വേദ പുരുഷന് ആറംഗങ്ങള്‍, അവയവങ്ങള്‍ ഉണ്ട്. ശിക്ഷാ, കല്പം, വ്യാകരണം, നിരുക്തം, ഛന്ദസ്സ്, ജ്യോതിഷം. ശിക്ഷ വേദത്തിന്റെ മൂക്കാണ്. മണമറിയുന്നതും ശ്വാസം സ്വീകരിക്കുന്നതും മൂക്കിലൂടെയാണ്. ശിക്ഷ വേദത്തിന്റെ ജീവശ്വാസമാണ്. ഇത് വേദത്തിന്റെ ഉച്ചാരണ ശാസ്ത്രമാണ്. വേദത്തിന്റെ അര്‍ത്ഥ ജ്ഞാനം പ്രധാനമാണ്. എന്നാല്‍ അതിലും പ്രധാനമാണ് ഉച്ചാരണം. അതുകൊണ്ടു തന്നെ സംസ്‌കൃത മന്ത്രം മറ്റു ഭാഷയില്‍ പരിഭാഷപ്പെടുത്തി ചൊല്ലാവതല്ല.
അതില്‍ അക്ഷരസ്ഫുടത വേണം, സ്വരബദ്ധവുമാവണം. ഉദാത്തം, അനുദാത്തം, സ്വരിതം – ഇവയാണ് സ്വരങ്ങള്‍. ഉദാത്തം ഉയര്‍ന്നത് (ഉച്ചൈരുദാത്ത:). അനുദാത്തം താഴ്ന്നത് – (നീചൈരനുദാത്ത:). സ്വരിതം മധ്യമം – (സമാഹാര: സ്വരിത:). മന്ത്രങ്ങളെല്ലാം സ്വരത്തോടു കൂടിയാണ് ചൊല്ലേണ്ടത്. സ്വരം പിഴച്ചാല്‍ മന്ത്രത്തിന്റെ ഫലം നഷ്ടപ്പെടും എന്നു കാണിക്കുന്ന കഥകള്‍ വേദത്തിലുണ്ട്.
പാണിനീയ ശിക്ഷയില്‍ വേദശബ്ദങ്ങള്‍ എത്ര ശ്രദ്ധേയാടെ ഉച്ചരിക്കണമെന്നതിന് ഒരു ഉപമ കൊടുത്തിട്ടുണ്ട്.
വ്യാഘ്രീ യഥാ ഹരേത് പുത്രാന്‍
ദംഷ്ട്രാഭ്യാം ച ന പീഡയേത്
ഭീതാ പതന ഭേദാഭ്യാം
തദ്വത് വര്‍ണ്ണാന്‍ പ്രയോജയേത്. (പാണിനീയ ശിക്ഷ )
പുലി തന്റെ കുട്ടികളെ ദംഷ്ട്രകളാല്‍ കടിച്ചു തൂക്കിയെടുത്താണ് ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് മാറ്റുക. അപ്പോള്‍ പല്ലുകള്‍ അമര്‍ത്തിയാല്‍ കുഞ്ഞിനു മുറി പറ്റും. തീരെ വിട്ടാല്‍ താഴെ പോകും. പാകത്തില്‍ പിടിക്കണം. ഇതുപോലെ അക്ഷരങ്ങളെ വേണ്ടിടത്തു വേണ്ടതു പോലെ ഉച്ചരിക്കണം.
മന്ത്രോ ഹീന: സ്വരതോ വര്‍ണ്ണതോ വാ
മിഥ്യാ പ്രയുക്തോ ന തമര്‍ഥമാഹ
സ വാഗ് വജ്രോ യജമാനം ഹിനസ്തി
യഥേന്ദ്രശത്രു: സ്വരതോ ള പരാധാത്.
മന്ത്രം ഉച്ചരിക്കുമ്പോള്‍ സ്വരത്തിലോ അക്ഷരത്തിലോ പിഴച്ചാല്‍ അത് ചൊല്ലുന്നവനെ ഹനിക്കും. ഇന്ദ്രശത്രു: എന്നതില്‍ സ്വരം പിഴച്ചപ്പോള്‍ പറ്റിയതുപോലെ.
കഥ ഇങ്ങിനെ:-
ഇന്ദ്രനോടു വിരോധമുള്ള ത്വഷ്ടാവ് ഇന്ദ്രനെ വധിക്കുന്ന മകനുണ്ടാകാനായി ഒരു യാഗം കഴിച്ചു. അതില്‍ ‘ ഇന്ദ്രശത്രുര്‍ വര്‍ധസ്വ ‘ (ഇന്ദ്രന്റെ ശത്രു – ഘാതകന്‍ – ഉണ്ടാവട്ടെ) എന്ന മന്ത്രം ചൊല്ലുന്നതില്‍ സ്വരപ്പിഴവുണ്ടായി. അപ്പോള്‍ അര്‍ത്ഥം മാറി. ഇന്ദ്രന്‍ ശത്രുവായ (ഇന്ദ്രനാല്‍ കൊല്ലപ്പെടുന്ന) കുട്ടിയുണ്ടാവട്ടെ എന്ന അര്‍ത്ഥം വന്നു. അങ്ങിനെ വൃത്രനെന്ന തന്റെ മകനെ ഇന്ദ്രന്‍ വധിക്കുന്നതിന് അച്ഛന്‍ തന്നെ കാരണക്കാരനായി.
കാഞ്ചിയിലെ പെരിയോര്‍ സ്വാമികള്‍ പറയുന്നത് ഇന്ത്യയിലെങ്ങും വേദം ചൊല്ലുന്നത് 99% വും ഒരേപോലെയാണ് എന്നാണ്. ഇതിനു കാരണം അതിനു കൃത്യമായ വ്യവസ്ഥ നിശ്ചയിച്ച ശിക്ഷാശാസ്ത്രങ്ങളാണ്. വ്യത്യാസമുള്ള 1% നേരെയാക്കാന്‍ ‘പ്രാതിശാഖ്യ’ ങ്ങളുണ്ട് – വിവിധ വേദശാഖകളെ പരിഷ്‌കരിക്കാന്‍. ഭാരതത്തിലെവിടെയായാലും ആ ശാഖക്കാരുടെ ഉച്ചാരണം ഒരുപോലെയാണുതാനും. ഈ പ്രാതിശാഖ്യങ്ങളും ശിക്ഷാശാസ്ത്രത്തിന്റെ ഭാഗം തന്നെ.
അഗ്‌നിം ഈഡേ (ഈളേ) പുരോഹിതം മുതലായ മാറ്റം വരുന്നത് ഇങ്ങനെയാണ്.
ഇത്തരം മാറ്റം വിവിധ സംസ്ഥാനങ്ങളിലെ ഭാഷകളെയും സ്വാധീനിച്ചിട്ടുണ്ട്. യത് പുരുഷേണ എന്നത് ചിലയിടങ്ങളില്‍ ജത്പുരുഷേണ ആയതിങ്ങനെയാണ്. യമുന ജമുനയായതും, വിഹാരം ബീഹാര്‍ ആയതും രസവിഹാരി, രാഷ് ബിഹാരി ആയതും ഇങ്ങനെ തന്നെ.
അനേകം ശിക്ഷാ ഗ്രന്ഥങ്ങളുണ്ട്. അവയില്‍ പാണിനീയ ശിക്ഷയും യാജ്ഞവല്ക്യ ശിക്ഷയുമാണ് പ്രധാനം.
യൂറോപ്യന്‍ ഭാഷകളില്‍ നിന്നു ഭിന്നമായി സംസ്‌കൃതത്തിന്റെ എഴുത്തു ലിപിയായ ദേവനാഗരിയില്‍ എഴുതുന്നതു വായിക്കുക എന്നതാണ് രീതി. ദക്ഷിണേന്ത്യയില്‍ തമിഴിന്റെ സ്വാധീനമുള്ള ഗ്രന്ഥലിപിയാണ് എഴുത്തു ലിപിയായി ഉപയോഗിക്കുന്നത്. രണ്ടു ശബ്ദങ്ങള്‍ മാത്രമാണ് എഴുതിയതില്‍ നിന്ന് അല്പം ഭിന്നമായി ഉച്ചരിക്കുന്നത്. രാമ: എന്നത് രാമഹ എന്നു വായിക്കുന്നതും, അതിനു ശേഷം പ വന്നാല്‍ അത് ഫ് (ഉപധ്മാനീയം)എന്നാവുന്നതും ഒരു സന്ദര്‍ഭം. ബ്രഹ്‌മ യിലെ ഹ്‌മ, എഴുതിയതിനു വിപരീതമായി മ്ഹ എന്നുച്ചരിക്കുന്നത് മെറ്റാരു സന്ദര്‍ഭം. വഹ്നിയിലെ ഹ്ന എന്നതും ഇതുപോലെ.
രുദ്ര – അക്ഷ – മാല (അക്ഷം = കണ്ണ് ) രുദ്രന്റെ കണ്ണില്‍ നിന്ന് വന്നതത്രെ. എന്നാല്‍ അക്ഷമാല 50 മണികളുളള മാലയാണ്. അക്ഷമെന്നാല്‍ അ മുതല്‍ ക്ഷ വരെ (അ കാരാദി ക്ഷ കാരാന്താ) അമ്പത് അക്ഷരങ്ങള്‍. ഇതിന്റെ കൂടെ ജ്ഞ കൂടി ചേര്‍ത്താല്‍ 51 ആയി. ഇവയെ 51 മാതൃകകള്‍ (മാതാക്കള്‍ – അമ്മമാര്‍ – ശക്തി മാതാക്കള്‍) എന്ന് പറയും. ഇവയെല്ലാം ആദിപരാശക്തിയുടെ വിവിധ അംഗങ്ങളെ പ്രതിനിധീകരിക്കുന്നു. ഭാരതത്തിന്റെ എല്ലാ ഭാഗങ്ങളിലുമായി സ്ഥിതിചെയ്യുന്ന 51 ശക്തിപീഠങ്ങള്‍ക്കും പരാശക്തിയുമായി ബന്ധമുണ്ട്. ഈ സങ്കല്പങ്ങളൊക്കെ ശിക്ഷാശാസ്ത്രവുമായി ബന്ധപ്പെട്ടതുതന്നെ.
ശബ്ദത്തിലാണ് എല്ലാറ്റിന്റെയും തുടക്കം എന്നു താല്പര്യം. ആ അക്ഷരങ്ങള്‍ ചേരുമ്പോള്‍ അവിടെ ലോക മാതാവുണ്ട്. അതുകൊണ്ടുതന്നെയാണ് ഉച്ചാരണ ശാസ്ത്രമായ ശിക്ഷയ്ക്ക് വേദ പുരുഷന്റെ ശ്വാസത്തിനാധാരമായ മൂക്കിന്റെ സ്ഥാനം കൈവന്നത്.