ആരെയെങ്കിലും അപകീര്‍ത്തിപ്പെടുത്താനുണ്ടെങ്കില്‍ ചില കഥാകൃത്തുക്കള്‍ അവലംബിക്കുന്ന മാര്‍ഗം, കഥാപാത്രങ്ങളെക്കൊണ്ട് ചീത്ത പറയിക്കുകയാണ്. കഥാപാത്രങ്ങള്‍ പറഞ്ഞാല്‍ അത് കഥാകൃത്തിന്റെ അഭിപ്രായമാകില്ലെന്ന് വാദിക്കുന്നവരുണ്ട്; ശരിയായിരിക്കാം. കഥാപാത്രത്തിന്റെ മനശ്ശാസ്ത്രം വേറെ, അത് സൃഷ്ടിക്കുന്ന കഥാകാരന്റെ മനശ്ശാസ്ത്രം വേറെ. മര്യാദയില്ലാത്ത, കാര്യപ്രാപ്തിയില്ലാത്ത, വിവരംകെട്ട കഥാപാത്രങ്ങളുടെ പേരില്‍ കഥാകൃത്ത് കുരിശിലേറുന്നതെന്തിന്? ന്യായമായ ചോദ്യമാണ്. എന്നാല്‍ വായനക്കാരന് ഈ ന്യായം കൊണ്ടുനടക്കേണ്ട വല്ല ബാധ്യതയുമുണ്ടോ? അവന്‍ വായിക്കുകയാണ് ചെയ്യുന്നത്. കഥാകൃത്തിന്റെ അഭിപ്രായം നേരിട്ട് ചോദിക്കാന്‍ അവനു സമയമില്ലല്ലോ. അവന്റെ മുന്നില്‍ പുസ്തകമാണല്ലോ ഉള്ളത്. അതല്ലേ അവനു വായിക്കാന്‍ നിവൃത്തിയുള്ളു? കഥയില്‍ പറയുന്ന കാര്യങ്ങള്‍ കഥാകൃത്തിന്റെ സ്വന്തം അഭിപ്രായമല്ല എന്ന് വേര്‍തിരിച്ചു മനസ്സിലാക്കുന്നതില്‍ അവന്റെ ലാഭമെന്താണ്?
ആധുനികാനന്തര വായനയെപ്പറ്റിയുള്ള സിദ്ധാന്തമനുസരിച്ച് വായനയും വായനക്കാരനും മാത്രമേയുള്ളൂ; എഴുത്തുകാരന്‍ മരിക്കുകയാണ്. എഴുതിക്കഴിയുന്നതോടെ എഴുത്തുകാരന് പ്രസക്തിയില്ല; കൃതി വായനക്കാരുടേതാകുന്നു. അവനാണ് അത് എങ്ങനെ വായിക്കണമെന്ന് തീരുമാനിക്കുന്നത്. കഥാപാത്രങ്ങളുടെ വര്‍ത്തമാനങ്ങള്‍ അതെഴുതിയ കഥാകൃത്തിന്റേതല്ലെന്ന് ഓരോ നിമിഷവും ഉരുവിട്ടുകൊണ്ട് അവന്‍ വായിക്കാറില്ല. അവന്റെ മുന്നില്‍ എഴുത്തുകാരനില്ല; ഇതാണ് ഫ്രഞ്ച് എഴുത്തുകാരനായ റൊളാങ്ങ് ബാര്‍ത്ത് എഴുത്തുകാരന്‍ മരിച്ചു എന്ന പേരില്‍ പ്രബന്ധം എഴുതാന്‍ കാരണം.
വായനക്കാരന് തീരുമാനിക്കാം
റീഡര്‍ റെസ്‌പോണ്‍സ് തിയറി (Reader response theory) എന്താണെന്ന് മിക്കവര്‍ക്കും അറിയില്ല എന്നതിന്റെ തെളിവായിരുന്നു എസ്. ഹരീഷ് എഴുതിയ ‘മീശ’ നോവലില്‍ ഹിന്ദുസ്ത്രീകളെ ആക്ഷേപിച്ച് ചില സംഭാഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ അത് നോവലിസ്റ്റിന്റെ അഭിപ്രായമല്ല എന്ന വാദം. ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധം മുതല്‍ എഴുതിയ ആളിനല്ല പ്രാധാന്യം; വായിക്കുന്നവനാണ്. അതാണ് reader response criticism. ബാര്‍ത്ത്, സ്റ്റാന്‍ലി ഫിഷ് തുടങ്ങിയ വിമര്‍ശകരാണ് ഇത് അവതരിപ്പിച്ചത്. അതുകൊണ്ട് എന്തെഴുതിയാലും, അത് വായനക്കാരന്റെ വിധിതീര്‍പ്പിനു വിധേയമാണ്. ഇതെല്ലാം പറഞ്ഞത് കെ.പി. രാമനുണ്ണി മാതൃഭൂമി ഓണപ്പതിപ്പില്‍ എഴുതിയ ‘ആത്മജ്ഞാനികളുടെ പരിതാപഹാസ്യകഥ’ എന്ന രചനയിലേക്ക് ശ്രദ്ധ ക്ഷണിക്കാനാണ്. ഈ കഥയില്‍ രാമനുണ്ണി കേരളത്തിന്റെ പരിവര്‍ത്തനത്തിനു വേണ്ടി ജീവിതകാലമത്രയും യത്‌നിച്ച ശ്രീനാരായണഗുരു, വാഗ്ഭടാനന്ദന്‍ എന്നിവരെ ആക്ഷേപിച്ചിരിക്കുകയാണ്. ഈ കഥാകൃത്തിന്റെ ആക്ഷേപംകൊണ്ട് മേല്‍പ്പറഞ്ഞവര്‍ക്ക് എന്തെങ്കിലും ദോഷം സംഭവിക്കുമെന്ന് ഭയന്നല്ല ഇതെഴുതുന്നത്. ഒരു കഥാകൃത്ത് ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും യാതൊരു വിവരവുമില്ലാതെ, തികഞ്ഞ അരാഷ്ട്രീയബുദ്ധിയാല്‍ പിന്തിരിപ്പനായി നിന്ന്, തന്റെ ബൗദ്ധികമായ പാപ്പരത്തത്തെക്കുറിച്ചോര്‍ക്കാതെ നല്ലതിനെയെല്ലാം ചീത്തവിളിക്കുന്നതിലെ അനൗചിത്യം വായനക്കാര്‍ അറിയട്ടെ എന്ന് കരുതിയാണ് ഇതെഴുതുന്നത്. രാമനുണ്ണിയുടെ വാക്കുകള്‍ ചുവടെ ചേര്‍ക്കുന്നു: ”ശ്രീനാരായണനും വാഗ്ഭടാനന്ദനുമെല്ലാം ആദരണീയര്‍ തന്നെ. പക്ഷേ, എത്രത്തോളം അദ്വൈതികളായിരുന്നു എന്ന് ചോദിച്ചാലാണ് കുഴങ്ങിപ്പോകുക. നാരായണഗുരുവിന്റെ വിഗ്രഹപ്രതിഷ്ഠകള്‍ നൂറ് ശതമാനം അദ്വൈതവിരുദ്ധമായിരുന്നു. വാഗ്ഭടാനന്ദന്‍ വിഗ്രഹാരാധന തിരസ്‌കരിച്ചെങ്കിലും രണ്ട് വിദ്വാന്മാരും ഓരോരോ കാര്യങ്ങള്‍ക്ക് നടത്തിയ യുദ്ധം വെട്ടലുകള്‍ അദ്വൈതപ്പൊരുളിന് യോജിക്കുന്നതായിരുന്നില്ല.”
അദ്വൈതം അറിയില്ല
മുകളില്‍ ഉദ്ധരിച്ചുചേര്‍ത്ത വാക്യങ്ങളില്‍ നിന്ന് ഈ കഥാകൃത്തിന് അദ്വൈതമോ സന്യാസമോ എന്താണെന്ന് അറിയില്ലെന്ന് വ്യക്തമാണ്. അദ്വൈതികള്‍ ഒന്നും ചെയ്യാതെ ഒരിടത്ത് തന്നെ കുത്തിരിയിരിക്കണമെന്നാണ് രാമനുണ്ണിയുടെ മതം. സാമൂഹ്യമാറ്റത്തിനുവേണ്ടി ഒന്നും ചെയ്യരുതത്രേ. ഗുരു പ്രതിഷ്ഠ നടത്തിയത്, ആത്മബോധമുണര്‍ത്താനാണ്. സ്വന്തം ഉള്ളിലേക്ക് നോക്കി ആത്മപ്രീതിനേടി ആനന്ദമനുഭവിക്കാന്‍ അവര്‍ണജനതയ്ക്ക്, വിശേഷിച്ച് വിദ്യാഭ്യാസമില്ലാത്തവര്‍ക്ക് വേറെ എന്താണ് വഴി? ഗുരു നേടിക്കൊടുത്തത് ആത്മാവിന്റെ ഈ അമൃതരസമാണ്.
ഈ വൃത്തികെട്ട കഥ എങ്ങനെ മാതൃഭൂമി ഓണപ്പതിപ്പില്‍ വന്നു എന്ന് അന്വേഷിച്ചപ്പോള്‍ ഒരു പത്രപ്രവര്‍ത്തകസുഹൃത്ത് പറഞ്ഞത്, ഇപ്പോള്‍ ചില ആനുകാലികങ്ങളിലെ പുതിയ പത്രാധിപ ചുമതലക്കാര്‍ ഒരു കഥയും വായിച്ചുനോക്കാറില്ലെന്നാണ്! അതിനുകാരണം, എല്ലാ കഥകളും ടൈപ്പ് ചെയ്താണ് കിട്ടുന്നത്. ‘ലോകപ്രശസ്ത’രാണ് എഴുതുന്നത് എന്നതുകൊണ്ട് വായിക്കാതെ അച്ചടിക്കാം; പിന്നെ വായിക്കാന്‍ നേരവുമില്ല. ഓണക്കാലത്ത് തയ്യാറാക്കുന്ന ഇത്രയധികം രചനകള്‍ എങ്ങനെ ഒരാള്‍ വായിച്ചുനോക്കും? ഒന്നുപോലും വായിക്കാതെയാണത്രേ അച്ചടിച്ചുവരുന്നത്. ആകര്‍ഷകത്വം നല്‍കാന്‍ നല്ലപോലെ വര്‍ണചിത്രങ്ങള്‍ ചേര്‍ത്ത് പേജ് സുന്ദരമാക്കും. പതിറ്റാണ്ടുകള്‍ക്ക് മുമ്പായിരുന്നെങ്കില്‍, ടൈപ്പ്ഡ് രചനകള്‍ കിട്ടാറില്ലായിരുന്നു. അതുകൊണ്ട് പ്രൂഫ് നോക്കുന്നവരെങ്കിലും കഥകള്‍ വായിക്കുമായിരുന്നു. പത്രാധിപര്‍ വായിച്ചിരുന്നെങ്കില്‍ രാമനുണ്ണിയുടെ കഥയിലെ ഈ അപസ്മാരവാക്യങ്ങള്‍ വെട്ടിപ്പോകുമായിരുന്നു.
ഗുരുവിനോടും വാഗ്ഭടാനന്ദനോടുമുള്ള അരിശം തീരാതെ രാമനുണ്ണി കഥയില്‍ ഇങ്ങനെ എഴുതുന്നു: ”ഒരുവശത്ത് ക്ഷേത്രപ്രവേശന സന്ദര്‍ഭത്തില്‍വെച്ച് കീഴാളമര്‍ദ്ദകര്‍ക്ക് നേരെ കലിതുള്ളുന്ന ഗുരുദേവന്‍. മറുവശത്ത് സ്വന്തം സഹോദരനെ തെങ്ങില്‍കെട്ടി തച്ചുകൊന്ന ഘാതകര്‍ക്കുനേരെ ആളിക്കത്തുന്ന വാഗ്ഭടാനന്ദന്‍.”
ഇങ്ങനെ ഭാരതത്തിന്റെ അദ്വൈതത്തെയും ബ്രഹ്മത്തെയും സന്ന്യാസത്തെയും ആക്ഷേപിക്കുന്ന ഒരു കഥ രാമനുണ്ണി എഴുതിയത് വെറുതെയാണെന്ന് ധരിക്കരുത്. ഇത് ഒരു ഗൂഢാലോചനയാണ്. മറ്റാരെയോ സന്തോഷിപ്പിക്കാമെന്ന് അദ്ദേഹം കൃത്യമായി കണക്കുകൂട്ടുന്നു.
വയലാര്‍ അവാര്‍ഡ്
പ്രൊഫ. എം.കെ. സാനു വയലാര്‍ അവാര്‍ഡ് ട്രസ്റ്റില്‍ നിന്ന് രാജിവച്ചത് അറിഞ്ഞു. നല്ല കാര്യമാണ്. ഇത്രയും കാലം മോശം കൃതികള്‍ക്ക് അവാര്‍ഡ് കൊടുത്തുകൊണ്ടിരിക്കുകയായിരുന്നു, അദ്ദേഹം. കാക്കനാടനും കെ.പി.അപ്പനും അവാര്‍ഡ് കൊടുക്കാത്തതില്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോന്നിരുന്നെങ്കില്‍ അതില്‍ സൗന്ദര്യമുണ്ടാകുമായിരുന്നു. ഇപ്പോള്‍ പുതുശ്ശേരി രാമചന്ദ്രന്റെ ആത്മകഥ സര്‍ഗാത്മകമല്ലെന്ന് പറഞ്ഞാണ് ഇറങ്ങിപ്പോക്ക്! പടുവൃദ്ധനായി മാറിയ പുതുശ്ശേരിക്ക് അതുകൊടുക്കുകയായിരുന്നു വേണ്ടത്. വയലാര്‍ അവാര്‍ഡ് കമ്മറ്റി സര്‍ഗാത്മകത എപ്പോഴാണ് പരിഗണിച്ചിട്ടുള്ളത്? തിക്കോടിയന്റെ ‘അരങ്ങ് കാണാത്ത നടന്‍’ ആത്മകഥയായിരുന്നല്ലോ. അതിനു അവാര്‍ഡ് കൊടുത്തല്ലോ. വീരേന്ദ്രകുമാറിന്റെ ‘ഹൈമവതഭൂവില്‍’ യാത്രാവിവരണമാണ്. അതിനും കൊടുത്തു. എം.വി. ദേവന്റെ ലേഖനങ്ങള്‍ക്കും അവാര്‍ഡ് കൊടുത്തു.
വയലാര്‍ ട്രസ്റ്റ് ഒരു വലിയ തെറ്റ് ചെയ്തു. ട്രസ്റ്റില്‍ അംഗങ്ങളായിരുന്ന മലയാറ്റൂര്‍ രാമകൃഷ്ണന്‍, ഒ.എന്‍.വി, എം.കെ.സാനു തുടങ്ങിയവര്‍ ആദ്യമേ തന്നെ അവാര്‍ഡ് കൈപ്പറ്റി. ട്രസ്റ്റ് അംഗങ്ങള്‍ മാറിനില്‍ക്കണമായിരുന്നു.
ചരിത്രം മരിച്ചു?
അമേരിക്കന്‍ രാഷ്ട്രീയചിന്തകനായ ഫ്രാന്‍സിസ് ഫുക്കുയാമ എഴുതിയ ഒരു ലേഖനത്തിന്റെ പേരാണ് The end of history?(1989). 1988ല്‍ റഷ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവും സുപ്രീം -സോവിയറ്റ് ചെയര്‍മാനുമായിരുന്ന മിഖായേല്‍ ഗൊര്‍ബച്ചേവ് ഒരു പ്രസ്താവന നടത്തി. ഇനിമേലില്‍ സോവിയറ്റ് യൂണിയന്‍ അതിന്റെ യൂറോപ്യന്‍ സാമന്തരാജ്യങ്ങളുടെ ഒരു കാര്യത്തിലും ഇടപെടില്ലെന്നായിരുന്നു ആ പ്രഖ്യാപനം. കാരണം ആ രാജ്യങ്ങളെല്ലാം ജനാധിപത്യപരമായി ഭരണം പുനഃക്രമീകരിച്ചിരുന്നു. ഇതോടെ ‘ശീതയുദ്ധം’ അവസാനിക്കുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഫുക്കുയാമ ചരിത്രം മരിച്ചതായി വിളിച്ചു പറഞ്ഞത്. ആ ലേഖനത്തിലെ പ്രസക്ത ചിന്തകള്‍ ഇവിടെ ചേര്‍ക്കുന്നു:
- ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയോടെ ഏകാധിപത്യ ഭരണകൂടങ്ങള്‍ തകര്‍ന്നു.
- സ്വതന്ത്രവിപണി എല്ലായിടത്തേക്കും വ്യാപിച്ചു.
- ഭൗതിക ജീവിതത്തിലും സാമ്പത്തിക ജീവിതത്തിലും പുരോഗതിയുണ്ടായി.
- ആധുനിക ഭൗതികശാസ്ത്രത്തിന്റെ ഉപയോഗവും സാധ്യതയും കൂടുതല്‍ ദൃശ്യമായി.
- ഉദാരജനാധിപത്യം ഒരു വലിയ തിരിച്ചറിവായി ഉയര്‍ന്നുവന്നു.
- കമ്മ്യൂണിസത്തിന്റെ ഭീഷണി, 1980കളെപ്പോലെ, ഇനിയുണ്ടാകില്ല.
- യുക്തിചിന്ത, സുതാര്യത, ഉദാരത, അഭിമാനം, തുല്യത, പൂര്‍ണത, തിരഞ്ഞെടുപ്പ് തുടങ്ങിയവയാണ് ശീതസമരം അവസാനിച്ചതിനുശേഷം ആഗോള മാനവികതയുടെ അടയാളങ്ങളായി മാറിയത്.
വായന
മുണ്ടൂര്‍ സേതുമാധവന്‍ എഴുതിയ തിരുനാവായ (ജന്മഭൂമി ഓണപ്പതിപ്പ്) ഹൃദ്യമായി തോന്നി. മരിക്കാന്‍ പോകുന്നതിനുമുമ്പ് ചില ആഗ്രഹങ്ങള്‍ മനസ്സ് നടത്തിക്കൊടുക്കുമെന്ന് മനഃശാസ്ത്ര പാഠങ്ങളുണ്ട്. ഈ കഥയിലെ സുമിത്ര മരിക്കുന്നതിനുമുമ്പ് കഥാനായകനെ ഫോണ്‍ ചെയ്യുന്നു; ഒന്നു കാണണമെന്ന് പറയുന്നു! കഥാനായകന്‍ ചെല്ലുമ്പോള്‍ സുമിത്ര മരിച്ച വാര്‍ത്തയറിയുന്നു. ശവദാഹത്തില്‍ പങ്കെടുത്ത് അയാള്‍ മടങ്ങുന്നു. സ്വപ്‌നങ്ങളുടെ ശവദാഹവും ഇങ്ങനെയാണെന്ന് കഥാകാരന്‍ സൂചിപ്പിക്കുന്നതായി തോന്നി.
കുട്ടികൃഷ്ണമാരാര്‍ തനിക്ക് നിഷ്‌കൃഷ്ടമായ സൗന്ദര്യജാഗ്രത തന്നുവെന്ന് അക്കിത്തം (മാതൃഭൂമി ആഴ്ചപ്പതിപ്പ്) അനുസ്മരിക്കുന്നു. ഇങ്ങനെയൊക്കെ തുറന്നുപറയുന്നത് അക്കിത്തത്തെ വീണ്ടും മഹത്വപ്പെടുത്തുകയാണ്.
കുറച്ചുവായിക്കാതെ കിടക്കാത്ത ദിവസങ്ങളില്ലെന്ന് നടി ഭാവന (മനോരമ വാര്‍ഷികപ്പതിപ്പ്) പറയുന്നു. വായനയെ ഇനിയും അറിയാത്തവരുണ്ട്. ഒരു ഉദ്യോഗം ലഭിച്ചു കഴിഞ്ഞാല്‍ വായന ഉപേക്ഷിക്കുന്നവരാണ് അധികവും. എന്തിന് കൂടുതല്‍ സമയം വായിക്കണം? നല്ല പുസ്തകങ്ങളുടെ ഒന്നോ രണ്ടോ വാക്യങ്ങള്‍ വീതം ദിവസവും വായിക്കാമല്ലോ.
മഞ്ജു വെള്ളായണിയുടെ ചോന്നമഷി (ഒരുമ), സെബാസ്റ്റ്യന്റെ ജീവനുള്ളവ (കലാപൂര്‍ണ), കെ.പി. സദാനന്ദന്റെ സപ്തവര്‍ണ്ണങ്ങള്‍ (കേരളകൗമുദി ഓണപ്പതിപ്പ്), കിടങ്ങറ ശ്രീവത്സന്റെ ഇറ്റുവീഴുന്ന രാത്രി (കേസരി വാര്‍ഷികപ്പതിപ്പ്), അനഘ ജെ. കോലത്തിന്റെ വാഗ്രൂപം (ദീപിക വാര്‍ഷികപ്പതിപ്പ്) എന്നീ കവിതകള്‍ മനസ്സിന്റെ ഏതോ കോണുകളെ സ്പര്‍ശിച്ചു.
വൈക്കം ചന്ദ്രശേഖരന്‍ നായര്‍ രോഗബാധിതനായി കഴിയുന്ന അവസരത്തില്‍ പത്രപ്രവര്‍ത്തകനായ തെക്കുംഭാഗം മോഹന്‍ ലേഖനമെഴുതാന്‍വേണ്ടി കൊണ്ടുപോയ ചിത്രങ്ങളും മറ്റു രേഖകളും ഇതുവരെയും തിരികെ നല്‍കിയിട്ടില്ലെന്ന് മകന്‍ ഗൗരീദാസന്‍ നായര്‍ (പ്രഭാതരശ്മി) എഴുതുന്നു. വൈക്കത്തിന്റെ കാലഘട്ടത്തെ അനാവരണം ചെയ്യുകയാണ് അദ്ദേഹം.
ചിത്രകാരി സാറാ ഹുസൈനെക്കുറിച്ച് മുരളിനാഗപ്പുഴ എഴുതിയ ലേഖനം (ഇന്ത്യാടുഡെ) അപൂര്‍വ്വ ചാരുതയുള്ളതാണ്. സാറാ വരയ്ക്കുന്നത് നഗരപ്രാന്തത്തിലെ ദൃശ്യങ്ങളും ചുറ്റുപാടുകളുമാണ്. നിറങ്ങളുടെ സംയോജനത്തിലൂടെ ആ ചിത്രങ്ങള്‍ കാണികളുടെ മനസ്സിന്റെ പൂര്‍വ്വദശകളെ സ്പര്‍ശിക്കുന്നു. മനസ്സില്‍ പതിയുന്ന ബിംബങ്ങളെ കലാപരമായി പുനഃസൃഷ്ടിക്കുമ്പോള്‍, അത് വര്‍ണങ്ങള്‍ കൊണ്ട് സാധ്യമായ പരമാവധി ആവിഷ്‌കാരമായിത്തീരുന്നു. സാറായുടെ ചിത്രങ്ങള്‍ ഏതൊരു കാണിയെയും കൊതിപ്പിക്കുമെന്ന് മുരളി എഴുതുന്നതില്‍ കഴമ്പുണ്ട്.
വിഖ്യാതമായ ‘മൊണാലിസ’ എന്ന ചിത്രത്തെപ്പറ്റി (ഡാവിഞ്ചി) ദാര്‍ശനികനായ നടരാജഗുരു ഇങ്ങനെ എഴുതുന്നു:
”മൊണാലിസയുടെ മന്ദഹാസം ചിത്രകാരന്മാരെ എക്കാലത്തും പീഡിപ്പിച്ചിരുന്നു. ദുര്‍ഗ്രഹമായ ആ രഹസ്യത്തിനു മുമ്പില്‍ അവരുടെ പ്രതിഭയുടെ എല്ലാ വിഭവങ്ങളും എന്നേ വിനിയോഗം ചെയ്യപ്പെട്ടു. ഈ ഒഴിയാബാധയില്‍ നിന്ന് തന്നെ സ്വയം വിമോചിപ്പിക്കുന്ന ഒരു കര്‍മ്മമെന്ന നിലയിലാണ് സാല്‍വദോര്‍ ദാലി സ്വന്തം ഛായാചിത്രം ഒരുക്കിയിട്ടുള്ളത്.” (കെ.പി. രമേഷിന്റെ പരിഭാഷാ ലേഖനത്തില്‍ നിന്ന്; ചിത്രവാര്‍ത്ത).
നുറുങ്ങുകള്‍
- അമേരിക്കന്‍ നോവലിസ്റ്റ് റിച്ചാര്‍ഡ് ബാക്കിന്റെ ജോനാഥന്‍ ലിവിംഗ്സ്റ്റണ്‍ സീഗള്‍ എന്ന കൃതി 1970ല്‍ പ്രസിദ്ധീകരിച്ചു. 1972 ആയപ്പോഴേക്കും പത്ത് ലക്ഷത്തിലധികം കോപ്പികള്‍ വിറ്റു. ഇരുപത് പ്രസാധകര്‍ തള്ളിക്കളഞ്ഞ പുസ്തകമാണിത്.
- ഫ്രഞ്ച് എഴുത്തുകാരനായ സാര്‍ത്ര് നോബല്‍പ്രൈസ് നിഷേധിച്ചത് അറിഞ്ഞപ്പോള്‍ കേശവദേവ് പറഞ്ഞത് ഇങ്ങനെ: അദ്ദേഹം അവാര്‍ഡ് നിരസിച്ചതുകൊണ്ട് ഒരു അവാര്‍ഡ് വാങ്ങാമെന്ന് എനിക്കു തോന്നുന്നു.
- പ്രമുഖ ചിത്രകാരനായിരുന്ന സാര്‍വദോര്‍ ദാലി ആറു വയസ്സുള്ളപ്പോള്‍ ഒരു പാചകക്കാരനാകാന്‍ ആഗ്രഹിച്ചു. ഏഴാമത്തെ വയസ്സില്‍ നെപ്പോളിയനാകണമെന്ന് ആഗ്രഹിച്ചു. പിന്നീട് ആഗ്രഹങ്ങള്‍ക്ക് ഒരു കുറവുമുണ്ടായിട്ടില്ല.