പൊതുവേ നൊബേല്‍ സമ്മാനങ്ങളെ വലിയൊരു കാര്യമായി കണക്കാക്കാറില്ല. സ്റ്റീഫന്‍ ഹോക്കിങ്ങിനും ഇസിജി സുദര്‍ശനും മഹാത്മാഗാന്ധിക്കുമൊന്നും ലഭിക്കാത്ത പുരസ്‌കാരം അത്ര മഹത്തരമായി തോന്നിയിട്ടുമില്ല. പക്ഷേ ഈ വര്‍ഷത്തെ ഫിസിക്‌സ് നൊബേല്‍ സമ്മാനവും അതിനു കാരണമായ കണ്ടെത്തലും ഒരുപാട് ആകര്‍ഷിച്ചു. പാരമ്പര്യത്തെയും മാമൂലുകളെയും തകര്‍ക്കുന്ന വിപ്ലവാത്മകമായ Quantum Entanglement പരീക്ഷണങ്ങള്‍ക്കാണ് ഇക്കൊല്ലത്തെ ഫിസിക്‌സ് നൊേബല്‍ സമ്മാനം ലഭിച്ചിരിക്കുന്നത്.
പദാര്‍ത്ഥത്തിന്റെ അടിസ്ഥാനസ്വഭാവങ്ങളിലേക്ക് പോകുമ്പോള്‍ ഊര്‍ജ്ജവും കണവും ഒന്നായിത്തീരുന്ന അെല്ലങ്കില്‍ രണ്ടു സ്വഭാവവും ഒരുമിച്ചു കാണിക്കുന്ന ക്വാണ്ടം അവസ്ഥയില്‍ എത്തിച്ചേരും എന്ന് കണ്ടെത്തിയിട്ട് ഒരു നൂറ്റാണ്ട് കഴിഞ്ഞു. ആ തിയറിയാണ് ന്യൂട്ടന്‍ എന്ന ശാസ്ത്രലോകത്തെ ആള്‍ദൈവത്തെ കടപുഴക്കിയതും ശാസ്ത്രലോകത്തെ തത്വചിന്തയിലേക്കും ആത്മീയതയിലേക്കുമൊക്കെ നയിച്ചതും. ഒരു കണികയുടെ പൂര്‍ണ്ണമായ അവസ്ഥ ഒരേ സമയം നിരീക്ഷിച്ചു കണ്ടെത്താനാകില്ല എന്ന വിഖ്യാതമായ ഹൈസന്‍ബെര്‍ഗ്ഗിന്റെ ‘അനിശ്ചിതത്വനിയമവും’ ആ കാലഘട്ടത്തിന്റെ സംഭാവനയാണ്.
ന്യൂട്ടന് ശേഷം ലോകം കണ്ട ഏറ്റവും വലിയ ജീനിയസ്സായ ഐന്‍സ്റ്റീന്റെ ആപേക്ഷികതാ സിദ്ധാന്തം കുറച്ചൊന്നുമല്ല ലോകത്തെ ഞെട്ടിച്ചത്. ആപേക്ഷികതാ സിദ്ധാന്തത്തിന്റെ രണ്ട് ഭാഗങ്ങളിലൂടെ ഐന്‍സ്റ്റീന്‍ സ്ഥാപിച്ചുവെയ്ക്കുന്ന പ്രധാനകാര്യം പ്രകാശവേഗത എന്നാല്‍ ആത്യന്തികമാണെന്നും അതിനപ്പുറത്തേക്ക് ഒരു വേഗതയില്ല എന്നുമാണ്.
ആ കാലത്ത് തന്നെ entangled quantum particl eഎന്ന സങ്കല്പം ഗണിതരൂപത്തില്‍ നിലവിലുണ്ടായിരുന്നു. ചില പ്രത്യേക ക്വാണ്ടം അവസ്ഥകളില്‍ വേര്‍പിരിയുന്ന കണങ്ങള്‍ ഒരേ സ്വഭാവം കാണിക്കും എന്നതാണത്. എന്നുവെച്ചാല്‍ ഒരെണ്ണം വലത്തേക്ക് തിരിഞ്ഞാല്‍ മറ്റേ കണവും അങ്ങനെ തന്നെ ചെയ്യും. ഒന്നിന്റെ ഊര്‍ജ്ജനില മാറിയാല്‍ അതെ പോലെ തന്നെ മറ്റേതിന്റെയും മാറും. ഇരട്ടക്കുഞ്ഞുങ്ങളില്‍ ഒന്നിന് അസുഖം വന്നാല്‍ മറ്റേ കുട്ടിക്കും വരും എന്ന് കേട്ടിട്ടില്ലേ. അങ്ങനെയുള്ള identical twins ആണ് മേല്‍പ്പറഞ്ഞ Entangled Particles. ഈ കണങ്ങള്‍ എവിടെയിരിക്കുന്നു, എത്ര അടുത്തിരിക്കുന്നു എന്നതൊന്നും വിഷയമേയല്ല. തൊട്ടടുത്തിരുന്നാലും ഈ മഹാപ്രപഞ്ചത്തിന്റെ രണ്ട് അറ്റത്തിരുന്നാലും entangled particles ഈ സ്വഭാവം കാണിക്കും.
ഈ സാധ്യത ഐന്‍സ്റ്റീന്‍ ആദ്യം തന്നെ നിഷേധിച്ചിരുന്നു. കാരണം അത് അദ്ദേഹത്തിന്റെ ജനറല്‍ തിയറി ഓഫ് റിലേറ്റിവിറ്റിക്ക് വിരുദ്ധമാണ് എന്നത് തന്നെ. ആപേക്ഷികതാ സിദ്ധാന്തപ്രകാരം പ്രകാശവേഗതയ്ക്ക് അപ്പുറത്തേക്ക് ഒരു വേഗത ഒന്നിനും കൈവരിക്കാന്‍ കഴിയില്ല. അപ്പോള്‍ പ്രകാശവര്‍ഷങ്ങളുടെ അകലത്തില്‍ നില്‍ക്കുന്ന രണ്ടു Entangled particles തമ്മില്‍ എങ്ങനെ ഒരേ സമയം ആശയവിനിമയം സാധ്യമാകും? അതുകൊണ്ടുതന്നെ Entagled particles എന്നത് ഒരിക്കലും സാധ്യമല്ല എന്ന് അദ്ദേഹം തീര്‍ത്തു പറഞ്ഞു.
ആ ധാരണയാണ് ഇവിടെ തിരുത്തപ്പെടുന്നത്. അലെയ്ന്‍ ആസ്‌പെക്ട് (ഫ്രാന്‍സ്), ജോണ്‍ എഫ്. ക്ലൗസര്‍ (യുഎസ്), ആന്റണ്‍ സെയ്ലിംഗര്‍ (ഓസ്ട്രിയ) എന്നീ ശാസ്ത്രജ്ഞര്‍ വര്‍ഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന ഗവേഷണങ്ങളിലൂടെEntangled Quantem Particles യാഥാര്‍ഥ്യമാണ് എന്ന് സംശയാതീതമായി തെളിയിക്കപ്പെട്ടു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ ന്യൂട്ടന്‍ എന്ന വടവൃക്ഷം വീണതിന് സമാനമായി നൂറു വര്‍ഷങ്ങള്‍ക്ക് ശേഷം ഐന്‍സ്റ്റീനും തിരുത്തപ്പെടുകയാണ്. വിജ്ഞാനത്തിന്റെ മഹാപ്രവാഹത്തില്‍ ഒരു തിയറിയും ശാശ്വതമല്ല എന്ന് വീണ്ടും തെളിയിക്കപ്പെടുകയാണ്.
ഈ ഗവേഷണത്തിന്റെയും കണ്ടെത്തലിന്റെയും മറ്റൊരു മാനം എന്തെന്നാല്‍, ഇത് അതിഗഹനമായ ക്വാണ്ടം ഫിസിക്‌സിനെ പ്രായോഗിക ടെക്‌നോളജികളിലേക്ക് നയിക്കുന്നു എന്നതാണ്. വരാന്‍ പോകുന്ന കാലം ക്വാണ്ടം കമ്പ്യൂട്ടറുകളുടെയും ക്വാണ്ടം ശൃംഖലകളുടെയുമാണ്. ഇതിലൂടെ അതിവേഗതയില്‍ നടക്കാന്‍ പോകുന്നത് ആശയവിനിമയവും വിവര വിപ്ലവവുമാണ്.
സാധാരണക്കാരുടെ ജീവിതത്തെ സ്വാധീനിക്കുമ്പോഴാണല്ലോ ഏത് കണ്ടെത്തലിനും മാനവികതയുടെ മുഖം കൈവരുന്നത്.