എണ്‍പതുകളുടെ ഒടുക്കത്തില്‍എപ്പോഴോ, കൊണ്ടുനടക്കാവുന്ന ഫോണ്‍ ഇന്ത്യയിലുമെത്തുന്നു എന്നൊരു വാര്‍ത്ത വായിച്ചതോര്‍ക്കുന്നു. ചില അധോലോക സിനിമകളിലെ വില്ലന്മാര്‍ ഉപയോഗിക്കുന്ന കോര്‍ഡ് ലെസ്സ് ഫോണ്‍ എന്തോ അദ്ഭുതവസ്തുവായി കണ്ടിരുന്ന കാലമാണത്. ദുര്‍ഗ്ഗാപ്രസാദ് ഖത്രിയുടെയും കോട്ടയം പുഷ്പനാഥിന്റെയും അപസര്‍പ്പക നോവലുകളില്‍ കൊണ്ടുനടക്കാവുന്ന ഫോണുകളെപ്പറ്റി വായിച്ചിട്ടുണ്ട്.
തൊണ്ണൂറുകളുടെ ആദ്യപകുതിയിലാണ് മുംബൈ, ദല്‍ഹി നഗരങ്ങളില്‍ മൊബൈല്‍ ഫോണ്‍ യാഥാര്‍ത്ഥ്യമാകുന്നത്. അന്നൊരിക്കല്‍ മുംബൈയില്‍ പോയപ്പോള്‍ ജൂഹു ബീച്ചില്‍ നിന്ന് ഫോണ്‍ ചെയ്യുന്ന ഒരു വിഐപിയെക്കണ്ട് അന്തം വിട്ടുനിന്നത് ഇന്നും കൗതുകത്തോടെയാണ് ഓര്‍ക്കുന്നത്.
ആദ്യത്തെ മൊബൈല്‍ ഫോണുകള്‍ അനലോഗ് സംവിധാനത്തില്‍ ആയിരുന്നു. അനലോഗ് എന്നാല്‍ തുടര്‍ച്ചയായി സഞ്ചരിക്കുന്ന തരംഗങ്ങളെ അടിസ്ഥാനമാക്കിയുള്ള ടെക്‌നോളജി. റേഡിയോ, പോലീസ് വയര്‍ലെസ്സ് ഒക്കെ അനലോഗ് ആണ്. ഇതിനു ഒരുപാട് പരിമിതികള്‍ ഉണ്ട്. ഉപകരണങ്ങളുടെ വലിപ്പം, ഭാരം, ദൂരപരിധി, ചെലവ് ഒക്കെ വളരെ കൂടുതല്‍ ആയത് കൊണ്ട് വളരെ ചെറിയ ഒരു വിഭാഗത്തിന് മാത്രമേ ഇത് താങ്ങാന്‍ കഴിയുമായിരുന്നുള്ളൂ.
എന്നാല്‍ രണ്ടാം തലമുറ അഥവാ 2ഏയിലേക്ക് വന്നപ്പോള്‍ കാര്യങ്ങള്‍ മാറി. സാങ്കേതിക വിദ്യ അനലോഗില്‍ നിന്ന് ഡിജിറ്റല്‍ ആയി. അതോടെ മൊബൈല്‍ ഫോണുകളുടെ വലിപ്പം, ഭാരം ഒക്കെ ഗണ്യമായി കുറഞ്ഞു. കൂടുതല്‍ ദൂരപരിധി ലഭിക്കാന്‍ തുടങ്ങിയപ്പോള്‍ കൂടുതല്‍ ആള്‍ക്കാര്‍ ഉപയോഗിക്കാനും തുടങ്ങി.അങ്ങനെ വലിയൊരു വ്യവസായമായി മൊബൈല്‍ വാര്‍ത്താവിനിമയം മാറി. ഫോണ്‍ ചെയ്യുന്നതിന് പുറമെ സന്ദേശങ്ങള്‍ അയക്കുക, സ്വീകരിക്കുക, അത്യാവശ്യം ഇന്റര്‍നെറ്റ് ഉപയോഗം ഒക്കെ സാധ്യമായതോടെ മൊബൈല്‍ വിപണി കുതിക്കാന്‍ തുടങ്ങി.
മൊബൈല്‍ എന്നാല്‍ വെറും ഫോണ്‍ മാത്രമല്ല അത് വെള്ളവും വൈദ്യുതിയും പോലെ അത്യാവശ്യ കാര്യമായി മാറുന്നതാണ് മൂന്നാം തലമുറ അഥവാ 3G കാലം തെളിയിച്ചത്. 3G ഫോണുകളില്‍ സൂക്ഷിക്കാവുന്ന നമ്പറുകളുടെ എണ്ണം നൂറ്, ഇരുനൂറ് എന്നതില്‍ നിന്നും ആയിരങ്ങളായി. അത്യാവശ്യം മാത്രം ഇന്റര്‍നെറ്റ് ഉപയോഗിക്കാവുന്ന 2G യില്‍ നിന്ന് സിനിമകളും വീഡിയോകളും ഇടതടവില്ലാതെ കാണാന്‍ കഴിയുന്ന അവസ്ഥയിലേക്കാണ് മൂന്നാം തലമുറ കൊണ്ടുപോയത്. അപ്പോഴാണ് സ്മാര്‍ട്ട് ഫോണുകള്‍ വിപണി അടക്കിവാഴാന്‍ തുടങ്ങുന്നതും. ആകാശത്തിനു കീഴിലുള്ള എന്തും നമ്മുടെ വിരല്‍ത്തുമ്പിലേക്ക് ഒതുങ്ങുന്ന സ്മാര്‍ട്ട് കാലം. അപസര്‍പ്പക കഥകളുടെ ലോകത്തുനിന്നും ഇറങ്ങിവന്ന അദ്ഭുതച്ചെപ്പായി ഈ ചെറിയ ഉപകരണം നമ്മുടെ ജീവിതത്തിന്റെ ഒഴിച്ചുകൂടാവാനാവാത്ത ഭാഗമായത് ഈ മൂന്നാം തലമുറക്കാലത്താണ്. വാട്‌സ് ആപ്പ്,ഫേസ്ബുക്ക് തുടങ്ങിയ സാമൂഹ്യമാധ്യമങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാകാന്‍ തുടങ്ങുന്നതും ഇക്കാലത്താണ്.
2015 ലാണ് മൊബൈല്‍ ഫോണിന്റെ നാലാം തലമുറ ആരംഭിക്കുന്നത്. ഈ തലമുറയില്‍ ഇന്റര്‍നെറ്റിന്റെ വേഗത റോക്കറ്റ് വേഗതയിലാണ് ഉയര്‍ന്നത്. 2016 ല്‍ ജിയോയുടെ രംഗപ്രവേശത്തോടെ തീയും കാറ്റും ചേര്‍ന്ന അവസ്ഥയിലുള്ള കുതിപ്പാണ് രാജ്യത്തെ മൊബൈല്‍ സേവന രംഗത്ത് ഉണ്ടായത്. ഡേറ്റ നിരക്കുകള്‍ നാമമാത്രമായി, രാജ്യത്തെവിടെയും എത്ര മണിക്കൂര്‍ വേണമെങ്കില്‍ സംസാരിച്ചാലും കൂടുതല്‍ പണം ചെലവഴിക്കേണ്ടാത്ത അവസ്ഥ. യു ട്യൂബ് ജനകീയമായതോടെ ആയിരക്കണക്കിന് യു ട്യൂബ് ചാനലുകളാണ് ഉണ്ടായത്. കഴിവും അധ്വാനിക്കാനുള്ള മനസ്സുമുള്ള ആര്‍ക്കും ഒരു ചെലവുമില്ലാതെ ചാനലുകള്‍ തുടങ്ങാനും അതിലൂടെ ലക്ഷങ്ങള്‍ സമ്പാദിക്കാനുമുള്ള അവസ്ഥയാണ് ഉരുത്തിരിഞ്ഞത്. അന്നുവരെ ഓണ്‍ലൈന്‍ ചാനലുകളെ പുച്ഛത്തോടെ കണ്ടിരുന്ന പരമ്പരാഗത മാധ്യമങ്ങള്‍ക്ക് പോലും പിടിച്ചു നില്‍ക്കണമെങ്കില്‍ ഓണ്‍ലൈനില്‍ വന്നേ തീരൂ എന്ന അവസ്ഥ. ഒരു സ്മാര്‍ട്ട് ഫോണ്‍ കൈയ്യിലുള്ള ആര്‍ക്കും തന്റെ കഴിവുകള്‍ ലോകത്തെ അറിയിക്കാന്‍ ആരെയും ആശ്രയിക്കേണ്ടാത്ത സാഹചര്യം.
ഈ സമയത്ത് തന്നെയാണ് രാജ്യത്ത് ഓണ്‍ലൈന്‍ പേയ്‌മെന്റ് സംവിധാനങ്ങളും,മൊബൈല്‍ ബാങ്കിങ്ങും എല്ലാം വ്യാപകമാകുന്നത്. രാജ്യത്തെവിടെയും ആര്‍ക്കും എത്ര പണം അയക്കാനും സ്വീകരിക്കാനും ബാങ്കില്‍ പോവുകയോ സമയം കളയുകയോ വേണ്ടാത്ത സംവിധാനം വ്യാപകമായി. വഴിവക്കില്‍ പച്ചക്കറി വില്‍ക്കുന്നവര്‍ മുതല്‍ വന്‍ ഷോപ്പിംഗ് മാളുകളില്‍ വരെ QR കോഡ് എന്ന ചതുരക്കള്ളിയുടെ പ്രാധാന്യം ഒഴിച്ചുകൂടാനാവാത്തതായി. അങ്ങനെ വെള്ളവും വൈദ്യുതിയും പോലെയുള്ള മൂന്നാം തലമുറയില്‍ നിന്ന് മൊബൈല്‍ ഫോണിന്റെ നാലാം തലമുറ സാധാരണജീവിതത്തിന്റെ ജീവശ്വാസം തന്നെയായി.
ഓര്‍ക്കുക. തൊണ്ണൂറുകളിലെ പൊങ്ങച്ചം, എനിക്കൊരു മൊബൈല്‍ ഫോണ്‍ ഉണ്ട് എന്ന് പറയുന്നതായിരുന്നു എങ്കില്‍ ഇപ്പോഴത്തെ പൊങ്ങച്ചം എനിക്ക് മൊബൈല്‍ ഫോണ്‍ ഇല്ല എന്ന് പറയുന്നതാണ്.
മനുഷ്യന്റെ വികസനതൃഷ്ണക്ക് അവസാനമില്ലല്ലോ. രാജ്യം മൊബൈല്‍ ടെലിക്കമ്യൂണിക്കേഷന്റെ അഞ്ചാം തലമുറ അഥവാ 5Gയിലേക്ക് കാലെടുത്ത് വെയ്ക്കുകയാണ്. ഇന്റര്‍നെറ്റ് വേഗതയിലുണ്ടാകാന്‍ പോകുന്ന മാറ്റം തന്നെയാണ് ഇവിടെയും മുഖ്യം. രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒരു സിനിമ ഡൗണ്‍ലോഡ് ചെയ്യാന്‍ രണ്ടോ മൂന്നോ സെക്കന്റുകള്‍ മാത്രം മതിയാകുന്ന മിന്നല്‍വേഗതയാണ് 5G വാഗ്ദാനം ചെയ്യുന്നത്. മറ്റ് എന്തൊക്കെ അദ്ഭുതലോകങ്ങളാണ് അഞ്ചാം തലമുറ നമുക്ക് വേണ്ടി ഒരുക്കിവെച്ചിരിക്കുന്നത് എന്നറിയാന്‍ ഏതാനും മാസങ്ങള്‍ മാത്രം കാത്തിരുന്നാല്‍ മതിയാകും.