കഴിഞ്ഞ നൂറുവര്‍ഷങ്ങള്‍ക്കിടയില്‍ മനുഷ്യനെ ഏറ്റവുമധികം സ്വാധീനിച്ച കലാരൂപമേതെന്നു ചോദിച്ചാല്‍ അത് സിനിമയാണ് എന്ന് പറയാന്‍ ആര്‍ക്കും ഒരു സംശയവുമുണ്ടാകില്ല. ചലച്ചിത്രകാരന്റെ പ്രതിഭയും അഭിനേതാക്കളുടെ പ്രകടനവും പിന്നണി പ്രവര്‍ത്തകരുടെ കഠിനാധ്വാനവും ഒത്തുചേര്‍ന്ന സിനിമകള്‍ എക്കാലവും സമൂഹത്തിന്റെ തന്നെ മനോഭാവങ്ങളെ വരെ മാറ്റിമറിക്കുകയും പുനര്‍നിര്‍വ്വചിക്കുകയും ചെയ്തിട്ടുണ്ട്. ചാര്‍ളി ചാപ്ലിന്റെ വിഖ്യാത സിനിമകളായ മോഡേണ്‍ ടൈംസ്, ഗ്രെയ്റ്റ് ഡിക്‌റ്റേറ്റര്‍, ഗോള്‍ഡ് റഷ് തുടങ്ങിയ ചിത്രങ്ങള്‍ ആ കാലഘട്ടങ്ങളിലെ സമൂഹങ്ങളുടെ നേര്‍ചിത്രങ്ങളാണ്. സ്റ്റീവന്‍ സ്പില്‍ബെര്‍ഗ്ഗിന്റെ ഷിന്‍ഡ്‌ലേഴ്‌സ് ലിസ്റ്റ്, സേവിങ് പ്രൈവറ്റ് റയാന്‍ തുടങ്ങിയവ രണ്ടാം ലോകമഹായുദ്ധത്തിന്റെ ഭീകരതകളും നാസി കൂട്ടക്കൊലകളുടെ യാഥാര്‍ത്ഥ്യവും പുതുതലമുറക്ക് പകര്‍ന്നു നല്‍കാന്‍ ഏറെ സഹായിച്ചു.
കേരളത്തില്‍ കമ്മ്യൂണിസം ഏറ്റവുമധികം വേരോട്ടം നടത്തിയത് സിനിമകളിലൂടെയും നാടകങ്ങളിലൂടെയുമാണെന്ന് പറഞ്ഞാല്‍ അതിലൊട്ടും അതിശയോക്തിയില്ല. അമ്പതുകളിലെയും അറുപതുകളിലെയും രാഷ്ട്രീയ പശ്ചാത്തലമുള്ള സിനിമകള്‍ കണ്ടാല്‍ നമുക്കത് മനസ്സിലാകും. വെള്ളിത്തിരയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും അവരുടെ ആശയങ്ങള്‍ക്കും കേരളത്തില്‍ ജനകീയത നേടിക്കൊടുത്തത്.
ഈ സ്വാധീനം വളര്‍ന്നുവളര്‍ന്ന് അത് മലയാള ചലച്ചിത്രലോകത്തെ മുഴുവന്‍ പ്രതിലോമകരമായി ബാധിക്കുന്ന ഒരു അര്‍ബുദമായി മാറിയിട്ട് കാലമേറെയായി. തങ്ങള്‍ തീരുമാനിക്കുന്നവരും, തങ്ങള്‍ക്ക് താല്പര്യമുള്ളവരും, തങ്ങളുടെ അജണ്ടക്കൊത്ത് പ്രവര്‍ത്തിക്കുന്നവരും മാത്രം മതി ഇവിടെ എന്ന തീരുമാനമെടുത്ത് പ്രവര്‍ത്തിക്കുന്ന ഒരു ചലച്ചിത്രമാഫിയയുടെ കരാളഹസ്തത്തില്‍ അകപ്പെട്ടു ജീവിതവും കരിയറും നശിച്ചുപോയ ഒരുപാട് പ്രതിഭകള്‍ ഇവിടെയുണ്ട്. അവരുടെ സംഹാരശേഷി അത്രക്ക് വലുതാണ്.
അങ്ങനെയുള്ള എക്കോ സിസ്റ്റത്തില്‍ ഒഴുക്കിനെതിരെ നീന്തുക എന്നത് അപാരമായ ധൈര്യവും ആത്മവിശ്വാസവും ദൃഢനിശ്ചയവും ആവശ്യമുള്ള കാര്യമാണ്. ഭാഗ്യവശാല്‍ മലയാളസിനിമയില്‍ അങ്ങനെയുള്ള ചില രജതരേഖകള്‍ അടുത്തകാലത്തായി ദൃശ്യമാകുന്നു എന്നത് ഏറെ പ്രതീക്ഷകള്‍ നല്‍കുന്നുണ്ട്. അതിലൊന്നാണ് ഉണ്ണി മുകുന്ദന്‍ നിര്‍മ്മിച്ച്, അദ്ദേഹം തന്നെ പ്രധാനവേഷത്തിലെത്തുന്ന ‘മാളികപ്പുറം’ എന്ന സിനിമ.
മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാം അറിയാമെങ്കിലും, സിനിമയെ സിനിമയായി മാത്രം വിലയിരുത്തണം എന്ന തീരുമാനത്തിലാണ് മാളികപ്പുറത്തിനു ടിക്കറ്റെടുത്തത്. പത്തനംതിട്ടയുടെ ഗ്രാമവിശുദ്ധിയിലൂടെ, സാധാരണമനുഷ്യരുടെ ജീവിതങ്ങളെ സ്പര്‍ശിച്ചു കടന്നുപോകുന്ന ഈ കൊച്ചു സിനിമ നമ്മോടു സംവദിക്കുന്നത് വലിയ കാര്യങ്ങളാണ്.
കല്ലു എന്ന് വിളിക്കുന്ന കല്യാണി എന്ന എട്ടുവയസ്സുകാരിയുടെ അയ്യപ്പനോടുള്ള അസാധാരണമായ അടുപ്പവും വിശ്വാസവുമാണ് മാളികപ്പുറത്തിന്റെ കഥാതന്തു. ആദ്യപകുതിയില്‍ നമ്മുടെ നാട്ടിലെ സാധാരണജീവിത യാഥാര്‍ത്ഥ്യങ്ങളിലൂടെ കടന്നുപോകുന്ന ക്യാമറ രണ്ടാം പകുതിയില്‍ പൂര്‍ണ്ണമായും കല്ലുവിന്റെ മലകയറ്റവും അതിലൂടെ ഉണ്ണിമുകുന്ദന്റെ കഥാപാത്രത്തിന്റെ ഹൃദയസ്പര്‍ശിയായ പ്രകടനവും പമ്പയുടെയും എരുമേലിയുടെയും ശബരിമലയുടെയും സന്നിധാനത്തിന്റെയും ആത്മീയനിര്‍ഭരമായ ഫ്രെയിമുകളാലും നിറയുകയാണ്. കടിച്ചാല്‍ പൊട്ടാത്ത നെടുങ്കന്‍ ഡയലോഗുകളോ വമ്പന്‍ അനിമേഷനുകളോ ഒന്നുമില്ലാതെ നാളികേരത്തില്‍ നിറയുന്ന നറുനെയ്യ് പോലെ ശുദ്ധമായ, അതീവ സാധാരണമായ ഒരു ചെറിയ സിനിമ. അതിലുടനീളം ഒരു സൂപ്പര്‍ ഹീറോയായി അദൃശ്യനായി സ്വാമി അയ്യപ്പനും.
‘എനിക്ക് നാടകം കളിക്കാന്‍ വമ്പന്‍ സ്റ്റേജുകളോ എന്തിനു, രംഗപടം പോലുമോ ആവശ്യമില്ല. പിന്നിലൊരു വെള്ള കര്‍ട്ടന്‍ മാത്രം കെട്ടി അഭിനേതാക്കളുടെ ഭാവവൈവിധ്യങ്ങളിലൂടെ നാടകം കളിക്കാം’ എന്ന് നാടകാചാര്യന്‍ കെ.ടി.മുഹമ്മദ് പറഞ്ഞതാണ് ഇവിടെ ഓര്‍മവന്നത്. നല്ല ഒരു കഥയും, കെട്ടുറപ്പുള്ള തിരക്കഥയും, സമര്‍പ്പണമുള്ള അഭിനേതാക്കളുമുണ്ടെങ്കില്‍ വിഎഫ് എക്‌സോ, വമ്പന്‍ ആനിമേഷന്‍ സാധ്യതകളോ, സാങ്കേതിക വേലിയേറ്റങ്ങളോ ഒന്നും ഇല്ലാതെയും ഇക്കാലത്ത് ഒരു പടം എടുത്ത് വിജയിപ്പിക്കാം എന്ന് തെളിയിക്കുന്നിടത്താണ് മാളികപ്പുറം ഒരു നാഴികക്കല്ലാകുന്നത്.
ചിത്രത്തിലെ ക്യാമറ, ഗാനങ്ങള്‍ എല്ലാം ഒന്നിനൊന്നു മികച്ചതാണ്. കുട്ടികളുടെ അഭിനയം സമാനതകളില്ലാത്തതാണ് എന്ന് തന്നെ പറയണം. പ്രത്യേകിച്ച് പിയൂഷ് സ്വാമിയേ അവതരിപ്പിച്ച ശ്രീപത് എന്ന കുട്ടിയുടേത്. ഡയലോഗ് ഡെലിവറി, ടൈമിംഗ് ഒക്കെ നൂറു ശതമാനം പ്രൊഫഷണല്‍. അവന്‍ മലയാളത്തിലെ ഭാവി സൂപ്പര്‍ സ്റ്റാര്‍ ആണെന്ന് നിസ്സംശയം പറയാം. ദേവനന്ദ കല്ലുവായി അഭിനയിക്കുകയായിരുന്നില്ല, ജീവിക്കുകയായിരുന്നു. അവളിലൂടെ സാക്ഷാല്‍ സ്വാമി അയ്യപ്പനാണ് നമ്മുടെ മുമ്പില്‍ നിറഞ്ഞുവന്നത്. സൈജു കുറുപ്പ്, രമേശ് പിഷാരടി, ടിജി രവി തുടങ്ങി എല്ലാവരും താന്താങ്ങളുടെ റോള്‍ ഭംഗിയാക്കി. ചിത്രം പാതി പിന്നിടുമ്പോഴാണ് ഉണ്ണി മുകുന്ദന്‍ വരുന്നതെങ്കിലും പിന്നീടുള്ള ഓരോ ഫ്രെയിമിലും അയാളിലൂടെ അയ്യപ്പന്‍ നടത്തുന്ന മഹിഷീമര്‍ദ്ദനം നയനാനന്ദകരമാണ്. ക്ലാസ്സിനു ക്ലാസ്സ്, മാസ്സിനു മാസ് ഒക്കെയായി അത്രക്ക് ചടുലമാണ് പടത്തിന്റെ രണ്ടാം പകുതി.
ഈ പടത്തിന്റെ ചരിത്രത്തിലെ സ്ഥാനം ഇപ്പറഞ്ഞതിനോട് ഒപ്പമോ അതിന്റെ മുകളിലോ ആണ്. അതാണ് തുടക്കത്തില്‍ തന്നെ സൂചിപ്പിച്ചതും. പതിറ്റാണ്ടുകളിലൂടെ ഇവിടെ വളര്‍ത്തിയെടുത്ത് വ്യാപിപ്പിച്ച കമ്മ്യൂണിസ്റ്റ്- ജിഹാദി എക്കോ സിസ്റ്റത്തില്‍ ആണ് ഇങ്ങനെയൊരു ചിത്രം ഉണ്ടാകുന്നത് എന്നതാണ് അത്. നന്ദനം, ദേശാടനം പോലുള്ള ചിത്രങ്ങള്‍ ഇവിടെ നിര്‍മ്മിക്കപ്പെടുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്. എങ്കിലും ആ സമയത്തൊന്നും ചില നടന്മാരുടെ പടങ്ങളെ മാത്രം ലക്ഷ്യം വെച്ചുള്ള ആസൂത്രിതമായ പ്രതിലോമ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടില്ല. എന്നാല്‍ അടുത്ത കാലത്ത് സുരേഷ് ഗോപി, ഉണ്ണി മുകുന്ദന്‍ തുടങ്ങിയവര്‍ അഭിനയിക്കുന്ന ചിത്രങ്ങള്‍ക്ക് നേരെ നടക്കുന്ന കമ്മ്യൂണിസ്റ്റ്-ജിഹാദി ആക്രമണങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. സിനിമയില്‍ പിടിച്ചുനില്‍ക്കാന്‍ പലപ്പോഴും ഈ മാഫിയയുടെ താല്പര്യങ്ങള്‍ക്ക് വഴങ്ങേണ്ടി വരുന്നു എന്നതിനാലാണ് പല സിനിമ പ്രവര്‍ത്തകരും നിശ്ശബ്ദരായിരിക്കുന്നത് തന്നെ. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഉണ്ണി മുകുന്ദന്‍ തന്നെ നിര്‍മ്മിച്ച് അഭിനയിച്ച മേപ്പടിയാന്‍ എന്ന പടത്തെ പരാജയപ്പെടുത്താന്‍ നടന്ന ഭീകരമായ പ്രചാരണങ്ങള്‍ നമ്മള്‍ കണ്ടതുമാണ്. ആ സാഹചര്യത്തില്‍ ഇങ്ങനെയൊരു പടത്തിനുവേണ്ടി മുതല്‍മുടക്കാന്‍ ഉണ്ണിമുകുന്ദന്‍ തയ്യാറാകുന്നു എന്നതാണ് പ്രതീക്ഷ നല്‍കുന്ന ഘടകം.
കാന്താര, മാളികപ്പുറം തുടങ്ങിയ ആത്മീയതയില്‍ അടിസ്ഥാനമായ സിനിമകള്‍ ഇവിടെ വന്‍വിജയം നേടുന്നു എന്നത്, കേരളത്തിന്റെ സാമൂഹ്യമനസ്സ് തിരിച്ചുവരവില്ലാത്തവിധം മലിനപ്പെട്ടു പോയിട്ടില്ല എന്നതിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തം കൂടിയാണ്.