യോഗ യാജ്ഞവല്ക്യം എന്ന യോഗ ഗ്രന്ഥം പ്രസിദ്ധമാണ്.
സംയോഗോ യോഗ ഇത്യുക്തോ
ജീവാത്മ പരമാത്മനോ:
(ജീവാത്മാവും പരമാത്മാവും തമ്മിലുള്ള സംയോഗമാണ് യോഗം) എന്ന് യാജ്ഞവല്ക്യന്‍ ഇതില്‍ യോഗത്തെ നിര്‍വചിക്കുന്നു.
യാജ്ഞവല്ക്യസ്മൃതി, പ്രതിജ്ഞാ സൂത്രം, ശതപഥ ബ്രാഹ്മണം മുതലായവയും യാജ്ഞവല്ക്യ കൃതികള്‍ തന്നെ. മിഥിലാ രാജ്യത്ത് വസിച്ച ഒരു മഹര്‍ഷിയാണ്, യജ്ഞവല്ക കുലത്തില്‍ ജനിച്ച യാജ്ഞവല്ക്യന്‍. ബൃഹദാരണ്യക ഉപനിഷത്തില്‍ യാജ്ഞവല്ക്യന്റെ ഉപദേശങ്ങള്‍ വരുന്ന ഭാഗത്തിന് മുനി കാണ്ഡം എന്ന പേരുണ്ട്.
യാജ്ഞവല്ക്യന് രണ്ടു ഭാര്യമാരുണ്ടായിരുന്നു – മൈത്രേയിയും കാത്ത്യായനിയും. ധാരാളം സമ്പത്തുണ്ടായിരുന്ന യാജ്ഞവല്ക്യന്‍ അന്ത്യകാലത്ത് സന്ന്യസിക്കാന്‍ തീരുമാനിച്ചു. ജ്ഞാനികളുടെ സന്ന്യാസത്തിന് വിദ്വത് സന്ന്യാസം എന്നാണ് പറയുക. അദ്ദേഹം രണ്ടു ഭാര്യമാരെയും വിളിച്ചു. ‘എന്റെ എല്ലാ സമ്പത്തും നിങ്ങള്‍ക്ക് വീതിച്ചു തരാം. സ്വീകരിക്കാന്‍ തയ്യാറാവുക.’ കാത്ത്യായനി ആ വാഗ്ദാനം സ്വീകരിച്ചു. എന്നാല്‍ മൈത്രേയി ബുദ്ധിയും വിവേകവും പക്വതയും യോഗ്യതയും ഉള്ള ഒരു വനിതാരത്‌നമായിരുന്നു. മൈത്രേയി ചോദിച്ചു ‘ഈ സ്വത്തുകളെക്കൊണ്ട് എനിക്ക് അമൃതത്വം ലഭിക്കുമോ?’ ധനം കൊണ്ട് സമ്പന്നരെപ്പോലെ ഭൗതിക സുഖങ്ങള്‍ അനുഭവിക്കാം. പക്ഷെ അതിലൂടെ അമൃതത്വത്തിന്റെ പ്രതീക്ഷയൊന്നും വേണ്ട എന്ന് മുനി പറഞ്ഞു. ധനത്തിലും വലുതാണ് ജ്ഞാനം എന്നതിനാലാണല്ലൊ അദ്ദേഹം അതുപേക്ഷിക്കുന്നത് എന്ന് മൈത്രേയി ഓര്‍ത്തു ‘അങ്ങ് ഏറ്റവും പ്രധാനമായി കരുതുന്ന അറിവ് എനിക്ക് ഉപദേശിച്ചാലും.’ എന്ന് പ്രാര്‍ത്ഥിച്ചു. മുനി അവള്‍ക്ക് ആത്മാവിന്റെ മഹത്വവും ഉണ്മയുടെ സ്വഭാവവും ജ്ഞാന മഹത്വവും അമൃതത്വവും എല്ലാം വിശദമായി ഉപദേശിച്ചു. ‘ന വാ അരേ പത്യു: കാമായ പതി: പ്രിയോ ഭവതി, ആത്മനസ്തു കാമായ’ ഒരുവള്‍ക്ക് ഭര്‍ത്താവ് പ്രിയപ്പെട്ടവനാകുന്നത് ഭര്‍ത്താവിന്റെ കാമശമനത്തിനല്ല, തന്റെ കാമത്തിനാണ്. ഇതുപോലെ സര്‍വവും തന്റെ കാമ പൂര്‍ത്തിക്കാണ്. അവയുടേതിനല്ല എന്ന പ്രസിദ്ധമായ ഉപദേശം ഇതില്‍ വരുന്നതാണ്. ആത്മാവു മാത്രമേയുള്ളൂ. അതിനെ വിവരിക്കാനാവില്ല. ‘നേതി നേതി’ (ഇതല്ല, ഇതുമല്ല) എന്നിങ്ങനെ നിഷേധത്തിലൂടെയേ അതറിയാനൊക്കൂ. അത് സ്വയം പ്രകാശിയും അവിനാശിയും അചിന്ത്യനുമാണ്. അതിനെ ശ്രവണ മനന നിദിധ്യാസനത്തിലൂടെ അറിയാം.
യജുര്‍വേദാചാര്യനായ മഹാമുനിയായ വൈശമ്പായനന്റെ സഹോദരീ പുത്രനാണ് യാജ്ഞവല്ക്യന്‍. അദ്ദേഹം അമ്മാവന്റെ അടുത്തു നിന്നും യജുര്‍വേദം ഹൃദിസ്ഥമാക്കി. മഹാപ്രതിഭാശാലിയും ബുദ്ധിമാനും തപസ്വിയുമായിരുന്നു യാജ്ഞവല്ക്യന്‍.
ഒരിക്കല്‍ മേരു പര്‍വതത്തില്‍ ഒരു ഋഷി സംഗമം നടന്നു. അതില്‍ പങ്കെടുക്കാത്ത ഋഷിക്ക് ബ്രഹ്മഹത്യക്കു തുല്യമായ പാപം കിട്ടും എന്നാണ് ചട്ടം. ഏഴു ദിവസത്തെ കഠിനമായ വ്രതമാണ് അതിനു പ്രായശ്ചിത്തം. അതേ ദിവസം തന്നെ വൈശമ്പായനന് അച്ഛന്റെ ശ്രാദ്ധം വന്നതിനാല്‍ അതില്‍ പങ്കെടുക്കാന്‍ പറ്റിയില്ല. അദ്ദേഹം ശിഷ്യന്മാരെ വിളിച്ചു കൂട്ടി അദ്ദേഹത്തിനു പകരം അവര്‍ പ്രായശ്ചിത്തം ചെയ്യണമെന്നാവശ്യപ്പെട്ടു. സദസ്സില്‍ നിന്ന് യാജ്ഞവല്ക്യന്‍ എഴുന്നേറ്റു നിന്നു. ‘ഇവരൊക്കെ പാവത്താന്‍മാരാണ്. അവര്‍ക്ക് ഈ കഠിനവ്രതം അസാദ്ധ്യമാണ്. അതുകൊണ്ട് അത് ഞാന്‍ വേണ്ടവണ്ണം ചെയ്തു കൊള്ളാം.’ ഒട്ടും വിനയം വിടാതെയാണ് ഇതു പറഞ്ഞത്. പക്ഷെ ഗുരുവിന് അത് അഹങ്കാരമായി തോന്നി. ‘അങ്ങിനെ നീ ഒറ്റക്കു ചെയ്യേണ്ട ആവശ്യമില്ല’ എന്ന് ഗുരു പറഞ്ഞു. പക്ഷെ ശിഷ്യന്‍ നിര്‍ബന്ധം പിടിച്ചു.
‘എടോ, അഹങ്കാരി! നീ ശ്രേഷ്ഠരായ ബ്രാഹ്മണരെ നിന്ദിക്കുന്നോ? കടന്നുപോ! ഇനി നിന്നെ എന്റെ മുമ്പില്‍ കണ്ടു പോകരുത്. ഞാന്‍ നിനക്ക് തന്ന ജ്ഞാനമെല്ലാം ഇപ്പോള്‍ തന്നെ തിരിച്ചു തന്ന് എങ്ങോട്ടേക്കെങ്കിലും പോയ്‌ക്കൊള്ളുക.’ എന്നിങ്ങനെ ക്രുദ്ധനായ മുനി അവനെ ശകാരിച്ചു.
യാജ്ഞവല്ക്യന്‍ തന്റെ ഗുരുവില്‍ നിന്നു പഠിച്ച യജുര്‍വേദം മുഴുവന്‍ യോഗബലത്താല്‍ ദഹിക്കാത്ത ഭക്ഷണ രൂപത്തിലാക്കി ഛര്‍ദ്ദിച്ചു കളഞ്ഞു. മറ്റുള്ള ശിഷ്യന്മാര്‍ അവയെല്ലാം തിത്തിരിപ്പക്ഷികളുടെ രൂപത്തില്‍ വന്ന് കൊത്തിത്തിന്നു. അവര്‍ക്ക് ഉടനെ അതുവരെ തെളിയാത്ത യജുര്‍വേദം മനക്കണ്ണില്‍ തെളിഞ്ഞു വന്നു. ഛര്‍ദ്ദിലായതിനാലാണത്രെ, അത് കൃഷ്ണ (കറുത്ത) യജുര്‍വേദമെന്നറിയപ്പെട്ടു. തിത്തിരിപ്പക്ഷിയിലൂടെയായതിനാല്‍ തൈത്തിരീയം എന്നും പേരു കിട്ടി.
യാജ്ഞവല്ക്യന്‍ ഒരു കാര്യം തീരുമാനിച്ചു, ഇനി മനുഷ്യ ഗുരുക്കന്മാര്‍ വേണ്ട. അവന്‍ സര്‍വജ്ഞാനത്തിന്റെയും ഉറവിടമായ സൂര്യനെ ഭജിച്ചു, പ്രീതിപ്പെടുത്തി.
‘അല്ലയോ സൂര്യദേവ, നീയല്ലോ, ലോകത്തിന്റെ അജ്ഞാനത്തെ എരിച്ചു കളയുന്നവന്‍. ജ്ഞാനത്തിടമ്പ്. മറ്റുള്ളവര്‍ ഇതുവരെ അറിയാത്ത വേദത്തെ എന്നില്‍ പ്രകാശിപ്പിക്കേണമേ!’
സൂര്യന്‍ ഒരു കുതിരയുടെ രൂപമെടുത്ത് അവന് പുതിയ യജുര്‍വേദം ഉപദേശിച്ചു. ഇത് ശുക്ല യജുര്‍വേദമെന്നറിയപ്പട്ടു. വാജസനേയ (യാജ്ഞവല്ക്യ) ശാഖ എന്നും ഇത് അറിയപ്പെട്ടു. യാജ്ഞവല്ക്യന്‍ അതിനെ 15 ശാഖയാക്കി കണ്വന്‍, മാധ്യന്ദിനന്‍ മുതലായവരെ പഠിപ്പിച്ചു.
പിന്നീട് തന്റെ അനന്തിരവന്‍ ശുക്ല യജുര്‍വേദം നേടിയതറിഞ്ഞ വൈശമ്പായനന്‍ ആ വേദത്തെ തന്റെ ശിഷ്യന്‍മാരെയും പഠിപ്പിക്കാനാവശ്യപ്പെട്ടു. യാജ്ഞവല്ക്യന്‍ അത് അനുസരിക്കുകയും ചെയ്തു. യാജ്ഞവല്ക്യന് ഗുരുത്വക്കേട് സംഭവിച്ചില്ല എന്നതിന് ഇത് തെളിവാണ്.
ഒരിക്കല്‍ കര്‍മ്മയോഗിയും ജ്ഞാനിയുമായ ജനക മഹാരാജാവ് തനിക്കു ബ്രഹ്മജ്ഞാനോപദേശം തരാന്‍ പ്രാപ്തനായ ശ്രോത്രിയനും ബ്രഹ്മനിഷ്ഠനുമായ ഒരു ആചാര്യനെ കണ്ടെത്താനായി ഒരു യാഗം നടത്തി. ധാരാളം ദക്ഷിണ നല്‍കുന്ന ഒരു വലിയ യാഗം. അതിലേക്ക് എല്ലാ ദിക്കില്‍ നിന്നുമുള്ള ഋഷിമാരെ ക്ഷണിച്ചിരുന്നു. സ്വര്‍ണ്ണാലംകൃതമായ ആയിരം പശുക്കളെയും പശുക്കുട്ടികളെയും അദ്ദേഹം ഒരുക്കി നിര്‍ത്തിയിരുന്നു.
‘ഏറ്റവും ശ്രേഷ്ഠനായ ബ്രാഹ്മണന് ഇവയെ വീട്ടിലേക്ക് കൊണ്ടുപോകാം’ എന്ന് രാജാവ് പ്രഖ്യാപിച്ചു. അവിടെ കൂടിയവരാരും അതിന് ധൈര്യപ്പെട്ടില്ല. അപ്പോള്‍ യാജ്ഞവല്ക്യന്‍ എഴുന്നേറ്റു. തന്റെ ശിഷ്യനെ ഉറക്കെ വിളിച്ചു.
‘ഹേ, സാമശ്രവ! ഇവയെയെല്ലാം എന്റെ വീട്ടിലേക്കു തെളിച്ചുകൊണ്ടുപോവുക.’
മറ്റുള്ള ഋഷിമാര്‍ ഇതിനെ ചോദ്യം ചെയ്തു. വൈശമ്പായനനും ആത്മീയ ഗുരുവായ ഉദ്ദാലകനും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് വലിയ വാദപ്രതിവാദങ്ങളുണ്ടായി. പക്ഷെ അവരെയെല്ലാം യാജ്ഞവല്ക്യന്‍ പരാജയപ്പെടുത്തി. ജനകന് അദ്ദേഹത്തിന്റെ വൈശിഷ്ട്യം ബോധ്യപ്പെട്ടു. അദ്ദേഹത്തില്‍ നിന്ന് ബ്രഹ്മോപദേശം നേടി.