പെലെ, കാല്‍പന്തിന്റെ സാമ്രാജ്യത്തിലെ ചക്രവര്‍ത്തിയാകുന്നു. മെസ്സി വിളയാടിയ ഈ പുതുകാലത്ത് പോലും ഇക്കാര്യത്തില്‍ തര്‍ക്കമുണ്ടാകാനിടയില്ല. അതുറപ്പിക്കാന്‍ അധികം വിശകലനങ്ങളുമാവശ്യമില്ല. 1958 ഉം 1970 ഉം മാത്രമെടുത്താല്‍ മതിയാകും, ആ കളി വിസ്മയങ്ങള്‍ അളന്നെടുക്കാനും സാമ്രാട്ടിനെ പരമപദത്തില്‍ പ്രതിഷ്ഠിക്കാനും. പതിനേഴിന്റെ നിറവില്‍, കൗമാരകുതൂഹലങ്ങള്‍ തീരുന്നതിന് മുന്നെ, തന്റെ ആദ്യ ലോകകപ്പില്‍ കളിവിരുതിന്റേയും കളത്തിലെ മനോധര്‍മ്മത്തിന്റേയും സമന്വയം, ഫുട്‌ബോള്‍ ചരിത്രത്തിലെ എക്കാലത്തേയും മികച്ച ഗോളുകളിലൊന്നിന് വഴിവച്ചപ്പോള്‍ തന്നെ ഒരു യുഗപ്പിറവി നടക്കുകയായിരുന്നു.
ഒരു കൗമാരക്കാരന്‍ ഇക്കാലത്തിനിടയില്‍ അത്രയും മനോഹരമായതൊന്ന് ഗോള്‍വലയുടെ സമ്മോഹനതയില്‍ സമര്‍പ്പിച്ചിട്ടില്ല. ആ ഗോള്‍ പിന്നെ ചരിത്രമായി, ലോകമാകെ പാഠപുസ്തകങ്ങളിലിടം പിടിച്ചു. കളത്തിലെ ആ സൗന്ദര്യാവിഷ്‌കാരത്തിന് തുല്യം ചാര്‍ത്താന്‍ മറ്റൊന്നുണ്ടായിട്ടില്ലെന്ന് ലോകം പേര്‍ത്തു പേര്‍ത്തും സാക്ഷ്യം പറഞ്ഞു. തൊള്ളായിരത്തി അമ്പത്തെട്ടില്‍ നിന്നും തൊള്ളായിരത്തി എഴുപതിലെ മെക്‌സിക്കോയിലേക്ക് രണ്ടു ലോകകപ്പിന്റെ ദൂരമുണ്ട്. ഗംഭീരമായ തുടക്കത്തിന് ശേഷം പെലെ എന്ന പ്രതിഭയില്‍ നിന്നും ലോകം പുതിയ അദ്ഭുതങ്ങള്‍ക്കായി കാത്തു. പക്ഷേ 1962ല്‍ ചിലിയിലും 1966ല്‍ ഇംഗ്ലണ്ടിലും എതിരാളികള്‍ പെലെക്കായി ചിലത് കരുതിവച്ചിരുന്നു. രണ്ടിടത്തും ആദ്യവട്ടത്തില്‍ തന്നെ കളത്തില്‍ ചവിട്ടി വീഴ്ത്തപ്പെട്ട്, കളിക്കാനാകാതെ പുറത്തിരിക്കാനായിരുന്നു ദുര്‍വിധി. ലോകത്തിന് നഷ്ടപ്പെട്ടത്, ചരിത്രത്തില്‍ ചേര്‍ക്കാനാകുമായിരുന്ന അപൂര്‍വ്വ നിമിഷങ്ങളായിരുന്നു. ചിലിയില്‍ ബ്രസീല്‍ ലോകകപ്പ് നേടിയെങ്കിലും വെട്ടുകിളിയെന്ന പേരില്‍ ലോകമറിഞ്ഞിരുന്ന ഗരിഞ്ചയും അതിനകം പുകള്‍പെറ്റിരുന്ന ദീദിയും വാവയും ചേര്‍ന്നുള്ള ഫുട്‌ബോള്‍ പ്രതിഭാസങ്കലനം ഉണ്ടായില്ല. ഇവര്‍ക്കൊരുമിക്കാന്‍ പിന്നൊരവസരം ഉണ്ടായതുമില്ല.
സ്പാനിഷ്, പോര്‍ട്ടുഗീസ് അധിനിവേശങ്ങളാല്‍ ഞെരിഞ്ഞമര്‍ന്ന ലാറ്റിനമേരിക്കന്‍ ജനതയുടെ അതിജീവനങ്ങള്‍ കാല്‍പന്തുകളിയിലൂടെയാണ് പ്രകടമായത്. കാനറികള്‍ക്ക് അതു ദേശവികാരമായെങ്കില്‍ അര്‍ജന്റീനയും ഉറുഗ്വേയും കൊളംബിയയും ചിലിയും പെറുവുമെല്ലാം കാല്‍പന്തിന്റെ ഹൃദയതാളത്തില്‍ പുലര്‍ന്നവരായിരുന്നു. ലാറ്റിനമേരിക്കന്‍ തനതുകളിതന്നെയായിരുന്നു ദൃഷ്ടാന്തം. ഇല്ലായ്മകള്‍ക്കിടയില്‍ പഴന്തുണികള്‍ പന്തിന്റെ രൂപം കൊണ്ടതും തെരുവുകള്‍ കളിയിടങ്ങളായതും കാല്‍പന്തില്‍ ഒരു ജനത ജീവിതം കൂടി കണ്ടതുകൊണ്ടായിരുന്നു.
ഒരു ബ്രസീലിയന്‍ തന്റെ സൗന്ദര്യാവിഷ്‌കാരം തീര്‍ക്കുന്നത് ഫുട്‌ബോളിലാണ് എന്നൊരു പറച്ചിലുണ്ട്. അക്ഷരാര്‍ത്ഥത്തില്‍ അത് പകര്‍ത്തുകയായിരുന്നു, അരാന്റസ് നാസിമെന്റോ. പെലെയുടെ കാലത്തും പിന്നെ സീക്കോയുടേയും സോക്രട്ടീസിന്റേയും കാലം വരെയെങ്കിലും അന്തിമ വിജയത്തിനായി കളിയഴകിനെ കയ്യൊഴിഞ്ഞിരുന്നില്ല കാനറികള്‍. 1982ലും 1986ലും ലോകകപ്പിലെ ഏറ്റവും മികച്ച ടീമായിട്ടും കപ്പ് നേടാനാകാഞ്ഞത് ഈ വിട്ടുവീഴ്ച ഇല്ലായ്മ മൂലമായിരുന്നു. പിന്നെപ്പിന്നെ യൂറോപ്യന്‍ ഫുട്‌ബോളിന്റെ സംഹാരശക്തിക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ വന്നപ്പോഴാണ് പഴയ കാല്‍പനികത കൈവിട്ട് ജയിക്കാനായി കളിച്ച് തുടങ്ങിയതും 1994ലും 2002ലും ജേതാക്കളായതും.
പെലെ പതിനാറാം വയസ്സില്‍ ബ്രസീലിനായി അരങ്ങേറുന്നത് മുതല്‍ എഴുപതുകളില്‍ അരങ്ങൊഴിയുന്നതുവരെയുള്ള കാലത്ത് ഫുട്‌ബോളില്‍ ഇന്നുകാണുംവിധം പണമൊഴുകിയിരുന്നില്ല. ക്ലബ്ബുകള്‍ താരങ്ങള്‍ക്ക് വന്‍ വിലയിട്ടിരുന്നില്ല. കോര്‍പ്പറേറ്റുകള്‍ കളം കയ്യടക്കിയുമിരുന്നില്ല. കാല്‍പന്തിനോടുള്ള സമര്‍പ്പണവും സ്വന്തം ദേശത്തോടുള്ള കൂറുമായിരുന്നു എല്ലാറ്റിനുമാധാരം. ക്ലബ്ബിനായി നല്ല കളി നല്‍കുകയും രാജ്യത്തിനായിറങ്ങുമ്പോള്‍ കളിമറക്കുകയും ചെയ്തു തുടങ്ങിയിരുന്നില്ല.
ലോകകായിക ചരിത്രത്തില്‍ വാഴ്ത്തപ്പെട്ടവര്‍ ഏറെയുണ്ടായിട്ടുണ്ട്. ബാസ്‌കറ്റ്‌ബോളിലും ഫുട്‌ബോളിലും ടെന്നീസിലും ഹോക്കിയിലുമെല്ലാം പ്രതിഭയുടെ തിളക്കത്താല്‍ പലരും നമ്മെ അതിശയിപ്പിച്ചിട്ടുണ്ട്. പക്ഷേ കളിയിടത്തില്‍ ഇത്രയേറെ അഴക് വിടര്‍ത്തിയ, ആവേശത്തിന്റെ അലകള്‍ സിരകളിലേക്ക് പടര്‍ത്തിയ, അടിമുടി മാതൃകയായി കളി ജീവിതത്തെ പരിവര്‍ത്തിപ്പിച്ച മറ്റൊരാളെ കായികലോകത്ത് കാണാനായിട്ടില്ല. പെലെ നേടിയ ഗോളുകളുടെ എണ്ണവും കന്നി ഹാട്രിക്ക് നേടിയ പ്രായവുമെല്ലാം വരും നാളുകളില്‍ ഭേദിക്കപ്പെടാം. പക്ഷേ ഗോളുകളായി മാറിയ ഷോട്ടുകളുടെ മൂര്‍ച്ചകള്‍, പന്താട്ടത്തിന്റെ പലവിധ ഇന്ദ്രജാലങ്ങള്‍, പന്തിന്റെ സഞ്ചാരവഴിയില്‍ പാദസ്പര്‍ശത്താല്‍ രൂപമിയന്ന കളിയഴകുകള്‍ – അത് മനസ്സുകളില്‍ നിന്നും മായ്ക്കാനാകില്ല; പെലെയെ മറക്കാനാകില്ല.
അനശ്വരതയിലേക്ക് പോയത്, നശ്വരമല്ലാത്ത ഓര്‍മകള്‍ കാല്‍പന്തിന്റെ ലോകത്തിന് നല്‍കിയ, കാലാതീതമായ, കളിയുടെ ചക്രവര്‍ത്തിതന്നെയാണ്. പെലെ ഉണ്ടായിരുന്നില്ലെങ്കില്‍ ഫുട്‌ബോള്‍ ഇത്ര കാല്‍പനികമാകുമായിരുന്നില്ല. പെലെ അവതരിപ്പിച്ച കേളീചാരുതയുടെ ആത്മാവിഷ്‌കാരമില്ലായിരുന്നുവെങ്കില്‍ ലോകം ഇത്രമേല്‍ പന്തിനെ നെഞ്ചേറ്റുമായിരുന്നില്ല. പേരുകള്‍ പലതും ഇനിയുമുണ്ടാകും; പെരുമകള്‍ വേറെയുണ്ടാകാം. പക്ഷേ പെലെയെപ്പോലൊന്നുണ്ടാകുക വിഷമം; ആ കളി കണ്ട കണ്ണുകള്‍ തന്നെ സാക്ഷ്യം.