ഒരിക്കല്‍ നാരദമഹര്‍ഷി ഭഗവാനോട് ചോദിച്ചു. ‘കൃഷ്ണനെ ഏറ്റവുമധികം സ്‌നേഹിക്കുന്നതാര്? രുഗ്മിണിയോ, സത്യഭാമയോ? അതോ? മറ്റു പത്‌നിമാരോ? ആരാണ്?’ കണ്ണന്‍ ഒന്നും മിണ്ടിയില്ല.
മറ്റൊരു ദിവസം മഹര്‍ഷി ദ്വാരകയിലെത്തിയപ്പോള്‍ മ്ലാനവദനരായ ദ്വാരകാവാസികളെയാണ് അദ്ദേഹത്തിന് കാണാനായത്. കാരണം മറ്റൊന്നുമല്ല ദ്വാരകാധീശന്‍ തീരെ അവശനായി കിടപ്പിലാണ്. ജലപാനം ചെയ്തിട്ടില്ല. അദ്ദേഹം തലവേദന കൊണ്ട് പുളയുകയാണ്.
ദിവസങ്ങളോളം പല മഹാവൈദ്യന്മാരും മാറി മാറി ശ്രമിച്ചിട്ടും രോഗം ശമിച്ചില്ല.
നാരദനും ശ്രീകൃഷ്ണ പത്‌നിമാരും ഊണും ഉറക്കവും വെടിഞ്ഞ് കണ്ണനെ ശുശ്രൂഷിച്ചു.
ഒടുവില്‍ ഒരു ലാടവൈദ്യന്‍ പറഞ്ഞു. ”ഈ തലവേദന മാറാന്‍ ഒരൊറ്റ മരുന്നേയുളളൂ. ഭഗവാനെ ഏറ്റവും സ്‌നേഹിക്കുന്ന ഒരു സ്ത്രീയുടെ കാല്‍ച്ചുവട്ടിലെ പൊടി മണ്ണ് വെണ്ണയില്‍ ചാലിച്ച് നെറ്റിയില്‍ പുരട്ടണം.”
സ്‌നേഹത്തിന്റെ കാര്യത്തില്‍ പരസ്പരം മത്സരിച്ചിരുന്ന ഭാര്യമാര്‍ ആശ്ചര്യം പ്രകടിപ്പിച്ചു.
”എന്താണിത്, തങ്ങളുടെ കാല്‍പ്പൊടി മണ്ണ് നാഥന്റെ നെറ്റിയില്‍ പുരട്ടുകയോ ശിവ! ശിവ! അതും പതിന്നാലു ലോകത്തിനും നാഥനായവന്റെ.”
”പിന്നെ നരകത്തീയില്‍ പതിക്കാന്‍ വേറെ ഒന്നും വേണ്ട. ഭര്‍ത്താവിന്റെ പാദദാസികളായ നമ്മുടെ കാല്‍പ്പൊടി അദ്ദേഹത്തിന്റെ ശിരസിലണിയിക്കുന്നതില്‍പ്പരം കൊടുംപാതകമെന്തുണ്ട്?”
അന്തപ്പുരവാസികളുടെ വാക്കുകള്‍ കേട്ട് വിഷണ്ണനായ നാരദന്‍ ഉടനെ വൃന്ദാവനത്തിലേക്ക് പുറപ്പെട്ടു. നാരദനെ കണ്ട രാധ ചോദിച്ചു.
”എന്തുപറ്റി മഹാമുനേ? എവിടെപ്പോയി അങ്ങയുടെ പാട്ടും കളിചിരികളും, എന്തിന് വീണ പോലും കാണാനില്ലല്ലോ! എന്റെ കണ്ണനും റാണിമാര്‍ക്കും സുഖം തന്നെയല്ലേ? എന്തെങ്കിലും അനിഷ്ടമുണ്ടായോ പറയൂ നാരദരേ.”
”രാധയെ വെടിഞ്ഞ കണ്ണനെന്തു സുഖം! എന്തു സന്തോഷം? മൂന്നു നാലു ദിവസമായി കണ്ണനു തീരെ സുഖമില്ല അസഹ്യമായ തലവേദനയാല്‍ പുളയുകയാണ്.”
”എന്ത്? കണ്ണനെ നോക്കാന്‍ അവിടെയാരുമില്ലേ?”
”അദ്ദേഹത്തിനെ ഞങ്ങള്‍ രാപ്പകല്‍ ശുശ്രൂഷിക്കുന്നുണ്ട്. ഇപ്പോഴദ്ദേഹത്തിന് വേണ്ടത് മറ്റൊന്നുമല്ല. നെറ്റിയില്‍ പുരട്ടാന്‍ പ്രാണപ്രേയസികളുടെ കാല്‍പ്പൊടിമണ്ണാണ്. നരകഭയം മൂലം ആരും അതിനൊരുക്കമല്ല.”
നാരദവാക്യം കേട്ട രാധ ഉടന്‍ ഗോപികമാരോടു പറഞ്ഞു. ”വരൂ തോഴിമാരെ നമ്മുടെ കാല്‍പ്പൊടിയ്ക്കായി നാരദന്‍ കാക്കുന്നു. വേഗം വാരിയെടുക്കൂ.”
”നാരദ മഹര്‍ഷേ, ഇതാ വേഗം കൊണ്ടു പോകൂ. ഒരു നിമിഷം വൈകാതെ കണ്ണന്റെ നെറ്റിയില്‍ പുരട്ടൂ. കണ്ണന്റെ ദു:ഖം ഞങ്ങള്‍ക്ക് അനേകകോടി ജന്മദു:ഖത്തിന് സമമാണ്. അതകറ്റാനായി എത്ര കോടി ജന്മം നരകത്തീയില്‍ കഴിയാനും ഈ
ഗോപികമാര്‍ക്കു മടിയില്ല. സ്വര്‍ഗ്ഗപ്രാപ്തിക്കോ മറ്റു സുഖങ്ങള്‍ക്കോ കാര്‍വര്‍ണ്ണനോളം ഈയുളളവര്‍ വില കല്‍പ്പിക്കുന്നില്ല.” കോടാനുകോടി ജന്മം നരകത്തീയില്‍ വാഴാനും മടിയില്ലാത്ത ഗോപികമാരുടെ മുന്നില്‍ താനെത്ര നിസ്സാരനാണെന്ന് നാരദനു തോന്നി.
കാല്‍പ്പൊടിയുമായി ദ്വാരകയിലെത്തിയപ്പോള്‍ കണ്ണന്റെ വേദന ശമിച്ചിരുന്നു. ഒപ്പം നാരദന്റെ സംശയവും.
(കുറിപ്പ്: ശ്രീകൃഷ്ണന്റേയും ഗോപികമാരുടേയും പാദസ്പര്‍ശമേറ്റ വൃന്ദാവനത്തിലെ മണ്ണ് അമൂല്യമാണ്. ഭക്തര്‍ ഇന്നും അത് ഗോപിക്കുറിയായി നെറ്റിയില്‍ ചാര്‍ത്തി വരുന്നു)