ഉഷ്ട്രം എന്നാല്‍ ഒട്ടകം. Camel pose എന്നാണ് ഇംഗ്ലീഷില്‍ പറയുന്നത്. കഠിനമായ മരുഭൂമിയിലൂടെ സഞ്ചരിക്കാന്‍ ഉപയോഗിക്കുന്ന വാഹനമൃഗമാണ് ഒട്ടകം. അനേകം ദിവസം വെള്ളമില്ലാതെ ജീവിക്കാനുള്ള ഒരു ഘടന അതിന്റെ ശരീരത്തിലുണ്ട്. ചുട്ടുപഴുത്ത മണലിലൂടെ തുടര്‍ച്ചയായി സഞ്ചരിക്കാനും ജീവിക്കാനും ഉള്ള ഇതിന്റെ കഴിവ് നമുക്ക് ചില പാഠങ്ങള്‍ തരുന്നില്ലേ?
ചെയ്യുന്ന വിധം
കാല്‍ നീട്ടിയിരിക്കുക. കാലുകള്‍ ഓരോന്നായി മടക്കി പൃഷ്ഠത്തിനടിയിലാക്കി വജ്രാസനത്തില്‍ വരിക. നിവര്‍ന്ന് മുട്ടില്‍ നില്‍ക്കുക. കാലുകള്‍ ചേര്‍ന്നിരിക്കും. സാവധാനത്തില്‍ പിന്നോട്ടു വളഞ്ഞ് വലതു കൈപ്പത്തി വലതു കാല്‍പ്പത്തിയില്‍ പതിച്ചു വെക്കുക. ഇടതു കൈ ഇടതുകാലിലും. അരക്കെട്ട് മുന്നോട്ടു തള്ളി തുടകള്‍ ഭൂമിക്കു ലംബമാക്കുക. തല പിന്നോട്ട് തൂക്കിയിടുക. ശരീര ഭാരം കൈകളിലും കാലുകളിലും തുല്യമായിരിക്കും. സാധാരണ ശ്വാസത്തില്‍ കഴിയുന്നത്ര സമയം തുടരാം.
ഗുണങ്ങള്‍
ദഹനത്തിനും മലബന്ധത്തിനും പ്രജനന സിസ്റ്റത്തിനും ഗുണകരമാണ്. തൈറോയ്ഡ് ഗ്രന്ഥികള്‍ക്ക് ഒരു തടവല്‍സുഖം കൊടുക്കും. ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്കും ഗുണകരം തന്നെ.