ബാലഗോകുലം കോട്ടയം ജില്ലാ മുന്‍ രക്ഷാധികാരിയും കോളേജ് അധ്യാപകനും പ്രഭാഷകനും ബാലസാഹിത്യകാരനുമായിരുന്നു ഈയിടെ അന്തരിച്ച ചങ്ങനാശ്ശേരി തുരുത്തിയിലെ ശ്രീപാദം ഈശ്വരന്‍ നമ്പൂതിരി. ഹൃദ്രോഗത്തെത്തുടര്‍ന്ന് കൊച്ചിയിലെ അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കേരള സര്‍വകലാശാലയുടെ ബി എസ് സി ബോര്‍ഡ് ഓഫ് സ്റ്റഡീസിലും ഫാക്കല്‍റ്റി ഓഫ് സയന്‍സിലും അംഗമായിരുന്നു.
അര്‍ഘ്യം, അനന്ത ബിന്ദുക്കള്‍, അഗ്‌നിശര്‍മ്മന്റെ അനന്തയാത്ര, അനുഭവ കാലം, അര്‍ധവിരാമം, അയ്യട മനമെ, അക്കുത്തിക്കുത്ത്, അയ്യേ പറ്റിച്ചേ, അപ്പൂപ്പന്‍ താടി, അമ്മച്ചിപ്ലാവ്, അമ്പിളിക്കുന്ന്, ആനമുട്ട, ആനവന്നെ, ആറാം പ്രമാണം, ആര്‍പ്പോ ഈയ്യോ, ആകാശക്കോട്ട, ആലിപ്പഴം, ആരണ്യ കാണ്ഡം, ഇരട്ടി മധുരം, ഈച്ചക്കൊട്ടാരം, ഉറുമ്പോ ഉറുമ്പെ, ഊഞ്ഞാല്‍ പാലം, എടുക്കട കുടുക്കെ, ഏഴര പൊന്നാന, ഐരാവതം, ഒന്നാനാം കുന്നിന്മേല്‍, ഒറ്റക്കോലം, ഓണത്തപ്പാ കുടവയറാ, ഓട്ടു വള, ഔവ്വെ അതുവ്വോ, കഷ്ടം കഷ്ടം കോനാരെ, കാക്കക്കുളി, കാപ്‌സൂള്‍ കവിതകള്‍, കിളിപ്പാട്ടുകള്‍, കീര്‍ത്തനക്കിളി, കുന്നിമണികളും കൊന്നപ്പൂക്കളും, കൂനന്റെ ആന എന്നിവയാണ് അദ്ദേഹത്തിന്റെ പ്രശസ്ത കൃതികള്‍. 1984 മുതല്‍ 1987 വരെയുള്ള കാലഘട്ടത്തിലാണ് ചങ്ങനാശ്ശേരി താലൂക്കിന്റെയും തുടര്‍ന്ന് കോട്ടയം ജില്ലയുടെയും ബാലഗോകുലത്തിന്റെ രക്ഷാധികാരിയായി അദ്ദേഹം പ്രവര്‍ത്തിച്ചത്. നിരവധി ഗാനങ്ങളും മുക്തകങ്ങളും ബാലഗോകുലത്തിനു വേണ്ടി അദ്ദേഹം എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ആ ഗാനങ്ങളും മുക്തകങ്ങളും ചേര്‍ത്ത് ബാലസാഹിതി പ്രകാശന്‍ ‘കുന്നിമണികളും കൊന്നപ്പൂക്കളും’ എന്ന പേരില്‍ പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ കാലയളവില്‍ കേസരി അവാര്‍ഡ് നേടിയ തേവാരം എന്ന നാടകം അദ്ദേഹത്തിന്റെ സംഭാവനയാണ്. എന്‍.സി.ഇ.ആര്‍.ടി, തകഴി, സി.എല്‍.എസ്, എസ്.ബി.ഐ, അധ്യാപക കലാസാഹിത്യസമിതി, മന്ദസ്മിതം തുടങ്ങി നിരവധി അവാര്‍ ഡുകള്‍ ലഭിച്ചിട്ടുണ്ട്. ആകാശവാണിക്കും ദൂരദര്‍ശനും വേണ്ടി നിരവധി ലളിതഗാനങ്ങളും എഴുതിയിട്ടുണ്ട്.നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുള്ള ഇദ്ദേഹം ബാലഗോകുലത്തിന്റെ വേദികളില്‍ സജീവമായിരുന്നു. കുട്ടികള്‍ക്ക് വളരെയേറെ പ്രിയങ്കരനായിരുന്നു. ‘ഒരു ജന്മം ഇനിയെനിക്ക് ഉണ്ടെങ്കില്‍ ആയത് ഗുരുവായൂര്‍ മതിലകത്താക്കണം’ എന്ന അദ്ദേഹത്തിന്റെ ഗാനം 90 കളില്‍ ബാലഗോകുലത്തിന്റെ പ്രതിവാര ക്ലാസ്സുകളിലും സമ്മേളനങ്ങളിലും തുടരെ കേള്‍ക്കുന്ന ഒന്നായിരുന്നു. സരസമായ സംഭാഷണങ്ങള്‍ കൊണ്ടും, നര്‍മ്മത്തില്‍ പൊതിഞ്ഞ വാക്കുകള്‍ കൊണ്ടും ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്ന ശ്രീപാദത്തെ ഒരിക്കല്‍ പരിചയപ്പെട്ടാല്‍ പിന്നീടൊരിക്കലും മറക്കാന്‍ സാധിക്കുമായിരുന്നില്ല. സ്വര്‍ഗ്ഗീയ ശ്രീപാദം ഈശ്വരന്‍ നമ്പൂതിരിയുടെ ദീപ്തമായ ഓര്‍മ്മകള്‍ക്കു മുന്‍പില്‍ ബാലഗോകുലത്തിന്റെ ശതകോടി പ്രണാമം.
(ബാലഗോകുലം സംസ്ഥാന പൊതു കാര്യദര്‍ശിയാണ് ലേഖകന്‍ )
Comments