ചുവപ്പിനപ്പുറം (ഓര്‍മ്മകള്‍)
പി.കേശവന്‍നായര്‍
പാഗന്‍ ബുക്‌സ്, കൊല്ലം
പേജ്: 224 വില: 160 രൂപ
സ്‌കൂള്‍ പഠനകാലം മുതല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ച നേതാവായിരുന്നു പി. കേശവന്‍നായര്‍. അദ്ദേഹം 24 വര്‍ഷം സി.ഐ.ടി.യു കൊല്ലം ജില്ലാസെക്രട്ടറിയായി പ്രവര്‍ത്തിച്ചു. പാര്‍ട്ടിയുടെ ഏരിയാ സെക്രട്ടറിയുമായിരുന്നു. തൊഴിലാളി സംഘടനയുടെ അഖിലേന്ത്യാ പ്രവര്‍ത്തക സമിതിയിലും പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിയേറ്റിലും ദീര്‍ഘകാലം അംഗമായിരുന്നു. അദ്ദേഹം പറയുന്നു: ”ഞാനൊരു കസേര രാഷ്ട്രീയക്കാരനായിരുന്നില്ല. പാര്‍ട്ടി പ്രവര്‍ത്തനകാലത്ത് ഞാന്‍ പങ്കെടുത്തു നടത്തിയിട്ടുള്ള കാല്‍നട ജാഥകളുടെയും പ്രതിഷേധപ്രകടനങ്ങളുടെയും മൊത്തം ദൂരമെടുത്താല്‍ ഭൂമിയെ ഒരു പ്രാവശ്യം ചുറ്റിവരാവുന്നത്ര ഉണ്ടാകുമെന്നാണ് തോന്നുന്നത്”.
1980കളുടെ അവസാനമായപ്പോഴേക്കും ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ പതനത്തിന്റെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത് ആദ്യമൊന്നും ഗ്രന്ഥകാരന്‍ വിശ്വസിച്ചില്ല. എന്നാല്‍ പിന്നീട് സ്ഥിതിമാറി: അദ്ദേഹം പറയുന്നു ”കമ്മ്യൂണിസം മനുഷ്യനന്മയ്ക്ക് ഉതകുന്നതല്ലെന്നും അതിന്റെ സിദ്ധാന്തവും പ്രയോഗവും തമ്മില്‍ പൊരുത്തക്കേടുണ്ടെന്നും ഞാന്‍ സംശയിച്ചുതുടങ്ങി. കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തോടും സി.പി.ഐ (എം) നോടും എനിക്കുണ്ടായിരുന്ന പ്രതിബദ്ധതയ്ക്കും മങ്ങലേറ്റു. ഞാന്‍ സ്വത്വപ്രതിസന്ധിയിലായി”.
ഈ പ്രതിസന്ധിയില്‍ നിന്നു മോചനം നേടാന്‍ കേശവന്‍ നായര്‍ ഭൗതികശാസ്ത്രത്തിലേക്കു തിരിഞ്ഞു. പ്രപഞ്ചശാസ്ത്രപഠനത്തില്‍ ഏര്‍പ്പെട്ടു. ‘സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ പ്രപഞ്ചം’, ‘പ്രപഞ്ചം’ എന്നിങ്ങനെ രണ്ടു പുസ്തകങ്ങള്‍ രചിച്ചു. ഭൗതികവാദത്തില്‍ നിന്ന് പിന്നീട് ആത്മീയതയിലേക്കു നടന്നു. ‘ഭൗതികത്തിനപ്പുറം’ എന്ന കൃതി രചിച്ചു. തുടര്‍ന്ന് പാര്‍ട്ടി വിടുകയും ചെയ്തു.
കേശവന്‍ നായര്‍ ആത്മകഥയായിത്തന്നെ രചിച്ച പുസ്തകമാണ് ‘ചുവപ്പിനപ്പുറം’. ജനനം മുതലുള്ള സംഭവവികാസങ്ങള്‍ അതീവ ഹൃദ്യമായി ഇതില്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നു. ബിരുദപഠനം പൂര്‍ത്തിയാക്കി രാഷ്ട്രീയത്തിലേയ്ക്കു ചുവടുവെയ്ക്കുന്നതും തുടര്‍ന്നുണ്ടായ ചടുലവും, വിശ്രമരഹിതവുമായ, പ്രവര്‍ത്തനങ്ങളുടെ കാലത്തെയും അദ്ദേഹം ഹൃദ്യമായി വിശദീകരിക്കുന്നുണ്ട്. എന്നാല്‍ 2005ലെ ജില്ലാ സമ്മേളനത്തില്‍ പ്രതിനിധികള്‍ കേശവന്‍നായരുടെ പുസ്തകങ്ങളെ വിമര്‍ശിച്ചു. ”പ്രതിനിധികളുടെ വിമര്‍ശനത്തിന് വിധേയമായ എന്റെ പുസ്തകങ്ങളിലെങ്ങും കമ്മ്യൂണിസത്തിനെതിരായി ഒരു വാക്കുപോലും എഴുതിയിട്ടില്ലായിരുന്നു. ശങ്കരാചാര്യരും ചട്ടമ്പിസ്വാമികളും ശ്രീനാരായണഗുരുവും പ്രചരിപ്പിച്ച വേദാന്ത ദര്‍ശനത്തിന് ആധുനിക ഭൗതികത്തില്‍ നിന്നും ഉരുത്തിരിഞ്ഞുവന്ന ഏകത്വ ദര്‍ശനങ്ങളുമായി സമാന്തരങ്ങള്‍ ഉണ്ടെന്നു മാത്രമാണ് എന്റെ പുസ്തകങ്ങളില്‍ പറഞ്ഞിരുന്നത്”.
ഏതായാലും പുതിയ കമ്മിറ്റിയില്‍ കേശവന്‍ നായര്‍ ഉള്‍പ്പെട്ടില്ല. അതില്‍ അദ്ദേഹം സന്തോഷിക്കുകയാണു ചെയ്തത്. നമ്മുടെ ബൗദ്ധികമേഖലയെ ഉത്തേജിപ്പിച്ച പ്രൗഢകൃതികളാണ് ഒന്നൊന്നായി പുറത്തുവന്നത്. വിപരീതങ്ങള്‍ക്കപ്പുറം, ഭൗതികത്തിനപ്പുറം, ബോധത്തിനപ്പുറം, മാര്‍ക്‌സിസം ശാസ്ത്രമോ? മനുഷ്യമനസ്സും ക്വാണ്ടം ഭൗതികവും, ഗാന്ധിചിന്തകള്‍, വിവേകാനന്ദ ചിന്തകള്‍, ആസ്തികനായ ദൈവം – പട്ടിക നീണ്ടുപോകുന്നു.
മാര്‍ക്‌സിസത്തിന്റെ വൈരുദ്ധ്യാത്മക ഭൗതികവാദം ആധുനിക ഭൗതികത്തിന്റെയും ജീവശാസ്ത്രത്തിന്റെയും വെളിച്ചത്തില്‍ തെറ്റാണെന്നും ആപേക്ഷികതാ സിദ്ധാന്തത്തില്‍ നിന്നും ക്വാണ്ടം ബലതന്ത്രത്തില്‍ നിന്നും ഉരുത്തിരിഞ്ഞു വന്നിട്ടുള്ള ഏകത്വദര്‍ശനവുമായി പൊരുത്തപ്പെടുന്നതല്ല വൈരുദ്ധ്യാത്മക ഭൗതികവാദമെന്നും അദ്ദേഹം പുസ്തകത്തില്‍ സമര്‍ത്ഥിക്കുന്നു (പുറം 201). അതോടൊപ്പം മുതലാളിത്തത്തിന്റെയും കമ്മ്യൂണിസത്തിന്റെയും പ്രത്യയശാസ്ത്രസ്രോതസ്സുകള്‍ ഒന്നാണെന്നും വൈരുദ്ധ്യാത്മക ഭൗതികവാദത്തില്‍ അധിഷ്ഠിതമായ ഒരു മതമാണ് കമ്മ്യൂണിസമെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. (പുറം 201).
പാശ്ചാത്യലോകത്തെ മഹാന്മാരായ പല ശാസ്ത്രജ്ഞന്മാരും വിശിഷ്ടമാറ്റങ്ങളുടെ വെളിച്ചത്തില്‍ ഭാരതീയ ചിന്തയുടെ ആരാധകരായി മാറുമ്പോഴും നമ്മുടെ പണ്ഡിതന്മാര്‍ അന്ധകാരത്തിലാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. (പുറം 208).
കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റുകളുടെ കാര്‍ഷികനയം കേരളത്തെ ഭക്ഷ്യസുരക്ഷിതത്വം ഇല്ലാത്ത ഒരു സംസ്ഥാനമാക്കി. കേരളത്തിന്റെ ആവാസവ്യവസ്ഥയെത്തന്നെ ഭൂപരിഷ്‌ക്കരണ നിയമങ്ങള്‍ തകര്‍ത്തു. കാര്‍ഷിക മേഖലയിലുണ്ടായ തകര്‍ച്ച വ്യവസായപുരോഗതിയെയും പിന്നോട്ടടിച്ചു. കേരളത്തെ വ്യവസായ സൗഹൃദസംസ്ഥാനമല്ലാതാക്കി മാറ്റിയതിലും വലിയ പങ്കാണ് കേരളത്തിലെ കമ്മ്യൂണിസം സ്വീകരിച്ചിട്ടുള്ളത് (പുറം 223).
കേവലം ഓര്‍മ്മക്കുറിപ്പുകള്‍ക്കപ്പുറം കാമ്പുറ്റ രാഷ്ട്രീയ-സാമൂഹ്യ വിമര്‍ശനങ്ങളുടെ സമാഹാരമാണ് ‘ചുവപ്പിനപ്പുറം’ എന്ന് നിസ്സംശയം പറയാം.