Monday, January 30, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home അനുസ്മരണം

ബീയാര്‍ മടങ്ങി… പാട്ടിന്റെ പാലാഴി തീര്‍ത്ത്‌

ടി.എം. സുരേഷ്‌കുമാര്‍

Print Edition: 20 January 2023

മലയാളത്തിന് കുട്ടനാടിന്റെ സംഭാവനയായിരുന്ന മറ്റൊരു അതുല്യ കലാകാരന്‍ കൂടി യാത്രയായി. ഗാനരചയിതാവ്, നാടകനടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത്, പ്രഭാഷകന്‍, അവതാരകന്‍ തുടങ്ങി വിവിധ തലങ്ങളില്‍ ശ്രദ്ധേയനായിരുന്ന ബഹുമുഖപ്രതിഭ ബീയാര്‍ പ്രസാദ് അന്തരിച്ചു. ജലോത്സവം എന്ന സിനിമയിലെ മുദ്രാഗാനത്തിലൂടെ കുട്ടനാടിന്റെ ചിത്രം ഈണത്തില്‍ വരച്ച് ബീയാര്‍ വീണ്ടും ആസ്വാദകരുടെ ഹൃദയത്തില്‍ ഇടംനേടി. സംവിധായകന്റെ നിര്‍ദ്ദേശം ഇങ്ങനെ: ”കുട്ടനാടിന്റെ സൗന്ദര്യം വര്‍ണിച്ച് ഒരു സുഹൃത്തിനെ അങ്ങോട്ട് ക്ഷണിക്കുന്നത് എങ്ങനെയായിരിക്കും, അതുപോലൊരു പാട്ടുവേണം. അതു നന്നായാല്‍ കുട്ടനാടിനെപ്പറ്റി നാട്ടുകാരന്‍ ഒന്നാന്തരമൊരു പാട്ടെഴുതിയെന്ന് ആളുകള്‍ പറയും. മോശമായാല്‍ നാട്ടുകാരനായിട്ടും നല്ലൊരു പാട്ടെഴുതാന്‍ കഴിഞ്ഞില്ലെന്ന ചീത്തപ്പേരാകും”. പ്രസാദ് നല്ല പേരു തന്നെ കേള്‍പ്പിച്ചു. ആളുകള്‍ ഇന്നും ആ പാട്ടു മൂളുന്നു. 50 വര്‍ഷത്തിനിടെ രചിക്കപ്പെട്ട കേരള തീം പാട്ടുകളില്‍ തെരഞ്ഞെടുത്ത 10 പാട്ടുകളില്‍ ഒന്ന് ഈ ഗാനമാണ്. കേരനിരകളാടും ഒരു ഹരിതചാരുതീരം… ഗൃഹാതുരത്വം തുളുമ്പുന്ന പാട്ടുകളിലൂടെ ശ്രദ്ധേയനായ ബീയാര്‍ കുട്ടനാടന്‍ ചേറിനോടിഴുകിച്ചേര്‍ന്ന കലാകാരനാണ്. കുട്ടനാടിന്റെ ചേറു നിറഞ്ഞ മണ്ണിനേയും വരിവരിയായി തലയാട്ടുന്ന കേരവൃക്ഷങ്ങളെയും പൊന്നാര്യന്‍ കതിരിടുന്ന വയലേലകളെയും കവിത്വം നിറഞ്ഞ ഗാനങ്ങളിലൂടെ വരച്ചുകാട്ടിയ ബീയാര്‍ കുട്ടനാടിനെ പ്രാണനുതുല്യം സ്‌നേഹിച്ച പ്രതിഭയായിരുന്നു. കാഴ്ചകളുടെ ഓര്‍മ്മകളില്‍ നിന്നായിരുന്നു അദ്ദേഹം പാട്ടുകളെഴുതിയിരുന്നത്. അതുകൊണ്ട് തന്നെ ആ ഗാനങ്ങളെല്ലാം കിളിച്ചുണ്ടന്‍ മാമ്പഴം പോലെ മധുരതരവും കസവിന്റെ തട്ടമിട്ട് തികഞ്ഞ സൗന്ദര്യമുള്ളതും മഴത്തുള്ളികള്‍ പോലെ പൊഴിഞ്ഞീടുന്ന ഗ്രാമീണത നിറഞ്ഞവയുമായിരുന്നു. എണ്ണമെടുത്താല്‍ ഏറെ സിനിമഗാനങ്ങളൊന്നും ഉണ്ടാകില്ല. പക്ഷേ എഴുതിയവത്രയും ആസ്വാദകരുടെ ചുണ്ടുകളിലുണ്ട്. ചലച്ചിത്ര ലോകത്തെ വെള്ളിവിഹായസ്സുകള്‍ തുറന്നുകിട്ടിയിട്ടും കുട്ടനാടന്‍ പാടശേഖരം വിട്ടുപോകാതെ അതിന്റെ കുതൂഹലങ്ങളില്‍ ആസ്വദിച്ചു കഴിയാനാണ് ബീയാര്‍ ശ്രമിച്ചത്.

സോപാന സംഗീതകാരന്‍ മങ്കൊമ്പ് ബാലകൃഷ്ണപണിക്കരുടെയും കല്യാണകുട്ടിയമ്മയുടെയും മകനായി ജനനം. പുളിങ്കുന്ന് സെന്റ് ജോസഫ് ഹൈസ്‌കൂള്‍, ആലപ്പുഴ എസ്. ഡി. കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ചെറുപ്രായത്തില്‍ അമ്മയോടൊപ്പം മലയാളം വിദ്വാന്‍ പഠിക്കാന്‍ കൂട്ടിന് പോയ പ്രസാദിന്റെ മനസ്സില്‍ സാഹിത്യം ഇഴചേര്‍ന്നു. പുരാണങ്ങളും ഇതിഹാസങ്ങളും ഉപനിഷത്തുകളും മനഃപാഠമാക്കി. ഭാരതീയ സംസ്‌കൃതിയോടുള്ള ബീയാറിന്റെ കൂറ് ആഴത്തില്‍ വേരോടിയതായിരുന്നു. സംഗീതവും താളവാദ്യവും ചെറുപ്പത്തില്‍ ഇഷ്ടമായി കൊണ്ടുനടന്നു. കുട്ടിക്കാലം മുതല്‍ കവിതാസ്വദകനായിരുന്നു. പത്താംക്ലാസ്സില്‍ പഠിക്കുമ്പോള്‍ നാടകങ്ങള്‍ എഴുതി. ഇരുപത്തൊന്നാം വയസ്സില്‍ ആട്ടക്കഥയെഴുതി. പിന്നീട് ഷഡ്കാല ഗോവിന്ദമാരാര്‍ എന്ന നാടകത്തിന് തിരുവനന്തപുരത്തെ നാടകമത്സരത്തില്‍ മികച്ചരചനയ്ക്കുള്ള പുരസ്‌കാരം ലഭിച്ചു. പിന്നീട് ഭരതനോടൊപ്പം ഉള്ള അടുപ്പം മൂലം ചമയം എന്ന ചിത്രത്തിന്റെ സഹസംവിധായകനായി, അതിന്റെ തിരക്കഥയെഴുത്തില്‍ ജോണ്‍പോളിന്റെ സഹായിയുമായി. ഏഷ്യാനെറ്റിന്റെ സുപ്രഭാതം എന്ന പരിപാടി അവതരിപ്പിച്ചുകൊണ്ടാണ് ബീയാര്‍ ജനഹൃദയങ്ങളിലേയ്ക്ക് ചേക്കേറിയത്. നാട്ടറിവും കലയും നാടന്‍ചൊല്ലും കലയും സംസ്‌കാരവുമെല്ലാം ഉച്ചാരണശുദ്ധിയോടെ അവതരിപ്പിച്ചെത്തിയ ബീയാറിന് ആരാധകര്‍ ഏറെയായിരുന്നു. എഴുത്തിന്റെ ലോകത്തേക്ക് ചുവടുറപ്പിച്ചു തുടങ്ങിയപ്പോള്‍ പാടവരമ്പിലൂടെ നടന്ന് സ്‌കൂളില്‍ പോയിരുന്ന കാലം മുതല്‍ കണ്‍കുളിര്‍ക്കെക്കണ്ട കാഴ്ചകളും പഠിച്ചതും അറിഞ്ഞതുമായ ഭാഷാശൈലിയുമൊക്കെ തൂലികത്തുമ്പിലൂടെ ഒഴുകിയെത്തി. ഭാഷാസ്വാധീനം കൊണ്ടും ആഴത്തിലുള്ള വായനകൊണ്ടും അദ്ദേഹം മികച്ച പ്രാസംഗികനായും പേരെടുത്തു.

തിരക്കഥ ചര്‍ച്ച ചെയ്യാന്‍ പോയി പാട്ടെഴുത്തുകാരനായതാണ് ബീയാര്‍. സംവിധായകന്‍ പ്രിയദര്‍ശനുമായുള്ള ചര്‍ച്ചയില്‍ പ്രസാദിന്റെ ആകര്‍ഷകമായ സംസാരം പാട്ടുകളിലൂടെയും കയറിയിറങ്ങി. ‘കിളിച്ചുണ്ടന്‍ മാമ്പഴ’ത്തിലെ പാട്ടെഴുതാന്‍ പറ്റിയ ആള്‍ എന്നു പ്രിയനുതോന്നി. മധുരമൂറുന്ന പാട്ടുകളുടെ രചയിതാവായി ബീയാര്‍. ഏറെ പ്രചാരം നേടിയ ഒന്നാംകിളി… ക്കുപുറമേ ‘കസവിന്റെ തട്ടമിട്ട് വെള്ളിയരഞ്ഞാണമിട്ട്’ എന്ന പാട്ടും പുതുമയുടെ വഴിതുറന്നു. തുടര്‍ന്ന് വാമനപുരം ബസ്‌റൂട്ട്, ജലോത്സവം, സല്‍പേര് രാമന്‍കുട്ടി, സീതാകല്യാണം തുടങ്ങി 25 ഓളം സിനിമകള്‍ക്ക് പാട്ടെഴുതി. സിനിമാഗാന രചന ഒരു സാഹിത്യശാഖയായി വളരണമെന്ന് ആഗ്രഹിച്ചയാളാണ് പ്രസാദ്. സംഗീതത്തോടുള്ള അഭിനിവേശം മൂത്തപ്പോള്‍ 72 മേളകര്‍ത്താരാഗങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്ന വെങ്കടമഖിയുടെ ചതുര്‍ദണ്ഡീപ്രകാശിക എന്ന ഗ്രന്ഥം കാണാതെ പഠിച്ചു. നൂറിലേറെ രാഗങ്ങള്‍ തിരിച്ചറിയാനും അവയുടെ സ്വരസ്ഥാനങ്ങള്‍ വ്യാഖ്യാനിക്കാനും അദ്ദേഹത്തിന് കഴിയുമായിരുന്നു. കഥകളി, ആട്ടക്കഥ തുടങ്ങിയവയെക്കുറിച്ചും അദ്ദേഹം ആഴത്തിലുള്ള അറിവ് നേടി. കേരളത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ ഓടിയെത്തുന്ന ഗാനങ്ങളിലൊന്നായ കേരനിരകളാടുന്നൊരു… എന്നതുതന്നെ (സംഗീതം: അല്‍ഫോന്‍സ് ജോസഫ്) ഓണത്തിനും കേരളപ്പിറവിക്കും വിഷുവിനുമെല്ലാം ഏറ്റവുമധികം ഉയരുന്ന ഗാനമായി. ശ്രീകുമാരന്‍ തമ്പിയുടെ കേരളം… കേരളം…, ഭാസ്‌കരന്‍ മാഷിന്റെ മാമലകള്‍ക്കപ്പുറത്ത് മരതകപ്പട്ടുടുത്ത്, ഓഎന്‍വിയുടെ ഓണപ്പൂവേ…. തുടങ്ങിയ അനശ്വരഗാനങ്ങളുടെ പട്ടികയില്‍ ഈ ഗാനവും കൂടി ഇടം നേടിയെന്നതും ബീയാര്‍ പ്രസാദ് എന്ന ഗാനരചയിതാവിന്റെ മികവിനെ വിളിച്ചോതുന്നു. ജലോത്‌സവത്തിനായി എഴുതിയ ”തങ്കത്തില്‍ പട്ടംകെട്ടി തലയാട്ടും കൊമ്പന്റെ വമ്പൊക്കും ചുണ്ടന്‍ വള്ളം തിരകീറിപ്പായുന്നേ….” എന്ന പാട്ടിനോട് പ്രസാദിന് അല്‍പം കൂടുതല്‍ ഇഷ്ടമായിരുന്നുവെന്ന് തോന്നുന്നു. കേരനിരകള്‍ക്കൊപ്പം തലയാട്ടിയ സംഗീതാസ്വാദകര്‍ വള്ളംകളിയുടെ ചടുലതയും കേട്ടു. വള്ളംകളിയെന്നു കേട്ടാല്‍ തുള്ളിച്ചാടുന്ന മനസ്സില്‍ നാടകമെന്നു കേട്ടാല്‍ നിറങ്ങള്‍ വിരിഞ്ഞിരുന്നു.

പ്രശസ്തിയുടെ കൊടുമുടികള്‍ കയറുമ്പോഴും നാട്ടിലെത്തിയാല്‍ തനി കുട്ടനാട്ടുകാരനായിരുന്നു ബീയാര്‍. ചലച്ചിത്ര ടെലിവിഷന്‍ – സാഹിത്യരംഗത്തെ പ്രമുഖരുമായി ചങ്ങാത്തമുള്ളപ്പോഴും നാട്ടിലെത്തിയാല്‍ താരജാഡകളില്ലാതെ നാട്ടുമ്പുറത്തെ സാധാരണക്കാരുമായിട്ടായിരുന്നു സൗഹൃദം. നാടും നാട്ടുകാരും കണ്ണിലെ കൃഷ്ണമണിപോലെ പ്രിയപ്പെട്ടതായിരുന്നു. മങ്കൊമ്പ് ദേവീക്ഷേത്രവും പമ്പയാറും വെള്ളപ്പൊക്ക കെടുതികള്‍ പതിവായി ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചിരുന്ന വീട്ടുപരിസരവുമെല്ലാം അദ്ദേഹത്തിന് പ്രിയപ്പെട്ടതായിരുന്നു. വൃക്കാസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും നടത്തിയിരുന്നു. ആരോഗ്യം വീണ്ടെടുത്ത ശേഷം പ്രൊഫഷന്‍ തിരിച്ചുപിടിക്കണമെന്ന അതിയായ ആഗ്രഹമുണ്ടായി. എന്നാല്‍ അതു നടന്നില്ല. ബീയാര്‍ പാട്ടിന്റെ പാലാഴി തീര്‍ത്ത് മടങ്ങി. ”മഴത്തുള്ളികള്‍ പൊഴിഞ്ഞീടുമീ നാടന്‍ വഴി നനഞ്ഞോടിയെന്‍ കുടക്കീഴില്‍ നീ വന്നനാള്‍” എന്നെഴുതിയ കവിയ്ക്ക് അത്രയേറെ പ്രണയമായിരുന്നു പ്രണയഗാനങ്ങളോട്. ആ പാട്ടില്‍ പ്രസാദ് ഇങ്ങനെകൂടി എഴുതി. ”കുടത്തുമ്പിലൂറും നീര്‍പോല്‍ കണ്ണീരുമായ് വിടചൊല്ലി മൂകം നീയും മാഞ്ഞീടവേ…” മലയാളക്കരയുടെ മനോഹാരിത മനസ്സിലേക്കടുപ്പിച്ച കവി ഇനി ഓര്‍മ്മ…! വരികളില്‍ മണ്ണിന്റെ മണവും മാമ്പഴത്തിന്റെ മധുരവും ചേര്‍ത്തുവച്ച് കടന്നുപോയ പ്രതിഭയ്ക്ക് ആദരാഞ്ജലി….

ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

ഹീരാബെന്നിന്റെ ത്യാഗപൂര്‍ണ്ണമായ ജീവിതം

ദേവസ്പര്‍ശമുള്ള അധ്യാപകന്‍

അവകാശപ്പോരാട്ടങ്ങളുടെ അഗ്നിജ്വാല

കര്‍മയോഗിയായ സാത്വിക തേജസ്സ്

മദനൻ സാറും അടപ്പൂരച്ചനും

കലാരംഗത്തെ എഴുത്തടയാളം

Kesari Shop

  • RSS in Kerala: Saga of a Struggle ₹500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

മഹാത്മജിയില്‍ നിന്നും നാം പഠിക്കേണ്ട ഗുണങ്ങള്‍

ആടിയുലയുന്ന അയല്‍രാജ്യം

ഉപകാരസ്മരണ ജനങ്ങളുടെ ചെലവില്‍

യാഥാര്‍ത്ഥ്യമാകുന്ന സിപിഎം-കോണ്‍ഗ്രസ് സഖ്യം

അസ്തിത്വദുഃഖം

ഇടത്തോട്ടെത്തിയതുമില്ല; നര കയറുകയും ചെയ്തു

അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് ഫെബ്രുവരി അഞ്ചുമുതല്‍

ദേശീയ വിദ്യാഭ്യാസ നയം കേരളം പൂര്‍ണ്ണമായി നടപ്പിലാക്കണം: ആശിഷ് ചൗഹാന്‍

സ്വകാര്യബസ്സ്‌ വ്യവസായം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നു

അടുക്കളയിലെത്തുന്ന അധിനിവേശങ്ങള്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies