ദര്‍ശനങ്ങളില്‍ വെച്ച് ഏറ്റവും പുരാതനവും പ്രശസ്തവുമാണ് സാംഖ്യദര്‍ശനം. കപിലമുനിയാണ് ഇതിന്റെ ഉപജ്ഞാതാവ്. ആറധ്യായങ്ങളിലായി 523 സൂത്രങ്ങള്‍ അടങ്ങുന്നതാണ് സാംഖ്യം. ഈശ്വരകൃഷ്ണന്റെ സാംഖ്യകാരികയും പ്രസിദ്ധമാണ്.
ആധ്യാത്മിക, ആധിഭൗതിക, ആധിദൈവികങ്ങളായ ദു:ഖ ത്രയങ്ങളുടെ ആഘാതത്താല്‍ മനുഷ്യന് അതിനെ പരിഹരിക്കാന്‍ വഴിയുണ്ടോ എന്ന ഒരു ജിജ്ഞാസ ഉണരുന്നു.
ശരീരത്തിലെ രോഗാദികളും മനസ്സിലെ കാമക്രോധാദികളും ആധ്യാത്മിക ദു:ഖങ്ങളാണ്. മറ്റു ജന്തുജാലങ്ങളില്‍ നിന്നുള്ള വിഷമങ്ങളാണ് ആധിഭൗതിക ദു:ഖങ്ങള്‍. പ്രകൃതികോപം കൊണ്ടും മറ്റുമുണ്ടാകുന്ന ഭൂകമ്പം, വെള്ളപ്പൊക്കം മുതലായ പ്രയാസങ്ങളാണ് ആധിദൈവിക ദു:ഖങ്ങള്‍. ഇവയെ മറികടക്കേണ്ട വിഷയത്തിലാണ് ജിജ്ഞാസ. ദുഃഖമോചനവും സുഖപ്രാപ്തിയുമാണ് ലക്ഷ്യം.
ഓരോ കാര്യത്തിനും കാരണമുണ്ട്. തൈര് ഒരു പദാര്‍ത്ഥമാണ്, കാര്യമാണ്. അതിന്റെ കാരണം പാലാണ്. തൈരില്‍ പാല്‍ അടങ്ങിയിരിക്കുന്നു. കാര്യത്തില്‍ കാരണമുണ്ട്. പാലില്‍ നിന്നല്ലാതെ എണ്ണയില്‍ നിന്ന് തൈരുണ്ടാകില്ലല്ലോ. ഇതാണ് സത്കാര്യ വാദം എന്നു പറയുന്നത്. കാര്യം സത്താണ്; കാരണമടങ്ങിയതാണ്.
സകല പദാര്‍ഥങ്ങളും കാര്യമാണെങ്കില്‍ അതില്‍ കാരണരൂപനായ ഈശ്വരന്‍ അടങ്ങിയിരിക്കുന്നു എന്നറിയണം. അതിനെ കാണാന്‍ പറ്റിയില്ല എന്നു വരാം. പക്ഷെ അതുണ്ട്. കഥം (എങ്ങിനെയാണ്) അസത: (ഇല്ലായ്മയില്‍ നിന്ന്) സത് ( ഉണ്മ) ജായതേ (ഉണ്ടാകുന്നത് ?). സാംഖ്യത്തിലെ ഈ ചോദ്യത്തില്‍ ‘ഈശാവാസ്യം ഇദം സര്‍വം’ എന്ന ഉത്തരമുണ്ട്. ഈ ലോകം മുഴുവന്‍ ഈശ്വരന്‍ നിറഞ്ഞിരിക്കുന്നു.
കാരണ – കാര്യങ്ങളെ പ്രകൃതി – വികൃതികളെന്നും വിളിക്കാം. പാല്‍ പ്രകൃതിയും തൈര് അത് വികാരപ്പെട്ടതുമാണ്. മൂലപ്രകൃതിയില്‍ (1) നിന്ന് അതിന്റെ വികൃതിയായി മഹത്തത്വം. (2) അതില്‍ നിന്ന് അഹങ്കാരം. (3) അതില്‍ നിന്ന് അന്ത:കരണം, (4) അഞ്ച് കര്‍മേന്ദ്രിയങ്ങള്‍ (9) അഞ്ച് ജ്ഞാനേന്ദ്രിയങ്ങള്‍ (14) അഞ്ച് തന്മാത്രകള്‍ (19) അഞ്ച് ഭൂതങ്ങള്‍ (24) പിന്നെ പുരുഷനും (25) ഇങ്ങിനെ 25 തത്വങ്ങളാണ് പ്രപഞ്ചം. മനുഷ്യനിലും ഈ തത്വങ്ങള്‍ അടങ്ങിയിട്ടുണ്ട്. പുരിയില്‍ (മനുഷ്യ ശരീരത്തില്‍) ശയിക്കുന്നവനാണ് പുരുഷന്‍ അഥവാ ജീവാത്മാവ്. സംഖ്യ (എണ്ണി) പറയുന്നതിനാല്‍ സാംഖ്യമെന്ന പേരു വന്നതാവാം. ജ്ഞാനമെന്നും സാംഖ്യത്തിനര്‍ത്ഥമുണ്ട്.
പുരുഷന്‍ പ്രകൃതിയെ നോക്കുമ്പോള്‍ പ്രകൃതിയിലെ ത്രിഗുണങ്ങളുടെ സമാവസ്ഥ നഷ്ടപ്പെടുന്നു. അങ്ങിനെ അത് വികാരപ്പെട്ട് (വികൃതി) മഹത്തത്വമാവുന്നു. അങ്ങനെ ക്രമത്തില്‍ പ്രപഞ്ചം രൂപപ്പെടുന്നു.
പുരുഷന്‍ ജ്ഞാനമാണ്, ചൈതന്യമാണ് പക്ഷെ അതിന് ഇച്ഛയില്ല, കര്‍മ്മില്ല. പ്രകൃതി ചലിക്കും, പക്ഷെ അതിന് ജ്ഞാനമോ ചൈതന്യമോ ഇല്ല. എങ്ങനെ അചേതനമായ ജ്ഞാന രഹിതമായ പ്രകൃതി പരിണമിച്ച് 24 തത്വങ്ങളാകും? പുരുഷന്റെ സാന്നിദ്ധ്യത്തില്‍ നടക്കും എന്നാണ് സാംഖ്യരുടെ ഉത്തരം. കാന്തത്തിന്റെ സാന്നിധ്യത്തില്‍ ഇരുമ്പുപൊടികള്‍ ചലിക്കുന്നില്ലേ? കാന്തം ആഗ്രഹിച്ചിട്ടാണോ അതു സംഭവിക്കുന്നത്? കാന്തം അനങ്ങാതിരിക്കുന്നു. ഇരുമ്പു ചലിക്കുന്നു. അതുപോലെ പുരുഷന്‍ അനങ്ങാതിരിക്കുന്നു. അതിന്റെ സാന്നിദ്ധ്യം കൊണ്ടു മാത്രം പ്രകൃതി വികാരപ്പെടുന്നു.
മുടന്തനു നടക്കാനാകില്ല. കുരുടനു കണ്ണു കാണില്ല. അവര്‍ ചേരുന്നു. കുരുടന്‍ മുടന്തനെ ചുമന്നു നടക്കുന്നു. കണ്ണുള്ള മുടന്തന്‍ കുരുടനെ നിര്‍ദ്ദേശങ്ങളിലൂടെ നയിക്കുന്നു. അതുപോലെ അജ്ഞാനിയായ പ്രകൃതി ജ്ഞാനപൂര്‍ണനായ പുരുഷനെ ചുമക്കുന്നു.
പുരുഷന്റെ മോക്ഷമാണല്ലോ ലക്ഷ്യം. അതിനു വേണ്ടി പ്രകൃതി പുരുഷന് സാംഖ്യ ജ്ഞാനം സമര്‍പ്പിക്കുന്നു. പ്രകൃതിയുടെ ഈ പ്രവൃത്തി അറിഞ്ഞു കൊണ്ടുള്ളതല്ല. പശുവിന്റെ പാല്‍ പശുക്കുട്ടിയുടെ വളര്‍ച്ചക്കു കാരണമാകും. എന്നാല്‍ പാലിന് ആ ജ്ഞാനമൊന്നുമില്ല.
ഒരു നര്‍ത്തകി രംഗത്ത് വന്ന് കാണികള്‍ക്ക് നൃത്തം പ്രദര്‍ശിപ്പിച്ച ശേഷം അണിയറയിലേക്കു മടങ്ങുന്നു. അതുപോലെ പ്രകൃതി തന്റെ സ്വരൂപം പുരുഷനു മുന്നില്‍ പ്രദര്‍ശിപ്പിച്ച് മടങ്ങുന്നു. എന്നാല്‍ പുരുഷന്‍ ഇതിലൊന്നും ആകൃഷ്ടനാവാതെ സാക്ഷി മാത്രമാണ്.
ജീവന്‍ ബ്രഹ്‌മം തന്നെയാണ് – ജീവോ ബ്രഹ്‌മ ഏവ. ഇവിടെ പലതില്ല. ന ഇഹ നാനാ അസ്തി. എന്നൊക്കെയാണ് അദ്വൈതികളുടെ മതം. ഈ കാണുന്ന ജഗത് മിഥ്യയാണ്, ബ്രഹ്‌മം മാത്രമാണ് സത്യം എന്ന് അവര്‍ ബോധ്യപ്പെടുത്തുന്നു.
എന്നാല്‍ സാംഖ്യം തനി ദ്വൈതവാദിയാണ്. പുരുഷ ബഹുത്വം ഉണ്ട് എന്ന അഭിപ്രായക്കാരാണ്. ഓരോ വ്യക്തിയും വേറെ വേറെയാണ്. ജനനം, മരണം, ഇന്ദ്രിയങ്ങളുടെ പ്രവര്‍ത്തനം എന്നിവ ഓരോ പുരുഷനും വേറെ വേറെയല്ലേ? ഓരോരുത്തരിലും ത്രിഗുണങ്ങളുടെ അളവും വ്യത്യസ്തമാണ്. എല്ലാ ആത്മാവും ഒന്നാണെങ്കില്‍ എല്ലാവരും ഒന്നിച്ചു മരിക്കണ്ടേ? എല്ലാവരും ഒരുപോലെ പ്രവര്‍ത്തിക്കണ്ടേ? അതുകൊണ്ട് ഏകതയില്ല; ബഹുത്വമുണ്ട്. ഇത്തരത്തില്‍ അദ്വൈതികളെ ഉത്തരം മുട്ടിക്കുന്നു സാംഖ്യം.
ശരിയേത് എന്ന് പണ്ഡിതര്‍ തീരുമാനിക്കട്ടെ. എന്നാല്‍ അവരുടെ മുന്നില്‍ ശക്തമായ വാദമുഖമുയര്‍ത്തുന്ന സാംഖ്യരെ ആര്‍ക്കും അവഗണിക്കാവതല്ല എന്ന് ഉറപ്പിച്ചു പറയാം.