ഇന്ന് ഏറ്റവുമധികം കേള്‍ക്കുന്ന ഒരു പദമാണ് ഭൂസ്ഥിര ഉപഗ്രഹങ്ങള്‍ എന്നത്. വല്ലാതെ ആശയക്കുഴപ്പമുണ്ടാക്കുന്ന ഒരു വാക്കാണിത്. ശൂന്യാകാശത്ത് ഭൂമിയെ പ്രദക്ഷിണം ചെയ്യേണ്ട കൃത്രിമ ഉപഗ്രഹങ്ങള്‍ എങ്ങനെ ഭൂസ്ഥിരമാകും? ന്യായമായ സംശയമാണ്.
ഏകദേശം നൂറു കിലോമീറ്ററിന് മുകളിലാണ് ബഹിരാകാശം അഥവാ സ്പേസ് എന്ന് കണക്കാക്കിയിരിക്കുന്നത്. ഈ ഭാഗത്തേക്ക് ഒരു വസ്തുവിനെ എത്തിക്കാന്‍ കഴിഞ്ഞാല്‍ അത് ഭൂമിയെ വലം വെയ്ക്കാന്‍ തുടങ്ങും. ഗുരുത്വാകര്‍ഷണത്തെ അതിജീവിച്ച് ഈ ഉയരത്തിലേക്ക് ഒരു വസ്തുവിനെ എത്തിക്കുക എന്നതാണ് റോക്കറ്റിന്റെ ജോലി. നൂറ് കിലോമീറ്റര്‍ മുതല്‍ അഞ്ഞൂറ് കിലോമീറ്റര്‍ വരെ ഉയരത്തിലുള്ള ഉപഗ്രഹ ഭ്രമണപഥങ്ങളെ പൊതുവെ പറയുന്നത് ലോ ഏര്‍ത് ഓര്‍ബിറ്റുകള്‍ എന്നാണ്. ഭ്രമണപഥം ഭൂമിയോട് ഏറ്റവും അടുത്തിരിക്കുമ്പോള്‍ ഉപഗ്രഹങ്ങളുടെ ഭ്രമണ വേഗത വളരെ കൂടുതല്‍ ആയിരിക്കും. ഏറ്റവും താഴ്ന്ന ഭ്രമണപഥത്തില്‍ ഇത് മണിക്കൂറില്‍ 28000 കിലോമീറ്റര്‍ ആണ്. ഇവിടെയുള്ള ഒരു ഉപഗ്രഹം ഒരു മണിക്കൂറില്‍ താഴെ സമയത്തില്‍ ഭൂമിയെ ചുറ്റി വരും.
ഭ്രമണപഥത്തിന്റെ ഉയരം കൂടുന്തോറും വേഗത കുറഞ്ഞുവരും. നാനൂറോളം കിലോമീറ്റര്‍ ഉയരത്തില്‍ ഭൂമിയെ ചുറ്റുന്ന അന്താരാഷ്ട്ര ബഹിരാകാശനിലയത്തിന്റെ വേഗത മണിക്കൂറില്‍ 17000 കിലോമീറ്റര്‍ ആണ്. അതിനു ഭൂമിയെ ചുറ്റാന്‍ ഒന്നര മണിക്കൂര്‍ സമയം വേണം. ഇങ്ങനെ ഭ്രമണപഥത്തിന്റെ ഉയരം കൂടുന്നതിനനുസരിച്ച് ഭ്രമണവേഗം കുറഞ്ഞു കുറഞ്ഞു ഏതാണ്ട് 36000 കിലോമീറ്റര്‍ ഉയരത്തില്‍ എത്തുമ്പോള്‍, അവിടെയുള്ള ഒരു ഉപഗ്രഹത്തിന്റെ ഭ്രമണവേഗത ഭൂമിയുടെ സ്വയംഭ്രമണ വേഗതക്ക് തുല്യമാകും. എന്നുവെച്ചാല്‍, ഭൂമിക്ക് സ്വയം ഒന്ന് തിരിയാന്‍ വേണ്ടത് ഇരുപത്തിനാലു മണിക്കൂര്‍ ആണല്ലോ. 36000 കിലോമീറ്റര്‍ ഉയരത്തിലുള്ള ഒരു ഉപഗ്രഹത്തിനു ഭൂമിയെ ചുറ്റാന്‍ വേണ്ട വേഗതയും ഇതുതന്നെ ആണ്.
കുറച്ചുകൂടി വ്യക്തമാക്കിയാല്‍, അവിടെ നില്‍ക്കുന്ന ഉപഗ്രഹം ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ എപ്പോഴും നിശ്ചലമാണ് എന്നു തോന്നും. എന്നുവെച്ചാല്‍ വലിയൊരു വടി കുത്തി നിര്‍ത്തി ഉപഗ്രഹത്തെ അവിടെ നിര്‍ത്തിയ പോലെ. ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ എപ്പോഴും സ്ഥിരമായി നില്‍ക്കുന്നു എന്ന് തോന്നുന്നത് കൊണ്ടാണ് അവിടെയുള്ള ഉപഗ്രഹങ്ങളെ ഭൂസ്ഥിര ഉപഗ്രഹങ്ങള്‍ എന്നും ഈ ഭ്രമണപഥത്തെ ഭൂസ്ഥിര ഭ്രമണപഥമെന്നും വിളിക്കുന്നത്.
വാര്‍ത്താവിനിമയത്തിന് ഉപയോഗിക്കുന്ന വലിയ ടവറുകള്‍ കണ്ടിട്ടില്ലേ. അവയുടെ അഗ്രത്താണ് ട്രാന്‍സ്മിറ്ററുകള്‍ സ്ഥാപിക്കുക. ഉയരം കൂടുന്തോറും പ്രസരണത്തിന്റെ ദൂരപരിധിയും കൂടും. അപ്പോള്‍ ഭൂസ്ഥിര ഉപഗ്രഹങ്ങളെ അത്രയും ഉയരമുള്ള ഒരു വാര്‍ത്താവിനിമയ ടവറിനു മുകളിലെ ട്രാന്‍സ്മിറ്റര്‍ ആയി കണക്കാക്കാം. ഇങ്ങനെ മൂന്നോ നാലോ ഉപഗ്രഹങ്ങള്‍ ഉണ്ടെങ്കില്‍ ഭൂമി മുഴുവന്‍ കവര്‍ ചെയ്യാനും കഴിയും.
ആധുനിക കാലത്ത് വെള്ളവും വൈദ്യുതിയും പോലെ പ്രധാനമാണ് കമ്മ്യൂണിക്കേഷന്‍ ഉപഗ്രഹങ്ങളും. ഇവയിലൂടെയാണ് ഇന്റര്‍നെറ്റും, ഫോണുകളും, സോഷ്യല്‍ മീഡിയയും, ടെലിഫോണുകളും വിദൂരപഠനങ്ങളും ടിവി ചാനലുകളും അങ്ങനെ മനുഷ്യജീവിതത്തിന്റെ സമസ്ത കാര്യങ്ങളും ചലിച്ചുകൊണ്ടിരിക്കുന്നത്.
ഇക്കാരണം കൊണ്ടുതന്നെ കൂടുതല്‍ സൗകര്യങ്ങള്‍ ഉള്ള കമ്മ്യൂണിക്കേഷന്‍ ഉപഗ്രഹങ്ങള്‍ ഭൂസ്ഥിര ഭ്രമണപഥത്തില്‍ എത്തിക്കുക എന്നത് വലിയൊരു വ്യവസായ മേഖല തന്നെയാണ്. ഭാരതം അടക്കം നാലഞ്ചു രാജ്യങ്ങള്‍ക്ക് മാത്രമേ ഇതിനുള്ള സാങ്കേതിക ജ്ഞാനവും സൗകര്യങ്ങളും ഉള്ളൂ.