിയായി മാറുന്നു എന്നാണ് ‘തരിശുഭൂമി’ തെളിയിക്കുന്നത്.
നുറുങ്ങുകള്‍
- ചില ഇടതുപക്ഷ പ്രഭാഷകരും എഴുത്തുകാരും ഇപ്പോള്‍ സകലതിന്റെയും താക്കോല്‍ വാക്കായി കാണുന്നത് അപരത്വത്തെയാണ്. എന്നാല്‍ ഈ അപരത്വം മാര്‍ക്‌സിസ്റ്റ് വീക്ഷണത്തിനു ഇണങ്ങുകയില്ല. മാര്‍ക്‌സിസത്തില്‍ അപരത്വമില്ല; വര്‍ഗമേയുള്ളൂ. അപരന്‍ എന്ന ആശയം യുറോപ്യന്‍ വ്യക്തിവാദത്തിന്റേതാണ്.
- കെ.ഇ.എന്‍. തുടങ്ങിയവര്‍ ചര്‍ച്ച ചെയ്യുന്ന സ്വത്വം എന്ന ആശയം മാര്‍ക്‌സിസ്റ്റ് വിരുദ്ധ (അമാര്‍ക്‌സിസ്റ്റ്) മാണ്. സ്വത്വം എന്ന സങ്കല്പം ആധുനികതയ്ക്ക് മുമ്പുള്ളതാണ്. അതായത് ഒന്നാം ലോകമഹായുദ്ധത്തിനു മുമ്പുള്ളത്. വ്യക്തി പലകാലങ്ങളിലൂടെ വികസിക്കുകയും പലതാകുകയും ചെയ്യുന്നു. അങ്ങനെയാണ് ലോകം വലുതാകുന്നത്. സ്വത്വവാദികള്‍ പറയുന്നത്, വ്യക്തി സ്ഥിരമായ ഒരു സ്വത്വത്തിനുള്ളില്‍ ജീവിതകാലമത്രയും വസിക്കുന്നുവെന്നാണ്.
- കഥയോ കഥാപാത്രങ്ങളോ നായകനോ നായികയോ ഇല്ലാതെ ഒരു സിനിമ (ജല്ലിക്കട്ട്) യാഥാര്‍ത്ഥ്യമാക്കിയ ലിജോ ജോസ് പെല്ലിശ്ശേരി പുതിയൊരു ആഖ്യാനം അവതരിപ്പിക്കുകയാണ്. തന്റെ കഥാപാത്രങ്ങളെ മാറിനിന്ന് പരിഹസിക്കാന്‍ സംവിധായകന് ഒരു മടിയുമില്ല.
- ഒരു സിനിമയ്ക്ക് സാഹിത്യമോ നാടകീയതയോ ആവശ്യമില്ലെന്നാണ് ദിലീഷ് പോത്തന്റെ ‘മഹേഷിന്റെ പ്രതികാരം’, ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ എന്നീ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്.
- ഭീരുത്വം, ദയനീയമായ ദൗര്‍ബല്യങ്ങള്‍, സ്വാര്‍ത്ഥത, കാപട്യം, അന്ധമായ അതിവൈകാരികത എന്നിവയാണ് നമ്മുടെ യഥാര്‍ത്ഥ ശത്രുക്കളെന്ന് മഹര്‍ഷി അരബിന്ദോ പറഞ്ഞു.