കര്‍ണ്ണം എന്നാല്‍ ചെവി. അതിന് പീഡ അഥവാ സമ്മര്‍ദ്ദം കൊടുക്കുന്നത് കര്‍ണ്ണ പീഡാസനം. പഞ്ചഭൂതങ്ങളില്‍ ഏറ്റവും സൂക്ഷ്മമായത് ആകാശം. ആ ആകാശത്തിന്റെ സൂക്ഷ്മ രൂപം, ഗുണം, തന്മാത്ര ആണ് ശബ്ദം. ആ ശബ്ദത്തെ സ്വീകരിക്കുന്ന ഇന്ദ്രിയമാണ് കര്‍ണ്ണം അഥവാ ചെവി. അതിനെ സൂക്ഷ്മമാക്കുന്ന ആസനമാണ് ഇത്.
ചെയ്യുന്ന വിധം
മലര്‍ന്നു കിടക്കുക. കാലുകള്‍ ഉയര്‍ത്തുക. കൈകള്‍ പിറകില്‍ താങ്ങു കൊടുത്തുകൊണ്ട് തടിയും ഉയര്‍ത്തുക. കഴുത്തു നിലത്തു പതിഞ്ഞിരിക്കും. ഇപ്പോള്‍ സര്‍വാംഗാസനമായി. കാലുകള്‍ പിന്നോട്ടു കൊണ്ടുപോയി തലക്കുമേലെ നിലത്തു കുത്തുക. ഇപ്പോള്‍ ഹലാസനമായി. ശ്വാസം വിട്ടുകൊണ്ട് ഇടതുകാല്‍ മടക്കി കാല്‍മുട്ട് ചെവിയോടു ചേര്‍ക്കുക. പിന്നീടു വലതു കാല്‍മുട്ടും. കൈകള്‍ കോര്‍ത്ത് പിന്നില്‍ നിലത്ത് ചേര്‍ത്തു വെക്കുക. കൈകള്‍ കൊണ്ട് തുടകള്‍ കെട്ടിപ്പിടിക്കുകയുമാവാം. ചെവി വേദനിക്കാത്ത തരത്തില്‍ കാല്‍മുട്ടു ചേര്‍ത്തടക്കാം. സാധാരണ ശ്വാസത്തില്‍ അല്പം നിന്ന ശേഷം തിരിച്ചു വരാം.
ഗുണങ്ങള്‍
കഴുത്തിനും ചുമലുകള്‍ക്കും നല്ല സമ്മര്‍ദം അനുഭവപ്പെടും; വഴക്കമുണ്ടാവും. മനസ്സ് ഏകാഗ്രമാവും, ശാന്തമാവും.
Comments