ആഗോള പ്രതിസന്ധിയും
സമാധാനത്തിലേക്കുള്ള പാതയും
മിര്‍സാ മസ്‌റൂര്‍ അഹ്‌മദ്
ഇസ്ലാം ഇന്റര്‍നാഷണല്‍
പബ്ലിക്കേഷന്‍സ് ലിമിറ്റഡ്
പേജ്: 293
ഫോണ്‍: 9447069940
സംഘര്‍ഷങ്ങളുടെയും സംഭ്രമങ്ങളുടെയും രംഗവേദിയായ ആധുനിക ലോകത്ത് സമാധാനത്തിലേക്കുള്ള വഴി എന്തെന്ന് ചൂണ്ടിക്കാട്ടുന്ന ഒന്നാണ് ലോക അഹ്‌മദിയ്യാ മുസ്ലിം ജമാഅത്തിന്റെ ആത്മീയ നേതാവും പണ്ഡിതനുമായ ഹദ്‌റത്ത് മിര്‍സാ മസ്‌റൂര്‍ അഹ്‌മദിന്റെ ‘ആഗോള പ്രതിസന്ധിയും സമാധാനത്തിലേക്കുള്ള പാതയും’ എന്ന പുസ്തകം. മാനവ സമൂഹം അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളെയും പ്രതിസന്ധികളെയും അവലോകനം ചെയ്യുകയും അവയ്ക്ക് പരിഹാരം നിര്‍ദ്ദേശിക്കുകയുമാണ് അദ്ദേഹം ചെയ്യുന്നത്. ലോക അഹ്‌മദിയ്യാ മുസ്ലിം ജമാഅത്തിന്റെ അറിയപ്പെടുന്ന വക്താവെന്ന നിലയില്‍ ഗ്രന്ഥകാരന്‍ നടത്തിയ പ്രഭാഷണങ്ങളുടെയും കത്തുകളുടെയും സമാഹാരമാണ് ഈ പുസ്തകം. ഇസ്ലാമിക ചിന്തയുടെ അടിത്തറയില്‍ നിന്നുകൊണ്ട് ആഗോള സമൂഹം നേരിടുന്ന പ്രശ്‌നങ്ങളെ നിര്‍ദ്ധാരണം ചെയ്യുകയാണ് അദ്ദേഹം. പ്രഭാഷണങ്ങള്‍, കത്തുകള്‍ എന്നിങ്ങനെ രണ്ടായി തിരിച്ചിട്ടുള്ള പുസ്തകത്തില്‍ ‘ആഗോള പ്രതിസന്ധി ഇസ്ലാമിക കാഴ്ചപ്പാടില്‍’, ‘സമാധാനത്തിലേക്കുള്ള താക്കോല്‍’, ‘ആണവയുദ്ധത്തിന്റെ സര്‍വ്വനാശ പ്രത്യാഘാതങ്ങളും കേവല നീതി നടപ്പാക്കേണ്ടതിന്റെ നിര്‍ണായകമായ ആവശ്യകതയും’ തുടങ്ങി പത്ത് പ്രഭാഷണങ്ങള്‍ ചേര്‍ത്തിട്ടുണ്ട്. മതവും ദേശീയതയും തമ്മിലുള്ള വൈരുദ്ധ്യം പ്രസക്തമായ ചര്‍ച്ചാ വിഷയമായി മാറിക്കൊണ്ടിരിക്കുന്ന സമകാലിക ചുറ്റുപാടില്‍ ‘സ്വരാജ്യ സ്‌നേഹവും കൂറും സംബന്ധിച്ച ഇസ്ലാമികധ്യാപനങ്ങള്‍’ എന്ന അദ്ധ്യായം കാലികപ്രസക്തമാണ്. പുസ്തകത്തിന്റെ രണ്ടാം ഭാഗത്ത് പോപ്പ് ബെനഡിക്ട് പതിനാറാമന്‍, ഇസ്രായേല്‍ പ്രധാനമന്ത്രി, ഇറാന്‍ പ്രസിഡന്റ്, അമേരിക്കന്‍ പ്രസിഡന്റ്, സൗദി രാജാവ്, ബ്രിട്ടീഷ് പ്രധാനമന്ത്രി, ഫ്രഞ്ച് പ്രസിഡന്റ് തുടങ്ങി പതിമൂന്ന് രാജ്യത്തലവന്മാര്‍ക്കുള്ള മിര്‍സാ മസ്‌റൂര്‍ അഹ്‌മദിന്റെ കത്തുകളാണ് ചേര്‍ത്തിട്ടുള്ളത്. ലോകം സമാധാനത്തിലേക്കുള്ള പാത തേടി അന്വേഷണഗവേഷണങ്ങളില്‍ മുഴുകിയിരിക്കുമ്പോള്‍ സമാധാനത്തെ സംബന്ധിച്ചുള്ള വ്യത്യസ്തമായ ഇസ്ലാമിക വീക്ഷണമാണ് ഈ പുസ്തകത്തില്‍ ഇതള്‍വിരിയുന്നത്.
കമ്മ്യൂണിസം: കാപട്യത്തിന്റെ
മാനിഫെസ്റ്റോ
കാ.ഭാ. സുരേന്ദ്രന്‍
കുരുക്ഷേത്ര പ്രകാശന്‍
പേജ്: വില: 210 രൂപ
ഫോണ്‍: 0484-2338324
ഭാരതത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ട് നൂറ് വര്‍ഷം പിന്നിടാന്‍ പോകുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആശയത്തെയും പ്രയോഗപദ്ധതിയെയും വിമര്‍ശനവിധേയമാക്കുന്ന പുസ്തകമാണ് കാ.ഭാ. സുരേന്ദ്രന്‍ രചിച്ച ‘കമ്മ്യൂണിസം: കാപട്യത്തിന്റെ മാനിഫെസ്റ്റോ’. മുഴുവന്‍ ഭാരതത്തിന്റെയും സാംസ്‌കാരിക ഭൂമികയെ അന്വേഷണ ഭൂമികയാക്കിക്കൊണ്ട് കമ്മ്യൂണിസത്തെയും അതിന്റെ പ്രവര്‍ത്തനങ്ങളെയും വിശകലനം ചെയ്യുകയാണ് ഗ്രന്ഥകാരന്‍. നവ ഇടതുപക്ഷവും ഭാരതത്തിന്റെ ശിഥിലീകരണവുമെന്ന പ്രഥമ അദ്ധ്യായത്തില്‍ കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ ഭാരതത്തിന്റെ തനിമയെ ഇല്ലാതാക്കാന്‍ വേണ്ടി നടത്തിയ പരിശ്രമങ്ങളെ തുറന്നുകാട്ടുന്നത് ഏറെ ശ്രദ്ധേയമാണ്. നിരവധി ചരിത്രരേഖകളുടെ പിന്‍ബലത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭാരതത്തില്‍ നടത്തിയ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളെ ഗ്രന്ഥകാരന്‍ അക്കമിട്ടു നിരത്തുന്നു. ഒരുകാലത്ത് ഭാരത പാര്‍ലമെന്റില്‍ പ്രതിപക്ഷ സ്ഥാനം അലങ്കരിച്ചിരുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇന്ന് കേരളത്തില്‍ മാത്രമായി ചുരുങ്ങിപ്പോയതിന്റെ കാര്യകാരണങ്ങള്‍ ഈ പുസ്തകം വരച്ചു കാട്ടുന്നുണ്ട്. ഭാരതത്തിനും ഭാരതീയ മൂല്യങ്ങള്‍ക്കും എതിരെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നടത്തിയ ആക്രമണങ്ങളുടെയും കാപട്യങ്ങളുടെയും ഒരു പൊളിച്ചെഴുത്താണ് ഈ പുസ്തകം.
ഛാന്ദോഗ്യോപനിഷത്ത്
ടി.ശിവശങ്കരന്‍ നായര്‍
പേജ്: 255 വില: 190 രൂപ
മാതൃഭൂമി ബുക്‌സ്
ഫോണ്‍: 0495-2362000
ഓങ്കാരത്തെ പ്രതിപാദിക്കുന്ന ഉപനിഷത്ത് എന്ന ഖ്യാതി നേടിയിട്ടുള്ള ഒന്നാണ് ഛാന്ദോഗ്യോപനിഷത്ത്. പ്രസിദ്ധമായ തത്വമസി വാക്യം ഉള്‍ക്കൊള്ളുന്നതും ഇതിലാണ്. ജീവനും ജഗത്തും പ്രാണനും പൃഥ്വിയും മനുഷ്യനും ഒക്കെ വിഷയീഭവിക്കുന്ന ഉപനിഷത്താണിത്. അനവധി കഥകളും ഇതിലുണ്ട്. വളരെ ലളിതമായ അര്‍ത്ഥത്തോടെ ശ്ലോക സഹിതം വായിക്കാവുന്ന കൃതിയാണ് ഉപനിഷദ് ഉപാസകനായ ടി.ശിവശങ്കരന്‍ നായര്‍ തര്‍ജ്ജമ ചെയ്ത ഛാന്ദോഗ്യോപനിഷത്ത്. എട്ട് അദ്ധ്യായത്തില്‍ കാണ്ഡങ്ങളായി തരം തിരിച്ചാണ് ഇതില്‍ വിഷയം ക്രമീകരിച്ചിരിക്കുന്നത് എന്നത് മറ്റ് വ്യാഖ്യാനങ്ങളില്‍ നിന്നും ഇതിനെ വേറിട്ടു നിര്‍ത്തുന്നു. നൂറ്റിമുപ്പതോളം വിഷയങ്ങള്‍ ഈ പുസ്തകത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.