അമര രക്തസാക്ഷികള്‍ – ഭാഗം 2
മാത്യൂസ് അവന്തി
ബാലസാഹിതീ പ്രകാശന്‍
മൊ: 9778233920
പേജ്: 104 വില: 180
ഔദ്യോഗിക ചരിത്രരചയിതാക്കള്‍ രാഷ്ട്രത്തിന്റെ പൈതൃക പാരമ്പര്യത്തെ നിഷേധാത്മകമായി ചിത്രീകരിക്കാന്‍ ബോധപൂര്‍വം ശ്രമം നടത്തിയപ്പോള്‍ തമസ്‌കരിക്കപ്പെട്ടുപോയ നിരവധി വിപ്ലവകാരികളും നവോത്ഥാന നായകന്മാരും ഭാരതത്തിലുണ്ട്. എന്നാല്‍ അവരുടെ ചരിത്രം വീണ്ടെടുക്കാന്‍ ചിലരെങ്കിലും മുന്നിട്ടിറങ്ങുന്ന കാഴ്ച ഇപ്പോള്‍ മലയാളത്തിലും അങ്ങിങ്ങായി കണ്ടുവരുന്നുണ്ട്. ഇതൊരു ശുഭസൂചനയാണ്. ഇതിനോടകം ദേശീയ പുരുഷ കേസരികളെ പരിചയപ്പെടുത്തി വേറിട്ട ചലനങ്ങള്‍ സൃഷ്ടിച്ച മാത്യൂസ് അവന്തി ബാലസാഹിതീ പ്രകാശന് വേണ്ടി എഴുതിയ 50 ചരിത്രരേഖകളാണ് ‘അമര രക്തസാക്ഷികള്‍’ എന്ന പുസ്തകം. രണ്ട് ഭാഗങ്ങളുള്ള പുസ്തകത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന പല കാര്യങ്ങളും ഇന്നും അറിയപ്പെടാത്ത അമര കേസരികളുടേത് തന്നെയാണ്. ഹിന്ദുക്കുഷിലെയും പെഷവാറിലെയും ഗാന്ധാരത്തിലെയും ജയപാല ദേവനും വിജയ റായിയും അലക്‌സാണ്ടറെ തോല്പിച്ച പുരുഷോത്തമനും മുഗളരെ വിറപ്പിച്ച ഹേമുവും കിത്തൂര്‍ റാണിയും ദുര്‍ഗാവതിയും സദ് ഗുരു രാംസിംഗും പരമാനന്ദും സചീന്ദ്ര സന്യാലും തുടങ്ങി അറിയാത്ത അനവധി പേര്‍. അവരെ പരിചയപ്പെടുത്തുന്നതിലൂടെ കൈരളി വിപ്ലവ സൂര്യന്മാരെ ആശ്ലേഷിക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്ന് വേണം കരുതാന്‍. ഇത്തരം നിരവധി പോരാളികളെ തമസ്‌കരിച്ച കൊളോണിയല്‍ ചരിത്ര നിര്‍മ്മിതികളുടെ നാട്ടില്‍ നിന്ന് തന്നെ പുത്തന്‍ രചനാ വൈഭവത്തോടെ അറിയപ്പെടാത്തവരുടെ ചരിത്രം പുനരാവിഷ്‌കരിക്കുകയാണിവിടെ. മണ്ണിനോടും മക്കളോടും കൂറു പുലരാനുള്ള ആവേശോജ്വലമായ പൂര്‍വ്വ സൂരികളുടെ ചരിത്രമാണിത്.
ദേവീ മാനസപൂജാസ്‌തോത്രം
ചട്ടമ്പിസ്വാമികള്‍
ചട്ടമ്പി സ്വാമി ആര്‍ക്കൈവ്
മൊ: 9387826738
പേജ്:272 വില: 500
ദേവീ ഉപാസകര്‍ക്ക് ആകര്‍ഷകത്വം പകരുന്ന ശ്രീവിദ്യാ മാര്‍ഗ്ഗവും സമയാചാരവും ദക്ഷിണാചാരവും ഉള്‍ക്കൊള്ളുന്ന ശ്രീശങ്കരകൃതിയായ ചതു:ഷഷ്ട്യുപചാരപൂജയെ ചട്ടമ്പി സ്വാമികള്‍ വ്യാഖ്യാനിച്ചതോടെ അത് ദേവീമാനസപൂജാ സ്‌തോത്രമായി മാറി. ഇത്തരം മാനസപൂജാ കൃതികള്‍ മലയാളത്തില്‍ വിരളമാണ്. ചട്ടമ്പിസ്വാമി ആര്‍ക്കൈവ് ഇത്തരം കൃതികള്‍ പുനരാവിഷ്‌കരിച്ച് പ്രസിദ്ധീകരിക്കുന്നതില്‍ മുന്‍പന്തിയിലുണ്ട്. ഉപാസനാപദ്ധതികളെ മുറുകെപ്പിടിക്കുന്നവര്‍ക്ക് ഈ പുസ്തകം ഒരു വഴികാട്ടിയായിരിക്കും.
മാനം നിറയെ വര്‍ണ്ണങ്ങള്‍
പ്രേംരാജ് കെ.കെ.
അഡോര്‍ പബ്ലിഷിംഗ് ഹൗസ്
ബംഗ്ലൂരു. മൊ: 9886912078
പേജ്:115 വില: 130
പ്രവാസി മലയാളിയായ ഡോ.കെ. കെ. പ്രേംരാജ് എഴുതിയ രണ്ടാമത്തെ കഥാസമാഹാരമാണ് ‘മാനം നിറയെ വര്‍ണ്ണങ്ങള്‍’. കോഴിക്കോട് ഇന്ത്യാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ചില നിറങ്ങള്‍ക്ക്’ ശേഷം ജീവിത വര്‍ണ്ണങ്ങളെ ചാലിച്ചെഴുതിയ കൂറെ പച്ചയായ കഥകളുടെ സമാഹാരമാണിത്. ജീവസ്പര്‍ശിയായ 13 കഥകള്‍ വായനാ ലോകത്ത് സമര്‍പ്പിക്കുമ്പോള്‍ കഥാകൃത്തിന് ഉണ്ടാകുന്ന ആശ്വാസ നിശ്വാസങ്ങള്‍ വരികള്‍ക്കിടയിലും വായിച്ചെടുക്കാനാവും. മെട്രോ നഗരത്തിലെ സമ്പന്നതയിലെ അരക്ഷിതത്വവും നഗരത്തിലെ ദാരിദ്രവും അറിയാതെ പോകരുത്. അക്കൊടിയേന്തിയാണ് കഥാകൃത്ത് അളന്ന് കുറിച്ച കഥകള്‍ തീര്‍ത്തത്. കാമാത്തിപുരത്തെ കമലയും ഊട്ടും പോലുള്ള കഥകള്‍ വായനക്കാര്‍ക്കുണ്ടാവുന്ന ഒരോ തിരിച്ചറിവുകളാണ്. പ്രവാസി കഥ വഴി മലയാളികള്‍ക്ക് അന്യഭാഷാ പദങ്ങളെ അറിയാനും ഈ കഥാസമാഹാരം ഉപകരിക്കും.
മഹാക്ഷേത്രങ്ങളും തീര്‍ത്ഥസ്ഥലങ്ങളും ഒത്തുചേര്‍ന്ന പുണ്യഭൂമിയാണ് ഭാരതം. ഈ പുണ്യസങ്കേതങ്ങളിലൂടെയുള്ള യാത്ര ആദ്ധ്യാത്മികാനുഭൂതി പകരുന്ന ഒരു തീര്‍ത്ഥയാത്ര തന്നെയാണ്.
ശ്രീകാളഹസ്തി മുതല്‍
ധനുഷ്‌കോടി വരെ
രവി പുലിയന്നൂര്‍
സാരഥി ബുക്‌സ്, കോട്ടയം
ഫോണ്‍: 04822236487
പേജ്:152 വില: 180
ഭാരതത്തിലെ പുണ്യസങ്കേതങ്ങളിലൂടെയുള്ള അക്ഷരസഞ്ചാരമാണ് രവി പുലിയന്നൂര്‍ രചിച്ച ‘ശ്രീകാളഹസ്തി മുതല്‍ ധനുഷ്‌കോടി വരെ’ എന്ന യാത്രാവിവരണഗ്രന്ഥം. ഗ്രന്ഥകാരന്‍ ശ്രീകാളഹസ്തി, ഏകാംബരം, തിരുവണ്ണാമല, ചിദംബരം, തിരുവാനൈക്കാവല്‍, തിരുപ്പതി, ശ്രീരംഗം, തഞ്ചാവൂര്‍, മധുര, രാമേശ്വരം, ധനുഷ്‌കോടി എന്നിവിടങ്ങളിലേക്ക് നടത്തിയ യാത്രയുടെ അനുഭവങ്ങളാണ് കാവ്യാത്മകമായ ഭാഷയില്‍ ഈ പുസ്തകത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.
Comments