ധര്‍മ്മായണം
കാവാലം ശശികുമാര്‍
ജന്മഭൂമി ബുക്‌സ്, കൊച്ചി
പേജ്: 104 വില: 130/-
ഫോണ്‍: 0484-2539819
ആസ്വദിക്കാനും ചിന്തിക്കാനും സംസ്‌കരിക്കാനും സഹായിക്കുന്ന ഗ്രന്ഥങ്ങളെയാണ് ഉത്തമഗ്രന്ഥങ്ങളുടെ ഗണത്തില്‍ പെടുത്തേണ്ടതെന്ന് ആചാര്യന്മാര്‍ പണ്ടേ പറഞ്ഞുവച്ചിട്ടുണ്ട്. ഏതു സാഹിത്യ കൃതിക്കും ഇത് ബാധകമാണ്. കാവാലം ശശികുമാറിന്റെ ‘ധര്‍മ്മായണം’ എന്ന കവിതാസമാഹാരം ഉത്തമഗ്രന്ഥങ്ങളുടെ പട്ടികയില്‍ പെടുന്നത് രാമായണത്തിലെ കഥാസന്ദര്‍ഭങ്ങളെ ചുരുങ്ങിയ വരികളിലൂടെ അവതരിപ്പിക്കുന്നതുകൊണ്ടു മാത്രമല്ല, ‘ഈ കവിതയിലെ മാധുര്യവും മനുഷ്യബന്ധങ്ങളുടെ ഗഹനമായ ഭാവവിശേഷങ്ങളും’ നമ്മളെ ആനന്ദിപ്പിക്കുന്നതുകൊണ്ടു കൂടിയാണ്. ഇക്കാര്യം അവതാരികയില്‍ എം.കെ.സാനുമാഷ് മനോഹരമായി എഴുതിയിട്ടുണ്ട്.
രാമായണം ഭാരതത്തിന്റെ ആത്മ ചൈതന്യമായി തിളങ്ങിനില്‍ക്കുമ്പോഴാണ് രാമായണത്തെ അവലംബിച്ച് ധര്‍മ്മായണംകൂടി മലയാളത്തിന് ലഭിക്കുന്നത്. കര്‍ക്കിടകമാസം ഒന്നാംതീയതി ആരംഭിച്ച് മുപ്പത്തൊന്നാം ദിവസം അവസാനിപ്പിക്കുന്ന അദ്ധ്യാത്മരാമായണ വായന ഹിന്ദുഭവനങ്ങളില്‍ ഇന്ന് സാര്‍വ്വത്രികമായി നടക്കുന്നുണ്ട്. കാവാലം ശശികുമാര്‍ എന്ന അനുഗൃഹീതനായ കവി ആ കര്‍മ്മം തന്റെ വീട്ടില്‍ നിറവേറ്റുന്ന സന്ദര്‍ഭത്തിലാണ് അദ്ദേഹത്തിന്റെ മനസ്സില്‍ ഒരാശയം ഉദിച്ചത്. ഓരോ ദിവസത്തെ പാരായണത്തിനുശേഷം ആ കഥാസന്ദര്‍ഭത്തെ ചുരുങ്ങിയ വരികളില്‍ ഓര്‍മ്മപ്പെടുത്തിക്കൊണ്ട്, തനിക്ക് പറയാനുള്ള കാര്യം പറയാം എന്ന് അദ്ദേഹം തീരുമാനിച്ചു. ഒന്നാം ദിവസം ‘തുടര്‍വായന’ എന്ന് പേരിട്ടുകൊണ്ട് തുടങ്ങി മുപ്പത്തൊന്നാംദിവസം ‘ഭരണഭാരം’ എന്ന പേരില്‍ എഴുതി ദൗത്യം അവസാനിപ്പിച്ചതോടെ മലയാള ഭാഷയ്ക്ക് ലഭിച്ചത് അതിമനോഹരമായ ഒരു കൃതിയാണ്.
‘ധര്‍മ്മായണം’ ഖണ്ഡകാവ്യസമാനമായ കൃതിയാണ്. സംഭവബഹുലമായ രാമായണത്തിലെ മുപ്പത്തൊന്നു കഥാസന്ദര്‍ഭങ്ങള്‍ക്ക് ഓരോ പേരു നല്‍കിക്കൊണ്ട്, തനിക്ക് പറയാനുള്ളതുകൂടി ചേര്‍ത്തുവച്ചുകൊണ്ടാണ് അനുഗൃഹീതനായ കവി, ആചാര്യന്മാര്‍ സ്വീകരിച്ച അനുഷ്ടുപ്പ് വൃത്തം സ്വീകരിച്ചുകൊണ്ട് ഈ കൃതി എഴുതിയിരിക്കുന്നത്.
രാമായണം എന്ന ഇതിഹാസകാവ്യത്തില്‍ മുങ്ങിയാല്‍ ജീവിതത്തെ പ്രകാശമാനമാക്കാന്‍ സഹായിക്കുന്ന മുത്തുകള്‍ എത്രവേണമെങ്കിലും വാരിയെടുക്കാന്‍ കഴിയും. മുപ്പത്തൊന്നു ദിവസംകൊണ്ടാണ് മുപ്പത്തൊന്നു ലഘുകവിത എഴുതിയെന്ന് കവി ആമുഖത്തില്‍ പറയുന്നുണ്ടെങ്കിലും കുട്ടിക്കാലം മുതല്‍ താന്‍ കേട്ടുവളര്‍ന്ന, വായിച്ചറിഞ്ഞ, പഠിച്ചറിഞ്ഞ, തന്നെ സ്വാധീനിച്ച രാമായണം കവിയുടെ മനസ്സിലുണ്ട്. ഭക്തിക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് രാമായണത്തെ ആറ്റിക്കുറുക്കിയാണ് ആശാന്‍ അവതരിപ്പിച്ചത്. എന്നാല്‍ രാമായണ കഥാസന്ദര്‍ഭത്തെ കുറഞ്ഞ വരികളില്‍ അവതരിപ്പിക്കുന്ന കാവാലം ശശികുമാര്‍ സന്ദര്‍ഭോചിതമായി രാമകഥയ്ക്കപ്പുറം ആധുനികകാലത്തെ ഒരു കവിയുടെ ധര്‍മ്മംകൂടി കുറഞ്ഞ വരികളിലൂടെ നിറവേറ്റുന്നതുകൊണ്ടാണ് അത് മറ്റൊരു കാവ്യമായി മാറുന്നത്.
ത്യാഗം എന്ന ഇരുപത്തിനാലു വരിമാത്രമുള്ള മൂന്നാമത്തെ കവിതയില്‍ ഇന്നത്തെ ലോകത്ത് മനസ്സമാധാനത്തോടെ കഴിയാനുള്ള മന്ത്രവാക്യമാണ് കവി കുറിച്ചത്.
എവന്ന് കാടുമേ നാടു-
മൊന്നായ് തോന്നുന്ന ചിത്തമു-
ണ്ടവനേ സമശീതോഷ്ണ
സുഖദുഃഖംകടന്നവന്‍ – എന്നും
ത്യജിക്കുക മഹാകാര്യം
കൊടുക്കുന്നതതില്‍പരം
ഇതൊന്നുമെന്റെയല്ലെന്ന
തോന്നലാകട്ടെ ജീവിതം.
ജടായു രാവണനെ നേരിടുന്ന സന്ദര്‍ഭത്തെ അവതരിപ്പിച്ചുകൊണ്ട് ‘അനീതിയതുകണ്ടെന്നാ-
ലാരുമേതുവിധേനയും-
ചെറുക്കണം, സ്വന്തബന്ധ-
മൊന്നും നോക്കാതെയെപ്പൊഴും,’
എന്നാണ് കവി പറയുന്നത്. രാമന്‍ സുഗ്രീവനുമായി സഖ്യത്തില്‍ ഏര്‍പ്പെടുന്ന സന്ദര്‍ഭത്തില്‍ പ്രകൃതിയോട് മനുഷ്യന്‍ സമ്യക്കായി ചേര്‍ന്നുനില്‍ക്കേണ്ടതിന്റെ ആവശ്യത്തെക്കുറിച്ച് എഴുതുമ്പോള്‍ ഒരു പരിസ്ഥിതിപ്രവര്‍ത്തകന്റെ ധര്‍മ്മമാണ് കവി നിറവേറ്റുന്നത്.
കാടുംനാടുംകൂടിയാലേ
കേടില്ലാത്തൊരുജീവിതം-
കൂടൂ, കൂട്ടായി വാഴുന്ന
നാടേ, വാടാതെ വാണിടൂ.
ബ്രഹ്‌മാസ്ത്രം പ്രയോഗിക്കുന്ന ഇന്ദ്രജിത്തിനെ ചോദ്യം ചെയ്തുകൊണ്ട്,
‘അതു മാരി മഹാമാരി-
പ്പേയായന്നു വമിക്കവേ’
എന്ന പ്രയോഗത്തിലൂടെ ചൈനയുടെ പരീക്ഷണശാലയില്‍ നിന്ന് പുറത്തുചാടിയ കോവിഡിന് ലോകത്തെ ചങ്ങലയ്ക്കിടാന്‍ കഴിഞ്ഞതിന്റെ ധ്വനിയാണ് ഭംഗ്യന്തരേണ കവി അവതരിപ്പിക്കുന്നത്.
ആദി കവിമുതല്‍ എല്ലാ കവികളും മനുഷ്യന്റെ നവീകരണത്തിനുള്ള ചിന്തകളെ ഉണര്‍ത്തുന്ന മഹനീയ കൃത്യമാണ് കവിതയിലൂടെ നിര്‍വ്വഹിക്കുന്നത്. യുവരാമായണം, മുത്തശ്ശിരാമായണം എന്നീ രണ്ടു ഭാഗങ്ങള്‍കൂടി ഈ കൃതിയിലുണ്ട്. അമിത ലാളനകൊണ്ടും അമിത സ്വാതന്ത്ര്യംകൊണ്ടും നല്ല അധ്യാപകന്റെ ശിക്ഷണം ലഭിക്കാതെ തെറ്റായ ദിശയിലൂടെ സഞ്ചരിക്കുന്ന ഒരു കുട്ടി രാമായണ കഥ കേള്‍ക്കുന്ന സന്ദര്‍ഭത്തില്‍ ചോദിക്കാനിടയുള്ള ചോദ്യങ്ങളാണ് യുവരാമായണത്തില്‍ അവതരിപ്പിക്കുന്നത്. ആ ചോദ്യങ്ങള്‍ക്ക് ഉചിതമായ മറുപടി പറയുന്ന ഭാഗമാണ് മുത്തശ്ശിരാമായണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. മൊത്തത്തില്‍ രാമായണ കാവ്യത്തിന്റെ അന്തഃസത്തയെ ഹൃദയത്തില്‍ ഏറ്റിക്കൊണ്ട് കാലികമായ സന്ദര്‍ഭങ്ങളെ കൂട്ടിയിണക്കി എഴുതിയ മനോഹരമായ കാവ്യമാണ് ധര്‍മ്മായണം. സന്ദര്‍ഭത്തിന് അനുയോജ്യമായി നാസര്‍.ഒ.ബി. വരച്ച മനോഹരമായ ചിത്രങ്ങള്‍കൂടി ചേരുമ്പോള്‍ ഈ പുസ്തകം വായനക്കാരനെ ആനന്ദിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യും എന്ന കാര്യം ഉറപ്പാണ്.