ഓര്‍മ്മയുടെ തുരുത്തില്‍പ്പോലും ഇങ്ങനെ തീവണ്ടി ഓട്ടം നിന്നുപോയ ഒരു കാലം അയാള്‍ക്ക് ഉണ്ടായിരുന്നില്ല. കാലവും നാളും,
പക്കവും അയാള്‍ക്ക് തീവണ്ടിയായിരുന്നു.
കാലത്ത് വടക്കോട്ടുള്ള ലോക്കല് പോയാലാണ്. തലേന്നത്തെ കുളുത്ത കഞ്ഞി കാന്താരി കൂട്ടി കുടിച്ച് അയാള്‍ പണിക്കിറങ്ങിയിരുന്നത്.
ഉച്ചയ്ക്ക് മെയില് പോയാലാണ്, കൈക്കോട്ടും പടന്നയും കഴുകി പണികയറിയിരുന്നത്.
സന്ധ്യക്കുള്ള ലോക്കല് പോയാലാണ് അയാള്‍ കുളികഴിഞ്ഞ് വന്ന് അത്താഴം കഴിച്ചിരുന്നത്.
കുറച്ച് ദിവസമായി അയാള്‍ക്ക് പകലേത്, രാത്രിയേത് എന്ന് തിരിച്ചറിയാതായിരിക്കുന്നു. അയാള്‍ ഒരു കൗതുകത്തിനായി പണ്ടെങ്ങോ സൂക്ഷിച്ച തീവണ്ടി ടിക്കറ്റെടുത്ത് ലുങ്കിയുടെ കോന്തലക്ക് കെട്ടി, തീവണ്ടി പാളത്തിലൂടെ കൂക്കി കൊണ്ടോടി… ചലനാത്മകതക്ക് ഭംഗം വരാതിരിക്കാന്‍.
അകലം
ഓര്‍മ്മപ്പെട്ടിയില്‍ നിന്ന് അയാളൊരു പ്രണയലേഖനം തപ്പിയെടുത്തു!
പണ്ടെന്നോ പ്രണയിനിക്ക് കൊടുക്കാന്‍ തരപ്പെടാതെ, സൂക്ഷിച്ച് വെച്ചത്.
കോളേജ് വിട്ടുവരുന്ന പച്ചപ്പാവാടക്കാരി. കതിരിട്ട പാടം, ആളൊഴിഞ്ഞ വയല്‍വരമ്പ്, വയല്‍ക്കിളികള്‍ മാത്രം സാക്ഷി! അയാള്‍ കത്ത് നാലായി മടക്കി അവള്‍ക്ക് നേരെ നീട്ടി!
”ചേട്ടാ… സാമൂഹിക അകലം…” അയാള്‍ ചിന്തയില്‍ നിന്ന് ഞെട്ടി. തിരിഞ്ഞ് നോക്കി. പിന്നില്‍
വീട്ടുകാരി!