മാർച്ച് 5
സുശീല ദീദി ജന്മദിനം
കൊളോണിയൽ ഇന്ത്യയിലെ പഞ്ചാബ് പ്രവിശ്യയിൽ 1905 മാർച്ച് 5 ന് ഒരു സൈനിക ഡോക്ടറുടെ മകളായിട്ടാണ് സുശീല ദീദി ജനിച്ചത്. ദേശീയ കവിതകൾ എഴുതാറുണ്ടായിരുന്നെങ്കിലും, സജീവ ദേശീയ രാഷ്ട്രീയത്തിലേക്കുള്ള ദീദിയുടെ ചുവടുവെപ്പ് കോളേജ് പഠന കാലഘട്ടത്തിലാണ് ആരംഭിച്ചത്. പിന്നീട് അവർ ഭഗവതി ചരൺ വോറയെയും ദുർഗാദേവി വോറയെയും കണ്ടുമുട്ടുകയും വിപ്ലവ ഗ്രൂപ്പിൽ ചേരുകയും ചെയ്തു. ഒരു കൂട്ടം വനിതാ പ്രവർത്തകരോടൊപ്പം ജലന്ധറിൽ വിപ്ലവ സാഹിത്യം വിതരണം ചെയ്യാറുണ്ടായിരുന്ന അവർ പാർട്ടിയിലേക്ക് ധാരാളം അംഗങ്ങളെ ചേർത്തു.
കക്കോരി രക്തസാക്ഷികളുടെ ശിക്ഷയെക്കുറിച്ചുള്ള വാർത്തകൾ കേട്ടപ്പോൾ വിപ്ലവ പ്രസ്ഥാനത്തിൽ പൂർണ്ണമായി മുഴുകാൻ ദീദി തീരുമാനിച്ചു.
‘ഭഗത് സിംഗ് ഡിഫൻസ് കമ്മിറ്റി’ എന്ന പേരിൽ വനിതാ ആക്ടിവിസ്റ്റുകളുടെ സംഘം രൂപീകരിക്കുകയും ലാഹോർ, ഡൽഹി ഗൂഢാലോചന കേസുകളുടെ വിചാരണയ്ക്കായി പണം ശേഖരിക്കുകയും ചെയ്തു. ‘മേവാർ പാടാൻ’ എന്ന പേരിൽ സുശീല ദീദി ഒരു നാടകം രചിച്ചു. അത് ഫണ്ട് ശേഖരിക്കുന്നതിനും വിപ്ലവ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനുമായി തെരുവുകളിൽ അവതരിപ്പിച്ചു.
ഡൽഹി അസംബ്ലി ബോംബ് കേസിൽ ഭഗത് സിങ്ങിനെയും മറ്റ് വിപ്ലവകാരികളെയും അറസ്റ്റ് ചെയ്തതിനെത്തുടർന്ന്, എച്ച്എസ്ആർഎ വിപ്ലവകാരികൾ വൈസ്രോയി ഇർവിനെ വധിക്കാൻ പദ്ധതിയിട്ടു. മറ്റെല്ലാ വിപ്ലവകാരികളും കനത്ത നിരീക്ഷണത്തിൽ ആയിരുന്നതിനാൽ, വൈസ്രോയിയുടെ ട്രെയിനും സമയക്രമവും സംബന്ധിച്ച വിവരങ്ങളും വിശദാംശങ്ങളും ശേഖരിക്കാനുള്ള ചുമതല സുശീല ദീദിയുടെ മേൽ വന്നു. പൂർണ്ണമായ യൂറോപ്യൻ വസ്ത്രം ധരിച്ച് ഒരു ബ്രിട്ടീഷ് വനിതയായി വേഷമിട്ട സുശീല ദീദിക്ക് വൈസ്രോയിയുടെ യാത്രയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും കണ്ടെത്താൻ കഴിഞ്ഞു. എന്നാൽ ഇർവിനെതിരെയുള്ള വധശ്രമം പരാജയപ്പെട്ടതിനെത്തുടർന്ന്, എച്ച്എസ്ആർഎ വിപ്ലവകാരികൾ ജയിൽ ചാട്ടം നടത്തി ഭഗത് സിംഗിനെ മോചിപ്പിക്കാൻ പദ്ധതിയിട്ടു. കൊൽക്കത്തയിലെ ജോലി ഉപേക്ഷിച്ച് സുശീല ദീദി പദ്ധതിയിൽ പങ്കാളിയായി.
നിർഭാഗ്യവശാൽ, രവി നദിയുടെ തീരത്ത് ബോംബ് പരീക്ഷിക്കുന്നതിനിടെ ഭഗവതി ചരൺ വോറ മരണപ്പെട്ടതിനാൽ ഈ പദ്ധതി ഉപേക്ഷിച്ചു. വൻ പോലീസ് വേട്ടയ്ക്ക് കാരണമായ ഈ അപകടത്തിന്റെ പശ്ചാത്തലത്തിൽ, സുശീല ദീദിയും ദുർഗാ ഭാബിയും ഒളിവിൽ പോയി . അവർക്കെതിരെ ബ്രിട്ടീഷ് സർക്കാർ വാറണ്ടുകൾ പുറപ്പെടുവിച്ചു. ഒരു ദേശീയ പത്രമായ സ്വതന്ത്ര ഭാരതിൽ പ്രസിദ്ധീകരിച്ച ഒരു കത്തിന്റെ പേരിൽ സുശീല ദീദിയുടെ പേരിൽ മറ്റൊരു അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു . എഡിറ്റർ ഭഗവതിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി 10,000 പിഴയും ആറ് വർഷം തടവും ശിക്ഷിച്ചു
1931 മാർച്ച് 23-ന് ഭഗത് സിംഗ്, സുഖ്ദേവ്, രാജ്ഗുരു എന്നിവരെ തൂക്കിലേറ്റിയതിനും 1931 ഫെബ്രുവരി 27-ന് ചന്ദ്രശേഖർ ആസാദിന്റെ മരണത്തിനും ശേഷം, എച്ച്എസ്ആർഎ പൂർണ്ണമായും താറുമാറായി. ഈ സമയത്താണ് സുശീല ദീദി ഡൽഹിയിലും ലാഹോറിലും സംഘടനയുടെ കമാൻഡർ സ്ഥാനം ഏറ്റെടുത്തതും പഞ്ചാബ് സർക്കാരിന്റെ സെക്രട്ടറിയായിരുന്ന സർ ഹെൻറി കിർക്കിന്റെ കൊലപാതകം ആസൂത്രണം ചെയ്തതും.
ധന്വന്തരി, സുഖ്‌ദേവ് രാജ്, ജഗദീഷ് തുടങ്ങിയ വിപ്ലവകാരികൾ സുശീലാ ദീദിയുടെ നേതൃത്വത്തിൽ ലാഹോറിൽ ഒത്തുകൂടി പദ്ധതികൾ ആസൂത്രണം ചെയ്തു. എന്നാൽ ഇതിനെക്കുറിച്ച് വിവരം ലഭിച്ച ബ്രിട്ടീഷുകാർ അവരെ നേരിട്ടു. ഷാലിമാർ ബാഗിന് (ലാഹോർ) സമീപം പോലീസ് വെടിവെപ്പിൽ ജഗദീഷ് കൊല്ലപ്പെട്ടു, സുഖ്ദേവ് രാജ് അറസ്റ്റിലായി. ഏതാനും ദിവസങ്ങൾക്ക് ശേഷം, സുശീലാ ദീദിയെ അറസ്റ്റുചെയ്ത് പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിൽ അടച്ചു . പിന്നീട് മോചിപ്പിക്കപ്പെട്ട അവർ
കൊളോണിയൽ സർക്കാർ നിരോധിച്ച 1932-ലെ കോൺഗ്രസ്സിന്റെ ഡൽഹി സമ്മേളനത്തിൽ സജീവമായി പങ്കെടുത്തു. ഇന്ദു എന്ന അപരനാമത്തിൽ ഒരു വനിതാ സംഘത്തോടൊപ്പം സെഷനിൽ പങ്കെടുത്ത അവർ അറസ്റ്റിലാവുകയും ആറുമാസം ജയിലിൽ കിടക്കുകയും ചെയ്തു.
സുശീല ദീദി ഡൽഹിയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്നിരുന്നുവെങ്കിലും തന്റെ വിപ്ലവ പ്രത്യയശാസ്ത്രം ഉപേക്ഷിച്ചില്ല. 1937-ൽ, ആൻഡമാൻ ജയിലിൽ തടവിലായിരുന്ന നിരവധി കക്കോറി വിപ്ലവകാരികൾ മോചിതരായപ്പോൾ, സുശീല ദീദിയും ദുർഗാദേവിയും അവരെ ആദരിക്കുന്നതിനായി ഡൽഹിയിൽ ഒരു വലിയ രാഷ്ട്രീയ റാലി ആസൂത്രണം ചെയ്തു. ദുർഗ്ഗാ ഭാബിയും സുശീല ദീദിയും കോൺഗ്രസ് അംഗങ്ങളായതിനാൽ, വിപ്ലവകാരികളെ ഉൾപ്പെടുത്തി ഒരു പരിപാടി സംഘടിപ്പിക്കുന്നതിന് മഹാത്മാഗാന്ധിയുടെ എതിർപ്പ് നേരിടേണ്ടിവന്നു, എന്നാൽ രണ്ട് സ്ത്രീകളും അദ്ദേഹത്തെ ധിക്കരിച്ചു, അവരുടെ ആസൂത്രിത പരിപാടിയുമായി മുന്നോട്ട് പോയി, നിരവധി മുന്നറിയിപ്പുകളും അറസ്റ്റുകളും അവഗണിച്ച് അത് വിജയകരമായി സംഘടിപ്പിച്ചു.
1942ലെ ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുക്കുകയും തുടർന്ന് ജയിലിൽ പോകുകയും ചെയ്തു.
1947-ൽ ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടശേഷം പഴയ ഡൽഹിയിലെ ബല്ലിമാരൻ പരിസരത്ത് സ്ത്രീകളുടെ ഉന്നമനത്തിനായി അവർ ജീവിതം ഉഴിഞ്ഞു വെച്ചു.
ആന്റമാൻ സെല്ലുലാർ ജയിലിൽ വർഷങ്ങളോളം തടവ് അനുഭവിച്ച വിപ്ലവകാരി പണ്ഡിറ്റ് പർമാനന്ദ്, സുശീല ദീദിയെ ‘ജോൺ ഓഫ് ആർക്ക് ഓഫ് ഇന്ത്യ’ എന്ന് വിളിച്ചു
1963 ജനുവരി 13 ന് ആ ധീര വനിത അന്തരിച്ചു.
സ്വാതന്ത്ര്യ സമര ചരിത്രത്തിൽ അറിയപ്പെടാതെ പോയ ധീര വനിത സുശീല ദിദിയുടെ ഒർമ്മകൾക്ക് സ്വാതന്ത്ര്യത്തിന്റെ ഈ അമൃത വർഷത്തിൽ ശതകോടി പ്രണാമങ്ങൾ …