നാനാത്വത്തില്‍ ഏകത്വം ദര്‍ശിച്ച തന്ത്രിവര്യനായിരുന്നു ഇക്കഴിഞ്ഞ മെയ് 31 ന് പുലര്‍ച്ചെ നമ്മെ വിട്ടുപിരിഞ്ഞ അഴകത്ത് ശാസ്തൃശര്‍മ്മന്‍ നമ്പൂതിരിപ്പാട്. വ്യതിരിക്തമായ സഞ്ചാരപാതകള്‍, സാമൂഹ്യ നവോത്ഥാനത്തിനായുള്ള ചിന്തകള്‍, ലക്ഷ്യപ്രാപ്തിക്കായുള്ള പരിശ്രമങ്ങള്‍, എതിര്‍പ്പുകളെ പ്രചോദനമാക്കിയുള്ള ഉറച്ച കാല്‍വെപ്പുകള്‍ എന്നിവ കേരളത്തിലെ താന്ത്രികാചാര്യന്മാരില്‍ അദ്ദേഹത്തെ വ്യത്യസ്തനും ജനകീയനുമാക്കി.
ക്ഷേത്രത്തില്‍ ദേവന്റെ പിതാവാണ് തന്ത്രി എന്നാണ് സങ്കല്പം. ക്ഷേത്രത്തിലെ അനുഷ്ഠാന ശാസ്ത്രത്തിന്റെ അവസാന വാക്കും തന്ത്രിയാണ്. ഭാരതത്തിലെമ്പാടുമായി മുന്നൂറ്റി അമ്പതിലേറെ ക്ഷേത്രങ്ങളുടെ തന്ത്രിസ്ഥാനം വഹിച്ച, അഴകത്ത് ശാസ്തൃശര്‍മ്മന്‍ നമ്പൂതിരിപ്പാട് എന്ന് വരമൊഴിയിലും, അഴകത്ത് അപ്പുവേട്ടന്‍ എന്ന് വാങ്‌മൊഴിയിലും വിഖ്യാതനായ വ്യക്തി കേരളത്തിലെ ക്ഷേത്രനവോത്ഥാനത്തിന്റെ നായകന്‍ തന്നെയായിരുന്നു. മാധവ്ജിയുടെ അരുമശിഷ്യന് അത്തരത്തിലേ പ്രവര്‍ത്തിക്കാന്‍ കഴിയുമായിരുന്നുള്ളൂ. മാധവ്ജി പകര്‍ന്നു കൊടുത്ത ക്ഷേത്രസാരങ്ങളും ഉപാസനാക്രമങ്ങളും അദ്ദേഹത്തിന്റെ വിശാലമായ ക്ഷേത്രസങ്കല്പബോധവും സമരസതയും, തന്ത്രിയെന്ന നിലയിലും സാമൂഹിക പരിഷ്‌ക്കര്‍ത്താവെന്ന നിലയിലും അഴകത്തിനെ കര്‍മ്മനിരതനാക്കി. അതുകൊണ്ടുതന്നെ വ്യാപരിച്ച മേഖലകളിലെല്ലാം സ്വന്തം വ്യക്തിമുദ്ര പതിപ്പിക്കുവാന്‍ അദ്ദേഹത്തിന് സാധിച്ചു.
മാധവ്ജി 1972 ല്‍ സ്ഥാപിച്ച തന്ത്രവിദ്യാപീഠത്തിലെ ആദ്യ ഏഴു ശിഷ്യരില്‍ പ്രഥമഗണനീയനായിരുന്നു അഴകത്ത് ശാസ്തൃശര്‍മ്മന്‍ നമ്പൂതിരിപ്പാട്. കല്പുഴ ദിവാകരന്‍ നമ്പൂതിരിപ്പാടില്‍ നിന്ന് തന്ത്രശാസ്ത്രവിധികള്‍ അഭ്യസിച്ച അദ്ദേഹത്തിന് ശ്രീവിദ്യോപാസന ഉപദേശിച്ചത് മാധവ്ജിയാണ്. മാധവ്ജിയുടെ നിസ്വാര്‍ത്ഥമായ, എന്നാല്‍ കണിശവും കുറ്റമറ്റതുമായ പ്രവര്‍ത്തന പന്ഥാവും, പാണ്ഡിത്യവും, നേതൃപാടവവും അഴകത്തിനെ ആകര്‍ഷിച്ചു. രാഷ്ട്രത്തിനും ഹൈന്ദവസമാജത്തിന്റെ കെട്ടുറപ്പിനുമായി സന്യാസജീവിതം സ്വീകരിച്ച പ്രചാരകന്റെ അരുമശിഷ്യനാകുവാന്‍ തനിക്ക് സാധിച്ചുവെന്നതാണ് ഒരു വ്യക്തി എന്ന നിലയില്‍ തന്റെ സര്‍വ്വതോമുഖമായ വളര്‍ച്ചയ്ക്ക് നിദാനമായതെന്ന് ഒരഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞതോര്‍ക്കുന്നു. മാധവ്ജിയെ മനസാ ധ്യാനിച്ച് ആ മഹദ്പാദങ്ങളില്‍ ശിരസ്സമര്‍ത്തിയാണ് അദ്ദേഹത്തിന്റെ ഒരോ ദിവസവും ആരംഭിച്ചിരുന്നത്. എവിടെയും തന്റെ ധര്‍മ്മമെന്താണെന്നോ കര്‍മ്മമണ്ഡലമേതെന്നോ തുറന്നുപറയുവാന്‍ അദ്ദേഹത്തിന് അശേഷം ആശങ്കയുണ്ടായിരുന്നില്ല. പിന്നീട് ആര്‍എസ്എസ് പ്രാന്തസംഘചാലകായിരുന്ന പി.ഇ.ബി. മേനോന്‍ സാറുമായുള്ള ഗാഢ സൗഹൃദം, സംഘപ്രസ്ഥാനങ്ങളുമായി അടുത്തു പ്രവര്‍ത്തിക്കുവാന്‍ അഴകത്തിന് കൂടുതല്‍ അവസരമുണ്ടാക്കി. അന്തിത്തിരി തെളിയാത്ത ക്ഷേത്രങ്ങളും, ആവശ്യാനുസാരം പൂജാവിധികളറിയുന്ന ബ്രാഹ്‌മണരുടെ ദൗര്‍ലഭ്യം മൂലം ജീര്‍ണ്ണിച്ചുപോയതുമായ കേരളത്തിലെ വലുതും ചെറുതുമായ ക്ഷേത്രങ്ങളുടെ പുനരുജ്ജീവനം സ്വകര്‍മ്മമായി അഴകത്ത് ഏറ്റെടുത്തു. 1947-ല്‍ വഴി നടക്കുവാനുള്ള സ്വാതന്ത്ര്യത്തിനായി നടന്ന വിഖ്യാതമായ പാലിയം സമരത്തിനു ശേഷം, 1987 ആഗസ്റ്റ് 26 ഉച്ചക്ക് 12 മണിക്ക് പാലിയം വിളംബരത്തിലൂടെ വീണ്ടും അവിടം വിശ്രുതമായി. ചേന്ദമംഗലം പാലിയത്ത് മാധവ്ജിയുടെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത ആചാര്യസദസ്സ്, ജന്മം കൊണ്ടല്ല കര്‍മ്മം കൊണ്ടാണ് ബ്രാഹ്‌മണ്യം നേടുന്നതെന്ന് പ്രഖ്യാപിച്ചു. ജന്മം കൊണ്ട് ബ്രാഹ്‌മണരല്ലാത്തവര്‍ക്കും പൗരോഹത്യത്തിന് അര്‍ഹതയുണ്ടെന്ന് വിളംബരം ചെയ്തു. അതിനനുബന്ധമായി, പറവൂര്‍ ശ്രീധരന്‍ തന്ത്രിയുടെ മകന്‍ കെ.എസ്. രാകേഷിനെ എറണാകുളം നേരിക്കോടുള്ള ശിവക്ഷേത്രശാന്തിയായി ദേവസ്വം ബോര്‍ഡ് നിയമിച്ചതിനെതിരെ നിയമനടപടികള്‍ക്കൊരുങ്ങിയവര്‍ക്ക്, ഹൈക്കോടതിയും, സുപ്രീംകോടതിയും ആ നിയമനം ശരിവെച്ചത് തിരിച്ചടിയായി. ഈ സാമൂഹികവിപ്ലവത്തില്‍ അപ്പുവേട്ടനും നിര്‍ണായകമായ പങ്ക് വഹിച്ചു. മാധവ്ജിയ്ക്കു ശേഷം ഇദ്ദേഹം തന്ത്രവിദ്യാപീഠത്തിന്റെ ചുമതല ഏറ്റെടുക്കുകയും അബ്രാഹ്‌മണര്‍ക്ക് പൂജാദികര്‍മ്മങ്ങളും താന്ത്രികവിദ്യയും പകര്‍ന്നു നല്കുകയും ചെയ്തു.
അബ്രാഹ്‌മണര്‍ക്ക് തന്ത്ര-പൂജാക്രമങ്ങള്‍ തന്ത്രവിദ്യാപീഠത്തിലൂടെ അഭ്യസിപ്പിച്ചുകൊണ്ടിരുന്ന ആദ്യ കാലങ്ങളില്‍ കടുത്ത എതിര്‍പ്പും, ഭീഷണികളും, ഭ്രഷ്ട് പോലും ശാസ്തൃശര്‍മ്മന്‍ നമ്പൂതിരിപ്പാടിന് അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. ഒട്ടും പതറാതെ, മുന്നോട്ടു വെച്ച കാല്‍ പുറകോട്ടെടുക്കാതെ, നിസ്സങ്കോചം തന്റെ കര്‍മ്മപഥത്തിലൂടെ അദ്ദേഹം ചരിച്ചപ്പോള്‍, വിഘ്‌നങ്ങള്‍ ക്രമേണ തണുത്തുറഞ്ഞു. ഒരു ഒറ്റയാള്‍ പോരാട്ടത്തിന്റെ വിജയമായിരുന്നു അത്.
അപ്പുവേട്ടന്റെ ഇല്ലത്ത് വ്യത്യസ്ത ആവശ്യങ്ങളുമായി വരുന്നവര്‍ക്ക് ചായയും, മറ്റെന്തെങ്കിലും പാരിതോഷികങ്ങളും കിട്ടാതിരിയ്ക്കില്ല. എല്ലാ പ്രശ്‌നങ്ങളും ക്ഷമയോടെ കേട്ട് അദ്ദേഹം നല്‍കുന്ന പ്രതിവിധി ഒന്നുമാത്രം മതി അവര്‍ക്ക് സംതൃപ്തിയേകാന്‍. അസുഖബാധിതനായ അവസ്ഥയിലും താന്‍ നിര്‍ബന്ധമായും എത്തേണ്ട ഭാരതത്തിലെ ക്ഷേത്രങ്ങളില്‍ അദ്ദേഹം കൃത്യമായി എത്തിച്ചേര്‍ന്നിട്ടുണ്ട്. തന്റെ കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളുമായും അദ്ദേഹം നല്ല ബന്ധം പുലര്‍ത്തിപ്പോന്നു. സ്വയം ധന്യമായ, സമൂഹത്തെ ധന്യമാക്കിയ ജീവിതമായിരുന്നു അത്. അദ്ദേഹം തന്റെ മേഖലയില്‍ കാലം മായ്ക്കാത്ത ലിഖിതങ്ങള്‍ കനകകാന്തിയില്‍ വരച്ചിട്ടു. ഒരു വലിയ തുടക്കത്തിന്റെ അമരക്കാരനായാണ് അഴകത്ത് അപ്പുവേട്ടന്‍ അരങ്ങൊഴിയുന്നത്.