കാഞ്ഞങ്ങാട് സംഘ ജില്ലയില്‍ ഉദുമ ഖണ്ഡിലെ ബന്തടുക്ക ശാഖാ സ്വയംസേവകനും മുന്‍ പ്രചാരകനുമായ സി.കെ. ഉണ്ണികൃഷ്ണന്‍ ആഗസ്റ്റ് 2ന് നമ്മെ വിട്ടുപിരിഞ്ഞു. കോഴിക്കോട് എം.വി.ആര്‍. ക്യാന്‍സര്‍ സെന്ററില്‍ വെച്ചായിരുന്നു അന്ത്യം. വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ഏറെ പ്രിയങ്കരനായിരുന്ന ഉണ്ണികൃഷ്ണനെ സ്‌നേഹത്തോടെ ഉണ്ണിയേട്ടന്‍ എന്നാണ് സഹപ്രവര്‍ത്തകര്‍ വിളിച്ചിരുന്നത്. ഗ്രാമക്ഷേത്രമായ ബന്തടുക്ക സുബ്രഹ്‌മണ്യ ക്ഷേത്രത്തിലെ ജീവനക്കാരനായിരുന്ന കൃഷ്ണവാര്യരുടെയും സരസ്വതി വാരസ്യാരുടെയും മകനായി 1966 മെയ് 15ന് ജനിച്ച ഉണ്ണികൃഷ്ണന്‍ കുടുംബത്തിന്റെ താങ്ങും തണലുമായിരുന്നു. ഭാര്യ സുമംഗല. ബന്തടുക്ക സരസ്വതി വിദ്യാലയത്തിലെ അദ്ധ്യാപികയാണ്. മക്കള്‍ ശ്രീലക്ഷ്മിയും ശ്രീഹരിയും വിദ്യാര്‍ത്ഥികളാണ്. ശാരദ, സതി, ഗിരിജ എന്നിവര്‍ സഹോദരിമാര്‍.
ബന്തടുക്ക ഗവ. ഹൈസ്‌കൂളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം കാഞ്ഞങ്ങാട് ഓട്ടോറിക്ഷാ ഡ്രൈവറായി ജോലി ചെയ്തു കൊണ്ടിരിക്കെ അദ്ദേഹം സംഘപ്രവര്‍ത്തനത്തില്‍ ആകൃഷ്ടനാകുകയും സജീവ പ്രവര്‍ത്തകനായി മാറുകയും ചെയ്തു. 1992 മുതല്‍ 1994 വരെ കണ്ണൂര്‍ താലൂക്കില്‍ താലൂക്ക് പ്രചാരകനായി പ്രവര്‍ത്തിച്ചു. സ്വയം സേവകര്‍ക്ക് ഏറെ പ്രിയങ്കരനായ പ്രചാരകനായിരുന്നു അദ്ദേഹം. വര്‍ഷങ്ങള്‍ക്കു ശേഷവും ആ പ്രദേശത്തെ സ്വയംസേവകര്‍ ഇന്നും ആവേശത്തോടെ അദ്ദേഹത്തെ ഓര്‍ക്കുന്നു. പ്രചാരക ജീവിതത്തില്‍ നിന്നു തിരിച്ചു വന്നശേഷം ക്ഷേത്ര ജോലികളില്‍ അച്ഛനെ സഹായിക്കുന്നതോടൊപ്പം അദ്ദേഹം സംഘത്തിന്റെ സജീവ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. ഉദുമ താലൂക്ക് കാര്യവാഹ് ആയും പ്രവര്‍ത്തിച്ചു. ബന്തടുക്ക സരസ്വതി വിദ്യാലയത്തിന്റെ സെക്രട്ടറിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. 1999ല്‍ ബന്തടുക്ക അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റിംഗ് ആന്റ് പ്രോസസ്സിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ അറ്റന്റര്‍ ആയി ജോലിയില്‍ പ്രവേശിച്ച അദ്ദേഹം മരണം വരെ ആ ജോലിയില്‍ തുടര്‍ന്നു. 1997-98 കാലഘട്ടത്തില്‍ ബന്തടുക്കയില്‍ ആരംഭിച്ച സരസ്വതി വിദ്യാലയത്തിന്റെയും മാര്‍ക്കറ്റിംഗ് സൊസൈറ്റിയുടെയും പിന്നീടുള്ള വികസനത്തില്‍ സുപ്രധാന പങ്കുവഹിച്ചു. ഇരുപത് വര്‍ഷത്തോളം അര്‍ബുദ രോഗത്തോട് പൊരുതിക്കൊണ്ടാണ് അദ്ദേഹം കുടുംബകാര്യങ്ങളും സംഘടനാ പ്രവര്‍ത്തനവും ഊര്‍ജ്ജസ്വലമായി നടത്തിയത്. സാമൂഹ്യ-സാംസ്‌കാരിക രംഗങ്ങളില്‍ തിളക്കമാര്‍ന്ന വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു ഉണ്ണികൃഷ്ണന്‍. സംഘപ്രവര്‍ത്തകര്‍ക്ക് എന്നും പ്രേരണയും പ്രോത്സാഹനവും ആവേശവുമായിരുന്ന ഉണ്ണികൃഷ്ണന്‍ അവരുടെ മനസ്സില്‍ എന്നും മരിക്കാത്ത ഓര്‍മ്മയായി നിലനില്‍ക്കും.