റായ്പൂര്‍ സത്യത്തില്‍ ഒരു മുനിസിപ്പാലിറ്റി മാത്രമാണ്. പക്ഷെ വൃത്തിയുടെയും വെടിപ്പിന്റെയും കാര്യത്തില്‍ ഈ നഗരം മറ്റ് നഗരങ്ങള്‍ക്ക് മാതൃകയാണ്. നഗരം പിന്നിട്ടതോടെ പരന്ന പാടങ്ങളും കൃഷിഭൂമിയും കണ്ടു തുടങ്ങി. മലയാളികളെപ്പോലെ ഛത്തീസ്ഗഡിലെ ജനങ്ങള്‍ക്കും അരിയാഹാരം പ്രധാനമാണ്. നഗരത്തില്‍ നിന്നും 45 കിലോമീറ്റര്‍ ദൂരമുണ്ട് രാജീം എന്ന പുണ്യഭൂമിയിലേക്ക്. ഇത് ഛത്തീസ്ഗഡിലെ പ്രയാഗ എന്ന് അറിയപ്പെടുന്നു. പുണ്യനദീതീരങ്ങളില്‍ നടക്കുന്ന ആദ്ധ്യാത്മിക സംഗമങ്ങളായ കുംഭമേളകള്‍ ഭാരതീയ സാംസ്‌കാരിക ചരിത്രത്തിലെ അതിപ്രധാനങ്ങളായ അനുഷ്ഠാനങ്ങളാണ്. ഉത്തര്‍പ്രദേശില്‍ ഗംഗയുടെ തീരത്ത് പ്രയാഗ് രാജില്‍ പന്ത്രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന മഹാകുംഭമേള കോടിക്കണക്കിന് ജനങ്ങളുടെ പങ്കാളിത്തം കൊണ്ട് ലോക ശ്രദ്ധ ആകര്‍ഷിച്ച് പോരുന്നു. ഹരിദ്വാറിലും ഉജ്ജയിനിയിലും ഇതേപോലെ കുംഭമേളകള്‍ നടക്കാറുണ്ട്. നദീ സംഗമങ്ങളിലാണ് കുംഭമേളകള്‍ നടക്കാറ്. നാഗരികതകള്‍ തളിരിട്ടു വളര്‍ന്ന നദീതടങ്ങളോട് എക്കാലത്തും മനുഷ്യന് ഭക്തി ബഹുമാനങ്ങള്‍ ഉണ്ടായിരുന്നു. ഭാരതത്തിലാകട്ടെ നദികളെ മാതൃസമാനമായ ശ്രദ്ധാ ഭക്തികളോടെ ആരാധിക്കുന്ന പാരമ്പര്യമാണ് ഉള്ളത്. ഗംഗ, യമുന, ഗോദാവരി, സരസ്വതി, നര്‍മ്മദ, സിന്ധു, കാവേരി തുടങ്ങിയ നദികളൊക്കെ ഭാരതീയര്‍ക്ക് പവിത്ര പ്രവാഹങ്ങളാണ് – ആ നദികളുടെ ദര്‍ശനവും അവയിലെ സ്‌നാനവും സകലപാപങ്ങളും പോക്കി ആത്മാവിനെ മോക്ഷപഥത്തിലെത്തിക്കുമെന്ന് തലമുറകളായി വിശ്വസിക്കുന്നവരാണ് ഭാരതീയര്‍. ലോകത്തില്‍ മഹാനദികളായ യൂഫ്രട്ടീസും ടൈഗ്രീസും നൈലും ഒക്കെ നാഗരികതകള്‍ക്ക് ജന്മം കൊടുത്തിട്ടുണ്ടെങ്കിലും അവയ്‌ക്കൊന്നും കൈവരാത്ത മഹാഭാഗ്യമാണ് ഭാരതത്തിലെ നദികള്‍ക്ക് ലഭിക്കുന്നത്. ഗംഗയും യമുനയും കാവേരിയും ഇവിടെ പ്രത്യക്ഷ ദേവതകളാണ്. അവയുടെ തീരങ്ങളിലാണ് പുണ്യനഗരങ്ങളും മഹാക്ഷേത്രങ്ങളും സ്ഥിതി ചെയ്യുന്നത്.
ഛത്തീസ്ഗഡിലെ രാജീം എന്ന തീര്‍ത്ഥ സങ്കേതം സ്ഥിതി ചെയ്യുന്നത് മഹാനദിയുടെ കരയിലാണ്. ഞങ്ങളുടെ വാഹനം ഒരു പാലത്തിലേക്ക് കയറുകയാണ്. ക്യഷ്ണദാസ്ജി ഡ്രൈവിങ്ങിലെ ശ്രദ്ധ വിടാതെ തന്നെ ഇടതുഭാഗത്തേയ്ക്ക് കൈ ചൂണ്ടിക്കൊണ്ട് പറഞ്ഞു – ‘ഇതാണ് മഹാനദി’.
”ഇതോ ”…. ഞാന്‍ അറിയാതെ ആശ്ചര്യംകൂറി. കാരണം നദി എന്ന് പറഞ്ഞു കൊണ്ട് അദ്ദേഹം കൈചൂണ്ടിയത് കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന ഒരു മണല്‍മരുഭൂമിയിലേക്കായിരുന്നു. ഞാന്‍ അറിയാതെ ഭാരതപ്പുഴയെ ഓര്‍ത്തു പോയി.
”മരുഭൂമി താണ്ടുമീ കണ്ണുനീര്‍
ചാലിനെ
പുഴയെന്നു നമ്മള്‍ വിളിച്ചു
ഭാരത പുഴയെന്നു നമ്മള്‍ വിളിച്ചു.”
വര്‍ഷങ്ങള്‍ക്കു മുന്നെ എഴുതിമറന്ന വരികള്‍ വീണ്ടും മറവികളുടെ മാറാല നീക്കി മനസ്സിലേക്ക് വന്നു. ഭൂമിയില്‍ പുഴകള്‍ മരിക്കുമ്പോള്‍ നാഗരികതകളും സംസ്‌കാരവും പിന്നെ ജീവകുലവും തിരോഭവിക്കുമെന്ന് അറിവുള്ളവര്‍ എത്രയോ കാലമായി പറയുന്നു. മരം വെട്ടിയും മല ഇടിച്ചും ഖനി തുരന്നും മനുഷ്യന്‍ ജീവന്റെ പ്രവാഹങ്ങളെ ഉറവിടങ്ങളില്‍ത്തന്നെ കൊന്നു കൊണ്ടിരിക്കുമ്പോള്‍ പ്രതീക്ഷകളുടെ പ്രകാശങ്ങളെങ്ങും കാണാനില്ലെന്ന് മഹാനദിയും വിളിച്ചു പറയും പോലെ തോന്നി. ഞങ്ങളുടെ വണ്ടി പുഴയിലെ മണല്‍ പരപ്പിലേക്ക് ഇറങ്ങി പാര്‍ക്കു ചെയ്തു. വെയിലില്‍ പഴുത്തു കിടക്കുന്ന പുഴമണലില്‍ അങ്ങിങ്ങ് വെള്ളം കെട്ടിക്കിടക്കുന്ന കുഴികള്‍ കാണാം. നദിയുടെ മേല്‍ഭാഗത്തെവിടെയോ കെട്ടി നിര്‍ത്തിയിരിക്കുന്ന അണക്കെട്ടില്‍ നിന്നും രാജീം കുംഭ എന്നറിയപ്പെടുന്ന കുംഭമേള നടക്കുമ്പോള്‍ വെള്ളം തുറന്നു വിടുമത്രെ. മഹാനദി, പൈറി, സോണ്ടൂര്‍ എന്നീ നദികള്‍ ചേരുന്ന ത്രിവേണിസംഗമത്തിലാണ് ഇവിടെ കുംഭമേള നടക്കുന്നത്. ഫെബ്രുവരി മാര്‍ച്ച് മാസങ്ങളിലായി പതിനഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന രാജീം കുംഭ പ്രയാഗയിലെപ്പോലെയോ ഹരിദ്വാറിലെപ്പോലെയോ പ്രസിദ്ധമായിട്ടില്ലെങ്കിലും നാഗസന്യാസിമാര്‍ അടക്കം വിവിധ സമ്പ്രദായങ്ങളില്‍പ്പെട്ട സന്യാസിമാര്‍ പങ്കെടുക്കാറുണ്ട്. വിഷ്ണുക്ഷേത്രവും ശിവക്ഷേത്രവും ഉള്ളതുകൊണ്ടാവാം ഇവിടെ ശൈവരും വൈഷ്ണവരും അത്യുത്സാഹപൂര്‍വ്വം പുണ്യസ്‌നാനത്തിനെത്തുന്നു.
ത്രിവേണി സംഗമത്തില്‍ പുഴയുടെ നടുവിലായി പതിനേഴടി ഉയരത്തില്‍ കെട്ടി ഉയര്‍ത്തിയ മണല്‍തിട്ടയില്‍ അതിപ്രാചീനമായ കുലേശ്വര്‍ മഹാദേവക്ഷേത്രം ഉയര്‍ന്നു നില്‍ക്കുന്നു. ക്ഷേത്രത്തില്‍ സ്ഥാപിച്ചിരിക്കുന്ന ചുവര്‍ ഫലകത്തില്‍ രേഖപ്പെടുത്തിയതനുസരിച്ചാണെങ്കില്‍ ക്ഷേത്രം നിര്‍മ്മിക്കപ്പെട്ടത് എട്ടോ ഒമ്പതോ നൂറ്റാണ്ടിലാണ്. വളരെ പഴക്കം തോന്നുന്ന അരയാല്‍മരത്തിനു കീഴില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം കരിങ്കല്‍ നിര്‍മ്മിതമാണ്. ഇവിടുത്തെ ശിവലിംഗം ഏതാണ്ട് ഒരു ചിതല്‍പ്പുറ്റിന്റെ രൂപത്തിലുള്ള മണല്‍ ലിംഗമാണ്. വനവാസത്തിന് ശ്രീരാമചന്ദ്രനോടൊപ്പമുണ്ടായിരുന്ന സീത പുഴയിലെ മണല്‍ കൊണ്ട് ശിവലിംഗമുണ്ടാക്കി പൂജചെയ്തുവെന്നാണ് പുരാവൃത്തം. ആ ശിവലിംഗമാണത്രെ കുലേശ്വര്‍ മഹാദേവക്ഷേത്രത്തില്‍ ഇന്നും ആരാധിക്കപ്പെടുന്ന ശിവലിംഗം. ശ്രീരാമന്‍ തന്റെ വനവാസ ജീവിതം ആരംഭിച്ചത് ഇവിടെ നിന്നാണെന്ന് വിശ്വസിക്കപ്പെടുന്നു. ക്ഷേത്ര ചുവരുകളില്‍ സ്ഥാപിച്ചിരിക്കുന്ന ശിലാശില്പങ്ങള്‍ തികഞ്ഞ കലാചാരുത ഉള്ളവയാണ്. കാലപ്പഴക്കത്തിന്റെ ക്ഷതങ്ങള്‍ ചില ശില്പങ്ങളെ ബാധിച്ചതായി തോന്നി. മഹാമണ്ഡപം, അന്തരാളം, ഗര്‍ഭഗൃഹം എന്നിങ്ങനെ മൂന്നു ഭാഗങ്ങള്‍ ഈ ക്ഷേത്രത്തില്‍ കാണാം. ചെറിയ ക്ഷേത്രമാണെങ്കിലും പരിസ്ഥിതിയോടിണങ്ങി നില്‍ക്കുന്നതിന്റെ ഒരു ഭംഗിയും ചൈതന്യവും അവിടെ അനുഭവവേദ്യമാകും. ഭക്തജനങ്ങളുടെ വലിയ ബാഹുല്യമോ ബഹളമോ അവിടെ കണ്ടില്ല. ഉള്ളവരാകട്ടെ സാധാരണക്കാരായ ഗ്രാമീണരാണെന്നു തോന്നി. ഉച്ചപൂജയ്ക്കുള്ള തയ്യാറെടുപ്പിന്റെ ഭാഗമാണെന്നു തോന്നുന്നു ചില ചെറുപ്പക്കാര്‍ ഡമരു എന്ന താളവാദ്യം വലിച്ചു മുറുക്കി ശരിയാക്കുന്നുണ്ടായിരുന്നു. അവരുടെ ചില ചിത്രങ്ങള്‍ പകര്‍ത്തി ഞങ്ങള്‍ അവിടെ നിന്നും തിരിച്ച് നടന്നു.
അധികം അകലത്തല്ലാതെ സ്ഥിതി ചെയ്യുന്ന രാജീവലോചന ക്ഷേത്രം സാമാന്യം ബൃഹത്തായ ഒരു ക്ഷേത്രസമുച്ചയമാണ്. ശവദാഹം കൊണ്ട് മലിനമാകാത്ത മണ്ണില്‍ തനിക്ക് ആലയം തീര്‍ക്കാന്‍ ഭഗവാന്‍ വിഷ്ണു വിശ്വകര്‍മ്മാവിനോടു കല്പിച്ചത്രെ. അത്തരമൊരു സ്ഥലം കണ്ടെത്തുന്നതില്‍ പരാജയപ്പെട്ട വിശ്വകര്‍മ്മാവിന് തന്റെ കൈയിലുണ്ടായിരുന്ന താമര ചുഴറ്റി എറിഞ്ഞ് ഭഗവാന്‍ സ്ഥല നിര്‍ണ്ണയം നടത്തിക്കൊടുത്തുവെന്നാണ് ക്ഷേത്രോല്‍പ്പത്തിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന പുരാവൃത്തം. വിഷ്ണുവിന്റെ കൈയിലെ താമര വീണ് പവിത്രമായ സ്ഥലത്ത് വിശ്വകര്‍മ്മാവ് നിര്‍മ്മിച്ചതാണത്രെ ആദ്യ രാജീവലോചന ക്ഷേത്രം. ഇതിവൃത്തം സൂചിപ്പിക്കുന്നതു പോലെ ഇവിടെ മുഖ്യ പ്രതിഷ്ഠ വിഷ്ണുവാണ്. ഗരിയാ ബന്ദ് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന രാജീവ് ലോചന വിഷ്ണു മന്ദിര്‍ ഇന്നത്തെ നിലയില്‍ പുനര്‍നിര്‍മ്മിച്ചത് ഏഴാം നൂറ്റാണ്ടില്‍ രാജാ ജഗല്‍ ദേവ് ആണെന്നാണ് രേഖകള്‍ പറയുന്നത്. പന്ത്രണ്ട് കല്‍ ഗോപുരങ്ങളാല്‍ ചുറ്റപ്പെട്ട ക്ഷേത്രസമുച്ചയം സാമാന്യം ബൃഹത്തായ ഒന്നാണ്. മഹാവിഷ്ണുവിന്റേതാണ് മുഖ്യ പ്രതിഷ്ഠയെങ്കിലും വാമനന്റെയും നരസിംഹത്തിന്റെയും പ്രതിഷ്ഠകള്‍ സമീപത്തു തന്നെയുണ്ട്. സൂര്യന്‍ ഉച്ചിയിലെത്തിയിരുന്നതുകൊണ്ട് കല്ല് പാകിയ ക്ഷേത്ര മുറ്റം ചുട്ടുപഴുത്ത് തുടങ്ങിയിരുന്നു. പ്രധാനമൂര്‍ത്തിയുടെ ശ്രീലകം ശില്പ സമ്പന്നമാണ്. സാമാന്യം ഉയരത്തില്‍ പണിതിരിക്കുന്ന ശ്രീകോവിലിന്റെ മുന്നിലെത്താന്‍ ഇടുങ്ങിയ ഒരു പടിക്കെട്ട് കയറേണ്ടതുണ്ട്. വധൂവരന്‍മാരോടൊപ്പം ഒരു വിവാഹസംഘം ദര്‍ശനം കഴിഞ്ഞ് പടിക്കെട്ടിലൂടെ തിക്കി തിരക്കി ഇറങ്ങുന്നതിനാല്‍ ഞങ്ങള്‍ക്ക് കയറാന്‍ അല്പം പാടുപെടേണ്ടി വന്നു. ഏതോ പണക്കാരന്റെ മകളുടെ കല്യാണമാണെന്നു തോന്നി. പെണ്ണിനെ ആടയാഭരണങ്ങള്‍ കൊണ്ട് വല്ലാതെ അലങ്കരിച്ചിരുന്നു. എന്റെ കഴുത്തില്‍ കിടക്കുന്ന ക്യാമറ കണ്ടിട്ടാണെന്നു തോന്നുന്നു വിവാഹസംഘത്തിലെ മുതിര്‍ന്നൊരാള്‍ എന്നോട് ക്ഷേത്രത്തിനകത്ത് ഫോട്ടോ എടുക്കരുതെന്ന് അല്പം കടുപ്പിച്ച് പറഞ്ഞു. കേരളത്തിലേതുപോലെ തന്നെ ആചാര കാര്‍ക്കശ്യമുള്ള ചില ക്ഷേത്രങ്ങളില്‍ ഉത്തര ഭാരതത്തിലും ചിത്രം പകര്‍ത്താന്‍ സമ്മതിക്കാറില്ല. പൊതുവെ ക്ഷേത്രത്തില്‍ വലിയ തിരക്കനുഭവപ്പെട്ടില്ല. ക്ഷേത്ര മതില്‍ക്കെട്ടിനു പുറത്ത് ഭക്തിസംവര്‍ദ്ധക സാധനങ്ങളും പ്രസാദ വില്‍പ്പനത്തട്ടുകളും വലിയ തിരക്കുകളൊന്നുമില്ലാതെ തുറന്നു പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു.
ഉച്ചഭക്ഷണം ഞങ്ങളുടെ സാരഥിയും വഴികാട്ടിയും എല്ലാമായ കൃഷ്ണപ്രസാദ്ജിയുടെ വീട്ടിലായിരുന്നു ഏര്‍പ്പാട് ചെയ്തിരുന്നത്. അദ്ദേഹത്തിന്റെ വീട്ടില്‍ ഭാര്യയും പ്രായമായ അമ്മയും ഞങ്ങളെ പ്രതീക്ഷിച്ചിരിക്കുന്നുണ്ടായിരുന്നു. മാത്രമല്ല ഞങ്ങള്‍ക്ക് ഒഡീഷയിലേക്ക് തിരിക്കേണ്ട ട്രെയിന്‍ അഞ്ചു മണിക്ക് എത്തിച്ചേരുമെന്നുള്ളതുകൊണ്ട് ഞങ്ങള്‍ റായ്പൂരിലേക്ക് മടങ്ങാന്‍ തീരുമാനിച്ചു. സാക്ഷാല്‍ ശ്രീരാമചന്ദ്രനെ ഗര്‍ഭത്തില്‍ വഹിക്കാന്‍ ഭാഗ്യം സിദ്ധിച്ച കൗസല്യാ ദേവിയുടെ നാടാണ് റായ്പൂര്‍. അതുകൊണ്ടു തന്നെ നഗരഹൃദയത്തില്‍ തലയെടുപ്പോടെ ഉയര്‍ന്നു നില്‍ക്കുന്ന ശ്രീറാം മന്ദിര്‍ കൂടി സന്ദര്‍ശിക്കുവാന്‍ ഞങ്ങള്‍ നിശ്ചയിച്ചു. ചുവന്ന മാര്‍ബിള്‍ കൊണ്ട് പടുത്തുയര്‍ത്തിയ ഈ ക്ഷേത്രം ഉത്തര ഭാരതത്തിലെല്ലാം പുതിയതായി പണിയുന്ന ഹിന്ദു ക്ഷേത്രങ്ങളുടെ പൊതു മാതൃകയിലുള്ളതാണ്. രണ്ട് നിലകളില്‍ ഉയര്‍ന്നു നില്‍ക്കുന്ന ക്ഷേത്രത്തിന്റെ താഴത്തെ നില ഒരു സമ്മേളന ഹാളുപോലെയാണ് നിര്‍മ്മിച്ചിരിക്കുന്നത്. സത്സംഗങ്ങള്‍ക്കും അന്നദാനത്തിനുമെല്ലാം ഈ നില ഉപയോഗിക്കുന്നുണ്ടാവണം. രണ്ടാം നിലയില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രസമുച്ചയത്തില്‍ അഞ്ചടിയോളം ഉയരമുള്ള മാര്‍ബിളില്‍ കൊത്തിയ രാമ ജാനകി വിഗ്രഹങ്ങള്‍ അതീവ മനോഹരമായി തോന്നി. ഇവിടെ ചിത്രങ്ങള്‍ പകര്‍ത്തുന്നതില്‍ യാതൊരു വിലക്കുകളും ഉണ്ടായിരുന്നില്ല. ഒരിടത്ത് സ്ത്രീകളടക്കമുള്ള വലിയൊരു തീര്‍ത്ഥാടക സംഘം ഭജന ഗാനങ്ങളുമായി കൂടിയിരിക്കുന്നുണ്ടായിരുന്നു. ഇത്തരം കാഴ്ചകള്‍ ഉത്തര ഭാരത ക്ഷേത്രങ്ങളില്‍ സര്‍വ്വസാധാരണമാണ്. ഇതിനിടയില്‍ ക്ഷേത്ര നട അടച്ച് മദ്ധ്യാഹ്നപൂജ ആരംഭിച്ചു. നട തുറന്നുള്ള ആരതിയില്‍ ജനങ്ങളെല്ലാം ഭക്തിപൂര്‍വ്വം തൊഴുതു പ്രാര്‍ത്ഥിച്ചു. ഈ ക്ഷേത്രം പുതുക്കി പണിയാതെ അയോദ്ധ്യയിലെ രാമജന്മഭൂമി ക്ഷേത്രം പണി നടക്കില്ലെന്നൊരു വിശ്വാസം ഇന്നാട്ടുകാര്‍ക്കുണ്ടായിരുന്നതായി കൃഷ്ണദാസ്ജിയില്‍ നിന്നും മനസ്സിലാക്കി. എന്തായാലും ക്ഷേത്രഭാരവാഹിയായിരുന്ന രാം പ്രതാപ്ജിയെ അവിടെ വച്ച് പരിചയപ്പെടാനായി. മുമ്പ് സംഘ പ്രചാരകനായിരുന്ന അദ്ദേഹം ഭാരതീയ ജനതാ പാര്‍ട്ടിയുടെ സംഘടനാ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ ഉന്നത ചുമതലകള്‍ വഹിച്ചിട്ടുണ്ടെന്ന തലക്കനമൊന്നുമില്ലാതെ അദ്ദേഹം ഞങ്ങളോട് സഹജമായി പെരുമാറി. അദ്ദേഹത്തോടൊപ്പം നിന്ന് ഞങ്ങള്‍ ചിത്രവും പകര്‍ത്തി കൃഷ്ണദാസ്ജിയുടെ വീട്ടിലേക്ക് യാത്ര തിരിച്ചു. അവിടെയാകട്ടെ തനി കേരളത്തിന്റെ ശൈലിയിലുള്ളൊരു ഊണ് ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു. ദിവസങ്ങള്‍ക്കു ശേഷം കുത്തരി ചോറിന്റെ ഗന്ധവും ഗുരുവായൂര്‍ പപ്പടത്തിന്റെ രുചിയുമെല്ലാമായപ്പോള്‍ ഞങ്ങള്‍ രസിച്ചുണ്ടു എന്നതാണ് സത്യം. ഇനി ഒഡീഷയിലേക്ക് തിരിക്കും മുമ്പ് റായ്പൂരില്‍ ചാന്ദ് ഖുരിയിലുള്ള കൗസല്യാദേവി ക്ഷേത്രം കൂടി സന്ദര്‍ശിക്കാനുള്ള സമയമുണ്ട്. അടുത്തിടെ പുതുക്കിപ്പണിത ആ ക്ഷേത്രം കാണാന്‍ കൃഷ്ണദാസ്ജിയുടെ ധര്‍മ്മ പത്‌നിക്കും ആഗ്രഹമുണ്ടെന്നറിഞ്ഞപ്പോള്‍ അവരെയും ഞങ്ങളുടെ യാത്രാ സംഘത്തില്‍ ഉള്‍പ്പെടുത്തി.
നഗരത്തില്‍ നിന്നും അധികം അകലത്തല്ലെങ്കിലും ഗ്രാമീണ പശ്ചാത്തലത്തിലാണ് കൗസല്യാദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രത്യേക താത്പര്യമെടുത്ത് നവീകരിച്ചതാണത്രെ ഈ ക്ഷേത്രം. എന്തായാലും വിശാലമായ ഒരു കുളത്തിനു നടുവില്‍ പണിതിരിക്കുന്ന ക്ഷേത്രത്തിന് അതനുസരിച്ചു വലിപ്പമോ കലാ ഭംഗിയോ ഇല്ല. ഒരു കോണ്‍ക്രീറ്റ് പാലത്തിലൂടെയാണ് ക്ഷേത്രത്തിലേക്കുള്ള വഴി ഒരുക്കിയിരിക്കുന്നത്. കുളം നന്നായി സംരക്ഷിക്കുക മാത്രമല്ല പാലാഴിമഥനം, ഭഗവാന്‍ വിഷ്ണു പാലാഴിയില്‍ അനന്തനുമേല്‍ ശയിക്കുന്നത് തുടങ്ങിയ ശില്‍പ്പങ്ങള്‍ കൊണ്ട് ജലാശയത്തെ മോടിപിടിപ്പിക്കാനും ശ്രദ്ധിച്ചിട്ടുണ്ട്. എന്നാല്‍ ക്ഷേത്ര കവാടത്തില്‍ ചുവന്ന കല്ല് കൊണ്ട് പടുത്തുയര്‍ത്തിയിരിക്കുന്ന കോദണ്ഡരാമന്റെ പടുകൂറ്റന്‍ശില്പം അങ്ങേയറ്റം വിരൂപമാണെന്ന് പറയാതെ വയ്യ. ശില്പ നിര്‍മ്മിതിയുടെ അനാട്ടമി എന്തെന്നറിയാത്ത ഏതോ ശില്‍പ്പിയുടെ കൈക്കുറ്റമായേ ആ ശില്പത്തെ കാണാന്‍ കഴിയൂ. പക്ഷെ ക്ഷേത്രപരിസരത്തിന്റെ പ്രകൃതി ഭംഗി ആരെയും വശീകരിക്കുന്നതു തന്നെയാണ്. ഈ പ്രദേശത്തിന്റെ മറ്റൊരു സവിശേഷത കൂടി പരാമര്‍ശിക്കാതെ വയ്യ. ഇവിടെ അമ്മാവന്മാര്‍ മരുമക്കളുടെ കാല്‍ തൊട്ടു തൊഴുന്ന പാരമ്പര്യം നിലനില്‍ക്കുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്. കാരണം ശ്രീരാമനെ ഗര്‍ഭം ധരിക്കാന്‍ ഭാഗ്യം കിട്ടിയ കൗസല്യാ മാതാവ് ജനിച്ചു വളര്‍ന്ന മഹാ കോസലത്തിന്റെ ആസ്ഥാനമാണ് ഈ പ്രദേശം. ഇവിടെ ഇന്നും ജനിക്കുന്ന മരുമക്കളെ അമ്മാവന്മാര്‍ സാക്ഷാല്‍ ശ്രീരാമചന്ദ്രന്റെ പ്രതിപുരുഷന്‍മാരായി കണ്ട് വണങ്ങുന്നു. ആ ര്‍ഷ സംസ്‌കൃതിയുടെ കാലാതിവര്‍ത്തിയായ മൂല്യ സങ്കല്‍പ്പങ്ങളെ മനസ്സുകൊണ്ട് നമിച്ചു പോയി. പുരിയിലേയ്ക്ക് ഞങ്ങള്‍ക്ക് പോകേണ്ട ദുര്‍ഗ്ഗ്പുരി എക്‌സ്പ്രസ് വന്നുകൊണ്ടിരിക്കുന്നു എന്ന വിവരം റെയില്‍വെ ജീവനക്കാരനും ഞങ്ങളുടെ ഈ യാത്രയിലെ ടിക്കറ്റുകള്‍ എല്ലാം ശരിയാക്കി തന്നുകൊണ്ടിരിക്കുന്ന ആളുമായ കൊല്ലം പുത്തൂരുള്ള ശരത് വിളിച്ചറിയിച്ചതോടെ ഞങ്ങള്‍ വണ്ടി സ്റ്റേഷനിലേക്ക് തിരിച്ചുവിട്ടു. എങ്കിലും അമ്മാവന്മാര്‍ മരുമക്കളുടെ പാദം തൊട്ടു തൊഴുന്ന സംസ്‌ക്കാര സവിശേഷതയെക്കുറിച്ച് എന്റെ മനസ്സ് അപ്പോഴും ചിന്തിച്ചു കൊണ്ടിരുന്നു.’ബാലികമാര്‍ ശ്രീദേവീരൂപം ബാലകരോരോ രാമന്മാര്‍’ എന്ന ഗീതമാണ് അപ്പോള്‍ ചുണ്ടിലേക്ക് ഓടി വന്നത്.