വിദ്യ എങ്ങിനെ കൊടുക്കണം എങ്ങിനെ വാങ്ങണം എന്നു കാണിച്ചു തരുന്നു, ഈ കഥ. ശ്രദ്ധ, അന്നദാനം,വിനയം മുതലായവ ധാര്‍മ്മികമായി എങ്ങിനെ സഹായിക്കും എന്നും. ഛാന്ദോഗ്യോപനിഷത്തില്‍ വരുന്നതാണ് ഈ കഥ. ജനശ്രുത രാജാവിന്റെ വംശ പരമ്പരയില്‍ പുത്രന്റെ പൗത്രനായി (പൗത്രായണനായി) ജനിച്ച ജാനശ്രുതി ദാനശീലനായിരുന്നു. ശ്രദ്ധയോടെ ദാനം ചെയ്യുന്നവനുമായിരുന്നു.
ഒരു ദിവസം രാത്രി രാജാവ്, അകത്ത് ഉഷ്ണമായതിനാല്‍, മട്ടുപ്പാവില്‍ പുറത്തു വരാന്തയില്‍ ഉലാത്തുകയായിരുന്നു. അപ്പോള്‍ കുറേ ഹംസങ്ങള്‍ ആകാശത്തൂടെ പറന്നു പോയി. അതില്‍ ഒരു ഹംസം മറ്റൊരു ഹംസത്തോടു പറഞ്ഞു’ഹേ ഭല്ലാക്ഷ! ജാനശ്രുതിയുടെ തേജസ്സ് മൂന്നു ലോകത്തും പരന്നിരിക്കുന്നു. നീ അതിലൊന്നും തൊട്ടു പോകരുത്, നീ കത്തിപ്പോകും.’ഭല്ലാക്ഷന്‍:- ഇത്രയെല്ലാം പുകഴ്ത്താന്‍ ഇയാള്‍ക്ക് എന്തു യോഗ്യതയാണുള്ളത്? ഇവന്‍ വണ്ടിക്കാരന്‍ രൈക്വനേപ്പോലെ ആണെന്നാണോ നീ പറഞ്ഞു വരുന്നത്?
ആദ്യത്തെ ഹംസം :- ആരാണീ വണ്ടിക്കാരന്‍ രൈക്വന്‍?
ഭല്ലാക്ഷന്‍ :- ചൂതുകളിയില്‍ 4 വീണാല്‍ 3 ഉം 2 ഉം 1 ഉം അതിലടങ്ങും പോലെ രൈക്വന്‍ എല്ലാറ്റിലും മേലെയാണ്. രൈക്വന്റെ സത്കര്‍മത്താലാണ് ഈ രാജാവു കൂടി നന്മ നേടുന്നത്. ജാനശ്രുതി പൗത്രായണന്‍, ഹംസ വാക്യത്തിലൂടെ തന്റെ നിന്ദിതാവസ്ഥയും രൈക്വാദിവിദ്വാന്മാരുടെ വന്ദിതാവസ്ഥയും അറിഞ്ഞു. സേവകരെ വിളിച്ച് രൈക്വനെ കണ്ടുപിടിക്കാന്‍ ആജ്ഞാപിച്ചു. അവര്‍ പലയിടത്തും അന്വേഷിച്ചു. പക്ഷെ കണ്ടെത്താനായില്ല.
‘ഏകാന്തമായ കാട്ടിലോ നദീതീരത്തെ ഏകാന്തത്തിലോ മറ്റു ബ്രഹ്‌മജ്ഞാനികള്‍ വസിക്കുന്ന സ്ഥാനങ്ങളിലോ നോക്കുക.’ രാജാവ് വീണ്ടും കല്പിച്ചു. അവര്‍ ഏകാന്ത സ്ഥാനങ്ങളില്‍ അന്വേഷിക്കവേ ഒരു വണ്ടിയുടെ ചുവട്ടില്‍ ചൊറികുത്തിയിരിക്കുന്ന രൈക്വനെ കണ്ടെത്തി.
‘അങ്ങ് രൈക്വനാണോ?’ എന്നു ചോദിച്ചു. ‘അതെ. ഞാന്‍ രൈക്വന്‍ തന്നെ’ എന്ന് രൈക്വന്‍ സ്ഥിരീകരിച്ചു. ഉടനെ തിരിച്ചു ചെന്ന് ഇക്കാര്യം ജാനശ്രുതി പൗത്രായണനെ അറിയിച്ചു. രൈക്വന്‍ ഗൃഹസ്ഥാശ്രമിയായതിനാല്‍ ധനത്തില്‍ ഇച്ഛയുണ്ടാകുമെന്നു ധരിച്ച് 600 പശുക്കളെയും രണ്ടശ്വങ്ങളെ പൂട്ടിയ രഥവും ഒരു സ്വര്‍ണ മാലയും എടുത്തു കൊണ്ട് രൈക്വന്റെ സമീപം ചെന്നു നമസ്‌കരിച്ച് പറഞ്ഞു. ‘ഹേ രൈക്വ, ഇതെല്ലാം അങ്ങ് സ്വീകരിച്ച് എനിക്ക് അങ്ങുപാസിക്കുന്ന ദേവതയെക്കുറിച്ച് ഉപദേശിച്ചാലും.’
‘എടോ! ശൂദ്ര! ഈ പശുക്കളും മാലയും രഥവും നിന്റെ കയ്യില്‍ത്തന്നെയിരിക്കട്ടെ.’ എന്ന് രൈക്വന്‍ നിരസിച്ചു. രാജാവ് ഇതിന്റെ കൂടെ 1000 പശുക്കളെയും മുനിക്ക് ഭാര്യയായി തന്റെ മകളെയും മുനിയിരിക്കുന്ന ഗ്രാമത്തെയും സമര്‍പ്പിച്ചു. ( രൈക്വനിരുന്ന ഗ്രാമം രൈക്വപര്‍ണ്ണാ എന്നറിയപ്പെട്ടു.) ‘എനിക്ക് സന്തോഷമായി. ഇതില്‍ നിന്റെ മകളാണ് എനിക്ക് ഏറെ പ്രിയപ്പെട്ടത്.’ എല്ലാം സ്വീകരിച്ച് രൈക്വന്‍ രാജാവിന് സംവര്‍ഗ വിദ്യയെ ഉപദേശിച്ചു. വായുവാണ് സംവര്‍ഗം. സംവര്‍ഗമെന്നാല്‍ സംഗ്രഹിക്കല്‍, ലയിപ്പിക്കല്‍ എന്നര്‍ഥം. ചൂതുകളിയില്‍ 4 ല്‍ മറ്റുളളവ ലയിക്കുമ്പോലെ. അഗ്‌നി ശമിക്കുമ്പോള്‍ അതു വായുവില്‍ ലയിക്കുന്നു. അതായത് അഗ്‌നിക്ക് വായുവിന്റെ സ്വഭാവമായിത്തിരുന്നു. സൂര്യന്‍ അസ്തമിക്കുമ്പോഴും വായുവിലാണ് ലയിക്കുന്നത്. ചന്ദ്രന്‍ അസ്തമിക്കുമ്പോഴും വായുവില്‍ ലയിക്കുന്നു. ജലം ശോഷിക്കുമ്പോഴും വായുവില്‍ ലയിക്കുന്നു. അതുകൊണ്ട് മഹാബലവാനായ വായുവിനെ സംവര്‍ഗഗുണരൂപത്തില്‍ ഉപാസിക്കണം. ഇതാണ് അധിദൈവതം – ദേവതകളിലെ സംവര്‍ഗ ദൃഷ്ടി. ഇനി അധ്യാത്മം. ഇവിടെ പ്രാണനാണ് സംവര്‍ഗം. ഉറങ്ങുമ്പോള്‍ വാക്കാകുന്ന ഇന്ദ്രിയം പ്രാണനില്‍ ലയിക്കുന്നു. കണ്ണും കാതും മനസ്സും പ്രാണനില്‍ ലയിക്കും. എല്ലാറ്റിനെയും പ്രാണനാണ് ലയിപ്പിക്കുന്നത്. അതുകൊണ്ട് സംവര്‍ഗങ്ങള്‍ രണ്ടാണ് – ദേവതകളില്‍ വായുവും ഇന്ദ്രിയങ്ങളില്‍ പ്രാണനും.
ഇവിടെ ഒരു കഥ പറയുന്നു.
ഒരിക്കല്‍ കപിഗോത്രത്തില്‍ ജനിച്ച ശൗനകനും കക്ഷസേനന്റെ പുത്രനായ അഭിപ്രതാരിയും ഊണു കഴിക്കുമ്പോള്‍ ഒരു ബ്രഹ്‌മചാരി ഭിക്ഷ യാചിച്ചു.’ഇവനെന്തു പറയുമെന്നു നോക്കാം’ എന്നു കരുതി അവര്‍ ഭിക്ഷ കൊടുത്തില്ല.
ബ്രഹ്‌മചാരി പറഞ്ഞു :- ലോകത്തിന്റെ രക്ഷകനായ പ്രജാപതി 4 മഹാത്മാക്കളെ (അതായത് വായു, അഗ്‌നി – സൂര്യന്‍ – ചന്ദ്രന്‍ – ജലം ഇവയേയും പ്രാണന്‍, വാക്ക് – കാത് – കണ്ണ് – മനസ്സ് ഇവയേയും ) വിഴുങ്ങിയിരിക്കുന്നു. അധ്യാത്മ – അധിദൈവത – അധിഭൂത ഭേദേന വസിക്കുന്ന ആ ദേവനെ അവിവേകിയായ മര്‍ത്യന്‍ അറിയുന്നില്ല. അവന് അന്നം നല്‍കുന്നില്ല. ശൗനകന്‍ ബ്രഹ്‌മചാരി പറഞ്ഞതിനെ കുറിച്ച് ആലോചിച്ചു. പിന്നീട് അവന്റെ അടുത്തു ചെന്നു പറഞ്ഞു :- ദേവതകളുടെ ആത്മാവും പ്രജകളുടെ സൃഷ്ടികര്‍ത്താവും സ്വര്‍ണ ( നശിക്കാത്ത) ദംഷ്ട്രയുള്ളവനും മേധാവിയും മഹിമാവാനും മറ്റുള്ളവരാല്‍ തിന്നപ്പെടാത്തവനും അന്നമൊഴിച്ചുള്ള, അഗ്‌നി മുതലായവയെ ഭക്ഷിക്കുന്നവനും ആയതിനാല്‍ ഇതിനെ മഹാത്മാവ് എന്നു വാഴ്ത്തുന്നു. ഇങ്ങിനെയുള്ള ബ്രഹ്‌മത്തെ ഞങ്ങള്‍ ഉപാസിക്കുന്നു.
പിന്നീട് ബ്രഹ്‌മചാരിക്കു യഥേഷ്ടം ഭിക്ഷ നല്കി. വായുവും നാലു ദേവതകളും പ്രാണനും നാലിന്ദ്രിയങ്ങളും – അങ്ങിനെ പത്തെണ്ണത്തില്‍ എല്ലാ മടങ്ങിയിരിക്കുന്നു. അതു ലോകമെങ്ങും നിറഞ്ഞിരിക്കുന്നു. അതെല്ലാം അന്നം തന്നെ. വിരാട് ഇതിനെയെല്ലാം ഭക്ഷിക്കുന്നു, അന്നാദിനി ആകുന്നു. ആ വിരാട് ലോകത്തെയെല്ലാം കാണുന്നു. ഇങ്ങിനെയുള്ള ബ്രഹ്‌മത്തെ അറിയുന്നവന്‍ എല്ലാറ്റിനെയും അറിയുന്നു. യഥേഷ്ടം അന്നത്തെ ഭുജിക്കാന്‍ ഇടവരികയും ചെയ്യുന്നു.
ജാനശ്രുതി പൗത്രായണന്‍ സന്തുഷ്ടനായി മടങ്ങി. തന്റെ ഉപാസനയില്‍ ദൃഢതരനായി.