Monday, September 25, 2023
  • Subscribe
  • Buy Books
  • About Us
  • Contact Us
  • Advertise
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home വായനാവീഥി

രാമായണങ്ങളുടെ ലോകത്തിലൂടെ

ഡോ.ഒ.വാസവന്‍

Print Edition: 11 August 2023

രാമായണങ്ങളുടെ ലോകം
എം.ശ്രീഹര്‍ഷന്‍
വേദ ബുക്‌സ്, കോഴിക്കോട്
പേജ്:144 വില:190 രൂപ

കാലമെത്ര കഴിഞ്ഞാലും തലമുറകളെത്ര പിന്നിട്ടാലും രാമായണത്തിന്റെ ജനപ്രീതിയും പ്രസക്തിയും നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്നതായാണ് അനുഭവം. ഉന്നതമൂല്യങ്ങളും അതു നല്‍കുന്ന സന്ദേശവും അതിനെയൊക്കെ സാധൂകരിക്കുന്ന കഥാസന്ദര്‍ഭങ്ങളുടെ ഹൃദയഹാരിയായ ആഖ്യാനരീതിയും കൊണ്ടാണ് ഈ ഇതിഹാസ കാവ്യം കാലദേശങ്ങള്‍ക്കപ്പുറം മനുഷ്യസമൂഹത്തിന് സ്വീകാര്യമാകുന്നത്. എണ്ണമറ്റ കാവ്യരൂപങ്ങളിലൂടെയും കലാവിഷ്‌കാരങ്ങളിലൂടെയും പുതുമ നഷ്ടമാകാതെ രാമായണം ലോകമാകെ സാംസ്‌കാരിക ചൈതന്യം പ്രസരിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

രാമായണത്തെക്കുറിച്ചുള്ള വസ്തുതാപരമായ അറിവിന്റെ വിശാലലോകത്തിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന കൃതിയാണ് എം.ശ്രീഹര്‍ഷന്‍ രചിച്ച ‘രാമായണങ്ങളുടെ ലോകം’. രാമായണത്തെ കുറിച്ചുള്ള ഗവേഷണാത്മകമായ പഠനമല്ല ഇതെന്ന് മുഖവുരയില്‍ ഗ്രന്ഥകര്‍ത്താവ് പറയുന്നുണ്ടെങ്കിലും രാമായണത്തെക്കുറിച്ച് സാരഗര്‍ഭമായ അന്വേഷണം നടത്തിയ ഗ്രന്ഥകാരനെയാണ് പുസ്തകത്തിലൂടെ കാണാനാകുക.

ആദികാവ്യം എന്ന ഒന്നാമധ്യായത്തില്‍ വാല്മീകി മഹര്‍ഷി രാമകഥ രചിക്കാനുണ്ടായ സാഹചര്യത്തെ കുറിച്ചും ആദികവിയുടെ ജീവിതത്തെ കുറിച്ചും പ്രതിപാദിക്കുന്നു. സംസ്‌കൃതത്തില്‍ രചിച്ച ആദികാവ്യത്തിന്റെ രചനാകാലവും മൂലരൂപത്തെ കുറിച്ചുമെല്ലാം സവിസ്തരം പറയുന്നുണ്ട്. സംസ്‌കൃതഭാഷയില്‍ രചിക്കപ്പെട്ട മറ്റു രാമായണങ്ങളെ കുറിച്ചാണ് രണ്ടാമധ്യായത്തില്‍ വിവരിക്കുന്നത്. മഹാഭാരതത്തിലെ രാമകഥാ സന്ദര്‍ഭത്തെ കുറിച്ചും ശ്രീമദ് ഭാഗവതത്തിലെ ശ്രീരാമ അവതാരകഥയെ കുറിച്ചും ഇവിടെ പരാമര്‍ശിക്കുന്നു. സംസ്‌കൃതത്തില്‍ രചിക്കപ്പെടുകയും പില്‍ക്കാലത്ത് വിശേഷിച്ച് മധ്യകാലഘട്ടത്തിലെ ഭക്തിപ്രസ്ഥാനകാലത്ത് വ്യത്യസ്ത ഭാരതീയ ഭാഷകളിലെ കവികള്‍ പുനരാഖ്യാനം നടത്തുകയും ചെയ്ത അധ്യാത്മരാമായണത്തെ കുറിച്ച് ഈ അധ്യായത്തില്‍ വിവരണം നല്‍കുന്നു. വാല്മീകി രാമായണത്തെ അധികരിച്ചാണ് അധ്യാത്മ രാമായണം രചിക്കപ്പെട്ടതെങ്കിലും രാമന്‍ നരോത്തമനായല്ല അവതാരപുരുഷനായാണ് ഇവിടെ പ്രത്യക്ഷപ്പെടുന്നത്. കഥാഗതിയിലും ചില മാറ്റങ്ങള്‍ ദര്‍ശിക്കാനാകും. ഉദാഹരണത്തിന് വസിഷ്ഠന്‍ രാമന്റെ അവതാരോദ്ദേശ്യവും മഹത്വവുമൊക്കെ ഭരതന് ഉപദേശിച്ചു കൊടുക്കുന്ന ഭാഗം വാല്മീകി രാമായണത്തില്‍ കാണാന്‍ കഴിയില്ല. രാമന്‍ വിഷ്ണുവിന്റെ അവതാരമാണെന്ന് മനസ്സിലാക്കിയപ്പോള്‍ കാട്ടില്‍ ചെന്ന് കൈകേയി മാപ്പ് ചോദിക്കുന്ന രംഗവും അധ്യാത്മരാമായണത്തില്‍ മാത്രമേ കാണാന്‍ കഴിയൂ. ഈ കാര്യങ്ങളെല്ലാം ശ്രീഹര്‍ഷന്‍ തന്റെ പുസ്തകത്തില്‍ വിവരിക്കുന്നത് രാമഭക്തര്‍ക്കും യുവതലമുറയ്ക്കും രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങളെ കുറിച്ച് അറിവ് നല്‍കാന്‍ സഹായകരമാണ്. കാളിദാസന്റെ ക്ലാസ്സിക് രചനയായ രഘുവംശം, ഭാസന്റെ പ്രതിമാനാടകം, മേല്പു ത്തൂരിന്റെ കൃതിയാണെന്ന് പറയപ്പെടുന്ന പട്ടേരിപ്രബന്ധങ്ങളിലൊന്നായ രാമായണ പ്രബന്ധം, വസിഷ്ഠരാമായണം, അഗസ്ത്യരാമായണം, അത്ഭുതരാമായണം, ആനന്ദരാമായണം, ശ്രീരാമോദന്തം, രാമായണ മഞ്ജരി, ഹനുമന്നാടകം തുടങ്ങി രാമായണത്തെ അധികരിച്ച് സംസ്‌കൃതഭാഷയില്‍ എഴുതപ്പെട്ട പ്രധാന സാഹിത്യാവിഷ്‌കാരങ്ങളെ കുറിച്ചെല്ലാമുള്ള ചെറുകുറിപ്പുകള്‍ വിജ്ഞാനപ്രദമാണ്.

മലയാള ഭാഷയിലെഴുതപ്പെട്ട രാമകഥകളെ കുറിച്ചുള്ള വിവരണമാണ് മൂന്നാമധ്യായത്തില്‍. പതിമൂന്നാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട ചീരാമകവിയുടെ രാമചരിതം, 14-ാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട അയ്യിപ്പിള്ളി ആശാന്റെ രാമകഥാപ്പാട്ട്, നിരണത്ത് രാമപണിക്കരുടെ കണ്ണശരാമായണം, പൂനം നമ്പൂതിരിയുടെ ഭാഷാ രാമായണം ചമ്പു എന്നിവയെ കുറിച്ചെല്ലാം സംക്ഷിപ്തമായി പറയുന്ന ലേഖകന്‍ ഭാഷാപിതാവ് തുഞ്ചത്ത് രാമാനുജനെഴുത്തച്ഛന്റെ അധ്യാത്മരാമായണം കിളിപ്പാട്ടിനെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്. മലയാള ഭാഷയെയും സാഹിത്യത്തെയും സംസ്‌കാരത്തെയും ആഴത്തില്‍ സ്വാധീനിക്കുകയും നവീകരിക്കുകയും ഇന്നും പ്രചോദിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന കാവ്യമാണ് എഴുത്തച്ഛന്റെ അധ്യാത്മരാമായണമെന്ന് ഗ്രന്ഥകാരന്‍ അടിവരയിട്ട് പറയുന്നു. എഴുത്തച്ഛന്റെ ദാര്‍ശനിക ചിന്തകളെയും ധാര്‍മ്മികമൂല്യബോധത്തെയും ഭാഷാവഴക്കത്തെയും സാഹിത്യാനുശീലത്തെയും ശ്രീഹര്‍ഷന്‍ ആദരവോടെ കാണുന്നു. ശ്രീരാമന്‍ നല്‍കുന്ന ഉപദേശങ്ങള്‍ – ലക്ഷ്മണോപദേശവും താരോപദേശവും സാധാരണ ജനങ്ങള്‍ക്കുള്ള കൗണ്‍സിലിങ്ങാണെന്ന് ഗ്രന്ഥകര്‍ത്താവ് വിലയിരുത്തുന്നു. സംഘര്‍ഷത്തിന്റെ സന്ദിഗ്ധ ഘട്ടത്തില്‍ മനഃശക്തിയും ധൈര്യവും സംഭരിക്കാനുതകുന്ന വാക്കുകളാണ് രാമരാവണ യുദ്ധത്തിന്റെ മൂര്‍ദ്ധന്യത്തില്‍ അഗസ്ത്യമുനി രാമനു നല്‍കുന്ന ഉപദേശം. എഴുത്തച്ഛന്റെ രാമായണത്തെ മഹത്തരവും കാലാതിവര്‍ത്തിയുമാക്കുന്ന മനോഹര സന്ദര്‍ഭങ്ങളെ കുറിച്ചെല്ലാം പുസ്തകത്തില്‍ പറയുന്നുണ്ട്.

രാമായണത്തെ അടിസ്ഥാനമാക്കി മലയാളത്തിലെ വിവിധ സാഹിത്യശാഖകളില്‍ എഴുതപ്പെട്ട മറ്റു രാമകഥകളെ ശ്രീഹര്‍ഷന്‍ നമുക്ക് പരിചയപ്പെടുത്തുന്നുണ്ട്. എഴുത്തച്ഛന്‍ രചിച്ചതാണെന്നും അല്ലെന്നും പറയുന്ന ഉത്തരരാമായണം കിളിപ്പാട്ട്, രാമായണം ഇരുപത്തിനാല് വൃത്തം, കുഞ്ചന്‍ നമ്പ്യാരുടെ രാമായണം തുള്ളല്‍ കൃതികള്‍, രാമായണം ആട്ടക്കഥകള്‍, കോട്ടയം കേരളവര്‍മ്മരാജയുടെ വാല്മീകി രാമായണം വിവര്‍ത്തനം, മാപ്പിളപ്പാട്ടിന്റെ ശൈലിയില്‍ രചിക്കപ്പെട്ട മാപ്പിള രാമായണം, രാമായണ നാടകങ്ങള്‍ എന്നിവയെ കുറിച്ചറിയാന്‍ ഈ പുസ്തകം പ്രയോജനപ്പെടും. രാമായണകഥ പ്രമേയമാക്കിയ ആധുനിക കാവ്യങ്ങളായ കുമാരനാശന്റെ ബാലരാമായണം, ചിന്താവിഷ്ടയായ സീത, പി. കുഞ്ഞിരാമന്‍ നായരുടെ ശ്രീരാമചരിതം, വെണ്ണിക്കുളം ഗോപാലക്കുറുപ്പിന്റെ തുളസീദാസ രാമായണം, കെ.എം.ഗോവിന്ദന്‍ പിള്ളയുടെയും ഡോ.എസ്.കെ നായരുടെയും കമ്പരാമായണം, മാലിരാമായണം, കുഞ്ഞുണ്ണി രാമായണം എന്നീ കൃതികളെ കുറിച്ചും രാമനെ പ്രതീകാത്മകമായി ചിത്രീകരിച്ച ഒ.എന്‍.വി കുറുപ്പിന്റെയും മധുസൂദനന്‍ നായരുടെയും കവിതകളെകുറിച്ചും ഇവിടെ ലഘുപ്രതിപാദ്യമുണ്ട്. മറ്റുഭാഷകളിലെന്നപോലെ രാമായണത്തെ പ്രമേയമാക്കി എണ്ണമറ്റ സാഹിത്യാവിഷ്‌ക്കാരങ്ങളും ആഖ്യാനങ്ങളും പഠനങ്ങളുമാണ് മലയാളത്തില്‍ ഉണ്ടായിട്ടുള്ളത്. ഇതിനെയൊക്കെ പരാമര്‍ശിക്കാന്‍ ഗ്രന്ഥകര്‍ത്താവിന് പരിമിതികളുണ്ട്. എന്നാല്‍ രാമായണാധിഷ്ഠിതമായ പ്രമുഖ മലയാള രചനകളെയൊക്കെ സ്പര്‍ശിച്ചുപോകാന്‍ ലേഖകന് സാധിച്ചിട്ടുണ്ട്.

വ്യത്യസ്തഭാഷകളിലെ രാമായണത്തെ കുറിച്ചുള്ള അറിവ് പകരുന്നതാണ് നാലാമധ്യായം. തമിഴ്, കന്നഡ, തെലുഗു, ബംഗാളി, ഹിന്ദി തുടങ്ങി ഉറുദുവിലും പാഴ്‌സിയിലും കാശ്മീരിയിലും രചിക്കപ്പെട്ട രാമായണങ്ങളെ കുറിച്ചുള്ള സൂചനകള്‍ ലഭ്യമാണ്. വിവിധ സമ്പ്രദായങ്ങളിലുള്ള രാമായണങ്ങളെകുറിച്ചും അറിവ് നല്‍കുന്നുണ്ട്. ജൈനരാമായണത്തെക്കുറിച്ചും ബൗദ്ധരാമായണത്തെക്കുറിച്ചും സിഖുകാരുടെ രാമായണത്തെ കുറിച്ചും പറയുന്നതോടൊപ്പം ആദിവാസി ഗോത്രവിഭാഗങ്ങളില്‍ പ്രചാരത്തിലുള്ള രാമായണങ്ങളെ കുറിച്ചും ഗ്രന്ഥകര്‍ത്താവ് ചെറുവിവരണം ലഭ്യമാക്കുന്നു. ജനനായകനായ തുളസീദാസിന്റെ, ഭാരതത്തില്‍ ഇന്നേറ്റവും പ്രചാരത്തിലുള്ള രാമകഥയായ രാമചരിതമാനസത്തെക്കുറിച്ചും ഇതില്‍ പ്രതിപാദിക്കുന്നു. രാമായണത്തെ കുറിച്ച് ഗവേഷണം നടത്തിയ ഭാഷാപണ്ഡിതന്‍ കൂടിയായ ഫാദര്‍ കാമില്‍ ബുല്‍കെയുടെ രാമകഥയെ കുറിച്ചും ഈ പുസ്തകത്തില്‍ പറയുന്നുണ്ട്. ‘രാമകഥ ഉത്പത്തി ഔര്‍ വികാസ്’ എന്ന ഈ ഹിന്ദി കൃതി അഭയദേവ് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തതാണ്.

വിദേശഭാഷകളിലും രാമായണത്തിന്റെ പ്രചാരം ചെറുതല്ല. നേപ്പാളി ഭാഷയിലെ ഭാനുഭക്താചാര്യയുടെ വാല്മീകി രാമായണത്തിന്റെ പരിഭാഷ ശ്രദ്ധേയമാണ്. ബുദ്ധമതത്തിലൂടെ ചൈനയിലും രാമായണം പ്രചരിച്ചു. രാമകഥയുടെ പ്രധാനകേന്ദ്രമായ ശ്രീലങ്കയില്‍ സിംഹളഭാഷയിലെഴുതിയ രാമായണത്തില്‍ വാല്മീകിയുടെ ആദികാവ്യത്തില്‍ നിന്ന് ചില വ്യത്യാസങ്ങള്‍ ശ്രീഹര്‍ഷന്‍ ഈ പുസ്തകത്തില്‍ എടുത്തു കാണിക്കുന്നുണ്ട്. ഇവിടെ ഹനുമാന്റെ സ്ഥാനത്ത് ബാലിയാണ് ലങ്കാദഹനം നടത്തി സീതയെ രാമന്റെ അരികിലെത്തിക്കുന്നത്. ഭാരതീയ സംസ്‌കാരം പ്രചരിച്ച ഇന്‍ഡോനേഷ്യയില്‍ രാമായണത്തിന് നല്ല സ്വാധീനമുണ്ട്. അവിടുത്തെ ജാവ, സുമാത്ര, ബാലി ദ്വീപുകളില്‍ രാമായണത്തിന് വലിയ പ്രചാരമാണ്. ജപ്പാനിലും പശ്ചിമേഷ്യയിലും യൂറോപ്യന്‍ രാജ്യങ്ങളിലും ലാറ്റിനമേരിക്കയിലും ആഫ്രിക്കയിലുമെല്ലാമുള്ള രാമകഥാഖ്യാനങ്ങളെകുറിച്ചുള്ള വിവരണങ്ങള്‍ പുസ്തകത്തില്‍ നിന്ന് ലഭിക്കും.

ഈ ഗ്രന്ഥത്തിലെ ഏറ്റവും ശ്രദ്ധേയമായ ഭാഗമാണ് കലകളിലെ രാമായണത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭാഗം. ചിത്രം, ശില്പം, സംഗീതം, നൃത്തം മറ്റു ദൃശ്യ-രംഗകലകള്‍ എന്നിവയിലെ രാമായണത്തിന്റെ ആവിഷ്‌കാരത്തെ കുറിച്ചാണ് ഇവിടെ വിവരണം നല്‍കുന്നത്. രാമായണത്തെ അടിസ്ഥാനമാക്കിയുള്ള കേരളത്തിലെ ചിത്ര രാമായണം, രാജസ്ഥാനിലെ രജപുത്രകലയുടെ ഭാഗമായ മേവാര്‍ രാമായണം, മുഗള്‍ ചിത്രകലയുടെ ഭാഗമായി രചിക്കപ്പെട്ട അക്ബര്‍ രാമായണം, പഹാഡി പെയിന്റിങ്ങുകള്‍, മധുബനി ചിത്രങ്ങള്‍, രവിവര്‍മ്മ ചിത്രങ്ങള്‍, ജമിനിറോയ് ചിത്രങ്ങള്‍ തുടങ്ങി ചിത്രകലയിലെ രാമായണ ചിത്രീകരണത്തെകുറിച്ച് സാമാന്യമായ അറിവുകള്‍ നല്‍കുന്നു. ശില്പകലയിലെ രാമായണത്തെ കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് കാണുന്ന ശില്പകലയിലെ രാമായണത്തിന്റെ ആവിഷ്‌ക്കാരത്തെക്കുറിച്ചാണ് ലേഖകന്‍ അറിവ് പകര്‍ന്നു തരുന്നത്. സംഗീതത്തിലാണെങ്കില്‍ ശ്രീരാമനെ സ്തുതിച്ചുകൊണ്ടുള്ള അനേകം പാട്ടുകളും കീര്‍ത്തനങ്ങളും പ്രചാരത്തിലുണ്ട്. കര്‍ണ്ണാടക സംഗീതത്തിലെ അപാരരാമഭക്തനായ ത്യാഗരാജ സ്വാമികളുടെയും മുത്തുസ്വാമി ദീക്ഷിതരുടെയും കീര്‍ത്തനങ്ങള്‍ പ്രചുര പ്രചാരം നേടിയവയാണ്. രാമായണം മുഴുവന്‍ ഒരു കൃതിയില്‍ ചിട്ടപ്പെടുത്തിയ സ്വാതി തിരുനാളിന്റെ ‘ഭാവയാമിരഘുരാമം’ എന്ന കീര്‍ത്തനത്തെ കുറിച്ചും ലേഖകന്‍ സൂചിപ്പിക്കുന്നു.

രാമായണത്തെ അധികരിച്ചുള്ള ദൃശ്യകല എന്ന നിലയില്‍ രാംലീലയെകുറിച്ച് പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. ഭാരതത്തിന് പുറത്ത് നിരവധി രാജ്യങ്ങളില്‍ അരങ്ങേറുന്ന രാംലീല രാമായണത്തിന്റെ പ്രചരണത്തിന് വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്. രാമായണവുമായി ബന്ധപ്പെട്ട രംഗകലകള്‍ നിരവധിയാണ്. പല നാടുകളില്‍ പല പേരില്‍ അവ പരന്നു കിടക്കുന്നു. നമ്മുടെ നാട്ടിലാണെങ്കില്‍ കഥകളി, തുള്ളല്‍, തെയ്യം എന്നിവയിലെല്ലാം രാമകഥ നിറഞ്ഞാടുന്നുണ്ട്. ചലച്ചിത്രങ്ങളിലേയും ടി.വി.പരമ്പരകളിലേയും രാമായണത്തെക്കുറിച്ചും ആനിമേഷന്‍ രാമായണചിത്രങ്ങളെക്കുറിച്ചും ലേഖകന്‍ ചെറുവിവരണം നല്‍കുന്നു. വലിയ പ്രചാരം നേടിയ ‘രാമായണ ചിത്രകഥ’കളെക്കുറിച്ച് കൂടി പറഞ്ഞാണ് പുസ്തകം അവസാനിക്കുന്നത്.

എം.ശ്രീഹര്‍ഷന്റെ ‘രാമായണങ്ങളുടെ ലോകം’ വായിച്ചു കഴിയുമ്പോള്‍ രാമായണത്തിന്റെ വിശാല ലോകത്തെയോര്‍ത്ത് തെല്ലൊന്ന് അത്ഭുതപ്പെടാതിരിക്കില്ല. രാമായണ മഹാസാഗരത്തിന്റെ ആഴവും പരപ്പും നമുക്ക് വ്യക്തമാക്കി തരുന്നതില്‍ രചന സഫലമായിരിക്കുന്നു. ഇതിഹാസകാവ്യമായ രാമായണത്തിന്റെ വ്യാപ്തിയും സ്വീകാര്യതയും തേടിയുള്ള അന്വേഷണമാണ് ഗ്രന്ഥകര്‍ത്താവിന് ഈ രചനയെങ്കില്‍ രാമകഥയെകുറിച്ച് ഇനിയും അറിയാനുള്ള ആഗ്രഹം ഇത് വായനക്കാരില്‍ സൃഷ്ടിക്കുന്നു. രാമായണത്തിന് ഇനിയും വ്യാഖ്യാനങ്ങളും വ്യാഖ്യാനഭേദങ്ങളും ആവിഷ്‌ക്കാരങ്ങളും പഠനങ്ങളും ഗവേഷണങ്ങളും സംഭവിച്ചുകൊണ്ടേയിരിക്കും. എം.ശ്രീഹര്‍ഷന്റെ ഈ രാമായണപഠനവും നമുക്കിതിനോട് ചേര്‍ത്ത് വെക്കാം. വേദ ബുക്‌സ് പ്രസിദ്ധീകരിച്ച ‘രാമായണങ്ങളുടെ ലോകം’ രാമായണത്തെ അധികരിച്ച് മലയാളത്തില്‍ രചിക്കപ്പെട്ട വിലപ്പെട്ട കൃതികളില്‍ ഒന്നാണെന്ന് നിസ്സംശയം പറയാം.

Share1TweetSendShare

Related Posts

അനുഭവിച്ചറിയേണ്ട കാവ്യം

സാംസ്‌കാരിക ജീവിതത്തിന്റെ വിരലടയാളം

ചരിത്രാക്ഷരങ്ങളുടെ സങ്കലനങ്ങള്‍

വിഭജനവാദത്തിന്റെ പൊയ്മുഖങ്ങള്‍

മതപരിവര്‍ത്തനത്തിനെതിരായ കുറ്റപത്രം

സ്വാതന്ത്ര്യ സമരത്തിന്റെ വിപ്ലവ അന്തര്‍ധാര

Kesari Shop

  • RSS in Kerala: Saga of a Struggle ₹500
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
Follow @KesariWeekly

Latest

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്

പത്രസ്വാതന്ത്ര്യത്തിന്റെ വായടക്കാന്‍ കരിമ്പട്ടിക

രാഷ്ട്രീയ ഇടപെടലുകളില്‍ നിന്നും കേരളത്തിന്റെ കാര്‍ഷിക സംസ്‌കാരത്തെ മോചിപ്പിക്കണം – എസ്.സുദര്‍ശനന്‍

സാധാരണക്കാരായ ഉപഭോക്താവിനെയും ലോകം പരിഗണിക്കണം – ഡോ. മോഹന്‍ ഭാഗവത്

യുഗപുരുഷനായ ശ്രീനാരായണഗുരു

സനാതന ഭാരതം

ഭാരതം എന്ന ഹിന്ദുരാഷ്ട്രം

വിഭജനവാദത്തിന്റെ വംശപരമ്പരകള്‍

പി.ശ്രീധരന്‍ എന്ന മാതൃകാ സ്വയംസേവകന്‍

കേരളം വാഴുന്നു ‘പുതിയ വര്‍ഗം’

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • History of Kesari
  • Editors
  • Photo Gallery
  • Buy Books
  • Subscribe Magazine
  • Support Us
  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscriber Lounge
  • Subscribe Print Edition
  • Buy Books
  • Log In
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies