ഏപ്രില്‍ 27 നു വൈകീട്ട് നാലു മണിയോടെ ഡോ.എന്‍.ഗോപാലകൃഷ്ണന്റെ അവസാനത്തെ ശബ്ദസന്ദേശം പുറത്തു വന്നു. മണിക്കൂറുകള്‍ തികഞ്ഞില്ല. ആ ശബ്ദം നിലച്ചു. ദേഹവിയോഗത്തിന്റെ മണി മുഴങ്ങും മുമ്പായി ഇറക്കിയ സന്ദേശവും പൊതുസമൂഹത്തിനുള്ള മുന്നറിയിപ്പായിരുന്നു. ‘നമ്മുടെ പ്രധാനമന്ത്രിയും മറ്റു ദേശീയ നേതാക്കളും ഓര്‍മിപ്പിച്ചു കൊണ്ടിരിക്കുന്നത് നമ്മുടെ കൊളോണിയല്‍ മാനസികാവസ്ഥ മാറണം എന്നാണ്. ഇതിനെയാണ് പോര്‍ച്ചുഗീസുകാരും ബ്രിട്ടീഷുകാരും ഡച്ചുകാരും മുഗളന്മാരും ദുര്‍വിനിയോഗം ചെയ്തത്. ഇവരൊക്കെ ഈ മണ്ണില്‍ അധികാരത്തിനു വേണ്ടി യുദ്ധം ചെയ്തു. എന്നാല്‍ യുദ്ധം ചെയ്തതും മരിച്ചു വീണതും ഭാരതീയരായ നമ്മുടെ സഹോദരന്‍മാര്‍ മാത്രം. ഒരൊറ്റ ബ്രിട്ടീഷ്‌കാരനോ ഡച്ചുകാരനോ മരിച്ചു വീണില്ല. കാരണം ഇവരോടൊക്കെ നമുക്ക് വിധേയത്വമുണ്ടായിരുന്നു. നമ്മുടെ പൈതൃകങ്ങളെ നശിപ്പിച്ചവരെ ആരാധിക്കുന്ന സ്വഭാവം ചില മേഖലകളില്‍ ഇന്നും ശക്തമാണ്.’ കേന്ദ്രസര്‍ക്കാര്‍ നടപ്പില്‍ വരുത്തുന്ന ദേശീയതയിലൂന്നിയ പുതിയ വിദ്യാഭ്യാസനയത്തിനെതിരെ കേരളത്തില്‍ ഉയര്‍ന്ന കാറ്റിനും കോളിനുമുള്ള ശക്തമായ താക്കീതായിരുന്നു അദ്ദേഹത്തിന്റെ ശബ്ദസന്ദേശം. ഇതാണ് ഡോ. എന്‍. ഗോപാലകൃഷ്ണന്‍ എന്ന സ്വയംസേവകന്‍. അദ്ദേഹത്തിന്റെ മനസ്സു നിറയെ ഭാരതമാണ്, സനാതന ധര്‍മമാണ്. ഈ ആശയങ്ങളെ പുല്‍കുന്ന സംഘമാണ്.
ഭാരതീയ ദര്‍ശനത്തെ ഒരു ശാസ്ത്രജ്ഞന്റെ വൈഭവത്തോടെ കൈകാര്യം ചെയ്യാനാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജ് സ്ഥാപകനായ ഡോ. ഗോപാലകൃഷ്ണന്‍ ശ്രമിച്ചത്. ഇരുപത്തിയഞ്ചു വര്‍ഷം സി എസ്‌ഐആറില്‍ ശാസ്ത്രജ്ഞനായി പ്രവര്‍ത്തിച്ചു. കാനഡയിലെ ആല്‍ബര്‍ട്ട സര്‍വകലാശാലയില്‍ വിസിറ്റിങ് പ്രെഫസറായിരുന്നു. പല വിദേശ സര്‍വകലാശാലകളിലും ഫാക്കല്‍റ്റിയായിരുന്നു.
‘ഡോ ഗോപാലകൃഷ്ണന്‍ ബഹുമുഖ വ്യക്തിത്വത്തിനു ഉടമയായിരുന്നുവെന്ന്’ ആദരണീയനായ ഭാരത പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ അനുസ്മരണസന്ദേശത്തില്‍ കുറിച്ചു.
തികച്ചും വസ്തുനിഷ്ഠമായ വിലയിരുത്തലാണിത്.
ഗോപാലകൃഷ്ണന്‍ ഒന്നും വെറുതെ പ്രസംഗിക്കുകയായിരുന്നില്ല. കൃത്യമായ പഠനത്തിന്റെ പിന്‍ബലത്തിലുള്ള വിലയിരുത്തലുകളായിരുന്നു. ആറായിരത്തോളം വേദികളില്‍ അദ്ദേഹം പ്രസംഗിച്ചു. ഹൈന്ദവ ആചാരാനുഷ്ഠാനങ്ങളെക്കുറിച്ച്, ഉപനിഷദ് സന്ദേശത്തിന്റെ ഉള്ളറകളെക്കുറിച്ച്, ഹിന്ദുവിന്റെ ആത്മാഭിമാനം ഉണരേണ്ടതിന്റെ അനിവാര്യതയെക്കുറിച്ച് ഒക്കെയദ്ദേഹം പറഞ്ഞു. എന്നാല്‍ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളില്‍ എന്നും മുഴങ്ങിക്കേട്ട മന്ത്രം ‘ലോകാ സമസ്താ സുഖിനോ ഭവന്തു’ എന്നായിരുന്നു.
ജീവിച്ചിരുന്നപ്പോള്‍ മന്ത്രിച്ച വാക്കുകളുടെ ശക്തി ജീവിതാവസാനം പ്രവൃത്തിയിലെത്തിക്കാനും അദ്ദേഹത്തിനായി. തന്റെ നേത്രങ്ങള്‍ ‘സക്ഷമ’യെന്ന മഹാപ്രസ്ഥാനത്തിലൂടെ എന്നും ജീവിക്കും എന്നത്് പറഞ്ഞത് പ്രവൃത്തിയിലെത്തിച്ചതിന്റെ പ്രത്യക്ഷോദാഹരണമാണ്.
തൃപ്പൂണിത്തുറയിലെ ക്ഷേത്രപൂജാരിയായ ശ്രീ നാരായണന്‍ എമ്പ്രാന്തിരിയുടെയും സത്യഭാമയുടെയും മകനായി പിറന്ന ഗോപാലകൃഷ്ണന്‍ ആദ്യകാലത്ത് ട്യൂഷന്‍ എടുത്തും എറണാകുളം ദ്വാരകാ ഹോട്ടലില്‍ പാര്‍ട്ട് ടൈം ജോലി ചെയ്തും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഫാര്‍മസ്യൂട്ടിക്കല്‍ കെമിസ്ട്രിയിലും അപ്ലയ്ഡ് കെമിസ്ട്രിയിലും പി. ജി. യും പ്ലാന്റ് ബയോ കെമിസ്ട്രിയില്‍ പിഎച്ച്ഡിയും സയന്‍സ് ഇന്‍ സംസ്‌കൃത് എന്ന വിഷയത്തില്‍ ഡോക്ടറേറ്റും ലഭിച്ചു. കേന്ദ്ര സര്‍ക്കാരില്‍ നിന്നടക്കം പതിനഞ്ചോളം പുരസ്‌കാരങ്ങള്‍ ലഭിച്ചു. ഭാരതീയ വിചാരധാര, ഭാരതീയ ശാസ്ത്ര പാരമ്പര്യം, ഭാരതീയ സാങ്കേതിക പൈതൃകം തുടങ്ങി അറുപതോളം ഗ്രന്ഥങ്ങളുടെ കര്‍ത്താവ്.
ആര്‍.എസ്.എസ്സിന്റെ മണ്ഡല്‍ ബൗദ്ധിക് പ്രമുഖായിരുന്ന ഗോപാലകൃഷ്ണന്‍ അന്നത്തെ ക്ഷേത്രീയ പ്രചാരക് യാദവ് റാവുജിയോട് സംശയരൂപേണ ചോദിച്ച ചോദ്യം ‘I want to be a Hindu Missionary എന്നായിരുന്നു. അതിനു യാദവ് റാവുജിയുടെ ഉത്തരം കൊച്ചിയിലെ മുതിര്‍ന്ന സംഘപ്രവര്‍ത്തകനായ ടി. സതീശന്‍ ഓര്‍ക്കുന്നതിങ്ങനെ ‘ Come back to me after completing your studies.’
സംഘപ്രചാരകനായില്ലെങ്കിലും സംഘാശയങ്ങളുടെ പ്രചാരകനായി എക്കാലവും അദ്ദേഹം പ്രവര്‍ത്തിച്ചു. ഇന്ത്യന്‍ ജനാധിപത്യത്തെ തകിടം മറിക്കാന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഇന്ദിരാഗാന്ധി അവസാനം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. 1977ലെ തിരഞ്ഞെടുപ്പില്‍ ഇന്ദിരാമുന്നണി ക്കെതിരെയുള്ള പ്രചാരണ പരിപാടികളിലെ മുഖ്യപ്രാസംഗികനായിരുന്നു വിദ്യാര്‍ത്ഥിയായ ഗോപാലകൃഷ്ണന്‍.
അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ ഭാരതീയ ശാസ്ത്രപാരമ്പര്യത്തെ കുറിച്ചുള്ള തെറ്റായ ധാരണകളെ ഒരു പരിധിവരെയെങ്കിലും തിരുത്താന്‍ സഹായിച്ചു. സ്വന്തം പൈതൃകത്തെ പുച്ഛത്തോടെ മാത്രം സമീപിച്ച മലയാളിയില്‍ അഭിമാനബോധം ഉണര്‍ത്താന്‍ അദ്ദേഹത്തിനായി. കഴിഞ്ഞ രണ്ടു ദശാബ്ദത്തോളമായി പൂര്‍ണസമയ പൈതൃക പ്രചരണത്തിലാണ് അദ്ദേഹം. തൃശ്ശൂര്‍ മഴുവഞ്ചേരി കേന്ദ്രമായി അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഗവേഷണങ്ങളും പഠനങ്ങളും പുതു തലമുറയ്‌ക്കൊരു മുതല്‍ക്കൂട്ടാണ്.
ഒരു വര്‍ഷം മുമ്പുണ്ടായ സഹധര്‍മ്മിണി രുക്മിണിയുടെ വേര്‍പാട് അദ്ദേഹത്തെ ഏറെ അലട്ടി. മകന്‍ ഹരീഷ്, മകള്‍ ഹേമ, മരുമകന്‍ ആനന്ദ്. സഹോദരങ്ങള്‍ കെ.എന്‍.ശ്രീനിവാസന്‍, എന്‍.വാസുദേവന്‍, എന്‍.വനജാക്ഷി, എന്‍. ബാലചന്ദ്രന്‍, എന്‍.രാജഗോപാല്‍.
Comments