സത്യത്തില്‍ ഇന്ന് മനുഷ്യജീവിതം ചലിച്ചുകൊണ്ടിരിക്കുന്നത് വിരല്‍ത്തുമ്പുകളിലൂടെയാണ് എന്ന് പറഞ്ഞാല്‍ അത് അതിശയോക്തിയല്ല. ഒന്നര ദശാബ്ദം മുന്നേ സ്മാര്‍ട്ട് ഫോണുകളുടെ വരവോടെയാണ് മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റം എന്ന സോഫ്റ്റ്വേര്‍ മേഖലക്ക് വഴി തുറന്നത്. പിന്നീടുള്ള മൊബൈല്‍ വാര്‍ത്താവിനിമയമേഖലയുടെ വളര്‍ച്ച അമ്പരപ്പിക്കുന്ന വേഗതയിലായിരുന്നു.
ലോകത്തെ മുഴുവന്‍ വിവരങ്ങളും കൈവെള്ളയിലെ ഒരു കൊച്ചു ചതുരക്കട്ടയിലേക്ക് ആവാഹിക്കാനുള്ള ഒരു മന്ത്രമാണ് ഒഎസ് അഥവാ ഓപ്പറേറ്റിങ് സിസ്റ്റം. ഇതില്ലാതെ ഒരു സൈബര്‍ ഉപകരണങ്ങള്‍ക്കും പ്രവര്‍ത്തിക്കാന്‍ കഴിയില്ല. ആപ്പിള്‍, ഗൂഗിള്‍ എന്നിവരാണ് ഈ രംഗത്ത് ആധിപത്യം സ്ഥാപിച്ചത്. വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റം വന്നെങ്കിലും അതിനു വലിയ സ്വീകാര്യത ലഭിച്ചില്ല. ഇന്ന് ലോകം മുഴുവനുമുള്ള മൊബൈല്‍ ഉപഭോക്താക്കളില്‍ ഏതാണ്ട് മുഴുവന്‍ പേരും ഉപയോഗിക്കുന്നത് ഒന്നുകില്‍ ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് അല്ലങ്കില്‍ ആപ്പിളിന്റെ ഐ ഓ എസ് ആണ്.
ഏതൊരു രംഗത്തായാലും ചില കമ്പനികളുടെ സമഗ്രാധിപത്യം പലപ്പോഴും ശരിയല്ലാത്ത പ്രവണതകള്‍ക്ക് വഴിവെയ്ക്കും. മനുഷ്യന്റെ സര്‍വ്വ ജീവിത മേഖലകളിലും സ്മാര്‍ട്ട് ഫോണ്‍ സ്വാധീനം വളരുന്നതോടെ, ഇങ്ങനെയുള്ള ആധിപത്യം സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും വരെ ഭീഷണിയായേക്കാം. എന്തും ഏതും ഈ പാശ്ചാത്യ കമ്പനികളുടെ താല്പര്യങ്ങള്‍ക്കും പോളിസികള്‍ക്കും വിധേയമായി മാത്രം തീരുമാനിക്കപ്പെടേണ്ട അവസ്ഥയാണ് ഫലത്തില്‍ ഇപ്പോഴുള്ളത്. ഇതിനു പരിഹാരം ഒന്നേയുള്ളു. ഭാരതം സ്വന്തമായി ഒരു ഓപ്പറേറ്റിങ് സിസ്റ്റം വികസിപ്പിക്കുക എന്നത് മാത്രമാണ് ഇവിടെ പോംവഴി. അങ്ങനെയാണ് കേന്ദ്രസര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ സഹകരണത്തോടെ ചെന്നൈ ഐഐടിയില്‍ നിന്ന് പുതിയ ഒരു ഐഓഎസ് വികസിപ്പിക്കാന്‍ ആരംഭിക്കുന്നത്. അതാണ് ഭറോസ് എന്ന പേരില്‍ ഇപ്പോള്‍ ട്രയലുകള്‍ നടത്തിക്കൊണ്ടിരിക്കുന്ന പുതിയ മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റം. ഇവിടെ വികസിപ്പിച്ചത് കൊണ്ട് ഏതാണ്ടെല്ലാ ഭാരതീയ ഭാഷകളിലും ഭറോസ് ഉപയോഗിക്കാന്‍ കഴിയും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.
ആന്‍ഡ്രോയിഡ് ഫോണുകളില്‍ നിരവധി ആപ്ലിക്കേഷനുകള്‍ ഇന്‍ ബില്‍റ്റ് ആയി തന്നെ വരുന്നുണ്ട്. എന്നാല്‍ ഭറോസില്‍ നമുക്കാവശ്യമുള്ളവ മാത്രം തെരഞ്ഞെടുത്ത് ഉപയോഗിക്കാം. ഇത് സ്വകാര്യത, ഡാറ്റ സുരക്ഷിതത്വം എന്നിവ കൂടുതല്‍ ഉറപ്പ് നല്‍കുന്നു. കൂടാതെ ദിവ്യാംഗര്‍ക്കും ലളിതമായിത്തന്നെ ഉപയോഗിക്കാവുന്ന രീതിയിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
ഭാരതത്തിന്റെ ഡിജിറ്റല്‍ ഭാവിയുടെ ഒരു പടക്കുതിരയാണ് ഭറോസ് എന്ന് നിസ്സംശയം പറയാം.
Comments