ശിവഗണങ്ങളുടെ നേതാവാണ് നന്ദി അഥവാ നന്ദികേശ്വരന്‍. നന്ദികേശന്‍ പരമശിവന്റെ സന്തത സഹചാരിയാണ്. നൃത്തം, കാമ ശാസ്ത്രം, യോഗം, ആയുര്‍വേദം, ജ്യോതിഷം, വ്യാകരണം എന്നിവയിലും പ്രഗത്ഭനാണ് നന്ദി. നൃത്താവസാനത്തില്‍ നടരാജ രാജനായ ശിവന്റെ ഡക്കാ നാദത്തിലൂടെ പുറത്തുവന്ന 14 അക്ഷരമാലാ (മാഹേശ്വര) സൂത്രങ്ങള്‍ വ്യാഖ്യാനിക്കാന്‍ ഏറ്റവും യോഗ്യന്‍ നന്ദി തന്നെ. കാശിക വളരെ ചെറിയ ഒരു ഗ്രന്ഥമാണ്. വെറും 27 ശ്ലോകങ്ങള്‍. അതിന് ഉപമന്യു എന്ന മഹാന്‍ തത്വ വിമര്‍ശിനി എന്ന വ്യാഖ്യാനവും എഴുതിയിട്ടുണ്ട്.
സൂത്രം – 1. അ ഇ ഉ ണ്‍
അ എന്നത് എല്ലാറ്റിലും അടങ്ങിയിരിക്കുന്ന ബ്രഹ്‌മം തന്നെ. അത് ഇ എന്ന ചിത് കലയോടു ചേര്‍ന്ന് ഉ എന്ന ജഗദ്രൂപമായ ഈശ്വരനോടു ചേര്‍ന്നിരിക്കുന്നു. അക്ഷരാണാം അകാരോസ്മി (അക്ഷരങ്ങളില്‍ ഞാന്‍ അ ആണ്) എന്ന് ഭഗവദ്ഗീതയില്‍ ഭഗവാന്‍ പറയുന്നുണ്ട്. 14 മാഹേശ്വരസൂത്രങ്ങളില്‍ ആദ്യത്തെ അക്ഷരം അ. അവസാനത്തേത് ഹ. രണ്ടും ചേര്‍ന്നാല്‍ അഹം – ഞാന്‍ – മനുഷ്യന്‍.
ശബ്ദം പുറപ്പെടുന്നതിനു മുമ്പ് അത് പല ഘട്ടങ്ങളിലൂടെ കടന്നുപോവുന്നുണ്ട്. പരാ, പശ്യന്തി, മധ്യമാ, വൈഖരി എന്നിങ്ങനെ. പരാ വാക് എന്നത് ജീവാത്മാവുതന്നെ. നാഭിയാണ് സ്ഥാനം. ഹൃദയമാണ് പശ്യന്തിയുടെ സ്ഥാനം. വിശുദ്ധി ചക്രത്തിലാണ് മദ്ധ്യമാവാക്. പ്രത്യക്ഷമായ ശബ്ദമാണ് വൈഖരി. വാക്കു തന്നെയാണ് ലോകം.
ഇ എന്ന ശബ്ദം അ യോട് ചേര്‍ന്നു നിന്ന് ഈ ലോകത്തിന്റെ സൃഷ്ടിക്കു കാരണമാകുന്നു. അതുകൊണ്ട് ഇ യ്ക്ക് കാമ ബീജം എന്നും ചിത് കലാ എന്നും പേരുണ്ട്. ഉ വിഷ്ണുവാണ്; വ്യാപനശീലനായ മഹേശ്വരന്‍.
സൂത്രം 2. ഋ നു ക്
ഋ എന്നാല്‍ പരമേശ്വരന്‍. ല്‍ എന്നാല്‍ മായ. പരമേശ്വരന്‍ മായ എന്ന മനോവൃത്തികളാല്‍ ജഗത് സൃഷ്ടിച്ചു. ‘മമ ചാഭൂന്മനോരൂപം ല്‍ കാര: പരമേശ്വര:’ എന്ന് ശ്രീതന്ത്രം. എന്നാല്‍ സ്രഷ്ടാവും സൃഷ്ടിയും വ്യത്യാസമില്ലതാനും. വാക്കും അര്‍ഥവും പോലെ; നിലാവും ചന്ദ്രനും പോലെ ആണ് ഈ ബന്ധം.
സൂത്രം 3. ഏ ഓ ങ്
അ + ഇ = ഏ. മായയും ഈശ്വരനും തമ്മിലുള്ള ഐക്യമാണ് ഇവിടെ പ്രതിപാദ്യം.
‘തത് സൃഷ്ട്വാ തദനുപ്രാവിശത്’ (അത് സൃഷ്ടിച്ചു. അതില്‍ കയറിക്കൂടി) എന്ന് തൈത്തിരീയ ഉപനിഷത്തു പറയുന്നു.
അ + ഉ = ഓ. ഈ ഓംകാരം അഥവാ പ്രണവം സഗുണ – നിര്‍ഗുണ ഐക്യമാണ് വിളിച്ചോതുന്നത്. അ എന്ന അക്ഷരബ്രഹ്‌മം ഇ എന്ന മായയോടു ചേര്‍ന്ന് ഉ എന്ന ജ്ഞാനരൂപനായിത്തീര്‍ന്നു.
സൂത്രം 4. ഐ ഔ ച്
ആ + ഈ =ഐ; ആ + ഊ = ഔ. ജഗത്തിന്റെ വിസ്തൃതരൂപമാണിവിടെ കാണുന്നത്.
ഇങ്ങിനെ 14 സ്വരങ്ങള്‍. ഇതു തന്നെയാണ് 14 ചക്രങ്ങള്‍; 14 ലോകങ്ങളും. സ്വരവിചാരം ഇവിടെ പൂര്‍ണമായി.
സൂത്രം 5. ഹ യ വ ര ട്
ഹ – ആകാശം; യ – വായു; വ – ജലം; ര – അഗ്‌നി ഇങ്ങിനെ ക്രമത്തില്‍ നാലു ഭൂതങ്ങളുണ്ടായി. തൈത്തിരീയ ഉപനിഷത്തില്‍ പറയുന്നതോര്‍ക്കണം.
‘തസ്മാദ്വാ ഏതസ്മാദാത്മന ആകാശസ്സം ഭൂത: (ആത്മാവില്‍ നിന്ന് ആകാശമുണ്ടായി). ആകാശാത് വായു: (ആകാശത്തില്‍ നിന്ന് വായു) വായുവില്‍ നിന്ന് അഗ്‌നി, അഗ്‌നിയില്‍ നിന്ന് ജലം, ജലത്തില്‍ നിന്ന് ഭൂമി.
സൂത്രം 6. ല ണ്
എല്ലാറ്റിനും ആധാരഭൂതമായ ല – ഭൂമി അവസാനമുണ്ടായി. അതില്‍ നിന്ന് അന്നവും അന്നത്തില്‍ നിന്ന് രേതസ്സും (ശുക്ലം) അതില്‍ നിന്ന് ജീവനും ഉണ്ടായി. ജീവകാരണമായതിനാലാണ് ഇത് പ്രത്യേകം എടുത്തു പറഞ്ഞത്.
സൂത്രം 7. ഞ മ ങ ണ ന മ്
ഭൂമി മുതലായ പഞ്ചഭൂതങ്ങളുടെ കാരണമായ, അവയുടെ സൂക്ഷ്മ രൂപമായ ശബ്ദസ്പര്‍ശാദികളെ ഏഴാം സൂത്രം പറയുന്നു. ഞ – ശബ്ദം (ആകാശം), മ – സ്പര്‍ശം (വായു), ങ – രൂപം (അഗ്‌നി), ണ – രസം (ജലം), ന – ഗന്ധം (ഭൂമി).
കചടതപ എന്നീ വര്‍ഗങ്ങളിലെ അവസാനത്തേതായ അനുനാസികങ്ങളാണ് ക്രമം മാറ്റി ഇവിടെ പറഞ്ഞിരിക്കുന്നത്. ക്രമം മാറാന്‍ കാരണവും ഇതാവാം.
സൂത്രം 8, 9 ഝ ഭ ഞ്. ഘ ഢ ധ ഷ്
ഇനി 5 കര്‍മേന്ദ്രിയങ്ങള്‍. ഝ – വാക് (നാക്ക്), ഭ – കൈകള്‍, ഘ – കാലുകള്‍, ഢ – പായു (വിസര്‍ജ്ജനേന്ദ്രിയം), ധ – ഉപസ്ഥം (ജനനേന്ദ്രിയം). വര്‍ഗങ്ങളിലെ നാലാമത്തേതായ ഘോഷാക്ഷരങ്ങളാണ് ഇവിടെ ഭൂതക്രമത്തില്‍ തന്നെ കൊടുത്തിരിക്കുന്നത്. ഭൂതവും ഇന്ദ്രിയങ്ങളും തമ്മിലും ബന്ധമുണ്ടല്ലോ!
സൂത്രം 10. ജ ബ ഗ ഡ ദ ശ്
ഭൂതക്രമത്തില്‍ തന്നെ മൃദുക്കള്‍ ജ്ഞാനേന്ദ്രിയങ്ങളെ പ്രതിനിധീകരിക്കുന്നു.
ജ – കാതുകള്‍, ബ – ത്വക്ക്, ഗ – കണ്ണുകള്‍, ഡ – മൂക്ക്, ദ – നാക്ക്
സൂത്രം 11. ഖ ഫ ഛ ഠ ഥ ച ട ത വ്
ഖ – പ്രാണന്‍, ഫ – അപാനന്‍, ഛ – വ്യാനന്‍ ഠ – ഉദാനന്‍, ഥ – സമാനന്‍ എന്നിങ്ങനെ പഞ്ചപ്രാണങ്ങള്‍.
ച – മനസ്സ്, ട – ബുദ്ധി, ത – അഹങ്കാരം എന്നിങ്ങനെ അന്ത:ക്കരണങ്ങള്‍.
സൂത്രം 12. ക പ യ്.
ക – പ്രകൃതി, പ – പുരുഷന്‍. ആദ്യവര്‍ഗത്തിന്റെയും അന്ത്യവര്‍ഗത്തിന്റെയും ആദ്യാക്ഷരം പ്രകൃതി – പുരുഷന്മാര്‍. അവര്‍ ചേര്‍ന്നാണ് ലോകമുണ്ടായത്.
സൂത്രം 13. ശ ഷ സ ര്
ത്രിഗുണങ്ങളെയാണ് ഇവിടെ പ്രതിനിധീകരിക്കുന്നത്. ശ – രജസ്സ്, ഷ – തമസ്സ്, സ – സത്വം. ഈ മൂന്നു ഗുണങ്ങളെ ആശ്രയിച്ച് പരമശിവന്‍ സര്‍വഭൂതങ്ങളിലും ക്രീഡിക്കുന്നു.
സൂത്രം 14. ഹ ല്
ഈ സൂത്രം കഴിഞ്ഞപ്പോള്‍ പരമശിവന്‍ അവിടെ നിന്നു പോയി. തത്വങ്ങളെ കടന്ന് ഞാന്‍ പരമാണ്, സാക്ഷിയാണ്, അനുഗ്രഹദാതാവാണ്, ആത്മാവാണ് എന്നാണ് ഹല്ലിന്റെ താല്പര്യം.